Monday, August 24, 2015

ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...


കുട്ടികൾ ഓണം ആഘോഷിക്കട്ടെ...
കുറച്ചു ദിവസമായി ഇത് മാത്രവെ കേൾക്കാനൊള്ളൂ.. കേരളത്തിൽ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്ന് മാത്രം... "പ്രേമം".. ഒരു സിനിമ കാരണം ഒറ്റ രാത്രി കൊണ്ട് വഴിതെറ്റിപ്പോയ യുവത്വത്തിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്ന അഭിനവ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നീണ്ട നിരയുമായാണ് ഓരോ ദിവസവും ദൃശ്യ ശ്രാവ്യ പത്ര മാധ്യമങ്ങൾ നാട്ടിലെ പ്രബുദ്ധരായ വോട്ടർ മാരെ ഒന്നുകൂടി പ്രബുദ്ധരാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്...
എന്റെ ഓർമ ശരിയാണെങ്കിൽ കേരള സമൂഹം ആദ്യമായി ഇതുപോലെ വഴി തെറ്റിപോകുന്നത് ചെമ്മീന് ശേഷമാണ്.. ഇട്ടിട്ടുപോയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകളുമായി മലയാളികൾ മുഴുവൻ കടാപ്പുറങ്ങളിൽ പാടി പാടി നടന്നു... എന്നും പോയി പാടാൻ കടൽ അടുത്തില്ലാത്ത പാവം മലയോര വാസികൾ വീട്ടിലെ കിണറിനു ചുറ്റും തെക്ക് വടക്ക് നടന്നു പാടി... രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും താരാദാസും ഒക്കെ കണ്ട ഒരുതലമുറ മുഴുവൻ അധോലോക നായകന്മാരാകാൻ ബൊംബൈക്കു വണ്ടി കയറി... അതും കള്ളവണ്ടി... ടിക്കെറ്റ് എടുത്തു പോയാൽ ഇനി അധോലോകത്ത് എത്തിയില്ലെങ്കിലോ... അന്ന് പോയി അധോലോകത്തിൽ പേരെടുത്ത കൊപ്ര പ്രഭാകരൻ, അനന്തൻ നമ്പ്യാർ, പെരേര, പവനായി തുടങ്ങിയ കൊടും ഭീകരെ പിടിക്കാൻ ഭരത് ചന്ദ്രൻ IPS ആകാൻ പോലീസുകാർ തമ്മിൽ മത്സരിച്ച ഒരു കാലവും ഉണ്ടായിരുന്നു... കാലം പലതു കഴിഞ്ഞെങ്കിലും ഇന്നും ഭരത്ചന്ദ്രൻ പോലീസുകാർക്ക് ഒരു റോൾ മോഡൽ ആണ്... സന്ദേശം കണ്ട് ഇനി രാഷ്ട്രീയക്കാരെ തങ്ങളുടെ പറമ്പിന്റെ ഏഴയലത്ത് കയറ്റില്ല എന്ന് കേരളം ദൃഡ പ്രതിഞ്ജ ചെയ്തു... ഒറ്റ രാത്രി കൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു അരാഷ്ട്രീയ സമൂഹമായി കേരള സമൂഹം മാറി... വളരുംതോറും പിളരുന്ന പാർട്ടികൾ അന്യം നിന്നു.. അവർ ഗാന്ധിയും , യേശുവും, ഹനുമാനും, കൃഷ്ണനും ഒക്കെയായി...

Wednesday, June 10, 2015

മണങ്ങൾ

കുറെ നാളുകൂടി ഇത്തിരി ചൂടും വെളിച്ചവും ഉണ്ടായിരുന്ന ഒരു വൈകുന്നേരം വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു... തെക്കോട്ടും വടക്കോട്ടും നോക്കി അങ്ങനെ നടക്കുന്ന വഴിയിൽ എവിടുന്നോ ഒരു മണം എന്നെ പിടിച്ചു നിർത്തി...എവിടുന്നാനെന്നോ എന്താണെന്നോ മനസിലാകുന്നില്ല.. പക്ഷെ കഴിഞ്ഞു പോയ കാലങ്ങളിൽ എവിടെയോ എനിക്ക് അത്രയും പരിചിതമായിരുന്നു ആ മണം...

