Showing posts with label ഓര്‍മ്മക്കായി.... Show all posts
Showing posts with label ഓര്‍മ്മക്കായി.... Show all posts

Monday, August 24, 2015

ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...


ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...
കുറച്ചു ദിവസമായി ഇത് മാത്രവെ കേൾക്കാനൊള്ളൂ.. ഈ കേരളത്തിൽ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്ന് മാത്രം... "പ്രേമം".. ഒരു സിനിമ കാരണം ഒറ്റ രാത്രി കൊണ്ട് വഴിതെറ്റിപ്പോയ യുവത്വത്തിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്ന അഭിനവ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നീണ്ട നിരയുമായാണ് ഓരോ ദിവസവും ദൃശ്യ ശ്രാവ്യ പത്ര മാധ്യമങ്ങൾ ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടർ മാരെ ഒന്നുകൂടി പ്രബുദ്ധരാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്...
എന്റെ ഓർമ ശരിയാണെങ്കിൽ കേരള സമൂഹം ആദ്യമായി ഇതുപോലെ വഴി തെറ്റിപോകുന്നത് ചെമ്മീന് ശേഷമാണ്.. ഇട്ടിട്ടുപോയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകളുമായി മലയാളികൾ മുഴുവൻ കടാപ്പുറങ്ങളിൽ പാടി പാടി നടന്നു... എന്നും പോയി പാടാൻ കടൽ അടുത്തില്ലാത്ത പാവം മലയോര വാസികൾ വീട്ടിലെ കിണറിനു ചുറ്റും തെക്ക് വടക്ക് നടന്നു പാടി... രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും താരാദാസും ഒക്കെ കണ്ട ഒരുതലമുറ മുഴുവൻ അധോലോക നായകന്മാരാകാൻ ബൊംബൈക്കു വണ്ടി കയറി... അതും കള്ളവണ്ടി... ടിക്കെറ്റ് എടുത്തു പോയാൽ ഇനി അധോലോകത്ത് എത്തിയില്ലെങ്കിലോ... അന്ന് പോയി അധോലോകത്തിൽ പേരെടുത്ത കൊപ്ര പ്രഭാകരൻ, അനന്തൻ നമ്പ്യാർ, പെരേര, പവനായി തുടങ്ങിയ കൊടും ഭീകരെ പിടിക്കാൻ ഭരത് ചന്ദ്രൻ IPS ആകാൻ പോലീസുകാർ തമ്മിൽ മത്സരിച്ച ഒരു കാലവും ഉണ്ടായിരുന്നു... കാലം പലതു കഴിഞ്ഞെങ്കിലും ഇന്നും ഭരത്ചന്ദ്രൻ പോലീസുകാർക്ക് ഒരു റോൾ മോഡൽ ആണ്... സന്ദേശം കണ്ട് ഇനി രാഷ്ട്രീയക്കാരെ തങ്ങളുടെ പറമ്പിന്റെ ഏഴയലത്ത് കയറ്റില്ല എന്ന് കേരളം ദൃഡ പ്രതിഞ്ജ ചെയ്തു... ഒറ്റ രാത്രി കൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു അരാഷ്ട്രീയ സമൂഹമായി കേരള സമൂഹം മാറി... വളരുംതോറും പിളരുന്ന പാർട്ടികൾ അന്യം നിന്നു.. അവർ ഗാന്ധിയും , യേശുവും, ഹനുമാനും, കൃഷ്ണനും ഒക്കെയായി...

Tuesday, March 1, 2011

ഓര്‍മകളെകുറിച്ചുള്ള ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

മനസ് പതിയെ ഓര്‍മകളുടെ പടവുകള്‍ കയറി..കോളേജിന്റെയും ഹോസ്റ്റലിന്റെയും സുഗന്ധം ആ പടവുകള്‍ക്കുണ്ടായിരുന്നു...പലകുറി പറഞ്ഞുതീര്‍ത്ത വിശേഷങ്ങള്‍, ഒരായിരം പ്രണയ കഥകള്‍, പങ്കുവച്ച സ്വപ്‌നങ്ങള്‍, മായ്ച്ചു കളഞ്ഞ പിണക്കങ്ങള്‍...കാലം പുറകിലേക്ക് കറങ്ങുനതുപോലെ...ഒരിക്കല്‍ക്കൂടി ആ ഏകാന്തതയില്‍ ഞാന്‍ ഭൂതകാലത്തിലെ ചിത്രങ്ങള്‍ കണ്ടു...അവയ്ക്കൊപ്പം യാത്ര ചെയ്തു...കാഴ്ചകള്‍ കണ്ടു...പൊട്ടിച്ചിരിച്ചു...ഇടയില്‍ എപ്പോളോ കണ്ണില്‍ ചെറു ചൂട് നിറഞ്ഞു...എന്റെ ജീവിതം ആ പടവുകളില്‍ എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നി...

പൊടുന്നനെ എങ്ങുനിന്നോ പറന്നുവന്ന ഒരു പൊന്മാന്‍, ജലത്തിന്റെ സംരക്ഷണത്തില്‍ ഒരു നിമിഷതെക്കെങ്കിലും അഹങ്കരിച്ചുപോയ ഒരു മീനിനെയും കൊത്തിയെടുത്തു പറന്നു...ചുറ്റും വെള്ളത്തുള്ളികള്‍ തെറിച്ചു വീണു..കൂട്ടത്തില്‍ എന്റെ ഓര്‍മകളും..ഒരു ദീര്‍ഘനിശ്വാസത്തില്‍ അവ അലിഞ്ഞു ഇല്ലാതായി...തല്‍ക്കാലത്തെക്കെങ്കിലും...
........................................

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...

Monday, February 14, 2011

ഓര്‍ക്കുട്ടിന്റെ ഓര്‍മയ്ക്കായി...

അന്ന്...

അന്നെന്നു പറഞ്ഞാല്‍ എന്നാ???ഏകദേശം ഒരു അഞ്ചു അഞ്ചര വര്‍ഷം മുന്‍പുള്ള സമയം...വൈകുന്നേരങ്ങളിലെ പതിവ് നേരമ്പോക്കുകള്‍ക്കിടയില്‍ ഒരു ചങ്ങാതി പറഞ്ഞു.. "അറിഞ്ഞോ, പുതിയൊരു വെബ്സൈറ്റ് ഉണ്ട്..പേര് ഓര്‍ക്കുട്ട്..അതില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ നമുക്ക് കുറെ കൂട്ടുകാരെ കിട്ടും..."

അങ്ങിനെ പിറ്റേ ദിവസം വൈകിട്ട് ഈ പുതിയ സംഭവത്തിനെ ഒന്ന് പരിചയപ്പെട്ടു കളയാം എന്ന് വിചാരിച്ചു നേരെ കഫെയിലേക്ക്..ഇന്ന് പതിവില്ലാതെ എന്നെ തനിയെ കണ്ടതിലുള്ള അത്ഭുതവും, എന്നുമുള്ള അര്‍ഥം വച്ച ചിരിയും കൂടിക്കലര്‍ന്ന ഒരു ഊടായിപ്പു സ്വാഗതം ആശംസിച്ചിട്ടു കഫേയിലെ ചേട്ടന്‍ എന്റെ ക്യാബിന്‍ കാണിച്ചു തന്നു...

വിന്‍ഡോസ്‌ XP യുടെ നീല സ്ക്രീനില്‍ എനിക്കായി വീണ്ടുമൊരു സ്വാഗതം.. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എടുത്തു www.orkut.com അടിച്ചു..വന്നതും ഒരു നീല നിറത്തിലുള്ള പേജ്..അപ്പോളാണ് ഒരു പ്രശ്നം ശ്രദ്ധിച്ചത്..ഓര്‍ക്കുട്ടില്‍ അക്കൌന്റ് തുടങ്ങണമെങ്കില്‍ ജിമെയില്‍ id വേണം..എനിക്ക് ആകെ ഉള്ളത് ഒരിക്കല്‍ മാത്രം തുറന്നു നോക്കിയ ഒരു റെഡിഫ് മെയിലും..ഇനി എന്ത് ചെയ്യാന്‍...തിരിച്ചു പോരുന്നതിനു മുന്‍പായി ഹിസ്റ്ററി പരിശോധിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ ഡിക്ഷനറിയില്‍ ആഡ് ചെയ്തു ഞാന്‍ വാതില്‍ തുറന്നു...

