Sunday, September 1, 2013

1002 രാവുകൾ

                    1001 രാവുകൾ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് 1002 ആം ദിനം.. കഴിഞ്ഞുപോയ 1001 രാവുകൾക്കും ഇല്ലാതിരുന്ന  യാതൊരു  പ്രത്യേകതയും ഇനിയുള്ള രാവിനും ഇല്ലാതിരുന്നതുകൊണ്ട്ചെരിഞ്ഞു വീണ സൂര്യശോഭയിൽ പതിവിലും കൂടുതൽ നീണ്ടുപോയ നിഴലുകൾക്കുള്ളിൽ, മങ്ങിത്തുടങ്ങിയെന്നു സ്വയം വിശ്വസിപ്പിച്ചു പോരുന്ന ഓർമകളെ ഒളിക്കുവാൻ വിട്ട്, വിജനമായ കടൽത്തീരത്തുകൂടെ ലക്ഷ്യമില്ലാത്ത ഒരു നടത്തം ആരംഭിച്ചു... കക്കയും പോളയും പരന്നു കിടക്കുന്ന പൂഴി മണ്ണിൽ ആഴ്ന്നു പതിച്ച പാദമുദ്രകൾ മാത്രം ഏകാന്തപഥികനെ വിടാതെ പിന്തുടർന്നു... ആരെയും ഒന്നിനെയും കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നതൊന്നും അതുവരെയും ലഭ്യമല്ലാതിരുന്നതുകൊണ്ട് യാത്രക്ക് ഒരു അന്ത്യം കുറിക്കപ്പെട്ടിരുന്നില്ല നിമിഷം വരെ..

ഒരു ജോലി ഉണ്ടായിരുന്നു... അതൊരു ജോലി ആയിരുന്നോ എന്ന് ഉറപ്പിച്ചു ചോദിച്ചാൽ എനിക്കും ഉത്തരം ഇല്ല...പക്ഷെ അത്, അതെന്തായാലും എനിക്ക് അന്നന്നത്തെ അപ്പത്തിനുള്ള വക തന്നിരുന്നു...

കുട്ടിക്കാലം തൊട്ടേ ഏകാന്തതയുടെ മനോഹാരിത അറിഞ്ഞിരുന്നതുകൊണ്ടാവണം, കൊതിയായിരുന്നു സംസാരിക്കാൻ....

ഓർമ വച്ച നാൾ മുതൽ, നട്ടുച്ചക്കും ഇരുൾ വീണു കിടന്നിരുന്ന ഒരു വലിയ മുറിയിലെ കൊച്ചു തടി കട്ടിലിൽ ചുരുണ്ടുകൂടി ഇരുന്നു, അവിടെ ഉള്ള ഏക അലങ്കാര വസ്തുവായിരുന്ന ഒരു കണ്ണാടിയിലേക്ക് നിർന്നിമേഷനായി നോക്കി നിന്നിരുന്ന ബാല്യം കാലം മുതൽ, ഇന്നുവരെ ഉള്ള ജീവിതത്തിന്റെ നാൾ വഴികളിൽ ഓരോന്നിലും ഏകാന്തത ഒരു തീരാ ശാപമായി എന്നെ പിന്തുടർന്നു പോന്നത് 1001 രാവുകൾക്കു മുൻപ് ഞാൻ എടുത്ത തീരുമാനത്തിലേക്ക് എന്നെ എത്തിക്കുന്നതിനായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.. ആഗ്രഹിച്ച വഴിയെ ഒന്നും നടക്കാതെ വരുമ്പോൾ, സംഭവിക്കുന്നതെല്ലാം കാലങ്ങൾക്കു മുൻപേ എവിടെയൊക്കെയോ തനിക്കായി എഴുതപ്പെട്ടിരിക്കുന്നു എന്ന നിരാശന്റെ ജൽപനം, ഒരു നിമിഷാർധത്തിലെക്കെങ്കിലും ആരോ എനിക്ക് കാട്ടിതന്ന സ്വർഗീയ വെളിപാടായി മനസ്സിൽ പതിച്ചപ്പോൾ എനിക്ക് തോന്നി ഇതാണ് എന്റെ വഴി..എന്റെ വിധി എന്ന്...