Friday, May 8, 2020

ലോക്ക്ഡൌൺ


മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നു. സ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയി. പലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലും, അവൾ വെട്ടുക മുടിയാണോ അതോ തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട് ഓഫർ സ്നേഹത്തോടെ നിരസിച്ചു. ലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തം. പിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്. അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായി. കാര്യങ്ങൾ അവിടെയും നിന്നില്ല. സ്നേഹം നിസ്സംഗതയായി, മരവിപ്പായി, മടുപ്പായി... പുറം ലോകം കാണാൻ, ട്രാഫിക് ജാമിൽ കിടക്കാൻ, കുറച്ചു കരിയും പുകയും ശ്വസിക്കാൻ, കെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻ, കണ്ടക്ടറിന്റെ ചീത്ത കേൾക്കാൻ, പാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻ, അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോ, ഇന്ന് വെള്ളിയാഴ്ചയായി" എന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ.അന്ന് രാത്രി സമാധാനമായി രണ്ടു ബിയർ അടിച്ചു പിറ്റേന്ന് നട്ടുച്ചവരെ കിടന്നുറങ്ങാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.

Sunday, September 25, 2016

ലെസ് മക്കെൻസി

ഞാൻ ഇന്നൊരാളെ കണ്ടു.. ഒരു സാധാരണ മനുഷ്യൻ.. അസാധാരണ കാര്യങ്ങൾ ചെയ്ത ഒരു സാധാരണ മനുഷ്യൻ.. ലെസ് മക്കെൻസി..
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ടെക്നിഷ്യൻ ആയിരുന്നു ലെസ്.. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ദിവസം രാവിലെ തന്റെ പതിവുള്ള മൈന്റനെൻസ് ജോലികൾക്കായി ലെസ് പ്ലാന്റിലെത്തി.. അധികം ആളുകൾ എത്താത്ത ഒരു കോണിലുള്ള കൺവെയർ ബെൽറ്റിൽ എന്തോ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ലെസ്.. ആരോ അവിടെ ഉണ്ട് എന്ന് അറിയാതെ കൺവെയർ ഓഫ് ആയികിടക്കുന്നതുകണ്ട മറ്റൊരു ടെക്‌നിഷ്യൻ ബെൽറ്റ് ഓൺ ആക്കി.. ഏതെങ്കിലും മെഷിനിൽ ജോലി ചെയ്യുമ്പോൾ അതിനെ ലോക് ചെയ്യാനും മറ്റുള്ളവരെ ഞാൻ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്ന് അറിയിക്കാനും വേണ്ടിയുള്ള ലോക് ഔട്ട് കാർഡ് നിർഭാഗ്യവശാൽ അതിൽ തൂക്കുവാൻ ലെസ്‍മറന്നുപോയിരുന്നു.. ലെസിന്റെ ഇടതു കൈ കൺവെയർ ബെൽറ്റിന്റെ ചക്രങ്ങളുടെ ഇടയിൽ കുടുങ്ങി.. അത് അയാളെ പതിയെ അകത്തേക്ക് വലിച്ചുകൊണ്ടിരുന്നു.. കൈ മുട്ടുവരെയുള്ള ഭാഗം അകത്തായപ്പോഴേക്കും എന്തെങ്കിലും ചെയ്തില്ലെങ്കിൽ താൻ മുഴുവനായും അകത്തേക്ക് പോവും എന്ന് ലെസ് തിരിച്ചറിഞ്ഞു.. അപ്പോളാണ് വെൽഡ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മാസ്ക് അടുത്ത് കിടക്കുന്നത് ലെസ് കണ്ടത്.. അത് എടുത്തു അയാൾ ചക്രങ്ങളുടെ ഇടയിലേക്ക് കുത്തിയിറക്കി.. വലിയൊരു ശബ്ദത്തോടെ ബെൽറ്റിന്റെ കറക്കം നിലച്ചു..
ഈ സമയം പുറത്തുനിന്നിരുന്ന ടെക്നിഷ്യൻ എന്താണ് ബെൽറ്റിന്റെ കറക്കം നിലച്ചത് എന്ന് നോക്കാനായി അകത്തേക്ക് കയറി വന്നപ്പോൾ കാണുന്നത് ചക്രങ്ങളുടെ ഇടയിൽ നിന്നും കൈ ഊരിയെടുക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ലെസിനെയാണ്.. ചുറ്റും ചോര ഒഴുകുന്നു.. ഏകദേശം രണ്ടാഴ്ചയോളം ലെസ് ആശുപത്രിയിൽ കിടന്നു.. എണ്ണാനാവാത്തിടത്തോളം കഷ്ണങ്ങളായി ഒടിഞ്ഞു ഞുറുങ്ങിയ കൈ ഇനി ഒരികലും ശെരിയാക്കാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.. കൈമുട്ടിനു താഴേക്ക് പ്രവർത്തനരഹിതമായ തന്റെ ഇടതുകൈ നോക്കി ലെസ് പതിയെ പുഞ്ചിരിച്ചു...