ഇത് എന്റെ ആദ്യത്തെ ഓര്‍ക്കുട്ട് അനുഭവം..

ഇന്റെര്‍നെറ്റിന്റെ ലോകം പരിചയപ്പെട്ടു തുടങ്ങിയ ആ കാലത്ത്, അടച്ചിട്ട ക്യാബിനുകളില്‍ ഈ ഡയല്‍അപ്പ്‌ മോഡത്തിനു അല്പം കൂടി വേഗത കൊടുക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, പകുതി മാത്രം ലോഡ് ആയ പേജിലേക്ക് അന്തം വിട്ടു നോക്കിയിരുന്ന, ഒന്നില്‍ കൂടുതല്‍ ഈമെയില്‍ ഐഡി എന്ന് പറഞ്ഞാല്‍ ആര്ഭാടമായിരുന്ന,ഒരു ജിമെയില്‍ ഇന്‍വിട്ടെഷന്‍ കിട്ടാന്‍ വേണ്ടി കൂട്ടുകാരുടെ പുറകെ നടന്നിരുന്ന, മണിക്കൂറിനു 30ഉം,40ഉം,50ഉം രൂപവരെ ചാര്‍ജ് വാങ്ങിയിരുന്ന ഇന്റര്‍നെറ്റ്‌ കഫേകള്‍ ഉണ്ടായിരുന്ന ആ കാലത്ത് സൌഹൃദതിന്റെതായ പുതിയൊരു ലോകം തുറന്നു തന്നവനായിരുന്നു ഓര്‍ക്കുട്ട്...

ആദ്യത്തെ ഒരു അപരിചിതതത്തിനു ശേഷം പെട്ടെന്ന് കൂട്ടുകാരനായി മാറിയ അവനാണ് ഇന്റെര്‍നെറ്റിന് ഇങ്ങനെയും ഉപകാരമുണ്ടെന്നു നമ്മുടെ നാടിനെ പഠിപ്പിച്ചത്..കൊഴിഞ്ഞ പോയ നാള്‍ വഴികളിലെങ്ങോ കണ്ടുമുട്ടി, കുറച്ചുദൂരം കൂടെ നടന്നു, ഒടുവില്‍ ഓര്‍മകളുടെ ചാരത്തില്‍ മൂടപ്പെട്ടു തുടങ്ങിയ ഒരുപിടി കൂട്ടുകാരെ തിരിച്ചു കിട്ടിയത്, ഒരിക്കല്‍ക്കൂടി ആ സൌഹൃദത്തിന്റെ കനലുകള്‍ ഊതി തെളിച്ചത്, അതിന്നും കെടാതെ തുടര്‍ന്ന്കൊണ്ട് പോകുന്നത് ഒക്കെയും അവനിലൂടെ ആയിരുന്നു...എന്തിനും ഏതിനും കമ്യൂണിറ്റികള്‍ തുടങ്ങി അവിടെ തല്ലുകൂടിയും, വെടിപറഞ്ഞും , മരമണ്ടന്‍ ഫോറങ്ങളും പോളുകളും ആരംഭിച്ചു സമയം കളഞ്ഞതിനും അവനായിരുന്നു സാക്ഷി...

ആദ്യമായി ആയിരം സ്ക്രാപ്പ് തികഞ്ഞ ദിവസം കൂട്ടുകാര്‍ക്ക് ചെലവ് ചെയ്തതും(സ്ക്രാപ്പ് എന്നാ വാക്ക് മലയാളിയെ പഠിപ്പിച്ചതും ഓര്‍ക്കുട്ടാണ്), ആദ്യം 25 ഫോട്ടോയെ അപ്ലോഡ് ചെയ്യാന്‍ പറ്റൂ എന്ന ലിമിറ്റ് 100 ആക്കിയ ദിവസം ഫോട്ടോയ്ക്കായി ഓടിനടന്നതും, ഫ്രണ്ട് ലിസ്റ്റില്‍ മൂന്നക്കം കണ്ട ദിവസം സന്തോഷത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആഡ് ചെയ്തതും, അത് പിന്നീട് പണി ആയതും, ആദ്യമായി ചാറ്റ് വിന്‍ഡോ കണ്ടു ഇതെന്തു സാധനം എന്ന് അന്തംവിട്ടതും, പ്രൊഫൈല്‍ പേജ് ഫില്‍ ചെയ്യാന്‍ അറിയാവുന്ന മലയാളത്തിനു സ്റ്റാന്‍ഡേര്‍ഡ് പോരാഞ്ഞ് ഇംഗ്ലീഷ് ബുക്കുകളുടെയും, സിനിമകളുടെയും, ടി വി പരിപാടികളുടെയും പേര് ഗൂഗിളില്‍ തപ്പിയതും , ഒരാള്‍ ആദ്യമായി (അവസാനമായും ) നിന്റെ പ്രൊഫൈല്‍ വായിക്കാന്‍ നല്ല രസമുണ്ടല്ലോട എന്ന് പറഞ്ഞതിന്റെ രോമാഞ്ചത്തില്‍ രണ്ടു മണിക്കൂര്‍ കൂടി കഫെയില്‍ ഇരുന്നതുമെല്ലാം അവന്‍ കാരണമാണ്..

ജീവിതം അങ്ങിനെ ഓര്‍ക്കുട്ടിനൊപ്പം പൊയ്ക്കൊണ്ടിരുന്നു...പല്ല് തേച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കോളേജില്‍ പോയില്ലെങ്കിലും വൈകുന്നേരത്തെ ഓര്‍ക്കുട്ടിംഗ് ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു..

ദോഷം പറയരുതല്ലോ, ജീവിതത്തില്‍ ഇനി ഒരിക്കലും കാണില്ല എന്ന് ഉറപ്പിച്ച ഒരുപാട് പേരെ ഓര്‍ക്കുട്ട് എനിക്ക് തിരിച്ചു തന്നിട്ടുണ്ട്..ആ തിരിച്ചുകിട്ടലിന്റെ സൌരഭ്യം നമ്മളെല്ലാവരും ഒരു തവണയെങ്കിലും ആസ്വദിചിട്ടുണ്ടെങ്കില്‍ അതിനു ഓര്‍ക്കുട്ടിന് ഒരായിരം നന്ദി..

അപ്പോള്‍ നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ ജീവിതവും ഓര്‍ക്കുട്ടും സമാന്തരമായി യാത്ര ചെയ്തുകൊണ്ടിരുന്നു..അമ്മാവന്റെ അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികള്‍ വരെ ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ തുടങ്ങി ക്ലാസിലെ കൂട്ടുകാര്‍ക്ക് സ്ക്രാപ്പ് അയച്ചു.."dude, wazzup??"

ഇതൊക്കെ പഴയ കാലം..

കാലം മാറി...അടുത്തുള്ള അമ്പല പറമ്പിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരത്തെ മരിച്ചിട്ട കൊടുംകാറ്റ് , സക്കര്‍ബര്‍ഗ് എന്ന കാലന്റെ രൂപത്തില്‍ പോത്തിന്റെ പുറത്തു കയറി ഓര്‍ക്കുട്ടിന്റെ തീരത്തുകൂടി വീശിയടിച്ചു..ഓര്‍ക്കുട്ട് ഠിം..5 വര്‍ഷമായിട്ടു ഇന്ത്യാക്കാര്‍, പോട്ടെ നമ്മള്‍ മലയാളികള്‍ ഊട്ടി വളര്‍ത്തി വലുതാക്കിയ നമ്മുടെ വിശ്വാസം, ഒന്നോ രണ്ടോ മാസം കൊണ്ട് തകര്‍ന്നു തരിപ്പണമായിപോയി...അല്‍പനാളുകള്‍ക്കുമുന്പ് മൈക്രോ ബ്ലോഗിങ്ങ് എന്ന പേരില്‍ ട്വീട്ടും, റീ ട്വീട്ടും,ഫോളോയിങ്ങും, വിമാനവും, കന്നുകാലിയും,പശുവും, ക്ലാസുമൊക്കെയായി ട്വിറ്റെര്‍ എന്ന കുരുവിക്കുഞ്ഞ് ഒന്ന് കൊത്തിപറിച്ചിട്ടു പോയതേ ഉണ്ടായിരുന്നൊള്ളൂ..താരതമ്യേന നിസാരമായിരുന്ന ആ ആക്രമണത്തിന് ശേഷം ദേ വരുന്നു യഥാര്‍ത്ഥ കാലന്‍ 'സക്കര്‍ബര്‍ഗ്'...

