Showing posts with label കൂട്ടക്ഷരങ്ങള്‍. Show all posts
Showing posts with label കൂട്ടക്ഷരങ്ങള്‍. Show all posts

Sunday, September 25, 2016

ലെസ് മക്കെൻസി

ഞാൻ ഇന്നൊരാളെ കണ്ടു.. ഒരു സാധാരണ മനുഷ്യൻ.. അസാധാരണ കാര്യങ്ങൾ ചെയ്ത ഒരു സാധാരണ മനുഷ്യൻ.. ലെസ് മക്കെൻസി..
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ടെക്നിഷ്യൻ ആയിരുന്നു ലെസ്.. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ദിവസം രാവിലെ തന്റെ പതിവുള്ള മൈന്റനെൻസ് ജോലികൾക്കായി ലെസ് പ്ലാന്റിലെത്തി.. അധികം ആളുകൾ എത്താത്ത ഒരു കോണിലുള്ള കൺവെയർ ബെൽറ്റിൽ എന്തോ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ലെസ്.. ആരോ അവിടെ ഉണ്ട് എന്ന് അറിയാതെ കൺവെയർ ഓഫ് ആയികിടക്കുന്നതുകണ്ട മറ്റൊരു ടെക്‌നിഷ്യൻ ബെൽറ്റ് ഓൺ ആക്കി.. ഏതെങ്കിലും മെഷിനിൽ ജോലി ചെയ്യുമ്പോൾ അതിനെ ലോക് ചെയ്യാനും മറ്റുള്ളവരെ ഞാൻ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്ന് അറിയിക്കാനും വേണ്ടിയുള്ള ലോക് ഔട്ട് കാർഡ് നിർഭാഗ്യവശാൽ അതിൽ തൂക്കുവാൻ ലെസ്‍മറന്നുപോയിരുന്നു.. ലെസിന്റെ ഇടതു കൈ കൺവെയർ ബെൽറ്റിന്റെ ചക്രങ്ങളുടെ ഇടയിൽ കുടുങ്ങി.. അത് അയാളെ പതിയെ അകത്തേക്ക് വലിച്ചുകൊണ്ടിരുന്നു.. കൈ മുട്ടുവരെയുള്ള ഭാഗം അകത്തായപ്പോഴേക്കും എന്തെങ്കിലും ചെയ്തില്ലെങ്കിൽ താൻ മുഴുവനായും അകത്തേക്ക് പോവും എന്ന് ലെസ് തിരിച്ചറിഞ്ഞു.. അപ്പോളാണ് വെൽഡ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മാസ്ക് അടുത്ത് കിടക്കുന്നത് ലെസ് കണ്ടത്.. അത് എടുത്തു അയാൾ ചക്രങ്ങളുടെ ഇടയിലേക്ക് കുത്തിയിറക്കി.. വലിയൊരു ശബ്ദത്തോടെ ബെൽറ്റിന്റെ കറക്കം നിലച്ചു..
ഈ സമയം പുറത്തുനിന്നിരുന്ന ടെക്നിഷ്യൻ എന്താണ് ബെൽറ്റിന്റെ കറക്കം നിലച്ചത് എന്ന് നോക്കാനായി അകത്തേക്ക് കയറി വന്നപ്പോൾ കാണുന്നത് ചക്രങ്ങളുടെ ഇടയിൽ നിന്നും കൈ ഊരിയെടുക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ലെസിനെയാണ്.. ചുറ്റും ചോര ഒഴുകുന്നു.. ഏകദേശം രണ്ടാഴ്ചയോളം ലെസ് ആശുപത്രിയിൽ കിടന്നു.. എണ്ണാനാവാത്തിടത്തോളം കഷ്ണങ്ങളായി ഒടിഞ്ഞു ഞുറുങ്ങിയ കൈ ഇനി ഒരികലും ശെരിയാക്കാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.. കൈമുട്ടിനു താഴേക്ക് പ്രവർത്തനരഹിതമായ തന്റെ ഇടതുകൈ നോക്കി ലെസ് പതിയെ പുഞ്ചിരിച്ചു...

