Sunday, June 12, 2011

രാത്രിമഴ

മഴക്കാറുകള്‍ ഇരുണ്ടു കൂടിയ സായാഹ്നമാനത്തിന്റെ ചുവട്ടിലെ ഓലപ്പുരയില്‍ നിന്നും ഒരു സുഗതകുമാരി കവിത ഉയര്‍ന്നു കേട്ടു...

"രാത്രിമഴ,

ചുമ്മാതെ കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ

പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നൊരു യുവതിയാം

ഭ്രാന്തിയെപ്പോലെ

രാത്രിമഴ,

പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ

ചിരിപ്പിച്ച ,

കുളിര്‍ കോരിയണിയിച്ച

വെണ്ണിലാവേക്കാള്‍ പ്രിയം

തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി

രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ, നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍ ..."


ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ പാഠപുസ്തകത്തിന്റെ നരച്ച താളുകള്‍ മറിയുന്നതിനിടയില്‍ പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു...


മേല്‍ക്കൂരയുടെ ദാരിദ്ര്യതില്‍കൂടി ഒഴുകി വീണ മഴത്തുള്ളികള്‍ പുസ്തകതാളുകളില്‍ വീണു പരന്നു....


മഴക്കൊപ്പം കടന്നുവന്ന കാറ്റ് ചിമ്മിനി വിളക്കിന്റെ നാളത്തെയും തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു...


ഒടുവില്‍ പുസ്തകത്തില്‍ വീണ മഴത്തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കവേ അവസാനത്തെ പ്രകാശവും നേര്‍ത്ത പുക ചുരുളുകളായി കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു..

പൂപ്പലിന്റെ മണമുള്ള ആ രാത്രിയില്‍ തറയില്‍ വിരിച്ച പായയില്‍ ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉറക്കത്തിനായി കാത്തു കിടക്കവേ മഴയുടെ ശോകാര്‍ദ്ര സംഗീതത്തിനു വേഗം കൂടി വരുന്നത് അവന്‍ അറിഞ്ഞു...


കവിതയില്‍ വര്‍ണിച്ച മഴയുടെ സൌന്ദര്യം കണ്ടെത്തുവാന്‍ തന്റെ കണ്ണുകള്‍ക്ക്‌ ഒരിക്കലും കഴിയില്ല എന്ന പൂര്‍ണബോധ്യത്തോടെ പ്രതീക്ഷയുടെ മറ്റൊരു പുലര്‍കാലതിനായി കാത്തുകിടക്കുമ്പോള്‍ 'രാത്രിമഴ'യുടെ താളുകള്‍ മഴയില്‍ കുതിര്‍ന്നുകൊണ്ടിരുന്നു....

Wednesday, March 9, 2011

ഇല...

ഒഴുകുവാന്‍ ഇനിയും ജലം അവശേഷിക്കുന്ന ആ പുഴയുടെ കരയില്‍ നിന്നിരുന്ന ഇലഞ്ഞി മരത്തിന്റെ ചില്ലകളില്‍ ചെറുകാറ്റു വീശിയടിച്ചു...
ഒരു നിമിഷത്തെ ഹൃദയഭേദകമായ വേദനയ്ക്കൊടുവില്‍ ഇളംകാറ്റില്‍ ആടിയാടി ഒരു വയസന്‍ ഇല താഴേക്കു പതിച്ചു...

ഞെട്ടറ്റ നിമിഷത്തിലെ നുറുങ്ങുന്ന വേദനയ്ക്ക് ശേഷം കുഞ്ഞു കാറ്റിന്റെ മടിയില്‍ തല ചായ്ച്ചു, താഴെ പുഴയിലേക്ക് വീഴുമ്പോള്‍ ആ ഇല തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ പുല്‍കാന്‍ കൊതിച്ചു...

ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...

ഓര്‍മ്മകള്‍ നമ്മുടെ ഇലയെ മാടി വിളിച്ചു..ഒരു കാലത്ത് ഹരിതാഭാമായിരുന്ന തന്റെ ശരീരം ഇന്ന് മഞ്ഞച്ചിരിക്കുന്നു..ഞരമ്പുകളില്‍ നീരോട്ടം കുറഞ്ഞിരിക്കുന്നു..കളിക്കൂട്ടുകാരായിരുന്ന പലരും സമയംതെറ്റി വീശുന്ന കാറ്റില്‍ ജീവിതം അവസാനിപ്പിച്ചു മണ്ണില്‍ അലിഞ്ഞിരിക്കുന്നു..

ശരീരത്തിലെ വാര്‍ധക്യം
മനസിനെ ബാധിക്കാത്ത നമ്മുടെ ഇല ഇങ്ങിനെ ചിന്തിച്ചിരിക്കണം...
"ഞാന്‍ ജനിച്ചപ്പോളും എന്റെ നിറം മഞ്ഞയായിരുന്നല്ലോ...
ഈ വാര്‍ദ്ധക്യം ഒരര്‍ഥത്തില്‍ ശൈശവം തന്നെ..."

ഇലയ്ക്ക് ഒരു പാട് ആഗ്രഹ
ങ്ങള്‍ ഉണ്ടായിരുന്നു...യാത്രകള്‍..യാത്ര ചെയുവാന്‍...കാണാത്ത നാടുകള്‍.‍..കിളികളും കാറ്റും പറഞ്ഞുകേട്ട കാണാന്‍ കൊതിക്കുന്ന ഒരു നൂറു കാഴ്ചകള്‍...അതിനായി ഒഴുകുന്ന പുഴയെ പുല്‍കാന്‍ അവന്‍ കൊതിച്ചു...പുഴക്കൊപ്പം യാത്രചെയ്യുന്ന രംഗം പല രാത്രികളും അവന്റെ സ്വപ്നങ്ങളെ അപഹരിച്ചു...ആ രാവുകളില്‍ മീനുകള്‍ അവനു അകമ്പടിയായി...പുഴയോരത്തെ മരങ്ങളിലെ ഇനിയും കൊഴിയാത്ത ഇലകള്‍ അവനെ നോക്കി അസൂയ പൂണ്ടു...

അങ്ങനെ ആ ഇല തന്നെ പുഴയിലെത്തിക്കുവാന്‍ വേണ്ടി വീശുന്ന കാറ്റിനെ കാത്തിരുന്നു...ഇന്ന് വരെ...

ഇല അപ്പോളും
താഴേക്കു വീണുകൊണ്ടിരുന്നു...പുഴയുടെ കുളിരിനെ തൊടാന്‍ അത് തന്റെ കണ്ണുകളടച്ചു...
.............................
..........................

കാറ്റിനു ശക്തി കൂടി...അത് വേഗത്തില്‍ വീശാന്‍ തുടങ്ങി...ഇല പറന്നു പുഴയോരത്തെ കരിയിലകൂട്ടത്തില്‍ ചെന്ന് വീണു..
കണ്ണ് തുറന്ന ഇല കണ്മുന്നിലൂടെ ഒഴുകുന്ന പുഴയെ ഞെട്ടലോടെ, കൊതിയോടെ നോക്കി...

എല്ലാം അവസാനിച്ചിരിക്കുന്നു...എന്നാലും തന്നെ പുഴയിലെത്തിക്കുന്ന മറ്റൊരു കാറ്റിനായി ആ ഇല പ്രതീക്ഷയോടെ അവി
ടെ കാത്തു കിടന്നു...മറ്റനേകം ഇലകളോടൊപ്പം...

