Saturday, October 24, 2015

ഇടയ ലേഖനം


കൂലിപ്പണിക്കാരനായ നാണപ്പന്റെ പട്ടിണി കിടന്നു കാറ്റുപോയ ഗോമാതാവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് കയറ്റി വിട്ടു ഗേറ്റ് അടച്ചതിനു ശേഷം ഇടതു വശത്ത്‌ പടർന്നു പന്തലിച്ചു നിൽക്കുന്ന അത്തി മരത്തിന്റെ ചുവട്ടിൽ കുത്തിയിരുന്ന് പത്രോസ് ശ്ലീഹ ബുക്കും പേനയും കൈയിലെടുത്തു... അടുത്ത ഞായറാഴ്ച അഖിലേന്ത്യ തലത്തിലുള്ള എല്ലാ പള്ളികളിലും കൂട്ടായ്മകളിലും ആവശ്യം വായിക്കേണ്ടുന്ന സുപ്രധാന രേഖകൾ അടങ്ങിയ തനി പുത്തൻ ഇടയ ലേഖനം ഒരെണ്ണം ഒറ്റയിരുപ്പിൽ എഴുതിതീർത്തു അദ്ദേഹം...
മിശിഹായിൽ എത്രയും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ...

അടുത്ത കാലത്തായി നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്ന ചില പ്രവണതകൾ നിങ്ങൾ ഏവരും നിരീക്ഷിചിട്ടുണ്ടായിരിക്കുമല്ലോ... നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന ഭാരതത്തിൽ ജാതിമതഭേദമെന്യേ മനുഷ്യന്റെ വില താഴത്തോട്ടും ചില മൃഗങ്ങളുടെ വില മേപ്പോട്ടും പോകുന്നു എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണല്ലോ... ഇതൊരു ദൃഷ്ടാന്തമാണ് സഹോദരരെ... നമ്മളും ഉണർന്നു പ്രവർത്തിക്കേണ്ട സമയം ഇതാ ആഗതമായിരിക്കുന്നു...

Friday, October 9, 2015

ശബരിമല (എന്റെ മാത്രം അഭിപ്രായം )


പണ്ടാണ്... പണ്ടെന്നു പറഞ്ഞാൽ അത്രക്കു പണ്ടൊന്നുമല്ല.. എന്നാലും ഇത്തിരി പണ്ട്... താഴ്ന്ന ജാതിക്കാരുടെ (അതിപ്പോ ആരാ താഴ്ന്നതും ഉയർന്നതും ഒന്നും കണ്ടു പിടിച്ചെ എന്ന് ചോദിക്കരുത്... ചില കാര്യങ്ങളൊക്കെ അങ്ങനെയാണ്... ചോദ്യം ചെയ്യാതെ അനുസരിച്ചേക്കണം) അത്യാഗ്രഹം കേട്ട വാമനൻ നമ്പൂതിരി, മേമന ഇല്ലം ഞെട്ടി തരിച്ചു... " എന്ത് ഇവറ്റകൾക്ക് അമ്പലത്തിൽ കയറണംന്നോ.. താഴ്ന്ന ജാതിക്കാർ അമ്പലത്തിൽ കയറുകേ... ഒരു തീണ്ടാപ്പാട് അകലെ മാറ്റി നിർത്തേണ്ട ജന്മങ്ങൾ, പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കുന്നതും പോരാ... ഇനി അമ്പലത്തിൽ കയറി നമ്മുടെ ദൈവങ്ങളെ തൊഴണം പോലും... ഉവ്വ... നടന്നത് തന്നെ..." വാമനൻ നമ്പൂതിരി ചങ്ങാതിമാരേം കൂട്ടി പ്രതിഷേധിച്ചു...
എന്നിട്ടു എന്തായി.. വാമനൻ നമ്പൂതിരി ഇളിഭ്യനായി .. അമ്പലോം ദൈവങ്ങളും നാട്ടു വഴികളുമൊക്കെ എല്ലാവർക്കും ഉള്ളതായി...
ഇനി പണ്ട് പണ്ട് നടന്നൊരു കഥ പറയാം... അന്ന് വാമനൻ നമ്പൂതിരിയുടെ പിതാക്കന്മാർ രോഷംകൊണ്ട് വിറച്ചു…"അടിയാത്തി പെണ്ണുങ്ങൾ മാറ് മറക്കാനായി സമരം ചെയ്യുന്നോ... കേട്ട് കേൾവി പോലുമില്ലാത്ത കാര്യം... അനുവദിക്കരുത്... ഇതൊക്കെയല്ലേ നമുക് ഒരു ഹരം..."
എന്നിട്ടോ... വാമനൻ നമ്പൂതിരിയുടെ പിതാവും ഇളിഭ്യനായി...