Monday, May 16, 2016

പ്രതിസന്ധികൾ പ്രതികരണങ്ങൾ


അതിഭീകരമായ പ്രതിസന്ധി... സൈക്കൊസിസിൽ തുടങ്ങി സൈക്യാട്രിയുടെ പല ഉൾനാടൻ മേഘലകളിലൂടെയും ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്ന 2 ആഴ്ച.. കരച്ചിലും ചിരിയും സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും മടുപ്പും ക്ഷീണവും നിർവികാരതയും എല്ലാം ഒത്തൊരുമിച്ചു അനുഭവിച്ച നിമിഷങ്ങൾ... അടച്ചിട്ട മുറിയിലെ ഭിത്തിയിൽ ഓങ്ങിയിടിച്ചു മുഴച്ചു വന്ന കൈ.. 2 ആഴ്ചകൾ മുന്പുണ്ടായിരുന്ന എന്നെ ഇന്നത്തെ ഞാൻ കൊതിയോടെ നോക്കി അത്ഭുതപ്പെട്ടു.. നെറ്റില്ലായ്മ.. ഇന്റർനെറ്റ്‌ ഇല്ലാതിരുന്ന 2 ആഴ്ചകൾ.. ഞാൻ ജീവച്ഛവമായിമാറിയ ദിവസങ്ങൾ..
പഴയ വീട്ടിലെ ഇൻസുലേഷൻ മോശമായിരുന്നതുകാരണമാണ് തണുപ്പ് തുടങ്ങുന്നതിനു മുന്പെ പുതിയ വീട്ടിലേക്കു താമസം മാറിയത്.. ഇന്നത്തെ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ കറന്റ്, ഇന്റർനെറ്റ്‌, കേബിൾ, ക്രോമ്കാസ്റ്റ്‌ തുടങ്ങിയ സാധങ്ങൾ എല്ലാം താമസം മാറുന്നതിനും ഒരു ആഴ്ച മുന്പെതന്നെ തീരുമാനം ആക്കിയിരുന്നതായിരുന്നു എങ്കിലും അവസാന നിമിഷം നെറ്റ് പണി തരും എന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല...

Friday, April 22, 2016

സ്വർഗങ്ങൾ


ഇത്തിരി താമസിച്ചാണെങ്കിലും 'വിശ്വ വിഖ്യാത തെറി' വായിച്ചു.. കോഴിക്കോട്ടെ ഒരു കുന്നിൻപുറത്തെ സുഹറയുടെയും ബുദ്ധന്റെയും പിന്നെ ഏതാനും കുട്ടികളുടെയും ഇടയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഈ മനോഹര മാഗസിനെ കേരളത്തിൽ മൊത്തം എത്തിക്കാൻ വേണ്ടി അത് 'കത്തിച്ചു' സഹായിച്ച എല്ലാവരെയും നന്ദിപൂർവ്വം സ്മരിച്ചുകൊള്ളുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ മലയാള സമൂഹത്തിനും സാഹിത്യത്തിനും ഒരു മുതൽക്കൂട്ടാണെന്നും ഇനിയും ഒരുപാടുകാലം അവ ഇതേപോലെ തുടർന്നുകൊണ്ട് പോകാൻ സാധിക്കട്ടെ എന്നും ഈ അവസരത്തിൽ ആശംസിക്കുന്നു...
ഞാൻ പഠിച്ച എന്റെ കോളേജ് - എനിക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിൽ തന്നെയും - അത് നിർജീവമായ വെറും ഒരു കൊണ്ക്രീട്റ്റ് കൂമ്പാരം മാത്രമായിരുന്നു എന്ന തിരിച്ചറിവ് മറ്റുപല അവസരങ്ങളിലെയും പോലെ വീണ്ടും ഉയർന്നുവന്നു.. എന്തായാലും ആ മാഗസിനിൽ ഞാൻ വായിച്ച അശ്വിൻ എഴുതിയ ഒരു ലേഖനം എന്നോട് ചോദിച്ച കുറച്ചു ചോദ്യങ്ങളാണ് ഇവിടെ ..

Saturday, October 24, 2015

ഇടയ ലേഖനം


കൂലിപ്പണിക്കാരനായ നാണപ്പന്റെ പട്ടിണി കിടന്നു കാറ്റുപോയ ഗോമാതാവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് കയറ്റി വിട്ടു ഗേറ്റ് അടച്ചതിനു ശേഷം ഇടതു വശത്ത്‌ പടർന്നു പന്തലിച്ചു നിൽക്കുന്ന അത്തി മരത്തിന്റെ ചുവട്ടിൽ കുത്തിയിരുന്ന് പത്രോസ് ശ്ലീഹ ബുക്കും പേനയും കൈയിലെടുത്തു... അടുത്ത ഞായറാഴ്ച അഖിലേന്ത്യ തലത്തിലുള്ള എല്ലാ പള്ളികളിലും കൂട്ടായ്മകളിലും ആവശ്യം വായിക്കേണ്ടുന്ന സുപ്രധാന രേഖകൾ അടങ്ങിയ തനി പുത്തൻ ഇടയ ലേഖനം ഒരെണ്ണം ഒറ്റയിരുപ്പിൽ എഴുതിതീർത്തു അദ്ദേഹം...
മിശിഹായിൽ എത്രയും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ...

