Monday, October 14, 2013

മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗിന്


ഓര്ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്പ്പിച്ച ഏകാന്തത...
ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം....
ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...
നഷ്ടമാകുന്ന ഓര്‍മ്മകള്‍..
.......................................................
ഒരിക്കൽക്കൂടി തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ, ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഒരു കൊച്ചു ജലാശയം മാത്രം...
എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഒരുപിടി ഓർമ്മകൾ കൂട്ടിനുണ്ടായിരിക്കണേ ദൈവമേ എന്ന പ്രാർത്ഥനയോടെ....
കടപ്പാട്: മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗ്

Thursday, October 10, 2013

യക്ഷി


പാലമരം ആയാലും പാരാനോർമൽ ആക്റ്റിവിറ്റി ആയാലും പ്രേതം, യക്ഷി ന്നൊക്കെ പറയുന്ന കഥാപാത്രങ്ങൾ എപ്പോളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്...
ജീവിതത്തിൽ ആദ്യമായി കണ്ട യക്ഷി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ പൊട്ടിച്ചിരിച്ചുകൊണ്ട് കരിമ്പനയുടെ ചുവട്ടിലൂടെ കള്ളിയങ്കാട്ടെക്കു നടന്നുപോയി...
" അവനു കാണാൻ കിട്ടിയ ഒരു സാധനം.. എണിറ്റു പോടാ" എന്നും പറഞ്ഞു അച്ഛൻ ടി വി ഓഫ്‌ ചെയ്തപ്പോൾ, അച്ഛനെയും യക്ഷി പിടിച്ചോണ്ട് പോണേ ദൈവമേ എന്ന് പ്രാർതിച്ച മൂന്നാം ക്ലാസ് കാരൻ...
പിന്നീടങ്ങോട്ട് കളറിലും ഡിജിറ്റലിലും 1080P HD യിലും ഒക്കെയായി ഒട്ടനവധി പ്രേതങ്ങൾ കണ്മുന്നിൽ ഒരുപാടുപേരുടെ ചോര കുടിച്ചെങ്കിലും , മനസിലുള്ള യക്ഷികൾക്ക് ഇന്നും പാലപ്പൂവിന്റെ നിറവും മണവും വെളുത്ത ട്രാൻസ്പെരന്റ് സാരിയും ഒക്കെയാണ്... നല്ല മലയാളിത്തമുള്ള യക്ഷികൾ...
ആകാശഗംഗയും ഇന്ദ്രിയവും ഗന്ധർവയാമവും ഒക്കെ കഴിഞ്ഞ് അങ്ങ് ദൂരെ കോണ്‍ജ്യുറിങ്ങിലെ ഉണക്കമരക്കൊമ്പിൽ തൂങ്ങികിടക്കുന്ന കയറുകൊണ്ടുള്ള കുരുക്കിലേക്ക് നോക്കി ബോറടിച്ചിരിക്കുമ്പോൾ മനസിലേക്ക് പഴയൊരു ആഗ്രഹം ചാടികയറി വന്നു...
"പടച്ചോനെ, എനിക്കും വെള്ളിനക്ഷത്രത്തിലെ ഒക്കെ പോലെ സ്വന്തവായിട്ടു ഒരു യക്ഷിയെ തരണേ.."

Wednesday, October 2, 2013

daylight saving


അന്ന്....
ജനൽപ്പടിയിൽ നിരത്തിവച്ച ചില്ലുകുപ്പികൾക്കുള്ളിലെ എണ്ണമറ്റ മണൽതരികൾ കൊണ്ട് മനുഷ്യൻ തനിക്കായി സമയത്തെ നിർവചിച്ചു...

ഇന്ന്...
ചില്ലുകുപ്പികളിലെ മണൽതരികൾ അലങ്കാര വസ്തുവായി അലമാരകൾക്കുള്ളിൽ മറഞ്ഞപ്പോൾ, പകരം ചുമരിൽ തൂങ്ങിയാടുന്ന 3 സൂചികൾ മനുഷ്യനെ നിർവചിച്ചു...

3 ദിവസം മുൻപുള്ള ഇന്ന്...
ആരെയോ ബോധിപ്പിക്കാനായി കൈയിൽ കറങ്ങുന്ന സൂചികളെ ഒരു മണിക്കൂർ മുന്നിലെക്കാക്കി വച്ചു.... daylight saving ആണ് പോലും... ഇത്ര ഭംഗിയായി, അറിഞ്ഞുകൊണ്ട് സ്വയം പറ്റിക്കാൻ മനുഷ്യനെക്കൊണ്ടേ പറ്റൂ..