ഒരുമാതിരി പഴയ സര്‍ക്കാര്‍ സ്കൂള്‍ പോലെ നീലയും വെള്ളയും യുണിഫോം...എവിടെ നോക്കിയാലും ലൈക്‌, ഷെയര്‍ ഓപ്ഷനുകള്‍..പിന്നെ കുറെ കൃഷി സ്ഥലം,പശു,ആട്,അക്വേറിയം,യുദ്ധം,പ്രേതം,കുട്ടി ചെകുത്താന്‍..ഓര്‍ക്കുട്ടിന്റെ മനോഹാരിതയില്ല, തീം ഇല്ല, ആ ലാളിത്യമില്ല, പ്രൈവസി ഇല്ല..എന്തിന്, ചാറ്റില്‍ ഒന്ന് ഇന്‍വിസിബിള്‍ ആകാന്‍ പോലും പറ്റില്ല..പക്ഷെ ചെക്കന്‍ കയറി അങ്ങ് ഫേമസ് ആയി..തൂണിലും, തുരുമ്പിലും, ഫോണിലും വരെ FB..ഇന്നലെവരെ ഓര്‍ക്കുട്ടെ ശരണം എന്ന് പറഞ്ഞു നടന്നിരുന്നവരെല്ലാം ഒരു സുപ്രഭാതത്തില്‍ ഫേസ്ബുക്കില്‍ എത്തി സ്ഥലം വാങ്ങി കൃഷി തുടങ്ങി..പിന്നെ ഓര്‍ക്കുട്ട് എന്ന് കേട്ടാല്‍ പരമ പുച്ഛം..""അയ്യേ നീ ഇപ്പോളും ഓര്‍കുട്ടാണോ യുസേ ചെയ്യുന്നേ???"" ..

ഒന്നിന് പുറകെ ഒന്നായി എല്ലാവരും തള്ളിപറഞ്ഞ്‌ കൂടൊഴിഞ്ഞപ്പോള്‍ പഴയകാല പ്രതാപത്തിന്റെ ശേഷിപ്പുപോലെ എക്സ്പ്രസ് ഹൈവേയില്‍ നിരങ്ങി നീങ്ങുന്ന കോണ്ടെസ്സയുടെ അവസ്ഥയില്‍ പാവം ഓര്‍ക്കുട്ട്..

"എണീറ്റ്‌ വാടാ..കുറെ സമയമായല്ലോ.."

ഞാന്‍ തല ഉയര്‍ത്തി നോക്കി.. malayalam converter-ന്റെ അടുത്ത വിന്‍ഡോ ഫേസ് ബുക്ക്‌ ആണ്..അവിടുന്നാണ് വിളി...

"നീ ഓര്‍മക്കുറിപ്പല്ലേ എഴുതുന്നെ???ജീവചരിത്രമൊന്നുമല്ലല്ലോ??നിര്‍ത്തിയിട്ടു വാ..നിന്റെ ഓര്‍മ്മകള്‍ എന്തിനാ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നെ??""

""ദേ വരുന്നു...ഒന്ന് തീര്‍ത്തോട്ടെ..."

മാഫിയവാറില്‍ എന്റെ എനര്‍ജി തീര്‍ന്നു കിടക്കുകയായിരുന്നു..ഓര്‍മ്മകള്‍ കഴിഞ്ഞപ്പോളെക്കും റീഫില്‍ ആയിട്ടുണ്ട്..ഇനി അടുത്ത ലെവലില്‍ കയറാം..ഞാന്‍ പോകട്ടെ...
....................

അങ്ങിനെ ഒരുകാലത്ത് നമ്മുടെയെല്ലാം സ്വപ്നങ്ങളിലെ നിറച്ചാര്തായിരുന്ന , കൂട്ടുകാരനായിരുന്ന, അപ്രതീക്ഷിതമായി അകാലമൃത്യു വരിച്ച ഓര്‍ക്കുട്ടിന്റെ പാവനസ്മരണക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഈ പോസ്റ്റിനു ഞാന്‍ ലൈക്‌ അടിച്ചു...



Saturday, October 30, 2010

നക്ഷത്രങ്ങള്‍...

"ഞാന്‍ നക്ഷത്രങ്ങളോട് സംസാരിക്കാറുണ്ട്..."

"നിനക്ക് വട്ടാണ്.." ഞാന്‍ പറഞ്ഞു..

"ആയിരിക്കാം...പക്ഷെ എനിക്ക് നക്ഷത്രങ്ങളെ ഇഷ്ടമാണ്...എനിക്ക് എന്തും പറയാവുന്ന, ഞാന്‍ പറയുന്നതെന്തും കേള്‍ക്കുന്ന, എന്നെ വിഷമിപ്പിക്കുന്ന ഉത്തരങ്ങളൊന്നും തരാത്ത നക്ഷത്രങ്ങളോട് ഞാന്‍ സംസാരിക്കാറുണ്ട്..."

ഇത് മുഴു വട്ടുതന്നെ..ഞാന്‍ വിചാരിച്ചു...ഒരു പിണക്കം കഴിഞ്ഞ് ഇപ്പോള്‍ മിണ്ടിത്തുടങ്ങിയതെ ഉള്ളു...അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ തോന്നിയില്ല...എങ്കിലും വെറുതെ ഇത്രയും ചോദിച്ചു...

"അപ്പോള്‍ ഒരു ദിവസം ഈ നക്ഷത്രങ്ങളൊക്കെ ഇല്ലാതായാലോ???"

"നക്ഷത്രങ്ങളില്ലാത്ത ആകാശം......." ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവള്‍ തുടര്‍ന്നു..."....ഒരു പക്ഷെ, അന്ന് ഞാനും മരിച്ചിരിക്കും..."

ഞാന്‍ അവളെ നോക്കി...അവള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ആ മുഖത്തുനിന്നും വായിച്ചെടുക്കുക പ്രയാസമായിരുന്നു എന്നത്തേയും പോലെ ഇന്നും..."

Monday, October 18, 2010

എന്റെ പ്രണയം...

അങ്ങിനെ ഓര്‍ക്കുട്ടിലെ അവസാനത്തെ ചെങ്ങാതിയും യാത്ര പറഞ്ഞു പിരിഞ്ഞു..നിദ്രയുടെയും സ്വപ്നങ്ങളുടെയും ലോകത്തിലേക്കുള്ള ക്ഷണം ഇതുവരെയും കിട്ടിയിട്ടില്ലെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കിടക്കാന്‍ തന്നെ തീരുമാനിച്ചു...കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു കട്ടിലില്‍ കയറി..തുറന്നു കിടന്ന ജനലിലൂടെ പ്രകാശം കണ്ട് പറന്നു വന്ന ഒരു വണ്ട് കറങ്ങുന്ന ഫാനില്‍ തട്ടി മുറിയുടെ ഒരു മൂലയിലേക്ക് വന്നതിനെക്കാളും വേഗത്തില്‍ തലകുത്തനെ ക്രാഷ് ലാന്‍ഡ്‌ ചെയ്തു...കൈകാലുകള്‍ ഇളക്കി നേരെ നില്‍ക്കാന്‍ അത് ശ്രമിച്ചെങ്കിലും ഒരു പാരഗണ്‍ ചെരുപ്പ് ആ ശ്രമങ്ങളെ എന്നെന്നേക്കുമായി നിഷ്ഫലമാക്കി...അടുത്തുകിടന്ന പഴയൊരു ബുക്കിന്റെ താളില്‍ കോരിയെടുത് പുറത്തെ ഇരുളിലേക്ക് വലിച്ചെറിയുമ്പോള്‍ ചെറിയൊരു സഹതാപം ആ പാവം ജീവിയോട് എനിക്ക് തോന്നാതിരുന്നില്ല...