Wednesday, March 2, 2011

പണം

ആകാശത്തെ താങ്ങി നിര്‍ത്തുന്ന ആ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഇടുങ്ങിയ മുറികളില്‍ ഒന്നിലും ചന്ദനമുട്ടികള്‍ അടുക്കി തീ കൊളുത്താന്‍ സാധിക്കില്ല എന്ന് മനസിലായപ്പോലാണ് അയാള്‍ താഴെ ഭൂമിയില്‍ ആറടി മണ്ണ് തേടിയുള്ള യാത്ര ആരംഭിച്ചത്...ജീവിക്കാനുള്ള യാത്രകള്‍ക്കിടയില്‍ ആഗ്രഹമില്ലതിരുന്നിട്ടും കാലം വാര്‍ധക്യത്തിന് വഴിമാറി...മരുഭൂമിയുടെ തീച്ചൂളയില്‍ തിളച്ചു മറിഞ്ഞ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെത്തി ഭൂമിക്കും ആകാശതിനുമിടയില്‍ കുറച്ചു സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോള്‍ മനസ്സില്‍ പഴയൊരു സ്വപ്നം കടന്നു വന്നു...
പണ്ടെങ്ങോ വിട്ടുപോന്ന തന്റെ നാട്...അവിടെ ഒരു തരി മണ്ണ്...
.............................

ഇന്ന് അയാള്‍ യാത്രയിലാണ്...ആ സ്വപ്നത്തിലേക്ക്....കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചപ്പോള്‍ ചെരിഞ്ഞു പെയുന്ന മഴയില്‍ കുടയും ബാഗുമായി അമ്മയുടെ കൈ പിടിച്ചു സ്കൂളിന്റെ പടികയറി പോകുന്ന ഒരു കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു...

കുട്ടി ചോദിച്ചു..."അമ്മേ, ഞാന്‍ എന്തിനാ അമ്മേ സ്കൂളില്‍ പോകുന്നെ??"
"മോന്‍ സ്കൂളില്‍ പോയി പഠിച്ചു വല്യ ആളായി ഒരുപാട് കാശൊക്കെ ഉണ്ടാക്കിയിട്ട് വേണ്ടേ നമുക്ക് പുതിയ വീടും കാറും, കുട്ടന് പുത്തനുടുപ്പുമൊക്കെ വാങ്ങാന്‍ പറ്റൂ..."
അമ്മയുടെ വാക്കുകളില്‍ കുട്ടി ഇങ്ങനെ വായിച്ചെടുത്തു.."ഒരുപാട് കാശുണ്ടാക്കണം.."

കുട്ടി വളര്‍ന്നു..അവന്റെ കണ്മുന്നിലെ കൊച്ചു സ്ക്രീനില്‍ മോഹന്‍ലാലും സുരേഷ്ഗോപിയും തെക്കുവടക്ക് നടന്നു പഠിപ്പിച്ചു..."പണം..പണമാണ് എല്ലാം..". കൂട്ടത്തില്‍ ഒരു ഉപദേശവും.."മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം..."

ജീവിതം ആഘോഷിക്കുവാനുള്ളതാണെന്ന് ഉറപ്പിച്ച കൌമാരത്തിന്റെ വിലകൂടിയ സ്വപ്നങ്ങളെ അച്ഛന്‍ പണമില്ലാത്തതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി തീരുമാനങ്ങള്‍ ശക്തമായി..

ഒരുപാട് പ്രതീക്ഷകളുമായി നടന്നുകയറിയ കോളേജിന്റെ പടവുകളില്‍ എവിടെയോ വച്ച് കണ്ടുമുട്ടി ഒടുവില്‍ പിരിഞ്ഞുപോയ കൂട്ടുകാരിയും ചോദിച്ചു ട്രീറ്റ്...കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ട് കാഴ്ച്ചക്കാരനാകേണ്ടി വന്ന ഒട്ടനവധി അവസരങ്ങള്‍...

ഒടുവില്‍ അയാള്‍ പ്രവാസിയായി....

പക്ഷെ കഥ മാറുകയായിരുന്നു....പണതിനായുള്ള യാത്രയില്‍ ഇടയ്ക്കു എവിടെയോവച്ച് അയാളില്‍ പുതിയൊരു ചിന്ത കടന്നു വന്നു... എന്നോ നഷ്ടപ്പെട്ടുപോയ കുറച്ചു നിമിഷങ്ങളുടെ സൌന്ദര്യം ഗൃഹാതുരത്വമെന്ന പേരില്‍ കച്ചവടച്ചരക്കാക്കപ്പെട്ടപ്പോളും ചാനലുകളിലെ സാഹിത്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും കാഴ്ചകളും അയാളെ പുതിയൊരു സ്വപനത്തിലേക്ക് നയിച്ചു...തിരിച്ചു നാട്ടിലെത്തുക എന്ന സ്വപ്നം...പക്ഷെ ആ
സ്വപ്നം യാധാര്‍ത്യമാവാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു...
...........................

അയാളിലെ ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി...അടഞ്ഞിരുന്ന കണ്ണുകളിലെ ഇരുളിന് കട്ടി കൂടി...ഇടതു നെഞ്ചില്‍ എവിടെയൊക്കെയോ ആരോ ഇക്കിളിയിടുന്നതുപോലെ...നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു...എന്തിനോവേണ്ടി ഉയര്‍ന്ന കൈ നിശ്ചലമായി താഴേക്ക്‌ വീണു...
............................

ഒരു ദിവസത്തെ ദുഖാചരണം...എങ്ങുനിന്നോ പൊഴിഞ്ഞ കണ്ണുനീരുകള്‍..ഒടുവില്‍ ഇലക്ട്രിക്‌ ശ്മശാനത്തിലെ തീച്ചൂളയില്‍ എരിഞ്ഞു അടങ്ങാന്‍ ഊഴം കാത്തു കിടക്കുമ്പോള്‍ ആരോ ചൂണ്ടി കാണിച്ചു..."അവിടെ പണം അടച്ചോളൂ.."

Tuesday, March 1, 2011

ഓര്‍മകളെകുറിച്ചുള്ള ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

മനസ് പതിയെ ഓര്‍മകളുടെ പടവുകള്‍ കയറി..കോളേജിന്റെയും ഹോസ്റ്റലിന്റെയും സുഗന്ധം ആ പടവുകള്‍ക്കുണ്ടായിരുന്നു...പലകുറി പറഞ്ഞുതീര്‍ത്ത വിശേഷങ്ങള്‍, ഒരായിരം പ്രണയ കഥകള്‍, പങ്കുവച്ച സ്വപ്‌നങ്ങള്‍, മായ്ച്ചു കളഞ്ഞ പിണക്കങ്ങള്‍...കാലം പുറകിലേക്ക് കറങ്ങുനതുപോലെ...ഒരിക്കല്‍ക്കൂടി ആ ഏകാന്തതയില്‍ ഞാന്‍ ഭൂതകാലത്തിലെ ചിത്രങ്ങള്‍ കണ്ടു...അവയ്ക്കൊപ്പം യാത്ര ചെയ്തു...കാഴ്ചകള്‍ കണ്ടു...പൊട്ടിച്ചിരിച്ചു...ഇടയില്‍ എപ്പോളോ കണ്ണില്‍ ചെറു ചൂട് നിറഞ്ഞു...എന്റെ ജീവിതം ആ പടവുകളില്‍ എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നി...

പൊടുന്നനെ എങ്ങുനിന്നോ പറന്നുവന്ന ഒരു പൊന്മാന്‍, ജലത്തിന്റെ സംരക്ഷണത്തില്‍ ഒരു നിമിഷതെക്കെങ്കിലും അഹങ്കരിച്ചുപോയ ഒരു മീനിനെയും കൊത്തിയെടുത്തു പറന്നു...ചുറ്റും വെള്ളത്തുള്ളികള്‍ തെറിച്ചു വീണു..കൂട്ടത്തില്‍ എന്റെ ഓര്‍മകളും..ഒരു ദീര്‍ഘനിശ്വാസത്തില്‍ അവ അലിഞ്ഞു ഇല്ലാതായി...തല്‍ക്കാലത്തെക്കെങ്കിലും...
........................................

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...

Tuesday, February 15, 2011

പകല്‍കിനാവ്‌...

ആരെയോ ബോധ്യപ്പെടുത്താനായി തുറന്നു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്ക് നടുവില്‍, നിര്‍ജീവങ്ങളായ മണിക്കൂറൂകള്‍ക്കിടയില്‍, പാഴാക്കികളയുന്ന ഓരോ സെക്കന്റിനും എന്നെങ്കിലും ഒരിക്കല്‍ കണക്കു പറയേണ്ടി വരും എന്ന ഉത്തമബോധ്യത്തോടെ പുതിയൊരു പകല്‍ക്കിനാവിനെ ഞാന്‍ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി...

സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങള്‍ ഉയര്‍ന്നു ഉയര്‍ന്നു, വായു മണ്ഡലത്തിന്റെ അതിരും ഭേദിച്ചു, ഗുരുത്വാകര്‍ഷണത്തിനു പിടി കൊടുക്കാതെ, ഘര്‍ഷണത്തില്‍ കത്താതെ, വീണ്ടും ഉയര്‍ന്ന് അനന്തതയുടെ, ശൂന്യതയുടെ ലോകത്തില്‍ എവിടെയോ നിലച്ചു...

ചുറ്റും ഇരുട്ട്... കൂരിരുട്ട്... പക്ഷെ ചീവീടുകളുടെ കലപിലയില്ല...പ്രകാശം പരത്തി പെട്ടെന്ന് അണഞ്ഞുപോയ മെഴുകുതിരിയുടെ തുമ്പില്‍ നിന്നും ഉയരുന്ന കട്ടപിടിച്ച പുകയുടെ മണമില്ല...ഇരുളിന്റെ മറപറ്റി ചോരകുടിക്കാന്‍ പറന്നുവരുന്ന കടവാതിലുകളില്ല...കരിമ്പനയിലെ യക്ഷികളില്ല...ചുണ്ണാമ്പും തുരുമ്പെടുത്ത ആണിയുമില്ല...

രണ്ടുകണ്ണും കൂട്ടി അടച്ചു ഇരുട്ടാക്കി ഞാന്‍ ഒളിച്ചേ എന്ന് വിളിച്ചു പറയുന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ സന്തോഷം മാത്രം...

മനുഷ്യ നിര്‍മ്മിതമായ സമയം അനേകായിരം പ്രകാശവര്‍ഷങ്ങളുടെ ആ അകലത്തിലും തന്റെ ആധിപത്യം ഉറപ്പിച്ചു കടന്നു പോകവേ പെട്ടെന്ന് ഒരു തീ നാളം...നാളമല്ല...ഒരു ഗോളം..ബഹിരാകാശത്ത് തീ ഗോളമായിട്ടാണത്രെ കാണുക!!!!!!

കുട്ടിക്ക് കൌതുകം..അവന്‍ അതില്‍ തൊടാന്‍ ഭാവിച്ചു...ക്രമേണ ആ ഗോളം വലുതായി..കുട്ടിക്ക് പൊള്ളാന്‍ തുടങ്ങി...ഗോളം വീണ്ടും വലുതായി..ഒടുവില്‍ കുട്ടി അതില്‍ അലിഞ്ഞു ഒരു കറുത്ത പൊട്ടായി...ആ പൊട്ട് ഭൂമിയിലേക്ക്‌ പ്രയാണം ആരംഭിച്ചു...

ഗുരുത്വം അതിനെ ആകര്‍ഷിച്ചു...ആകാശവും കടന്നു അത് താഴേക്കു വീണു...ഘര്‍ഷണം അതിനെ വീണ്ടും നേര്‍പ്പിച്ചു ...ഒടുവില്‍ നിര്‍ജീവമായ ഒരു മുറിയുടെ ഉള്ളില്‍ കടന്ന ആ പൊട്ട്, കണികകളായി വായുവില്‍ ലയിച്ചു...ഓക്സിജനുമായി കൂടിച്ചെര്‍നു..ഒരു ദീര്‍ഘശ്വാസം...പക്ഷെ ഉച്ച്വാസത്തില്‍ ആ കണികകള്‍ ഉണ്ടായിരുന്നില്ല...

ശ്വാസകോശത്തിന്റെ ഏതോ അറകളില്‍ വച്ച് അത് രക്തവുമായി കലര്‍ന്ന് ഒഴുകി ഒഴുകി ഒരു വിരല്‍ തുമ്പില്‍ അവസാനിച്ചു...പുതിയൊരു പകല്‍ കിനാവിനു കൂടി ജീവന്‍ വച്ചു....

Monday, February 14, 2011

ഓര്‍ക്കുട്ടിന്റെ ഓര്‍മയ്ക്കായി...

അന്ന്...

അന്നെന്നു പറഞ്ഞാല്‍ എന്നാ???ഏകദേശം ഒരു അഞ്ചു അഞ്ചര വര്‍ഷം മുന്‍പുള്ള സമയം...വൈകുന്നേരങ്ങളിലെ പതിവ് നേരമ്പോക്കുകള്‍ക്കിടയില്‍ ഒരു ചങ്ങാതി പറഞ്ഞു.. "അറിഞ്ഞോ, പുതിയൊരു വെബ്സൈറ്റ് ഉണ്ട്..പേര് ഓര്‍ക്കുട്ട്..അതില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ നമുക്ക് കുറെ കൂട്ടുകാരെ കിട്ടും..."

അങ്ങിനെ പിറ്റേ ദിവസം വൈകിട്ട് ഈ പുതിയ സംഭവത്തിനെ ഒന്ന് പരിചയപ്പെട്ടു കളയാം എന്ന് വിചാരിച്ചു നേരെ കഫെയിലേക്ക്..ഇന്ന് പതിവില്ലാതെ എന്നെ തനിയെ കണ്ടതിലുള്ള അത്ഭുതവും, എന്നുമുള്ള അര്‍ഥം വച്ച ചിരിയും കൂടിക്കലര്‍ന്ന ഒരു ഊടായിപ്പു സ്വാഗതം ആശംസിച്ചിട്ടു കഫേയിലെ ചേട്ടന്‍ എന്റെ ക്യാബിന്‍ കാണിച്ചു തന്നു...

വിന്‍ഡോസ്‌ XP യുടെ നീല സ്ക്രീനില്‍ എനിക്കായി വീണ്ടുമൊരു സ്വാഗതം.. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എടുത്തു www.orkut.com അടിച്ചു..വന്നതും ഒരു നീല നിറത്തിലുള്ള പേജ്..അപ്പോളാണ് ഒരു പ്രശ്നം ശ്രദ്ധിച്ചത്..ഓര്‍ക്കുട്ടില്‍ അക്കൌന്റ് തുടങ്ങണമെങ്കില്‍ ജിമെയില്‍ id വേണം..എനിക്ക് ആകെ ഉള്ളത് ഒരിക്കല്‍ മാത്രം തുറന്നു നോക്കിയ ഒരു റെഡിഫ് മെയിലും..ഇനി എന്ത് ചെയ്യാന്‍...തിരിച്ചു പോരുന്നതിനു മുന്‍പായി ഹിസ്റ്ററി പരിശോധിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ ഡിക്ഷനറിയില്‍ ആഡ് ചെയ്തു ഞാന്‍ വാതില്‍ തുറന്നു...

ഇത് എന്റെ ആദ്യത്തെ ഓര്‍ക്കുട്ട് അനുഭവം..

ഇന്റെര്‍നെറ്റിന്റെ ലോകം പരിചയപ്പെട്ടു തുടങ്ങിയ ആ കാലത്ത്, അടച്ചിട്ട ക്യാബിനുകളില്‍ ഈ ഡയല്‍അപ്പ്‌ മോഡത്തിനു അല്പം കൂടി വേഗത കൊടുക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, പകുതി മാത്രം ലോഡ് ആയ പേജിലേക്ക് അന്തം വിട്ടു നോക്കിയിരുന്ന, ഒന്നില്‍ കൂടുതല്‍ ഈമെയില്‍ ഐഡി എന്ന് പറഞ്ഞാല്‍ ആര്ഭാടമായിരുന്ന,ഒരു ജിമെയില്‍ ഇന്‍വിട്ടെഷന്‍ കിട്ടാന്‍ വേണ്ടി കൂട്ടുകാരുടെ പുറകെ നടന്നിരുന്ന, മണിക്കൂറിനു 30ഉം,40ഉം,50ഉം രൂപവരെ ചാര്‍ജ് വാങ്ങിയിരുന്ന ഇന്റര്‍നെറ്റ്‌ കഫേകള്‍ ഉണ്ടായിരുന്ന ആ കാലത്ത് സൌഹൃദതിന്റെതായ പുതിയൊരു ലോകം തുറന്നു തന്നവനായിരുന്നു ഓര്‍ക്കുട്ട്...