Sunday, September 1, 2013

1002 രാവുകൾ

                    1001 രാവുകൾ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് 1002 ആം ദിനം.. കഴിഞ്ഞുപോയ 1001 രാവുകൾക്കും ഇല്ലാതിരുന്ന  യാതൊരു  പ്രത്യേകതയും ഇനിയുള്ള രാവിനും ഇല്ലാതിരുന്നതുകൊണ്ട്ചെരിഞ്ഞു വീണ സൂര്യശോഭയിൽ പതിവിലും കൂടുതൽ നീണ്ടുപോയ നിഴലുകൾക്കുള്ളിൽ, മങ്ങിത്തുടങ്ങിയെന്നു സ്വയം വിശ്വസിപ്പിച്ചു പോരുന്ന ഓർമകളെ ഒളിക്കുവാൻ വിട്ട്, വിജനമായ കടൽത്തീരത്തുകൂടെ ലക്ഷ്യമില്ലാത്ത ഒരു നടത്തം ആരംഭിച്ചു... കക്കയും പോളയും പരന്നു കിടക്കുന്ന പൂഴി മണ്ണിൽ ആഴ്ന്നു പതിച്ച പാദമുദ്രകൾ മാത്രം ഏകാന്തപഥികനെ വിടാതെ പിന്തുടർന്നു... ആരെയും ഒന്നിനെയും കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നതൊന്നും അതുവരെയും ലഭ്യമല്ലാതിരുന്നതുകൊണ്ട് യാത്രക്ക് ഒരു അന്ത്യം കുറിക്കപ്പെട്ടിരുന്നില്ല നിമിഷം വരെ..

ഒരു ജോലി ഉണ്ടായിരുന്നു... അതൊരു ജോലി ആയിരുന്നോ എന്ന് ഉറപ്പിച്ചു ചോദിച്ചാൽ എനിക്കും ഉത്തരം ഇല്ല...പക്ഷെ അത്, അതെന്തായാലും എനിക്ക് അന്നന്നത്തെ അപ്പത്തിനുള്ള വക തന്നിരുന്നു...

കുട്ടിക്കാലം തൊട്ടേ ഏകാന്തതയുടെ മനോഹാരിത അറിഞ്ഞിരുന്നതുകൊണ്ടാവണം, കൊതിയായിരുന്നു സംസാരിക്കാൻ....

ഓർമ വച്ച നാൾ മുതൽ, നട്ടുച്ചക്കും ഇരുൾ വീണു കിടന്നിരുന്ന ഒരു വലിയ മുറിയിലെ കൊച്ചു തടി കട്ടിലിൽ ചുരുണ്ടുകൂടി ഇരുന്നു, അവിടെ ഉള്ള ഏക അലങ്കാര വസ്തുവായിരുന്ന ഒരു കണ്ണാടിയിലേക്ക് നിർന്നിമേഷനായി നോക്കി നിന്നിരുന്ന ബാല്യം കാലം മുതൽ, ഇന്നുവരെ ഉള്ള ജീവിതത്തിന്റെ നാൾ വഴികളിൽ ഓരോന്നിലും ഏകാന്തത ഒരു തീരാ ശാപമായി എന്നെ പിന്തുടർന്നു പോന്നത് 1001 രാവുകൾക്കു മുൻപ് ഞാൻ എടുത്ത തീരുമാനത്തിലേക്ക് എന്നെ എത്തിക്കുന്നതിനായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.. ആഗ്രഹിച്ച വഴിയെ ഒന്നും നടക്കാതെ വരുമ്പോൾ, സംഭവിക്കുന്നതെല്ലാം കാലങ്ങൾക്കു മുൻപേ എവിടെയൊക്കെയോ തനിക്കായി എഴുതപ്പെട്ടിരിക്കുന്നു എന്ന നിരാശന്റെ ജൽപനം, ഒരു നിമിഷാർധത്തിലെക്കെങ്കിലും ആരോ എനിക്ക് കാട്ടിതന്ന സ്വർഗീയ വെളിപാടായി മനസ്സിൽ പതിച്ചപ്പോൾ എനിക്ക് തോന്നി ഇതാണ് എന്റെ വഴി..എന്റെ വിധി എന്ന്...

