പണ്ടാണ്... പണ്ടെന്നു പറഞ്ഞാൽ അത്രക്കു പണ്ടൊന്നുമല്ല.. എന്നാലും ഇത്തിരി പണ്ട്... താഴ്ന്ന ജാതിക്കാരുടെ (അതിപ്പോ ആരാ ഈ താഴ്ന്നതും ഉയർന്നതും ഒന്നും കണ്ടു പിടിച്ചെ എന്ന് ചോദിക്കരുത്... ചില കാര്യങ്ങളൊക്കെ അങ്ങനെയാണ്... ചോദ്യം ചെയ്യാതെ അനുസരിച്ചേക്കണം) അത്യാഗ്രഹം കേട്ട വാമനൻ നമ്പൂതിരി, മേമന ഇല്ലം ഞെട്ടി തരിച്ചു... " എന്ത് ഇവറ്റകൾക്ക് അമ്പലത്തിൽ കയറണംന്നോ.. താഴ്ന്ന ജാതിക്കാർ അമ്പലത്തിൽ കയറുകേ... ഒരു തീണ്ടാപ്പാട് അകലെ മാറ്റി നിർത്തേണ്ട ജന്മങ്ങൾ, പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കുന്നതും പോരാ... ഇനി അമ്പലത്തിൽ കയറി നമ്മുടെ ദൈവങ്ങളെ തൊഴണം പോലും... ഉവ്വ... നടന്നത് തന്നെ..." വാമനൻ നമ്പൂതിരി ചങ്ങാതിമാരേം കൂട്ടി പ്രതിഷേധിച്ചു...
എന്നിട്ടു എന്തായി.. വാമനൻ നമ്പൂതിരി ഇളിഭ്യനായി .. അമ്പലോം ദൈവങ്ങളും നാട്ടു വഴികളുമൊക്കെ എല്ലാവർക്കും ഉള്ളതായി...
ഇനി പണ്ട് പണ്ട് നടന്നൊരു കഥ പറയാം... അന്ന് വാമനൻ നമ്പൂതിരിയുടെ പിതാക്കന്മാർ രോഷംകൊണ്ട് വിറച്ചു…"അടിയാത്തി പെണ്ണുങ്ങൾ മാറ് മറക്കാനായി സമരം ചെയ്യുന്നോ... കേട്ട് കേൾവി പോലുമില്ലാത്ത കാര്യം... അനുവദിക്കരുത്... ഇതൊക്കെയല്ലേ നമുക് ഒരു ഹരം..."
എന്നിട്ടോ... വാമനൻ നമ്പൂതിരിയുടെ പിതാവും ഇളിഭ്യനായി...