ആദ്യത്തെ ഒരു അപരിചിതതത്തിനു ശേഷം പെട്ടെന്ന് കൂട്ടുകാരനായി മാറിയ അവനാണ് ഇന്റെര്‍നെറ്റിന് ഇങ്ങനെയും ഉപകാരമുണ്ടെന്നു നമ്മുടെ നാടിനെ പഠിപ്പിച്ചത്..കൊഴിഞ്ഞ പോയ നാള്‍ വഴികളിലെങ്ങോ കണ്ടുമുട്ടി, കുറച്ചുദൂരം കൂടെ നടന്നു, ഒടുവില്‍ ഓര്‍മകളുടെ ചാരത്തില്‍ മൂടപ്പെട്ടു തുടങ്ങിയ ഒരുപിടി കൂട്ടുകാരെ തിരിച്ചു കിട്ടിയത്, ഒരിക്കല്‍ക്കൂടി ആ സൌഹൃദത്തിന്റെ കനലുകള്‍ ഊതി തെളിച്ചത്, അതിന്നും കെടാതെ തുടര്‍ന്ന്കൊണ്ട് പോകുന്നത് ഒക്കെയും അവനിലൂടെ ആയിരുന്നു...എന്തിനും ഏതിനും കമ്യൂണിറ്റികള്‍ തുടങ്ങി അവിടെ തല്ലുകൂടിയും, വെടിപറഞ്ഞും , മരമണ്ടന്‍ ഫോറങ്ങളും പോളുകളും ആരംഭിച്ചു സമയം കളഞ്ഞതിനും അവനായിരുന്നു സാക്ഷി...

ആദ്യമായി ആയിരം സ്ക്രാപ്പ് തികഞ്ഞ ദിവസം കൂട്ടുകാര്‍ക്ക് ചെലവ് ചെയ്തതും(സ്ക്രാപ്പ് എന്നാ വാക്ക് മലയാളിയെ പഠിപ്പിച്ചതും ഓര്‍ക്കുട്ടാണ്), ആദ്യം 25 ഫോട്ടോയെ അപ്ലോഡ് ചെയ്യാന്‍ പറ്റൂ എന്ന ലിമിറ്റ് 100 ആക്കിയ ദിവസം ഫോട്ടോയ്ക്കായി ഓടിനടന്നതും, ഫ്രണ്ട് ലിസ്റ്റില്‍ മൂന്നക്കം കണ്ട ദിവസം സന്തോഷത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആഡ് ചെയ്തതും, അത് പിന്നീട് പണി ആയതും, ആദ്യമായി ചാറ്റ് വിന്‍ഡോ കണ്ടു ഇതെന്തു സാധനം എന്ന് അന്തംവിട്ടതും, പ്രൊഫൈല്‍ പേജ് ഫില്‍ ചെയ്യാന്‍ അറിയാവുന്ന മലയാളത്തിനു സ്റ്റാന്‍ഡേര്‍ഡ് പോരാഞ്ഞ് ഇംഗ്ലീഷ് ബുക്കുകളുടെയും, സിനിമകളുടെയും, ടി വി പരിപാടികളുടെയും പേര് ഗൂഗിളില്‍ തപ്പിയതും , ഒരാള്‍ ആദ്യമായി (അവസാനമായും ) നിന്റെ പ്രൊഫൈല്‍ വായിക്കാന്‍ നല്ല രസമുണ്ടല്ലോട എന്ന് പറഞ്ഞതിന്റെ രോമാഞ്ചത്തില്‍ രണ്ടു മണിക്കൂര്‍ കൂടി കഫെയില്‍ ഇരുന്നതുമെല്ലാം അവന്‍ കാരണമാണ്..

ജീവിതം അങ്ങിനെ ഓര്‍ക്കുട്ടിനൊപ്പം പൊയ്ക്കൊണ്ടിരുന്നു...പല്ല് തേച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കോളേജില്‍ പോയില്ലെങ്കിലും വൈകുന്നേരത്തെ ഓര്‍ക്കുട്ടിംഗ് ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു..

ദോഷം പറയരുതല്ലോ, ജീവിതത്തില്‍ ഇനി ഒരിക്കലും കാണില്ല എന്ന് ഉറപ്പിച്ച ഒരുപാട് പേരെ ഓര്‍ക്കുട്ട് എനിക്ക് തിരിച്ചു തന്നിട്ടുണ്ട്..ആ തിരിച്ചുകിട്ടലിന്റെ സൌരഭ്യം നമ്മളെല്ലാവരും ഒരു തവണയെങ്കിലും ആസ്വദിചിട്ടുണ്ടെങ്കില്‍ അതിനു ഓര്‍ക്കുട്ടിന് ഒരായിരം നന്ദി..

അപ്പോള്‍ നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ ജീവിതവും ഓര്‍ക്കുട്ടും സമാന്തരമായി യാത്ര ചെയ്തുകൊണ്ടിരുന്നു..അമ്മാവന്റെ അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികള്‍ വരെ ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ തുടങ്ങി ക്ലാസിലെ കൂട്ടുകാര്‍ക്ക് സ്ക്രാപ്പ് അയച്ചു.."dude, wazzup??"

ഇതൊക്കെ പഴയ കാലം..

കാലം മാറി...അടുത്തുള്ള അമ്പല പറമ്പിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരത്തെ മരിച്ചിട്ട കൊടുംകാറ്റ് , സക്കര്‍ബര്‍ഗ് എന്ന കാലന്റെ രൂപത്തില്‍ പോത്തിന്റെ പുറത്തു കയറി ഓര്‍ക്കുട്ടിന്റെ തീരത്തുകൂടി വീശിയടിച്ചു..ഓര്‍ക്കുട്ട് ഠിം..5 വര്‍ഷമായിട്ടു ഇന്ത്യാക്കാര്‍, പോട്ടെ നമ്മള്‍ മലയാളികള്‍ ഊട്ടി വളര്‍ത്തി വലുതാക്കിയ നമ്മുടെ വിശ്വാസം, ഒന്നോ രണ്ടോ മാസം കൊണ്ട് തകര്‍ന്നു തരിപ്പണമായിപോയി...അല്‍പനാളുകള്‍ക്കുമുന്പ് മൈക്രോ ബ്ലോഗിങ്ങ് എന്ന പേരില്‍ ട്വീട്ടും, റീ ട്വീട്ടും,ഫോളോയിങ്ങും, വിമാനവും, കന്നുകാലിയും,പശുവും, ക്ലാസുമൊക്കെയായി ട്വിറ്റെര്‍ എന്ന കുരുവിക്കുഞ്ഞ് ഒന്ന് കൊത്തിപറിച്ചിട്ടു പോയതേ ഉണ്ടായിരുന്നൊള്ളൂ..താരതമ്യേന നിസാരമായിരുന്ന ആ ആക്രമണത്തിന് ശേഷം ദേ വരുന്നു യഥാര്‍ത്ഥ കാലന്‍ 'സക്കര്‍ബര്‍ഗ്'...

ഒരുമാതിരി പഴയ സര്‍ക്കാര്‍ സ്കൂള്‍ പോലെ നീലയും വെള്ളയും യുണിഫോം...എവിടെ നോക്കിയാലും ലൈക്‌, ഷെയര്‍ ഓപ്ഷനുകള്‍..പിന്നെ കുറെ കൃഷി സ്ഥലം,പശു,ആട്,അക്വേറിയം,യുദ്ധം,പ്രേതം,കുട്ടി ചെകുത്താന്‍..ഓര്‍ക്കുട്ടിന്റെ മനോഹാരിതയില്ല, തീം ഇല്ല, ആ ലാളിത്യമില്ല, പ്രൈവസി ഇല്ല..എന്തിന്, ചാറ്റില്‍ ഒന്ന് ഇന്‍വിസിബിള്‍ ആകാന്‍ പോലും പറ്റില്ല..പക്ഷെ ചെക്കന്‍ കയറി അങ്ങ് ഫേമസ് ആയി..തൂണിലും, തുരുമ്പിലും, ഫോണിലും വരെ FB..ഇന്നലെവരെ ഓര്‍ക്കുട്ടെ ശരണം എന്ന് പറഞ്ഞു നടന്നിരുന്നവരെല്ലാം ഒരു സുപ്രഭാതത്തില്‍ ഫേസ്ബുക്കില്‍ എത്തി സ്ഥലം വാങ്ങി കൃഷി തുടങ്ങി..പിന്നെ ഓര്‍ക്കുട്ട് എന്ന് കേട്ടാല്‍ പരമ പുച്ഛം..""അയ്യേ നീ ഇപ്പോളും ഓര്‍കുട്ടാണോ യുസേ ചെയ്യുന്നേ???"" ..