ഈ അടുത്ത കാലത്തായി നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്ന ചില പ്രവണതകൾ നിങ്ങൾ ഏവരും നിരീക്ഷിചിട്ടുണ്ടായിരിക്കുമല്ലോ... നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന ഭാരതത്തിൽ ജാതിമതഭേദമെന്യേ മനുഷ്യന്റെ വില താഴത്തോട്ടും ചില മൃഗങ്ങളുടെ വില മേപ്പോട്ടും പോകുന്നു എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണല്ലോ... ഇതൊരു ദൃഷ്ടാന്തമാണ് സഹോദരരെ... നമ്മളും ഉണർന്നു പ്രവർത്തിക്കേണ്ട സമയം ഇതാ ആഗതമായിരിക്കുന്നു...

Friday, October 9, 2015

ശബരിമല (എന്റെ മാത്രം അഭിപ്രായം )


പണ്ടാണ്... പണ്ടെന്നു പറഞ്ഞാൽ അത്രക്കു പണ്ടൊന്നുമല്ല.. എന്നാലും ഇത്തിരി പണ്ട്... താഴ്ന്ന ജാതിക്കാരുടെ (അതിപ്പോ ആരാ ഈ താഴ്ന്നതും ഉയർന്നതും ഒന്നും കണ്ടു പിടിച്ചെ എന്ന് ചോദിക്കരുത്... ചില കാര്യങ്ങളൊക്കെ അങ്ങനെയാണ്... ചോദ്യം ചെയ്യാതെ അനുസരിച്ചേക്കണം) അത്യാഗ്രഹം കേട്ട വാമനൻ നമ്പൂതിരി, മേമന ഇല്ലം ഞെട്ടി തരിച്ചു... " എന്ത് ഇവറ്റകൾക്ക് അമ്പലത്തിൽ കയറണംന്നോ.. താഴ്ന്ന ജാതിക്കാർ അമ്പലത്തിൽ കയറുകേ... ഒരു തീണ്ടാപ്പാട് അകലെ മാറ്റി നിർത്തേണ്ട ജന്മങ്ങൾ, പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കുന്നതും പോരാ... ഇനി അമ്പലത്തിൽ കയറി നമ്മുടെ ദൈവങ്ങളെ തൊഴണം പോലും... ഉവ്വ... നടന്നത് തന്നെ..." വാമനൻ നമ്പൂതിരി ചങ്ങാതിമാരേം കൂട്ടി പ്രതിഷേധിച്ചു...
എന്നിട്ടു എന്തായി.. വാമനൻ നമ്പൂതിരി ഇളിഭ്യനായി .. അമ്പലോം ദൈവങ്ങളും നാട്ടു വഴികളുമൊക്കെ എല്ലാവർക്കും ഉള്ളതായി...
ഇനി പണ്ട് പണ്ട് നടന്നൊരു കഥ പറയാം... അന്ന് വാമനൻ നമ്പൂതിരിയുടെ പിതാക്കന്മാർ രോഷംകൊണ്ട് വിറച്ചു…"അടിയാത്തി പെണ്ണുങ്ങൾ മാറ് മറക്കാനായി സമരം ചെയ്യുന്നോ... കേട്ട് കേൾവി പോലുമില്ലാത്ത കാര്യം... അനുവദിക്കരുത്... ഇതൊക്കെയല്ലേ നമുക് ഒരു ഹരം..."
എന്നിട്ടോ... വാമനൻ നമ്പൂതിരിയുടെ പിതാവും ഇളിഭ്യനായി...

Wednesday, October 7, 2015

പ്രതികരണം...