ജനലുകള്‍ തുറന്നുതന്നെ കിടന്നു...ലൈറ്റ് ഓഫ്‌ ആക്കി ഞാന്‍ തിരിച്ചു കട്ടിലില്‍ കയറി..അടുത്ത മുറിയില്‍ നിന്നും മുത്തച്ഛന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി ഒഴിച്ചാല്‍ ബാക്കിയെല്ലാം നിശബ്ദം..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുംബോളാണ് വളരെ കാലത്തിനു ശേഷം ആ പേര് എന്റെ മനസിലേക്ക് കയറിവന്നത്...

പ്രണയം എന്താണെന്നോ എങ്ങിനെയാനെന്നോ ഇന്നുള്ള അത്രയും വിവരങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വെറും 3-ഒ 4-ഒ മാസത്തെ ഓര്‍മ്മകള്‍ മാത്രം നല്‍കിക്കൊണ്ട്, 2003-ലെ SSLC പരീക്ഷ കഴിഞ്ഞ ഒരു മാര്‍ച്ച്‌ മാസത്തില്‍ അവസാനിച്ചു പോയ എന്റെ പ്രണയം..പിന്നീട് ഇന്നുവരെയുള്ള 7 വര്‍ഷങ്ങളില്‍ അവളെ കണ്ടതുതന്നെ വിരലിലെണ്ണാവുന്ന തവണ മാത്രം..പിന്നെന്താണാവോ ഇപ്പോള്‍ ഈ നേരത്ത്????

വെറുതെ പുറത്തേക്ക് ശ്രദ്ധിച്ചുനോക്കി..മഴ പെയ്യുന്നുണ്ടോ??ഇന്നലെ വീണ്ടും കണ്ട തൂവാനതുമ്പികളുടെ ഹാങ്ങ്‌ ഓവര്‍ ഇതുവരെ മാറിയിട്ടില്ല..ആകെക്കൂടി പുറത്തു നിന്നുള്ള ശബ്ദം അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ച അതിനെകൊണ്ട് ആവുന്ന ഏറ്റവും വൃത്തികെട്ട ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് കറങ്ങി നടക്കുന്നുണ്ട്...മഴ പോയിട്ട് മഴക്കാറുപോലും ഇല്ല...

10-അം ക്ലാസ്സിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന കാലം..ട്യുഷന്‍ ക്ലാസ് കട്ട് ചെയ്യലും, വീട്ടില്‍ പറയാതെ സിനിമക്ക് പോവലും, അല്പസ്വല്പം കളികളും, കുറെ പരീക്ഷകളും ഒക്കെയായി തരക്കേടില്ലാതെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന സമയത്താണ് അത്ര പരിചയമില്ലാത്ത പുതിയൊരു സംഗതി ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്...പരിച്ചയമില്ലാത്തത് എന്നതുകൊണ്ട് ഉദേശിച്ചത് ഞങ്ങളുടെ ആ ഗ്രൂപ്പില്‍ പുതിയത് എന്നുമാത്രമാണേ...

ഒരു ദിവസം ഉച്ചക്ക് ഏതോ സിനിമാക്കഥ ( മീശമാധവന്‍ ആണെന്നാണ്‌ ഓര്‍മ്മ) പറഞ്ഞുകൊണ്ടിരുന്നപ്പോളാണ് ഹോട്ട് ന്യൂസ്‌ എത്തിയത്..
" ഡാ, അറിഞ്ഞോ, അവരുതമ്മില്‍ ലൈനാ.."
"ഓഹോ"
ദൂരെ നടന്നു പോകുന്ന 2 പേരെ ചൂണ്ടിയാണ് ചങ്ങാതി അതീവ രഹസ്യമായി കാര്യം അറിയിച്ചത്..പിന്നീടങ്ങോട്ട് പ്രണയത്തിന്റെ വസന്ത കാലമായിരുന്നു ക്ലാസ്സില്‍...രാവിലെയും ഉച്ചക്കും വൈകിട്ടുമൊക്കെ കൂടെ നടന്നിരുന്നവര്‍ പെട്ടെന്ന് ബിസി ആയി..തിരക്കൊഴിഞ്ഞ ക്ലാസ് മുറികളിലോ മരത്തനലിലോ, ഗ്രൌണ്ടിലെ ഗ്യലറിയിലോ ഒക്കെയായി പലരുടെയും ജീവിതം മാറിയപ്പോള്‍ അവശേഷിച്ചത് ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം...

പലരുടെയും പ്രണയം പല രീതിയിലായിരുന്നു...എന്നും വൈകിട്ട് കളിക്കാന്‍ ഞങ്ങളുടെയൊപ്പം നിന്നിരുന്ന ഒരു ചങ്ങാതി, ഒരു ദിവസം നോക്കുമ്പോള്‍ ക്ലാസ് വിട്ടപാടെ സൈക്കിളും എടുത്ത് വെടിയുണ്ടപോലെ പായുന്നത് കണ്ടു..പിറ്റേന്നാണ് ഞങ്ങള്‍ സംഭവം അറിഞ്ഞത്.. അവന്‍ നോക്കുന്ന പെണ്‍കുട്ടി പോകുന്നത് സ്കൂള്‍ ബസില്‍ ആണ്..രണ്ടുപേരും ഒരേ റൂട്ടില്‍..അളിയന്‍ സൈക്കിളില്‍ സ്കൂള്‍ബസിനെ ഓവര്‍ടെയ്ക്ക് ചെയ്യാന്‍ പോയതാണ് ഞങ്ങള്‍ കണ്ടത്...അന്ന് അവന്‍ കഷ്ടപ്പെട്ട് സ്കൂള്‍ ബസിനെ ഓവര്‍ ടെയ്ക്ക് ചെയ്തു മുന്‍പിലെത്തിയപ്പോള്‍ സൈകിളിന്റെ ചെയിന്‍ പൊട്ടിയതും ഡ്രൈവറിന്റെ ചീത്ത വിളികേട്ടു ബുസിലുള്ളവര്‍ മുഴുവന്‍, അവന്റെ കുട്ടി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചതും , പാവം അവസാനം സൈക്കിളും തള്ളി വീട്ടില്‍ പോയതും ചരിത്രം...

മറ്റുള്ളവരുടെ കുടുംബ ജീവിതം സുസ്ഥിരമാക്കാന്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു കൊടുത്തിരുന്നു...ഒരു ദിവസം അങ്ങിനെയൊരു സഹായം ചെയ്തുകൊടുക്കാന്‍ പോയ ഞാന്‍ ചെന്ന് ചാടിയത് എന്റെ അച്ഛന്റെ മുന്നില്‍..അന്ന് പുള്ളി എന്നെ കൊന്നില്ലാന്നെ ഉള്ളു...സ്കൂള്‍ ബസ് ഇല്ലാതിരുന്നതുകൊണ്ട് 5-അം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയെയും കൂട്ടിയെ വൈകിട്ട് ചെല്ലാവൂ എന്ന് പറഞ്ഞുവിട്ടതാണ്...പക്ഷെ, ഒരു കുടുംബം രക്ഷപെടുത്താനുള്ള ശ്രമത്തിനിടയ്ക്ക് അനിയത്തി പകുതിവഴിയിലാനെന്നുള്ള കാര്യം മറന്നുപോയി..എന്റെ കഷ്ടകാലത്തിന് പെട്ടത് അച്ഛന്റെ മുന്‍പിലും..ബാക്കി കാര്യം പറയേണ്ടതില്ലല്ലോ...ഞാന്‍ രക്തസാക്ഷി ആയിട്ടാണെങ്കിലും വേണ്ടില്ല അവരുടെ പ്രണയം സഫലമായതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ടായി...