Monday, February 18, 2013

ഒരു മുത്തശ്ശി കഥ..




പായലുപിടിച്ചു തുടങ്ങിയ ഒരു കല്ലിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട്  ഞാന്‍   ഒരു കഥ പറയാന്‍ ആരംഭിച്ചു... മുകളില്‍  മാവിന്‍റെ ചില്ലകള്‍ ഇളകിക്കൊണ്ടിരുന്നു... വര്‍ഷങ്ങളായുള്ള സൗഹൃദം...

 പഴയ  കഥയാണ്‌... പഴയതെന്നും വച്ച് നൂറ്റാണ്ടുകളുടെ പഴക്കം ഒന്നുമില്ല... കുറച്ച്  വര്‍ഷങ്ങള്‍... കുറച്ച് അധികം വര്‍ഷങ്ങള്‍...

ദൂരദര്‍ശനിലെ  4 മണി സിനിമ ആളുകള്‍ ഒരുമിച്ച് ഇരുന്നു കണ്ടിരുന്ന കാലഘട്ടം...

കൈയില്‍ കെട്ടിയിരിക്കുന്ന ചരടിന്റെ നിറം നോക്കി ആളുകള്‍ ജാതിയും മതവും  തിരിച്ചറിയാന്‍ തുടങ്ങുന്ന സമയം... നമ്മുടെ അമ്പലവും പള്ളിയുമൊക്കെ നിന്‍റെ അമ്പലവും എന്‍റെ പള്ളിയുമായി  അറിയപ്പെടാന്‍ ആരംഭിക്കുന്ന സമയം.. .

മനുഷ്യനെ സോഷ്യല്‍ ആക്കാന്‍ നെറ്റ് വര്‍ക്കിംഗ്‌   സൈറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും  അയല്‍പക്കത്ത് താമസിക്കുന്നത് ആരാണെന്നെന്ന്     ആളുകള്‍ക് തിരിച്ചറിയാമായിരുന്ന കാലം...

ജനങ്ങള്‍ എന്നാല്‍ വോട്ട് ചെയ്യുവാന്‍ ഉള്ള യന്ത്രങ്ങള്‍ മാത്രമാണെന്ന് എല്ലാ രാഷ്ട്രീയക്കാരും അന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല... വിദ്യാഭ്യാസം എന്നാല്‍ കച്ചവടം ആണെന്നും കച്ചവടം  ലാഭത്തിനു വേണ്ടി ഉള്ളതായിരിക്കണമെന്നുമുള്ള   സത്യങ്ങള്‍ എല്ലാ കച്ചവടക്കാരും മനസിലാക്കിയിരുന്നില്ല അന്ന്...

പണം ഒരു അവശ്യ വസ്തു ആണെങ്കിലും അതായിരിക്കണം എല്ലാം എന്ന്  ജനങ്ങള്‍ മനസിലാക്കിതുടങ്ങുന്നതെ   ഉണ്ടായിരുന്നൊള്ളൂ  അന്ന്... അധ്വാന വര്‍ഗ സിദ്ധാന്ധങ്ങളെ കുറിച്ചു പഠിപ്പിക്കാന്‍ സ്ഥാപനങ്ങളും നിലവില്‍ വന്നിരുന്നില്ല...


പെട്രോളിനും ഡീസലിനും      അരിക്കും മണ്ണെണ്ണക്കും  എന്തിനു പച്ച വെള്ളത്തിനും   വരെ ഇന്നത്തേതിനേക്കാള്‍  നാലില്‍ ഒന്ന് മാത്രം വില ഉണ്ടായിരുന്ന ആ കാലഘട്ടത്തിലും   മലയാളികള്‍ മാവേലിയുടെതെന്നു പറയപ്പെടുന്ന ആ സുവര്‍ണ കാലഘട്ടത്തെ  ഓര്‍ത്തു നെടുവീര്‍പ്പിട്ടു....

എന്‍റെ മുത്തശ്ശിയും നെടുവീര്‍പ്പിട്ടു... മാവേലിയെ ഓര്‍ത്തല്ല... ഒന്നിനെകുറിച്ചും ചിന്തിക്കാതെ വെറുതെ തെക്ക് വടക്ക് നടക്കുന്ന എന്നെ ഓര്‍ത്ത്..