പണ്ടൊരു കൂട്ടുകാരൻ പറഞ്ഞത് ഓർമ വന്നു... എപ്പോഴെങ്കിലും നാടൻ ബീഡിയുടെ മണം കേൾക്കുമ്പോൾ അച്ഛനെ ഓർമ്മ വരും എന്ന്... ഓൾഡ്‌ സ്പൈസ് ആഫ്റ്റർ ഷേവിംഗ് ലോഷന്റെ മണം ആയിരുന്നു തന്റെ അച്ഛന് എന്ന് എവിടെയോ വായിച്ചിട്ടും ഉണ്ട് ...
കുറച്ച് മനസമാധാനം എന്നതിൽ കവിഞ്ഞു പ്രത്യേകിച്ചു ലക്ഷ്യസ്ഥാനം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അൽപസമയം ആ മണത്തിന്റെ പിന്നാലെ ചുറ്റി പറ്റി നടക്കാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ ഞാൻ നടന്നു നടന്നു വർഷങ്ങൾ പുറകിലെത്തി... കഴിഞ്ഞു പോന്ന വഴികളിൽ എവിടെയൊക്കെയോ വച്ച് ഓർമക്കുറിപ്പുപോലെ എന്നിൽ ഒട്ടിച്ചേർന്ന പല ഗന്ധങ്ങൾ , ശബ്ദങ്ങൾ, കാഴ്ചകൾ....

Friday, April 3, 2015

നാട്ടുപച്ച

അവിടെ ആ കണ്ടശാം കടവിൽ  ഒരു വിളക്കുമരം ഉണ്ടായിരുന്നു... നാടിനെ നാടാക്കി മാറ്റിയ നവോഥാന നായകന്മാർ കൊളുത്തി വച്ച ഒരു കെടാവിളക്ക്... ആ വിളക്കിനു കാവൽ നിന്ന ഒരുതലമുറ അവിടെ വസിച്ചിരുന്നു... ആധുനികതയുടെ ആർഭാടങ്ങൾ കുറവായിരുന്നെങ്കിലും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും  രക്തം  സിരകളിൽ സ്പന്ധിച്ചിരുന്ന ഒരു കൊച്ചുനാട്...

പക്ഷെ ഇന്ന് ഒരുനാടിനുമുഴുവൻ പ്രകാശം ചൊരിഞ്ഞിരുന്ന ആ വിളക്കുമരം അണഞ്ഞു പോയിരിക്കുന്നു... വിളക്കുകാലുകൾ നിലംപോത്തിക്കഴിഞ്ഞു... വിളക്കിനു കാവലിരുന്ന ആണ്ടിയേട്ടൻ പുഴക്കടവിൽ മരിച്ചു
 കിടന്നു...കട്ടപിടിച്ച ഇരുട്ടിന്റെ മറപറ്റി ഓളപ്പരപ്പിലൂടെ ആ മരണത്തിന്റെ കാരണഭൂതർ  അവിടേക്ക് ഒഴുകിവന്നു... കണ്ടശാം കടവുകാർക്ക് പരിചിതമല്ലായിരുന്ന പുതിയ ആശയങ്ങൾ അവർ അവർക്കു മുൻപിൽ തുറന്നു.... മറ്റേതൊരു നാടിനേയും പോലെ പ്രലോഭനങ്ങളിൽ വീഴാൻ തയ്യാറായി നിന്നിരുന്ന  നിരവധി ആളുകൾ അവർക്ക് സ്വാഗതം ഏകി.