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകുന്നതിനിടക്കാണ് എനിക്ക് തോന്നിയത്.."എനിക്കും വേണ്ടേ ആരെങ്കിലുമൊക്കെ??"അന്വേഷണം തുടങ്ങി..അധികം കഷ്ടപ്പെടേണ്ടി വന്നില്ല ഞാന്‍ കണ്ടുപിടിച്ചു..കാണാന്‍ കുഴപ്പമില്ല, അത്യാവശ്യം പഠിക്കും, പിന്നെ എന്റെ ഡിമാന്‍ട്സ് ആയ മുടി, ചിരി..മൊത്തത്തില്‍ നല്ല കുട്ടി..ആകെ പ്രശ്നം ഞാന്‍ ക്രിസ്ത്യന്‍ അവള്‍ ഹിന്ദു..പക്ഷെ, അതിപുരോഗമനചിന്താഗതിക്കാരനായ എന്നെ സമ്പന്ധിച്ചിടത്തോളം ജാതിയും മതവും ഒരു പ്രശ്നമേ അല്ലായിരുന്നു..ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപറഞ്ഞ ശ്രീ നാരായണ ഗുരുവിനെ ഞാന്‍ എന്റെയും ഗുരുവായി സ്വീകരിച്ചു...

കാര്യം ഒരാഴ്ചകൊണ്ട് തപ്പിയെടുത്തതാണെങ്കിലും ഞാന്‍ വളരെ കാലം മുന്‍പുതന്നെ അവളെ ശ്രദ്ധിച്ചിരുന്നു..7-അം ക്ലാസില്‍ വച്ച് ഏതോ ഒരു മലയാളം പദ്യം പഠിക്കാത്തതിന് ക്ലാസ് ടീച്ചര്‍ ആയിരുന്ന സിസ്റ്റര്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞത്, 9-അം ക്ലാസില്‍ കമ്പ്യുട്ടെരിന്റെ സെമിനാര്‍ എടുക്കാന്‍ ഒരു നീല ചുരിദാറില്‍ വന്നതും സര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതുകൊണ്ട് റിപീറ്റ് കിട്ടിയതും, 10-ആം ക്ലാസിന്റെ തുടക്കത്തില്‍ ക്ലാസ് തിരിച്ചപ്പോള്‍ കൂട്ടുകാര്‍ വേറെ ക്ലാസ്സില്‍ ആയി പോയതിനു കണ്ണ് നിറച്ചതും...അങ്ങിനെ പലപ്പോളും...

അവസാനം എനിക്കും ലൈന്‍ ആയി...ഇനി പ്രശ്നം ഇത് അവളോട് എങ്ങിനെ പറയും എന്നുള്ളതാണ്...മറ്റുള്ളവരെ സഹായിക്കാന്‍ ഉണ്ടായിരുന്ന ധൈര്യം സ്വന്തം കാര്യം വന്നപ്പോള്‍ എവിടെപോയി എന്നറിഞ്ഞുകൂടാ..അവളുടെ അടുത്തുക്കൂടെ പോവാന്‍ തന്നെ ഒരു പേടി..അവസാനം ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് കാര്യം പറഞ്ഞു..അവന്‍ അവന്റെ ആത്മാര്‍ഥത ആത്മാര്‍തമായിത്തന്നെ കാണിച്ചു...അവന്‍ അവന്റെ ഒരു കൂട്ടുകാരിയോട് സംഭവം പറഞ്ഞു...ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല..അന്ന് വൈകിട്ടുതന്നെ BBC-യില്‍ ഫ്ലാഷ് ന്യൂസ്‌ വന്നു...ഇതൊന്നുമറിയാതെ പിറ്റേന്ന് ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടുകാരന്‍ ഹാപ്പിയായി പറഞ്ഞു..."അളിയാ, ഞാന്‍ എല്ലാം റെഡി ആക്കിയിട്ടുണ്ട്..." ഞാനും ഹാപ്പിയായി..ഉച്ചക്ക് മുന്‍പുള്ള 4 പീരിടുകള്‍ക്ക് 4000 വര്‍ഷങ്ങളുടെ താമസം...അവസാനം ബെല്‍ അടിച്ചു..ചോരുന്നാനോന്നും നില്‍ക്കാതെ ഓടി അടുത്ത ക്ലാസ്സിലേക്ക്...( ഞാന്‍ A ഡിവിഷനില്‍ , അവള്‍ B യില്‍). ദൂരെനിന്നെ കണ്ടു അവളുടെ മുഖത്ത് എന്തോ ഒരു പന്തികേട്‌..അപ്പോളേക്കും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വന്നു പറഞു.."നീ ഇപ്പൊ അവളോട് ഒന്നും ചോദിക്കേണ്ട..ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം.."

വൈകിട്ട് അവന്റെ ഫോണ്‍ വന്നു..."പോട്ടെ ഡാ, സാരമില്ല, അവള്‍ക്കു നിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞു.."തീയേറ്ററില്‍ 2 മണിക്കൂര്‍ ക്യു നിന്ന് അവസാനം ടിക്കെട്ടിനായി കൈ നീട്ടിയപ്പോള്‍ ഹൌസ് ഫുള്‍ ആയ അവസ്ഥ..ഉറങ്ങിയിട്ടില്ല അന്ന് ഞാന്‍...എന്തൊക്കെ പ്രതീക്ഷകളായിരുന്നു....പിറ്റേന്ന് ഞാന്‍ തീരുമാനം എടുത്തു...ആരുടേയും സഹായം വേണ്ട..ഞാന്‍ തനിയെ സംസാരിച്ചോളാം ...പക്ഷെ സ്കൂളില്‍ ചെന്ന് അവളുടെ മുന്നിലെത്തിയപ്പോള്‍ വീണ്ടും മുട്ടിടിച്ചു..അവളാണെങ്കില്‍ കാണാത്ത ഭാവത്തില്‍ നടന്നുപോയി...

ഇതിനിടയില്‍ മറ്റൊരു ഇരുട്ടടി കൂടി എനിക്ക് കിട്ടി...രാവിലെ നേരത്തെ എനില്‍ക്കാന്‍ വയ്യ എന്ന ഒറ്റ കാരണംകൊണ്ട് ഞാന്‍ ട്യുഷന്‍ നിര്‍ത്തിയതിനു തൊട്ടടുത്ത ദിവസം അവള്‍ അവിടെ ചേര്‍ന്നു...എനിക്ക് എന്നോട്തന്നെ സഹതാപം തോന്നിപ്പോയി...ആദ്യമായി ആ ട്യുഷന്‍ ക്ലാസിന്റെ ചുമരുകളെ ഞാന്‍ കൊതിയോടെ ഓര്‍ത്തു..

ഇനി എന്തുവേണം എന്നു ആലോചിചിരുന്നപ്പോളാണ് ഒരു കൂട്ടുകാരി വഴി അവളുടെ നമ്പര്‍ കിട്ടിയത്...പലതവണ ആലോചിച്ചു ഒടുവില്‍ വിളിക്കാന്‍തന്നെ തീരുമാനിച്ചു...പലരും പറഞ്ഞു കേട്ടിട്ടുണ്ട് സെന്ടിമെന്‍സ് ആണ് പ്രണയത്തിന്റെ ബേസിക് ഫാക്ടര്‍ എന്നു...അതുകൊണ്ട് അവളോട് പറയാന്‍ കുറെ കിടിലന്‍ സെന്റി ഡയലോഗുകളും ഞാന്‍ കാണാതെ പഠിച്ചു...വീട്ടില്‍ ആരും ഇല്ലാതിരുന്ന ഒരു ശനിയാഴ്ച എങ്ങിനെയൊക്കെയോ ധൈര്യം സംഭരിച്ചു ഞാന്‍ അവളെ വിളിച്ചു...(ങ്ങാ, അത് പറയാന്‍ മറന്നു..ഈ മെയിന്‍ കോളിനു മുന്പ് ഞാന്‍ ഒന്ന് രണ്ടു തവണ ട്രയല്‍ നടത്തി നോക്കിയിരുന്നു..അവളുടെ വീട്ടിലേക്കു വിളിച്ചു ഹെലോ കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കുക, കട്ട് ചെയ്യുക തുടങ്ങിയ പഴഞ്ചന്‍ പരിപാടികള്‍) ...അവസാനം ഞാന്‍ വിളിച്ചു...
"ഹലോ", ഭാഗ്യത്തിന് അവളാണ് ഫോണ്‍ എടുത്തത്..
"ഞാനാണ്"
:മനസിലായി.."
പേടികാരണം ഞാന്‍ പഠിച്ച ഡയലോഗെല്ലാം മറന്നുപോയി...ഫോണിന്റെ റിസീവര്‍ എന്റെ കൈയിലിരുന്നു കൊല്ലാന്‍ പിടിച്ച കോഴിയെപ്പോലെ ആടാന്‍ തുടങ്ങി...അവസാനം വായില്‍ വന്നത് ഇങ്ങനെ..
"ഞാന്‍ എന്തിനാ വിളിച്ചത് എന്നു അറിയില്ലേ???"
"ഇല്ല"
"അത് വെറുതെ...എന്തായാലും പറയാം..എനിക്ക് നിന്നെ ഇഷ്ടമാണ്..."