ഒന്നിന് പുറകെ ഒന്നായി എല്ലാവരും തള്ളിപറഞ്ഞ്‌ കൂടൊഴിഞ്ഞപ്പോള്‍ പഴയകാല പ്രതാപത്തിന്റെ ശേഷിപ്പുപോലെ എക്സ്പ്രസ് ഹൈവേയില്‍ നിരങ്ങി നീങ്ങുന്ന കോണ്ടെസ്സയുടെ അവസ്ഥയില്‍ പാവം ഓര്‍ക്കുട്ട്..

"എണീറ്റ്‌ വാടാ..കുറെ സമയമായല്ലോ.."

ഞാന്‍ തല ഉയര്‍ത്തി നോക്കി.. malayalam converter-ന്റെ അടുത്ത വിന്‍ഡോ ഫേസ് ബുക്ക്‌ ആണ്..അവിടുന്നാണ് വിളി...

"നീ ഓര്‍മക്കുറിപ്പല്ലേ എഴുതുന്നെ???ജീവചരിത്രമൊന്നുമല്ലല്ലോ??നിര്‍ത്തിയിട്ടു വാ..നിന്റെ ഓര്‍മ്മകള്‍ എന്തിനാ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നെ??""

""ദേ വരുന്നു...ഒന്ന് തീര്‍ത്തോട്ടെ..."

മാഫിയവാറില്‍ എന്റെ എനര്‍ജി തീര്‍ന്നു കിടക്കുകയായിരുന്നു..ഓര്‍മ്മകള്‍ കഴിഞ്ഞപ്പോളെക്കും റീഫില്‍ ആയിട്ടുണ്ട്..ഇനി അടുത്ത ലെവലില്‍ കയറാം..ഞാന്‍ പോകട്ടെ...
....................

അങ്ങിനെ ഒരുകാലത്ത് നമ്മുടെയെല്ലാം സ്വപ്നങ്ങളിലെ നിറച്ചാര്തായിരുന്ന , കൂട്ടുകാരനായിരുന്ന, അപ്രതീക്ഷിതമായി അകാലമൃത്യു വരിച്ച ഓര്‍ക്കുട്ടിന്റെ പാവനസ്മരണക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഈ പോസ്റ്റിനു ഞാന്‍ ലൈക്‌ അടിച്ചു...



ഒരു യാത്ര...


8 മണി...അലാറം അടിക്കാന്‍ തുടങ്ങിയിട്ട് കുറെ സമയമായി...അടുത്ത് പാവം ഫെബിന്‍ മൂടിപ്പുതച്ചു കിടന്നുരങ്ങുന്നുണ്ട് ... അലാറം ഓഫ് ചെയ്തു. ഇനിയും അടിച്ചാല്‍ അവന്‍ എന്നെ അടിക്കും. എന്തായാലും എനീല്‍ക്കാതെ വേറെ വഴിയൊന്നുമില്ല. ഇന്ന് മഹത്തായ ഒരു യാത്ര ഉള്ളതല്ലേ.....


ഇന്നലെ വെള്ളമടിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു.."ഈശ്വരാ...രാവിലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാവരുതേ..." കോളെജിലേക്ക് പോയിട്ട് കുറച്ചായി..മനപൂര്‍വം പോവാത്തതല്ല.. ഓരോരോ പ്രശ്നങ്ങള്‍, പ്രാരാബ്ധങ്ങള്‍.."എന്തായാലും നാളെ ഞാന്‍ പോയിരിക്കും..ഇത് സത്യം സത്യം സത്യം.."


അങ്ങിനെയാണ് ഈ നേരത്തെയുള്ള എണീക്കല്‍..ഇവിടെ തറവാട്ടില്‍ എല്ലാവരുടെയും സമയം മിനിമം 9 മണിയാണ്..പക്ഷെ ഇന്ന് ഞാന്‍ വാശിയിലാണല്ലോ... പുറത്തു നല്ല മഴ..തെങ്ങോലകളില്‍ മഴത്തുള്ളികള്‍ ഒഴുകി വീഴുന്നു...തുറന്നിട്ട ജാലകങ്ങളിലൂടെ പാഞ്ഞെത്തുന്ന കുളിര്‍ കാറ്റ് .. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാന്‍..നല്ല തണുപ്പ്.. അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും കേള്‍ക്കുന്ന ഏതോ പഴയ മലയാള ഗാനത്തിന്റെ നേര്‍ത്ത ശബ്ദം...ഇങ്ങിനെയുള്ള ഒരു വെളുപ്പാന്‍ കാലത്ത് പുതപ്പും പുതച്ചു കിടന്നുറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും കളയാറില്ലത്തതാണ് ഞാന്‍..പക്ഷെ..ഇന്ന്...

ശബ്ദം ഉണ്ടാക്കാതെ പതിയെ എണിറ്റു.. ആകെ എഴുന്നേട്ടിരിക്കുന്നത് ഷാരുന്‍ മാത്രം..അവന്‍ എന്നത്തേയും പോലെ 6 മണിക്ക് എണിറ്റു 'യു ടുബി' ന്റെ മുന്‍പില്‍ മൂടിപ്പുതച്ചു ഇരിപ്പുണ്ട്... അവന്‍ മൈന്‍ഡ് പോലും ചെയ്യുന്നില്ല...


ഒന്നു പല്ലുതേച്ചു എന്ന് വരുത്തി നേരെ പോയത് പത്രത്തിന്റെ മുന്‍പിലേക്ക്..തറവാട്ടിലെ സ്ഥിരം തര്‍ക്ക വിഷയങ്ങളില്‍ ഒന്നാണ് പത്രങ്ങള്‍...ഇന്നലെ മനോരമക്ക് മുകളില്‍ മാതൃഭൂമി നേടിയ വിജയത്തിന്റെ ചാരിതാര്ത്യത്തോടെ താളുകള്‍ മറിച്ചു..കുറെയേറെ അടിപിടികള്‍, വാഗ്ദാനങ്ങള്‍, വാഗ്വാദങ്ങള്‍, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ , ഗുണ്ട‍, സിനിമ...സ്ഥിരം വാര്‍ത്തകള്‍..പിന്നെ, ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനല്‍ ജയിച്ചു...കളി ഇന്നലെ ലൈവ് ആയി കണ്ടതാണെങ്കിലും രാവിലെ അത് വായിക്കുമ്പോള്‍ ഒരു സുഖം...


ഇടയ്ക്കു സുഭദ്രാമ്മ (ഞങ്ങളുടെ കുക്ക് ആണ് സുഭദ്രാമ്മ) മഴനനഞ്ഞ് ഓടിവന്നു അടുക്കളയില്‍ കയറി.."ഈശ്വര..ഇന്നും പുട്ട് ആകരുതേ..."


പത്രം വായന കഴിഞ്ഞപ്പോള്‍ ഒരു സമാധാനം...ശരത്തും നവീനും KD-യും ചായ കുടിക്കാന്‍ വിളിച്ചു..പോവാന്‍ തോന്നിയില്ല...8.30 ആയി..മുകളില്‍ ചെന്നപ്പോള്‍ ജാഫര്‍ കട്ടിലില്‍ കുത്തിയിരിക്കുന്നുണ്ട് ..കണ്ടാലറിയാം ഇപ്പോള്‍ എണീറ്റതേ ഉള്ളു...ഇനി കുറച്ചു സമയത്തേക്ക് താന്‍ എവിടെയാണെന്നോ എന്താണ് പറയുന്നതെന്നോ അവനു ഒരു ബോധവും കാണില്ല...അവന്‍ പറഞ്ഞ ഏതോ നാട്ടിലെ ഭാഷ കേട്ട് അടുതുതന്നെ നമ്പീശനും അന്തം വിട്ടിരിക്കന്നുണ്ട്...