Wednesday, October 7, 2015

പ്രതികരണം...



ചൂടില്ലാത്ത കട്ടൻചായക്കൊപ്പം ഇന്ന് പ്രതികരണം രേഖപ്പെടുത്തേണ്ട ചൂടൻ വിഷയങ്ങളുടെ പട്ടിക നിവർത്തി മുന്നിൽ വച്ചു... പട്ടി, പശു, പന്നി, അടി, ഇടി, വെടി, കൊല, പീഡനം, കൈക്കൂലി, കള്ളപ്പണം... ഉണ്ട് ഒരുപാടുണ്ട്... ഇന്ന് ഞാൻ ഫേസ് ബുക്കിന്റെ സമസ്ത മേഘലകളെയും പിടിച്ചു കുലുക്കി കമിഴ്ത്തി വെക്കും.. എൻറെ പ്രതികരണം കേട്ട് സാക്ഷരകേരള സമൂഹം ഞെട്ടിതരിക്കും... അഭിനവ സാംസ്കാരിക വിപ്ലവത്തിന്റെ വിത്തുകൾ എൻറെ വിരൽതുമ്പിൽ പിറവി കൊള്ളും... ആളുകൾ ആവേശഭരിതരാവും ... അവർ സമൂഹത്തിലെ അനീതിക്കെതിരെ ഒരു പ്രചണ്‍ണ്ട മാരുതനായി വീശിയടിക്കും... സന്ഘി, സുടാപ്പി, കമ്മി, കൊങ്ങി തുടങ്ങി ഡിന്ഗോയിസ്റ്റുകൾ വരെയുള്ള എല്ലാ വിഷ വിത്തുകളെയും മുച്ചൂടും പിഴുതെറിയുന്ന കൊടുംകാറ്റു പുറത്ത് ആഞ്ഞു വീശുമ്പോൾ ഞാൻ എൻറെ മുറിയിൽ പുതപ്പിനുള്ളിൽ സുഖമായി ഉറങ്ങുകയായിരിക്കും... അണികളെ ആവേശംകൊള്ളിക്കുക, അവരിൽ പോരാട്ട വീര്യം കുത്തി നിറയ്ക്കുക, യുദ്ധ സജ്ജരാക്കുക.. അത്രയേ ഒള്ളു എൻറെ പണി.. എന്നിട്ട് ഞാൻ എൻറെ മുറിയുടെ ജനാലയിൽക്കൂടി പരസ്പരം പോരാടുന്ന അണികളെ കണ്ടു പുഞ്ചിരിക്കും.. ഞങ്ങൾ ബുദ്ധിജീവികൾ അല്ലെങ്കിലും യുദ്ധ മുഖത്തേക്ക് പോവാറില്ല...
ഇതാണ് നമ്മൾ... ഞാനും നീയും അവനും അവളും അവരും ഇവരും അടങ്ങുന്ന പുതിയ സമൂഹം.. സ്വന്തം മുറിയുടെ സ്വച്ഛതയിൽ എന്നെ മാറ്റി നിർത്തി ബാക്കിയുള്ള സമൂഹം അനീതിക്കെതിരെ സംഘടിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി ഘോര ഘോരം പ്രസന്ഗിക്കുന്ന സതീശൻ കോട്ടപ്പള്ളികൾ.. മദ്യം വിഷമാണ്, രാഹുവും കേതുവും ശെനിയും ചൊവ്വയും ജാതകവും തിരുത്തപ്പെടേണ്ട അന്ധവിശ്വാസങ്ങൾ, ജാതിയും മതവും മനുഷ്യനെ മയക്കുന്ന കറുപ്പുകൾ... പറഞ്ഞതെല്ലാം ബാധകമാണ് എൻറെ അയൽപക്കം വരെ .. എൻറെ കല്യാണത്തിന് ജാതി നോക്കും, മതം നോക്കും, ജാതകം നോക്കും, മദ്യക്കുപ്പികൾ നിരത്തി വെക്കും .. അതൊക്കെ നാട്ടുനടപ്പ്... ഞാൻ ആയിട്ടെന്തിനാ മാറ്റാൻ നിൽക്കുന്നേ... മറ്റുള്ളവർ കൈക്കൂലി കൊടുക്കരുത്.. മറ്റുള്ളവർ അവർക്ക് വോട്ട് ചെയ്യരുത്.. മറ്റുള്ളവർ ബംഗാളികളെ പണിക്കു വിളിക്കരുത്... മറ്റുള്ളവർ... മറ്റുള്ളവർ.. എന്നെ വിട്ടേക്കൂ.. ഞാൻ മാറരുത്.. മറ്റുള്ളവർ മാറട്ടെ... എന്നിട്ട് ഞാൻ ആലോചിക്കാം... ഇതാണ് നമ്മുടെ ആവേശം.. നമ്മുടെ ആക്ടിവിസം..