Monday, May 16, 2016

പ്രതിസന്ധികൾ പ്രതികരണങ്ങൾ


അതിഭീകരമായ പ്രതിസന്ധി... സൈക്കൊസിസിൽ തുടങ്ങി സൈക്യാട്രിയുടെ പല ഉൾനാടൻ മേഘലകളിലൂടെയും ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്ന 2 ആഴ്ച.. കരച്ചിലും ചിരിയും സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും മടുപ്പും ക്ഷീണവും നിർവികാരതയും എല്ലാം ഒത്തൊരുമിച്ചു അനുഭവിച്ച നിമിഷങ്ങൾ... അടച്ചിട്ട മുറിയിലെ ഭിത്തിയിൽ ഓങ്ങിയിടിച്ചു മുഴച്ചു വന്ന കൈ.. 2 ആഴ്ചകൾ മുന്പുണ്ടായിരുന്ന എന്നെ ഇന്നത്തെ ഞാൻ കൊതിയോടെ നോക്കി അത്ഭുതപ്പെട്ടു.. നെറ്റില്ലായ്മ.. ഇന്റർനെറ്റ്ഇല്ലാതിരുന്ന 2 ആഴ്ചകൾ.. ഞാൻ ജീവച്ഛവമായിമാറിയ ദിവസങ്ങൾ..
പഴയ വീട്ടിലെ ഇൻസുലേഷൻ മോശമായിരുന്നതുകാരണമാണ് തണുപ്പ് തുടങ്ങുന്നതിനു മുന്പെ പുതിയ വീട്ടിലേക്കു താമസം മാറിയത്.. ഇന്നത്തെ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ കറന്റ്, ഇന്റർനെറ്റ്‌, കേബിൾ, ക്രോമ്കാസ്റ്റ്‌ തുടങ്ങിയ സാധങ്ങൾ എല്ലാം താമസം മാറുന്നതിനും ഒരു ആഴ്ച മുന്പെതന്നെ തീരുമാനം ആക്കിയിരുന്നതായിരുന്നു എങ്കിലും അവസാന നിമിഷം നെറ്റ് പണി തരും എന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല...

Friday, April 22, 2016

സ്വർഗങ്ങൾ


ഇത്തിരി താമസിച്ചാണെങ്കിലും 'വിശ്വ വിഖ്യാത തെറി' വായിച്ചു.. കോഴിക്കോട്ടെ ഒരു കുന്നിൻപുറത്തെ സുഹറയുടെയും ബുദ്ധന്റെയും പിന്നെ ഏതാനും കുട്ടികളുടെയും ഇടയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന മനോഹര മാഗസിനെ കേരളത്തിൽ മൊത്തം എത്തിക്കാൻ വേണ്ടി അത് 'കത്തിച്ചു' സഹായിച്ച എല്ലാവരെയും നന്ദിപൂർവ്വം സ്മരിച്ചുകൊള്ളുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ മലയാള സമൂഹത്തിനും സാഹിത്യത്തിനും ഒരു മുതൽക്കൂട്ടാണെന്നും ഇനിയും ഒരുപാടുകാലം അവ ഇതേപോലെ തുടർന്നുകൊണ്ട് പോകാൻ സാധിക്കട്ടെ എന്നും അവസരത്തിൽ ആശംസിക്കുന്നു...
ഞാൻ പഠിച്ച എന്റെ കോളേജ് - എനിക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിൽ തന്നെയും - അത് നിർജീവമായ വെറും ഒരു കൊണ്ക്രീട്റ്റ് കൂമ്പാരം മാത്രമായിരുന്നു എന്ന തിരിച്ചറിവ് മറ്റുപല അവസരങ്ങളിലെയും പോലെ വീണ്ടും ഉയർന്നുവന്നു.. എന്തായാലും മാഗസിനിൽ ഞാൻ വായിച്ച അശ്വിൻ എഴുതിയ ഒരു ലേഖനം എന്നോട് ചോദിച്ച കുറച്ചു ചോദ്യങ്ങളാണ് ഇവിടെ ..