കുളിക്കാന്‍വേണ്ടി ബാത്ത് റൂമില്‍ കയറാന്‍ തുടങ്ങിയപ്പോളെക്കും ജോമിന്‍ ഇടക്ക് ചാടി വീണു..പുറകെ ജില്‍കുഷും..പക്ഷെ ഞാന്‍ വിടുമോ???കുളി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ജോണ്‍ പല്ലുതേക്കുന്നു ..ഹരിയുടെ അലാറം അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു..അവനു ഇപ്പോള്‍ 5 മണി ആയിക്കാനുമായിരിക്കും..പാവം ഇനി എത്ര സമയം അടിക്കേണ്ടി വരുമോ ആവൊ...


ഡ്രെസ് മാറി..വാച്ചെടുത്തു നോക്കിയപ്പോള്‍ 9 മണിയായി...ഭക്ഷണം കഴിക്കാന്‍ താഴേക്ക്‌ ചെന്നപ്പോള്‍ മിതുന്‍ കുടവയറും തിരുമ്മി ആലോചനയിലാണ്..അവന്‍ രാഹുലിനോട് ചോദിക്കുന്നത് കേട്ടു." ഡാ, വന്‍ മഴ..ഉച്ചക്ക് പോയാല്‍ പോരെ??" പകുതി ഉറക്കത്തില്‍ അവന്‍ എന്ത് പറഞ്ഞു എന്ന് മനസിലായില്ല...


എന്റെ പ്രാര്‍ത്ഥന വെറുതെ ആയി എന്ന് അധികം വൈകാതെതന്നെ മനസിലായി...വീണ്ടും പുട്ട്.." നീ ആണാണെങ്കില്‍ എന്നെ ഒന്ന് തിന്നു കാണിക്കെടാ" എന്നാ ഭാവത്തില്‍ പുട്ട് എന്നെ നോക്കി പുച്ചിച്ചു..ക്യാന്റീനില്‍ നിന്ന് കഴിക്കാം എന്നാ പ്രതീക്ഷയോടെ ഞാന്‍ പുട്ട് ബക്കറ്റിലേക്ക് തട്ടി.."ഹും..കളി എന്നോടോ.."


സമയം 9.10..കോളേജ് ബസില്‍ പോകാം എന്നുള്ള മോഹം അവസാനിപ്പിച്ചു...മഴയ്ക്ക് ഒരു കുറവുമില്ല..വെറുതെ കുറച്ചു സമയം മഴ നോക്കി നിന്നു..മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പാഞ്ഞു..അന്നെനിക്ക് മഴയെ വെറുപ്പായിരുന്നു..സ്കൂളില്‍ പോകുമ്പോള്‍,ഉച്ചക്ക് കളിക്കുമ്പോള്‍, തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍..എപ്പോളും ഓടിയെത്തുന്ന മഴ എന്റെ ശത്രു ആയിരുന്നു...ഇടി മുഴക്കങ്ങള്‍ എന്റെ ശക്തിമാനെയും, ഹനുമാനെയുമൊക്കെ കട്ടുകൊണ്ടു പോകുന്ന കള്ളന്മാരായിരുന്നു..അങ്ങനെ ഞാന്‍ മഴയെ വെറുത്തു..ഇടിയെ വെറുത്തു..വേനല്‍കാലങ്ങള്‍ എന്നും എന്റെ സ്വപ്നമായിരുന്നു..


പിന്നീട്, ഇപ്പോള്‍ അവളിലൂടെയാണ് ഞാന്‍ മഴയെ സ്നേഹിച്ചു തുടങ്ങിയത്..മഴ അവള്‍ക്കു ജീവനായിരുന്നു..ക്രമേണ അവളുടെ വാക്കുകളിലൂടെ ഞാനും മഴയെ പ്രണയിച്ചു തുടങ്ങി..


"എന്ത് ആലോചിച്ചു നില്‍ക്കുവടാ??" ഞെട്ടിയ ഞാന്‍ തിരിഞ്ഞു നോക്കി..കൈയില്‍ പ്ലേറ്റുമായി രോഹിത്...ഒരു പുട്ട് രക്തസാക്ഷി കൂടി..അവന്‍ വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല...ഞാന്‍ മഴയെ പ്രണയിക്കുകയായിരുന്നല്ലോ ...


9.20. മഴ തെല്ലു കുറഞ്ഞു..ഹരിയുടെ അലാറം ഇപ്പോളും അടിക്കുന്നുണ്ട്..പതിയെ ഇറങ്ങി ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു..ആരെയും കൂടെ വിളിച്ചില്ല..എനിക്ക് ബൈക്കും വേണ്ട...ഇന്നലെ ഞാന്‍ പ്രതിഗ്ഞ്ഞ ചെയ്തപ്പോള്‍ എല്ലാവരും എന്നെ കളിയാക്കിയതാണല്ലോ...ആത്മാഭിമാനമല്ലേ നമുക്ക് വലുത്???


വഴിയില്‍ മുഴുവനും വെള്ളം..മെയിന്‍ റോഡിലെത്തി..ഇന്നലെ ചത്ത പൂച്ച ഇന്നും അവിടെ കിടക്കുന്നുണ്ട്..കൂട്ടിനു കുറെ ഉറുമ്പുകളും ഈച്ചകളും മാത്രം..എല്ലാവര്‍ക്കും ഒടുവില്‍ അവരാണല്ലോ കൂട്ടിനുണ്ടാവുക..മഴവെള്ളം വീണു പൂച്ചയുടെ രോമങ്ങള്‍ ഒട്ടിയിരിക്കുന്നു..അതിപ്പോള്‍ തണുപ്പ് അറിയുന്നുണ്ടാവുമോ???


വീണ്ടും നടന്നു..സ്റൊപ്പിലെത്തി..സാമാന്യം തിരക്കുണ്ട്..എന്റെ ഭാഗ്യത്തിന് ഒരു ബസ്‌ വരുന്നത് കണ്ടു..ഞാന്‍ പതിയെ റോഡിലേക്ക് നീങ്ങി നിന്നു..നിര്‍ത്തുംപോളെ കയറാമല്ലോ..അധികം മഴ കൊള്ളണ്ട..എനിക്ക് മഴയെ ഇഷ്ടമാണെങ്കിലും മഴയ്ക്ക് എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ ...പനി പിടിക്കും..ദാ ബസ്‌ വരുന്നു..


ആരോ കൈ നീട്ടി..എന്ത് കാര്യം അത് നിര്‍ത്താതെ പോയി..തിരക്ക് കൂടി വരുന്നു..സ്റ്റോപ്പില്‍ നിന്നും ആരൊക്കെയോ പിറുപിറുക്കുന്നത് കേട്ടു..


ഞാന്‍ വാച്ചില്‍ നോക്കി..9.30.. 9.30 നു ക്ലാസില്‍..അത് ഒരു സ്വപ്നമായി അവശേഷിക്കുന്നു..സാരമില്ല 9.45 വരെ ക്ലാസില്‍ കയറ്റുമെന്നു പറഞ്ഞിട്ടുണ്ട്...അടുത്ത ബസിനു പോകാം..ഫുള്‍ ഡേ അറ്റണ്ടന്‍സ് കിട്ടുമല്ലോ...അതും നാളുകള്‍ക്കു ശേഷം...കുടിയന്‍ അവന്റെ ബൈക്കില്‍ പാഞ്ഞു പോയി...എന്നെ കണ്ടിട്ടില്ല...