Monday, August 24, 2015

ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...


കുട്ടികൾ ഓണം ആഘോഷിക്കട്ടെ...
കുറച്ചു ദിവസമായി ഇത് മാത്രവെ കേൾക്കാനൊള്ളൂ.. കേരളത്തിൽ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്ന് മാത്രം... "പ്രേമം".. ഒരു സിനിമ കാരണം ഒറ്റ രാത്രി കൊണ്ട് വഴിതെറ്റിപ്പോയ യുവത്വത്തിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്ന അഭിനവ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നീണ്ട നിരയുമായാണ് ഓരോ ദിവസവും ദൃശ്യ ശ്രാവ്യ പത്ര മാധ്യമങ്ങൾ നാട്ടിലെ പ്രബുദ്ധരായ വോട്ടർ മാരെ ഒന്നുകൂടി പ്രബുദ്ധരാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്...
എന്റെ ഓർമ ശരിയാണെങ്കിൽ കേരള സമൂഹം ആദ്യമായി ഇതുപോലെ വഴി തെറ്റിപോകുന്നത് ചെമ്മീന് ശേഷമാണ്.. ഇട്ടിട്ടുപോയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകളുമായി മലയാളികൾ മുഴുവൻ കടാപ്പുറങ്ങളിൽ പാടി പാടി നടന്നു... എന്നും പോയി പാടാൻ കടൽ അടുത്തില്ലാത്ത പാവം മലയോര വാസികൾ വീട്ടിലെ കിണറിനു ചുറ്റും തെക്ക് വടക്ക് നടന്നു പാടി... രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും താരാദാസും ഒക്കെ കണ്ട ഒരുതലമുറ മുഴുവൻ അധോലോക നായകന്മാരാകാൻ ബൊംബൈക്കു വണ്ടി കയറി... അതും കള്ളവണ്ടി... ടിക്കെറ്റ് എടുത്തു പോയാൽ ഇനി അധോലോകത്ത് എത്തിയില്ലെങ്കിലോ... അന്ന് പോയി അധോലോകത്തിൽ പേരെടുത്ത കൊപ്ര പ്രഭാകരൻ, അനന്തൻ നമ്പ്യാർ, പെരേര, പവനായി തുടങ്ങിയ കൊടും ഭീകരെ പിടിക്കാൻ ഭരത് ചന്ദ്രൻ IPS ആകാൻ പോലീസുകാർ തമ്മിൽ മത്സരിച്ച ഒരു കാലവും ഉണ്ടായിരുന്നു... കാലം പലതു കഴിഞ്ഞെങ്കിലും ഇന്നും ഭരത്ചന്ദ്രൻ പോലീസുകാർക്ക് ഒരു റോൾ മോഡൽ ആണ്... സന്ദേശം കണ്ട് ഇനി രാഷ്ട്രീയക്കാരെ തങ്ങളുടെ പറമ്പിന്റെ ഏഴയലത്ത് കയറ്റില്ല എന്ന് കേരളം ദൃഡ പ്രതിഞ്ജ ചെയ്തു... ഒറ്റ രാത്രി കൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു അരാഷ്ട്രീയ സമൂഹമായി കേരള സമൂഹം മാറി... വളരുംതോറും പിളരുന്ന പാർട്ടികൾ അന്യം നിന്നു.. അവർ ഗാന്ധിയും , യേശുവും, ഹനുമാനും, കൃഷ്ണനും ഒക്കെയായി...