വെറുമൊരു ഭൂമി കച്ചവടക്കാരനായി എത്തിയ കുഞ്ഞുമോന്റെ ആദ്യ ഇര സ്വപ്നങ്ങളും കണക്കുകളുമായി ജീവിക്കുന്ന കുമാരൻ ആയിരുന്നു.. തൊട്ടുപുറകെ സർവൈശ്വര്യവും പ്രദാനം ചെയ്യുന്ന വലംപിരി ശങ്കുമായി കടന്നുവന്ന സിദ്ധൻ... ഇഷ്ടകാര്യ മോതിരം , സർവൈശ്വര്യ മാല തുടങ്ങി കാമ മോഹിത അരഞാണംവരെ ദൈവത്തിന്റെ പേരിൽ ചൂടപ്പംപോലെ കണ്ടശാം കടവിൽ വിറ്റുപോയി.. തങ്ങളുടെ വ്യവസായത്തിന് വളക്കൂറുള്ള ഒരു മണ്ണ് കിട്ടിയത്തിൽ സന്തോഷിച്ചു വീണ്ടും വന്നു പലരും..  അതിന്റെയൊക്കെ ഫലമോ..ദുർമന്ത്രവാദത്തിന്റെ പേരിൽ ബലി കൊടുത്ത രണ്ടു ജീവനുകൾ, പ്രലോഭനങ്ങളിൽ വീണുപോയ   മീൻകാരൻ ബഷീറിന്റെ മകൾ റാബിയ .. ക്രമേണ കണ്ടശാം കടവിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു ജാതിയും മതവും അന്ധവിസ്വാസങ്ങളും അനാചാരങ്ങളും എല്ലാംചേർന്ന്..

Sunday, September 14, 2014

ഞാനും നീയും നമ്മളാവുന്ന ആ കാലം


ഒരു അരിമണിയിൽ ഒരായിരം എഴുതാം എന്നാണു ആദ്യം കേട്ടത്..
ആയിരം അരിമണികൾ വാരിവിതറിയപോലുള്ള മുറ്റത്തെ പൊടിമണ്ണിൽ കൈ വിരലുകൾ ആദ്യമായി ചരിച്ചു തുടങ്ങിയപ്പോൾ എഴുതിയ കൂട്ടക്ഷരങ്ങളുടെ അർഥം 'ഞാൻ', 'നീ', 'ഞങ്ങൾ', 'നിങ്ങൾ', 'അവൻ', 'അവൾ', 'അവർ' എന്നെല്ലാമായിരുന്നു...
എനിക്കും നിനക്കും മുകളിൽ നാമും നമ്മളും ഉണ്ടായിരുന്നു എന്ന് പറഞ്ഞു തരുവാൻ ആരും ഉണ്ടായിരുന്നില്ല ബാല്യകാലങ്ങളിൽ..
നീ നേരെ ചൊവ്വേ പഠിച്ചില്ലെങ്കിൽ നീ തോൽക്കും എന്നല്ല അവൻ നിന്നെ തോൽപ്പിക്കും എന്നാണു കാതുകളിൽ മുഴങ്ങിയത്..
കാലാന്തരേ ഞാനും അവനും നീയും ഓരോ അതിർ വരമ്പുകളായി .. കറുപ്പും വെളുപ്പും ചുവപ്പും പച്ചയും മറ്റു പലതും അതിർത്തികൾ അരക്കിട്ടുറപ്പിച്ചു.. അതിർവരമ്പുകൾ ഒരിക്കലും ഭേധിക്കപെടാതിരിക്കാൻ എനിക്കും മുൻപേ പൂഴിമണ്ണിൽ പതിഞ്ഞ കൈകൾ കാവലിരുന്നു..
അന്ധത മൂടിയ ലോകത്ത് അതിർത്തികൾക്കു കാവലിരിക്കുന്ന കാലഹരണപ്പെട്ട വിഴുപ്പുകെട്ടുകളെ പൊളിച്ചെറിയുന്ന മാറ്റത്തിന്റെ കൊടുംകാറ്റിനായി നമുക്ക് കാത്തിരിക്കാം...
ഞാനും നീയും നമ്മളാവുന്ന കാലത്തിനായി..