വീണ്ടും ബസ്‌ വന്നു...ഒന്നല്ല രണ്ടു...എന്നെ കൊതിപ്പിച്ചുകൊണ്ട് രണ്ടും നിര്‍ത്താതെ പോയി...അവസാനം ഒരു ആനവണ്ടി-വേണാട്-എത്തി..ഫുള്‍ ടികെറ്റ് ആണ്..വേറെ വഴിയില്ല...ഭാഗ്യത്തിന് സീറ്റ്‌ കിട്ടി..


പുറത്തേക്കു നോക്കിയപ്പോള്‍ തുറന്നിട്ട ഗേറ്റ്കളുമായി angel's (girls hostel ആണ്.) ഒന്ന് ആത്മാര്തമായിത്തന്നെ നോക്കി...ആരുമില്ല...
" ടിക്കെറ്റ് "
ടിക്കെറ്റ് എടുത്തു വീണ്ടും പുറത്തേക്കു നോക്കുമ്പോള്‍ angel's അപ്രത്യക്ഷമായിരിക്കുന്നു...പകരം കണ്മുന്നില്‍ തെളിഞ്ഞത് മലങ്കര പള്ളിയുടെ സെമിത്തേരി..പല നിറത്തിലും വലിപ്പത്തിലുമുള്ള കല്ലറകള്‍...ദശബ്ധങ്ങള്‍ അവിടെ ഉറങ്ങുന്നുണ്ട്..പെട്ടെന്ന് ഓര്‍മ്മവന്നത് ഒരു ദിവസം രാത്രിയില്‍ ഞാനും ജോമിനും കൂടി അവിടെ പോയതും മതില്‍ ചാടി കടന്നതുമോക്കെയാണ്...


കുട്ടിക്കാലത്തുകേട്ട നിറം പിടിപ്പിച്ച പ്രേതകഥകളിലൂടെ അപശകുനത്തിന്റെ പ്രതീകങ്ങളായി മനസിന്റെ അടിതട്ടുകളിലെവിടെയോ അറിയാതെ പതിഞ്ഞു പോയവയാണ് അവ...ഒരു കാലത്ത് പേടി സ്വപ്നങ്ങളാവുകയും പിന്നീട് പറഞ്ഞറിയിക്കാനാവാത്ത വേറെന്തോ ഒരു വികാരമായി രൂപം പ്രാപിക്കുകയും ചെയ്ത കല്ലറകളുടെ പരിവേദനങ്ങള്‍ അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു ഇരു കാതുകളിലും...


വഴിയില്‍ പോലിസ് ചെക്കിംഗ്..ഈശ്വരാ കുടിയനെ പിടിച്ചു കാണല്ലേ...കഴിഞ്ഞുപോയ ഏതോ നൂറ്റാണ്ടിലെ ഇന്ഷുറന്സ്ഉം ടാക്സും ഒക്കെയായാണ് അവന്റെ വണ്ടി പറക്കുന്നത്...അവനെ വിളിക്കാനായി ഫോണ്‍ കൈയിലെടുത്തു...ചെവിയോടു ചേര്‍ത്തപ്പോളാണ് അറിഞ്ഞത് ബാലന്‍സ് ഇല്ല...ഫോണ്‍ റീചാര്‍ജ് ചെയ്തിട്ട് കുറച്ചായിരിക്കുന്നു..ഒരു കാലത്ത്- ഏകദേശം ഒരു വര്‍ഷം മുന്‍പ് വരെ- വീട്ടില്‍ നിന്നും കിട്ടുന്ന കാശിന്റെ മുക്കാല്‍ ഭാഗവും റീചാര്‍ജിനായി മാത്രം വിനിയോഗിച്ചിരുന്ന ആ പഴയ എന്റെ പ്രേത രൂപം മാത്രമാണ് ഇപ്പോളുള്ളത് എന്ന് അത്ഭുതത്തോടെ ഓര്‍ത്തു...ഒരു കണക്കിന് അതാ നല്ലത്..എന്തിനാ വെറുതെ..അല്ലെ??


സ്റ്റോപ്പ്‌ എത്തി...പിന്നെ ഒരു ഓട്ടമായിരുന്നു കോളെജിലേക്ക്..ഇത്രയും പടികള്‍ പണിതവന്റെ പൂര്‍വപിതാക്കന്മാരെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് ( മനസ്സില്‍) വിയര്‍ത്തു കുളിച്ചു ഒരു വിധത്തില്‍ 4 നില മുകളിലുള്ള ക്ലാസില്‍ എത്തിയപ്പോളെക്കും 9.50


ക്ലാസില്‍ സര്‍ ഉണ്ട്..
" സാര്‍‍"
അദ്ദേഹം എന്നെ നോക്കി...എന്നിട്ട് കൈയിലിരുന്ന വാച്ചില്‍ നോക്കി..അദ്ദേഹം ഒന്നും മിണ്ടാതെ ക്ലാസ് എടുത്തു തുടങ്ങി...


"സാര്‍"
"നിന്റെ കൈയില്‍ വാച്ച് ഇല്ലേ ?"
"ഉണ്ട്"
"എത്രയായെടോ സമയം??"
"സര്‍ ഒരു 5 മിനിട്ട്..."


പ്രതീക്ഷയോടെ നോക്കിയ ഞാന്‍ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു..." നിനക്കൊക്കെ വീട്ടില്‍ എന്താടാ പണി???ആഴ്ചയില്‍ ഒരിക്കലേ വരൂ..അതെങ്കിലും കുറച്ച നേരത്തെ ആക്കിക്കൂടെ ??ഇതിലും ഭേദം നീയൊക്കെ വീട്ടിലിരിക്കുന്നതാ..."


ഞാന്‍ നവരസങ്ങള്‍ മുഴുവനും കൂടെ ഞാന്‍ സ്വന്തമായി കണ്ടുപിടിച്ച ഒരു 3 എണ്ണം ഉള്‍പ്പെടെ എടുത്തു പ്രയോഗിച്ചു നോക്കി...ഒരു രക്ഷേമില്ല..
ഇനി പറഞ്ഞിട്ട് കാര്യമില്ല....എന്റെ കഷ്ടപ്പാടുകള്‍ വെറുതെയായി...എണിറ്റതു മുതലുള്ള കാര്യങ്ങള്‍ എന്റെ കണ്മുന്നിലൂടെ പാഞ്ഞു...ക്ലാസിലേക്ക് നോക്കി...ബൈക്കില്‍ എത്തിയ ജോണും അനൂപും ഹരിയുമൊക്കെ ചിരിക്കുന്നു...കണ്ണ് നിറഞ്ഞു പോയി...ഇന്നും പുറത്തു....ഒരു ആഴ്ചകൂടി വന്നതാ...


തിരിഞ്ഞു നടക്കുമ്പോള്‍ ക്ലാസില്‍ നിന്നും സര്‍ പറയുന്നത് കേട്ടു..."ആ ഡോര്‍ അടച്ചേരെ ..അല്ലെങ്കില്‍ ഇനിം ഇതുപോലെ ഓരോന്ന് വരും...."


ഞാന്‍ നടന്നു...ഏകനായി...


......................

Friday, January 7, 2011

കുമിളകള്‍...

നദിയുടെ ശാന്തതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ബീയര്‍ കുപ്പികൂടി വെള്ളത്തിലേക്ക്‌ വീണു..അവസാനത്തെ ശ്വാസവും ഒരു കുമിളയായി പുറത്തേക്കു വിട്ടുകൊണ്ട് അത് നദിയുടെ ആഴങ്ങളിലേക്ക് പതിയെ താഴ്ന്നു...ഇനി ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു നഷ്ടപെടല്‍...