ഫോണ്‍ കട്ട് ചെയ്തു...ഞാനല്ല..അവള്‍...വിയര്‍ത്തു കുളിച്ചു, 100 മീറ്റര്‍ റെയ്സ് നടത്തുന്ന ഹൃദയവുമായി ഞാന്‍ ബെഡ്ഡിലേക്ക് വീണു...നോര്‍മലാവാന്‍ 5 മിനിറ്റ് എടുത്തു എന്നാണു ഓര്‍മ...

2 ദിവസത്തേക്ക് ഞാന്‍ അവളെ കണ്ടില്ല...അങ്ങോട്ട്‌ പോയില്ല എന്നതാണ് സത്യം...പിന്നീട് അറിഞ്ഞു ഞാന്‍ വിളിക്കുമ്പോള്‍ അവളുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു എന്നും, അവര്‍ എന്താണ് സംഭവമെന്ന് ചോദിച്ചെന്നും, ഒരു വിധത്തില്‍ രക്ഷപെട്ടെന്നും...
എന്തായാലും ഒരു കാര്യം ഉറപ്പായി..അവള്‍ക്കു എന്നെ യാതൊരു മൈന്ടും ഇല്ല...

അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത്..ഞാന്‍ വീട്ടില്‍ നിന്നും വരുന്ന ബസില്‍ തന്നെയാണ് മിക്കവാറും ദിവസങ്ങളില്‍ ട്യുഷന്‍ കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ അവള്‍ കയറുന്നതും..ചില ചെറിയ ഐഡിയാസ് മൊട്ടിട്ടു...ഒരു ദിവസം അവള്‍ ബസ്‌ ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നത് ഞാന്‍ കണ്ടതാണ്..പക്ഷെ ഒപ്പം ചെല്ലാന്‍ ധൈര്യം വന്നില്ല..എന്തായാലും അടുത്ത ദിവസം ഒന്നുമറിയാത്തത്‌പോലെ ഞാന്‍ നേരെ അവളുടെ മുന്‍പില്‍ എത്തി...'അപ്രതീക്ഷിതമായി' അവളെ കണ്ടപ്പോള്‍ എനിക്ക് വന്‍ അത്ഭുതം...എന്തൊക്കെയോ നാട്ടു വര്‍ത്തമാനങ്ങളും പറഞു ഞങ്ങള്‍ നടന്നു..സ്കൂള്‍ വരെ...അന്ന് പെട്ടെന്ന് സ്കൂള്‍ എത്തിയത് പോലെ...ക്ലാസിലേക്ക് കയറുന്നതിനു മുന്പ് അവള്‍ പറഞ്ഞു...
"നിന്നെ ഞാന്‍ സമ്മതിച്ചു..നിനക്ക് എങ്ങിനെയാ ഇത്രയും ധൈര്യം കിട്ടിയേ...എന്റെ വീട്ടിലേക്കു വിളിക്കാന്‍???"
"ഓ.. അതിനിപ്പോ ഇത്ര ധൈര്യം എന്തിനാ..എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വിളിച്ചു പറഞു..അത്രയേ ഉള്ളു.."
അവള്‍ ക്ലാസിലേക്ക് കയറി..ഞാന്‍ എന്റെ ക്ലാസിലേക്കും...അന്നത്തെ ഫോണ്‍ കോളിന്റെ വിറയല്‍ അപ്പോളും മാറിയിരുന്നില്ല..എന്തായാലും അന്നത്തോടെ ഒരു ഉപകാരം ഉണ്ടായി...അതില്‍ പിന്നെ അവള്‍ ആ ബസില്‍ കയറിയിട്ടില്ല...

10-ആം ക്ലാസിന്ട്വ അവസാനത്തോടടുക്കുന്നു...എന്റെ പ്രണയം എന്റെ ഉള്ളില്‍ തന്നെ എരിഞ്ഞുകൊണ്ടിരുന്നു..ആനിവേഴ്സറിയുടെയും , ഒറ്റൊഗ്രാഫിന്റെയും സമയം ആഗതമായി...പുറം ലോകം അറിയാതിരുന്ന പല പ്രണയങ്ങളും ഓട്ടോഗ്രാഫിന്റെ നിറമുള്ള താളുകളില്‍കൂടി പുറത്തു വന്നു..അതിന്റെ ചില്ലറ കോലാഹലങ്ങള്‍ വേറെയും..എന്തെങ്കിലും ഒരു സംഭവം കിട്ടിയാല്‍ അത് പിന്നെ നാട് മുഴുവന്‍ അറിയിച്ചില്ലെങ്കില്‍ ആര്‍ക്കും (ഞാന്‍ ഉള്‍പ്പെടെ) സമധാനമാകില്ലാത്തതുകൊണ്ട് എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ കൂട്ടുകാര്‍ എഴുതുന്ന ഓരോ വരിയിലും അവളുടെ പേര്‍ ഉണ്ടായിരുന്നു...

അന്നത്തെ ആനിവേഴ്സറി ദിവസം രാത്രി എന്റെ ഓട്ടോഗ്രാഫ് കറങ്ങിത്തിരിഞ്ഞ്‌ അവളുടെ കൈകളിലൂടെ എന്റെ അടുക്കല്‍ മടങ്ങിയെത്തി..അവള്‍ എഴുതിയ താളിനായി ഞാന്‍ പരതി...2 lines..
" love fails...but friendship never fails.."
ആ ബുക്ക് വലിച്ചെറിയാന്‍ തോന്നിയെങ്കിലും അടുത്തിരുന്നവര്‍ക്ക് ആ വരികളും ആഘോഷിക്കാനുല്ലതായിരുന്നു ...ഞാന്‍ എണിറ്റു മാറി ഇരുന്നു അധികം തിരക്കില്ലാത്ത ഒരു വശത്തേക്ക്...എന്തോ..ചെറിയൊരു സങ്കടം...

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു...pre model, model, study leave, അവസാനം SSLC exam...എനിക്ക് ഉറപ്പായിരുന്നു എല്ലാം ഇവിടംകൊണ്ട് അവസാനിക്കും എന്ന്... അങ്ങിനെയിരുന്നപ്പോള്‍ തോന്നി അവളോട് ഒരു സോറി പറഞ്ഞേക്കാം...കാരണവും ഉണ്ട്..ആ ഇടക് എനിക്ക് കുറെ ചെറിയ കാര്‍ഡുകള്‍ കിട്ടി...അവയില്‍ ഒന്ന് രണ്ടു അതിലും ചെറിയ വരികളും...ആ വരികളില്‍ ഒന്നില്‍ i'm sorry എന്നുണ്ട്...ആ ഇത്തിരി സ്ഥലത്ത് ഞാന്‍ എഴുതി...

" i'm sorry for everything..i know love fails..but friendship?????
i'm sorry once again..."