ചൂടില്ലാത്ത കട്ടൻചായക്കൊപ്പം ഇന്ന് പ്രതികരണം രേഖപ്പെടുത്തേണ്ട ചൂടൻ വിഷയങ്ങളുടെ പട്ടിക നിവർത്തി മുന്നിൽ വച്ചു... പട്ടി, പശു, പന്നി, അടി, ഇടി, വെടി, കൊല, പീഡനം, കൈക്കൂലി, കള്ളപ്പണം... ഉണ്ട് ഒരുപാടുണ്ട്... ഇന്ന് ഞാൻ ഫേസ് ബുക്കിന്റെ സമസ്ത മേഘലകളെയും പിടിച്ചു കുലുക്കി കമിഴ്ത്തി വെക്കും.. എൻറെ പ്രതികരണം കേട്ട് സാക്ഷരകേരള സമൂഹം ഞെട്ടിതരിക്കും... അഭിനവ സാംസ്കാരിക വിപ്ലവത്തിന്റെ വിത്തുകൾ എൻറെ വിരൽതുമ്പിൽ പിറവി കൊള്ളും... ആളുകൾ ആവേശഭരിതരാവും ... അവർ സമൂഹത്തിലെ അനീതിക്കെതിരെ ഒരു പ്രചണ്‍ണ്ട മാരുതനായി വീശിയടിക്കും... സന്ഘി, സുടാപ്പി, കമ്മി, കൊങ്ങി തുടങ്ങി ഡിന്ഗോയിസ്റ്റുകൾ വരെയുള്ള എല്ലാ വിഷ വിത്തുകളെയും മുച്ചൂടും പിഴുതെറിയുന്ന ആ കൊടുംകാറ്റു പുറത്ത് ആഞ്ഞു വീശുമ്പോൾ ഞാൻ എൻറെ മുറിയിൽ പുതപ്പിനുള്ളിൽ സുഖമായി ഉറങ്ങുകയായിരിക്കും... അണികളെ ആവേശംകൊള്ളിക്കുക, അവരിൽ പോരാട്ട വീര്യം കുത്തി നിറയ്ക്കുക, യുദ്ധ സജ്ജരാക്കുക.. അത്രയേ ഒള്ളു എൻറെ പണി.. എന്നിട്ട് ഞാൻ എൻറെ മുറിയുടെ ജനാലയിൽക്കൂടി പരസ്പരം പോരാടുന്ന അണികളെ കണ്ടു പുഞ്ചിരിക്കും.. ഞങ്ങൾ ബുദ്ധിജീവികൾ അല്ലെങ്കിലും യുദ്ധ മുഖത്തേക്ക് പോവാറില്ല...
ഇതാണ് നമ്മൾ... ഞാനും നീയും അവനും അവളും അവരും ഇവരും അടങ്ങുന്ന പുതിയ സമൂഹം.. സ്വന്തം മുറിയുടെ സ്വച്ഛതയിൽ എന്നെ മാറ്റി നിർത്തി ബാക്കിയുള്ള സമൂഹം അനീതിക്കെതിരെ സംഘടിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി ഘോര ഘോരം പ്രസന്ഗിക്കുന്ന സതീശൻ കോട്ടപ്പള്ളികൾ.. മദ്യം വിഷമാണ്, രാഹുവും കേതുവും ശെനിയും ചൊവ്വയും ജാതകവും തിരുത്തപ്പെടേണ്ട അന്ധവിശ്വാസങ്ങൾ, ജാതിയും മതവും മനുഷ്യനെ മയക്കുന്ന കറുപ്പുകൾ... ഈ പറഞ്ഞതെല്ലാം ബാധകമാണ് എൻറെ അയൽപക്കം വരെ .. എൻറെ കല്യാണത്തിന് ജാതി നോക്കും, മതം നോക്കും, ജാതകം നോക്കും, മദ്യക്കുപ്പികൾ നിരത്തി വെക്കും .. അതൊക്കെ നാട്ടുനടപ്പ്... ഞാൻ ആയിട്ടെന്തിനാ മാറ്റാൻ നിൽക്കുന്നേ... മറ്റുള്ളവർ കൈക്കൂലി കൊടുക്കരുത്.. മറ്റുള്ളവർ അവർക്ക് വോട്ട് ചെയ്യരുത്.. മറ്റുള്ളവർ ബംഗാളികളെ പണിക്കു വിളിക്കരുത്... മറ്റുള്ളവർ... മറ്റുള്ളവർ.. എന്നെ വിട്ടേക്കൂ.. ഞാൻ മാറരുത്.. മറ്റുള്ളവർ മാറട്ടെ... എന്നിട്ട് ഞാൻ ആലോചിക്കാം... ഇതാണ് നമ്മുടെ ആവേശം.. നമ്മുടെ ആക്ടിവിസം..