ആകാശത്തിന്റെ ചെരുവുകളിലെവിടെയോ നടന്ന ഒരു മഹായുദ്ധത്തിന്റെ ബാക്കിയെന്നോണം ചുവന്നു തുടുത്തിരുന്ന ആകാശത്ത് സൂര്യനെ ചവിട്ടി പുറത്താക്കികൊണ്ട് ചന്ദ്ര ബിംബം പ്രത്യക്ഷപ്പെട്ടു...കാലാകാലങ്ങളായി തുടരുന്ന യുദ്ധം...ഇന്നത്തെ സമരം അല്പം രൂക്ഷമായിരുന്നിരിക്കണം..ചന്ദ്രന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു...ഭൂമിയുള്ളിടത്തോളം കാലം - അല്ല ഭൂമിയില്‍ മനുഷ്യന്‍ ഉള്ളിടത്തോളം കാലം ആ യുദ്ധവും പകലും രാവും ഇരുളും വെളിച്ചവും വര്‍ണ്ണിക്കാന്‍ ആളുകളുണ്ടാവും...പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു...മനുഷ്യനോട് ബന്ധപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെ വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും എന്തിനു ഭൂമിക്കും സമയത്തിനും വരെ എന്ത് പ്രസക്തി!!!!!!!!

ചുറ്റും നിശബ്ദത..സാധാരണ കേള്‍ക്കുന്ന ഒരു ശബ്ദവും, ട്രെയിനിന്റെയോ വാഹനങ്ങളുടെ പോലുമോ ഇന്ന് എന്‍റെ ചെവികള്‍ക്ക് അന്യമായിരിക്കുന്നു...ഈ നിശബ്ദത സമാധാനമോ അതോ നിസംഗതയോ??? നിസംഗത അപമാനമാനെങ്കില്‍ അപമാനം മരണമാണെങ്കില്‍ ഇല്ല എന്‍റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല..കാരണം സമാധാനം അത് എന്നും ഒരു സ്വപ്നം മാത്രമാണല്ലോ....

അകലെ കുട്ടനാടിന്‍റെ ഓളപ്പരപ്പുകളിലെവിടെയോ നാളെ മുഴങ്ങാന്‍ വഴിയുള്ള നാദസ്വരങ്ങള്‍ക്കും പക്കമേളങ്ങള്‍ക്കും മുന്‍പേ എനിക്ക് എന്‍റെ വഴി തിരഞ്ഞെടുക്കണം...

പുഴക്കരയില്‍ തെല്ലുമാറി നില്‍ക്കുന്ന - ഇന്ന് ഹോട്ടല്‍ ആയി മാറിയ, പഴയ ആ കൊട്ടാരത്തിന് മുന്‍പില്‍ ആയിരം സൂര്യന്മാര്‍ പ്രകാശം ചൊരിയുന്നു...ദശബ്ധങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഒരു രാത്രിയിലാണ് ആ കൊട്ടാരത്തിന്റെ അന്തപ്പുരവാതിലുകള്‍ എരിച്ചടക്കപ്പെട്ടത്‌, നിലവിളികള്‍ ഉയര്‍ന്നത്, വെളുത്ത കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട അല്പപ്രാണനുള്ളതും അല്ലാത്തതുമായ കുറെ ശരീരങ്ങള്‍ ഈ നദിയുടെ ആഴങ്ങളില്‍ അഭയം തേടിയത്...ഒരു പക്ഷെ എനിക്കായി ഈ ദിനം അന്നേ കുറിക്കപ്പെട്ടിരുന്നിരിക്കണം..ചിലപ്പോള്‍ അതിനും മുന്‍പേ...ഇന്ന് ഞാന്‍ നാളെ നീ ..

കുറച്ചു അകലെയായി രണ്ടു ചാക്കുകെട്ടുകള്‍ കുറെ കുമിളകള്‍ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് നദിയിലേക്ക് വീണു..ഇരുളിന്‍റെ മറവില്‍ ചാക്ക് ചുമന്നു വന്ന ഇരുണ്ട രൂപങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞത് അല്പം കൂടി സ്വബോധം എന്നില്‍ അവശേഷിക്കുന്നതുകൊണ്ടാവാം....ആഴങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായേക്കാവുന്ന അടക്കം ചെയ്യപ്പെട്ട അസ്ഥികൂടങ്ങള്‍ക്കും, ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്‍റെ സംഭാവനയായ ഏതാനും ബിയര്‍ കുപ്പികള്‍ക്കും കൂട്ടായി രണ്ടു ചാക്ക് നിറയെ ചീഞ്ഞ പച്ചക്കറികളും മുട്ടയും ബ്രോയിലര്‍ കോഴിയുടെ അവശിഷ്ട്ടങ്ങളും..

എന്‍റെ നിശബ്ദതയെ പരിഹസിച്ചുകൊണ്ട് ഒരു അനൌന്‍സ്മെന്റ് എന്നെ കടന്നുപോയി...നാളെ ടൌന്‍ ഹാളില്‍ വന്‍പിച്ച മത സൌഹാര്‍ദ സമ്മേളനം നടക്കാന്‍ പോകുന്നത്രേ...വിവിധ മതനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്...പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണം പോലും...കേട്ടപ്പോള്‍ ചിരി വന്നു...മത സൌഹാര്‍ദം പോലും..ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലീമിനെയും മൂന്നു മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തിരിച്ചു നിര്‍ത്തിയിട്ടു മതങ്ങളെ സ്നേഹിക്കാന്‍ പ്രസംഗിക്കുന്നതിന് പകരം ആ വേലിക്കെട്ടുകള്‍ പൊളിച്ചെരിഞ്ഞു എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി അന്ന്യോന്ന്യം സ്നേഹിക്കാന്‍ , മനുഷ്യനെ സ്നേഹിക്കാന്‍ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍...

കംസനെ നിഗ്രഹിച്ചു സമാധാനം തിരിച്ചു കൊണ്ടുവന്ന കൃഷ്ണനോ, മനുഷ്യകുലത്തിന്റെ രക്ഷക്കായി മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോ, അറേബ്യയിലെ മണലാരണ്യങ്ങളില്‍ നന്മ പ്രചരിപ്പിച്ച പ്രവാചകനോ ഒരു നിമിഷാര്ധതിന്റെ ആയിരത്തിലൊന്ന് സമയം പോരെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍...

എന്നെ ചിന്തയില്‍ നന്നും ഉണര്‍ത്താനായി ഒരു ചാക്കുകൂടി വള്ളത്തിലേക്ക്‌ വീണു...ചുറ്റും നോക്കി..ഹോട്ടലിലെ സൂര്യന്മാരില്‍ പകുതിയും കണ്ണടച്ച് തുടങ്ങിയിരിക്കുന്നു...പുറകില്‍ വീണ്ടും നിശബ്ധത തന്നെ...കൈത്തണ്ടയിലെ മൂന്നു സൂചികള്‍ സമയത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു..ആ വട്ടത്തിനും അതിലെ കറുത്ത വരകള്‍ക്കും മനുഷ്യന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടോ..

ഞാന്‍ എണീറ്റു..ഒരു ശങ്ക..പലതവണ ആലോചിച്ചു ഉറപ്പിച്ചതാണെങ്കിലും തീരുമാനങ്ങള്‍ക്ക് ഒരു ചാഞ്ചല്യം.. ഇനിയുള്ള യാത്ര മുന്‍പോട്ടോ അതോ പുറകോട്ടോ??? മുന്‍പില്‍ എന്നെ കാത്തിരിക്കുന്ന നിശബ്ധത...പുറകില്‍????

ഒരു കുപ്പി കൂടി നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു..അവസാനത്തെ ശ്വാസവും പുറത്തേക്ക് വിട്ടുകൊണ്ട്...

Tuesday, January 4, 2011

സമയം

സമയം എന്താ ഇങ്ങനെ???എന്തൊരു വേഗത???ഒരു ദിവസം കൂടി കഴിഞ്ഞു...

എത്രയോ നാളുകളുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശേഷം വന്നെത്തുന്ന കാത്തിരിപിന്റെ ആ ദിനങ്ങള്‍ പക്ഷെ നിമിഷാര്ധത്തിന്റെ ആയുസ്സ് മാത്രം അവശേഷിപ്പിച്ചു, ഓര്‍മകളുടെ പുതിയൊരു അദ്ധ്യായം കൂടി തുറന്നുകൊണ്ട് കടന്നുപോകുമ്പോള്‍ സത്യത്തില്‍ വേഗത കൂടുന്നത് എനിക്കുതന്നെയോ അതോ സമയത്തിനോ???