പരീക്ഷ കഴിഞ്ഞ ഒരു വൈകുന്നേരം കൂട്ടുകാരന്റെ സൈക്കിളും എടുത്ത് ഞാന്‍ ഇറങ്ങി..ആ കാര്‍ടെങ്കിലും അവള്‍ക്കു കൊടുക്കണമെന്ന് എനിക്ക് അത്രക്ക്‌ ആഗ്രഹം ഉണ്ടായിരുന്നു...വീട്ടിലേക്കു നടക്കുന്ന അവളുടെ ഒപ്പമെത്തി ഞാന്‍ കാര്‍ നീട്ടി..
"എന്താ ഇത്??"
"ഒരു കാര്‍ഡ്...just ഒരു sorry"
"എനിക്ക് വേണ്ട"
"പ്ലീസ്..ഇത് വാങ്ങിക്..."
"എനിക്ക് പേടിയാ.." അവള്‍ നടന്നു...കുറെ സമയം ഞാന്‍ അവിടെത്തന്നെ നിന്നു...അവസാനം ആ കാര്‍ഡ് പല തുണ്ടുകളായി വഴിയരികിലെ ഓടയിലേക്കു വീണു...അവസാനത്തെ തുണ്ടും ഒഴുകി മറയുന്നത് നോക്കിനിന്ന ശേഷം ഞാന്‍ സൈക്കിള്‍ തിരിച്ചു...ദേഷ്യം, സങ്കടം, ചമ്മല്‍...എല്ലാം ഒരുമിച്ചായിരുന്നു അപ്പോള്‍...

പ്രതീക്ഷിച്ചതുപോലെ അതോടുകൂടി എല്ലാം അവസാനിച്ചു...പരീക്ഷ കഴിഞ്ഞു ...റിസള്‍ട്ട് വന്നു...+1,+2, പിന്നീട് 2,3 വര്‍ഷത്തേക്ക് ഞാന്‍ അവളെ കണ്ടിട്ടേ ഇല്ല...ഇടക്ക് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും പറഞ്ഞു കേട്ടങ്കിലായി ..അതും വല്ലപ്പോഴും...3 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിന്നീട് അവളെ കണ്ടത്..ഒരു വൈകിട്ട് ഹോസ്റ്റലിലേക്ക് പോവാന്‍ ഇറങ്ങിയ ഞാന്‍ ടൌണിലെ തിരക്കില്‍ അവള്‍ നടന്നു പോകുന്നു...അന്ന് ഹോസ്റ്റെലില്‍ എത്തിയ ശേഷം ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അവളെ തപ്പി എടുക്കുക ആയിരുന്നു...അധികം കഷ്ടപ്പെടാതെ ആ പ്രൊഫൈല്‍ കിട്ടി...വെറുതെ കയറി നോക്കി..2 ദിവസം കഴിഞ്ഞു അവളുടെ friend request വന്നു...കൂടെ ഒരു സ്ക്രാപ്പും..."ഓര്‍മ്മയുണ്ടോ???എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍???ഇപ്പോള്‍ എവിടെയാ??"
ഓര്‍മ്മയുണ്ടോന്നു...എന്നോട്...!!!!!!!!! അത് അങ്ങനെ അവസാനിച്ചു...

ഇപ്പോള്‍ 7 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ആകെ കൂടി അവളെ കണ്ടത് മൂന്നോ നാലോ തവണ മാത്രം...അതും ബസില്‍ വച്ചു...അവള്‍ എന്നെ കണ്ടിട്ടേ ഇല്ല...ഓണത്തിനോ ക്രിസ്തുമസിനോ, പിറന്നാളിനോ മറ്റോ വരുന്ന ഒരു സ്ക്രാപ്പ്, ഒരു ആശംസ...അതിനൊരു റിപ്ലേ.."thanks...,same to u.." ഇത്രമാത്രം....പക്ഷെ ഒന്നുണ്ട്...അവസാനം വിളിച്ച ഫോണ്‍ നമ്പര്‍ പോലും മറന്നു പോകുന്ന ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട് 7 വര്‍ഷം മുന്പ് വിളിച്ച ആ നമ്പര്‍... ഇന്നും ഞാന്‍ പ്രതീക്ഷികാരുണ്ട്..എന്നെങ്കിലും ഒരിക്കല്‍ ,എവിടെയെങ്കിലും വച്ചു, അവളെ വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന്...അന്ന് ഏതെങ്കിലും ഒരു കോഫീ ഷോപ്പിന്റെ ടേബിളിന്റെ മുന്‍പിലിരുന്നു ഒരിക്കല്‍ കൂടി അവളോട് പറയാന്‍...ആ പഴയ ഇഷ്ടം ഇപ്പോളും മനസിന്റെ കോണുകളില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന്...

Wednesday, July 21, 2010

പ്രിയ കൂട്ടുകാരാ...

ഓര്‍മകളുടെ നീര്‍ച്ചാലുകള്‍ മാത്രം ബാക്കി വച്ചുകൊണ്ട് മഴ പെയ്തു തോര്‍ന്ന ഒരു നനുത്തപുലര്‍കാലത്തില്‍ അവന്‍ യാത്രയായി...മഴതുള്ളികള്‍ക്കൊപ്പം...ഉറക്കത്തിന്റെ നൂലിഴകള്‍ലോകത്തിന്റെ കണ്പീലികളെ തുന്നിച്ചേര്‍ത്ത ഏതോ ഒരു നിമിഷത്തില്‍ അവന്‍ ആശുപത്രികിടക്കയുടെ ബന്ധനങ്ങളില്‍ നിന്നും യാത്ര ആരംഭിച്ചു...നമ്മുടെ ഹൃദയങ്ങളിലേക്ക് ...


നിധീഷ്
...


10-ആം ക്ലാസില്‍ ദീപ്തി ട്യുഷന്‍ സെന്ററിലെ ഉറക്കം തൂങ്ങുന്ന പ്രഭാതങ്ങളിലാണ് ഞാന്‍ അവനെ ആദ്യം പരിചയപ്പെടുന്നത്...അവസാനത്തെ ഏതാനും മാസങ്ങള്‍ക്ക് വേണ്ടി മാത്രം എത്തിയ എനിക്ക്പരിചയത്തെക്കാള്‍ അപരിചിതത്വം കൂടുതലുണ്ടായിരുന്ന അവിടുത്തെ ക്ലാസ്മുറികളില്‍
സൗഹൃദത്തിന്റെ കരസ്പര്‍ശം എനിക്കുനേരെ നീട്ടിയ ഏതാനും ചിലരില്‍ ഒരാളായിരുന്നു അവന്‍...എന്നും ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖവും, "എന്നതാടാ??" എന്ന സ്ഥിരം ചോദ്യവും, ആവശ്യത്തിനു കുടവയറും, നാക്കു കടിച്ചുള്ള ചിരിയും, കുഞ്ഞു മീശയും.....ഞാന്‍ അവനെ ശ്രദ്ധിച്ചത് അതുകൊണ്ടൊക്കെ ആയിരുന്നിരിക്കണം...എന്തായാലും ദീപ്തിയില്‍ നിന്നും ഇറങ്ങിയതോടെ ആ സൗഹൃദവും അപ്രത്യക്ഷമായി...

പിന്നീട് ഞാന്‍ അവനെ കാണുന്നത് ഡിപോളില്‍ വച്ചാണ്...+2...തികച്ചും അപ്രതീക്ഷിതമായി ഡീപോളില്‍ വന്നു ചാടുമ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ അറിയുന്ന മുഖങ്ങളില്‍ ഒന്ന് അവന്റെ ആയിരുന്നു...തുടര്‍ന്ന് 2 വര്‍ഷങ്ങള്‍...ഓര്‍മിക്കാനും പറയാനും ഉണ്ട് ഒരുപാട്...തെക്കേമുറി അച്ഛന്റെ റൂമില്‍ നിന്നും പറന്ന ഇംഗ്ലീഷ് ടെക്സ്റ്റ്‌ പിടിക്കാന്‍ ഓടിയത് മുതല്‍ റാണി ടീച്ചര്‍ മാത്സ് പഠിപ്പിച്ചതും കെമിസ്ട്രി ക്ലാസും 'ആനുവല്‍ ഡേ'യിലെ പ്രോഗ്രാമും ബ്രില്ല്യന്റ് കഥകളും...ആ ഓര്‍മ്മകള്‍ ദീപ്തമാണ്...


+2 കഴിഞ്ഞു എന്ട്രന്‍സ് റിപിറ്റ് ചെയ്തു ജീവിതം വെറുത്തുകളയാം എന്ന് തോന്നി ബ്രില്ല്യന്റില്‍എത്തിയപ്പോളും അവനുമുണ്ടായിരുന്നു കൂടെ...ആദ്യത്തെ ഏതാനും മാസങ്ങളില്‍ ഓരോ പരീക്ഷകളുടെ റിസള്‍ട്ട്‌ വരുമ്പോളും ഞങ്ങള്‍ അന്തം വിട്ടു...ആദ്യത്തെ 20-ഇല്‍ ഒന്ന് അവന്റെ പേര്തന്നെയായിരിക്കും..."നിധീഷ് കെ കരുണ്‍...പക്ഷെ ആ ഞെട്ടല്‍ കുറച്ചുകൂടെ ഭയങ്കരമാവാന്‍ അതിന്റെ പകുതി സമയമേ എടുത്തുള്ളൂ...ആദ്യ 20-ഇല്‍ നിന്ന അവന്റെ റാങ്ക് അവസാന 20-കളില്‍..എന്താ സംഭവിച്ചത് ആര്‍ക്കും അറിയില്ല...ചോദിച്ചാല്‍ അവന്‍ സ്ഥിരം ശൈലിയില്‍ പറയും..'ചുമ്മാ'...പിന്നീട് അവനെ കാണാന്‍ കിട്ടുന്നതെ ചുരുക്കം...കണ്ടാല്‍ തന്നെ എന്തെങ്കിലും കാരണം പറഞ്ഞു അവന്‍രക്ഷപെടും...അത് ഒരു തുടക്കമായിരുന്നു...അകല്‍ച്ചയുടെ...

ബ്രില്ല്യന്റ് കഴിഞ്ഞ ശേഷം ഇടയ്ക്കു ഒരുതവണ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു...മുന്നാര്‍എന്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്തു എന്ന്... പിന്നീട് വീട്ടില്‍ ചെന്നാലും അവനെ കാണാതായി...മൂന്നാര്‍ എന്ജിനീയറിംഗ് എങ്ങും എത്തിയില്ല..ഇടക്ക് കേട്ടു അവന്‍ വീണ്ടും റിപിറ്റ്ചെയ്യുന്നു എന്ന്...അതും അറിയില്ല...പിന്നീട് അവനെ കാണുന്നത് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ്...അന്ന്അവനെ എല്ലാവരുംകൂടി വീട്ടില്‍ചെന്നു പിടിച്ചുകൊണ്ടു പോരുകയായിരുന്നു...അന്നാണ് ഞാന്‍ അവനെഅവസാനമായി കാണുന്നത്...
അകല്‍ച്ചയുടെ ദൂരം കൂടുകയായിരുന്നു...
.............
ഓര്‍മകളിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്ന ആ പേര് പെട്ടെന്ന് തെളിഞ്ഞു വന്നത് ശനിയാഴ്ചരാവിലെ വന്ന ഫോണ്‍ കോളിലൂടെ...ഇനി ഓര്‍മ്മകള്‍ മാത്രമേ കൂട്ടായുള്ളൂ എന്ന തിരിച്ചറിവോടെഅവന്റെ വീടിന്റെ പടി കയറുമ്പോള്‍ പലതവണ കയറി ഇറങ്ങിയ ആ പടികള്‍ മഴത്തുള്ളികള്‍ വീണു നനഞ്ഞിരുന്നു...പുറത്ത് ആരൊക്കെയോ പന്തല്‍ കെട്ടുന്നു... ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍...ഇടക്ക്വന്നു പോകുന്ന ആളുകള്‍...ഇടുങ്ങിയ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍...2,3 കുട്ടികള്‍ അവന്റെ ഫോട്ടോ പലയിടത്തായി ഒട്ടിക്കുന്നു...റസിടെന്റ്റ് അസോസിയേഷന്റെ അനുശോചനം...ഈ ബഹളങ്ങള്‍ക്കിടയില്‍ അകത്തെ കട്ടിലില്‍ അവന്‍ കിടക്കുന്നു..ഒരിക്കലും മായാത്ത ആ പുഞ്ചിരി ഇന്നുംഅവന്റെ കൂടെയുണ്ട്...ഒന്നോ രണ്ടോ മഴത്തുള്ളികള്‍ തുറന്നു കിടന്നിരുന്ന ജനലഴികളില്‍ കൂടി അവന്റെ നെറ്റിയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു...
.......
നമ്മുടെ നിധീഷ് ഇന്ന് നമുടെ കൂടെയില്ല....ഓര്‍മകളുടെ നൂറു വര്‍ണങ്ങള്‍ മാത്രം ബാക്കിയാക്കി മറ്റേതോ ലോകത്തിലേക്ക്‌ അവന്‍ യാത്രയാകുമ്പോള്‍ മരണത്തിലും പുഞ്ചിരിക്കുന്ന അവന്റെ ചുണ്ടുകള്‍എന്താവും നമ്മളോട് പറയാന്‍ കൊതിച്ചിട്ടുണ്ടാവുക???
പാതി വഴിയില്‍ ഇടറി വീഴുന്ന പ്രിയപ്പെട്ടവര്‍ക്കുനേരെ കണ്ണടച്ച്, തിരിച്ചറിയാന്‍ സാധിക്കാത്ത എന്തൊക്കെയോ വെട്ടിപ്പിടിക്കുന്നതിനുവേണ്ടി ലോകം നടത്തുന്ന ഈ റാറ്റ് റേസില്‍ ആര്‍ക്കും വന്നുചേരാവുന്ന അനിവാര്യമായ ഒരു ദുരന്തത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലോ അതോ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളും എകനായിപോകുന്ന വ്യക്തികളും അനുദിനം വര്‍ധിക്കുന്ന നമ്മുടെ ലോകത്തില്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാനെന്നുള്ള പരമമായ സത്യം എന്നെങ്കിലും മനസിലാക്കപ്പെടും എന്നുള്ള പ്രതീക്ഷയോ???അറിയില്ല...

എന്തായാലും പ്രിയ കൂട്ടുകാരാ...ജിവിതത്തിന്റെ പാതകളില്‍ നമ്മള്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല..പക്ഷെ ഓര്‍മകളെ തടഞ്ഞു നിര്‍ത്താന്‍ കാലത്തിന്റെ ശക്തികള്‍ക്കു ആവില്ലല്ലോ...നാളെയോ ഇന്നോ ഈ നിമിഷതിലോ സംഭവിച്ചേക്കാവുന്ന മരണമെന്ന അനിവാര്യതക്ക് ശേഷം മത സംഹിതകള്‍ക്ക് തെറ്റ്പറ്റില്ല എങ്കില്‍ നമ്മള്‍ ഇനിയും കണ്ടുമുട്ടും..സ്വര്‍ഗത്തിന്റെ വാതില്‍പ്പുറങ്ങളില്‍ വച്ച്...അതുവരെ നിന്റെ സ്ഥാനം ഞങ്ങളുടെ ഹൃദയങ്ങളിലായിരിക്കും...

"Do not stand at my grave and weep,
I am not there, I do not sleep.
I am in a thousand winds that blow,
I am the softly falling snow.
I am the gentle showers of rain,
I am the fields of ripening grain.
I am in the morning hush,
I am in the graceful rush
Of beautiful birds in circling flight,
I am the star shine of the night.
I am in the flowers that bloom,
I am in a quiet room.
I am in the birds that sing,
I am in each lovely thing.
Do not stand at my grave and cry,
I am not there. I do not die."
(ഈ ലൈന്‍സ് ജെന്‍സന്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതാണ്..thanks to him)