അങ്ങിനെ ഓര്‍ക്കുട്ടിലെ അവസാനത്തെ ചെങ്ങാതിയും യാത്ര പറഞ്ഞു പിരിഞ്ഞു..നിദ്രയുടെയും സ്വപ്നങ്ങളുടെയും ലോകത്തിലേക്കുള്ള ക്ഷണം ഇതുവരെയും കിട്ടിയിട്ടില്ലെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കിടക്കാന്‍ തന്നെ തീരുമാനിച്ചു...കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു കട്ടിലില്‍ കയറി..തുറന്നു കിടന്ന ജനലിലൂടെ പ്രകാശം കണ്ട് പറന്നു വന്ന ഒരു വണ്ട് കറങ്ങുന്ന ഫാനില്‍ തട്ടി മുറിയുടെ ഒരു മൂലയിലേക്ക് വന്നതിനെക്കാളും വേഗത്തില്‍ തലകുത്തനെ ക്രാഷ് ലാന്‍ഡ് ചെയ്തു...കൈകാലുകള്‍ ഇളക്കി നേരെ നില്ക്കാന് അത് ശ്രമിച്ചെങ്കിലും ഒരു പാരഗണ്‍ ചെരുപ്പ് ആ ശ്രമങ്ങളെ എന്നെന്നേക്കുമായി നിഷ്ഫലമാക്കി...അടുത്തുകിടന്ന പഴയൊരു ബുക്കിന്റെ താളില്‍ കോരിയെടുത് പുറത്തെ ഇരുളിലേക്ക് വലിച്ചെറിയുമ്പോള്‍ ചെറിയൊരു സഹതാപം ആ പാവം ജീവിയോട് എനിക്ക് തോന്നാതിരുന്നില്ല...
ജനലുകള്‍ തുറന്നുതന്നെ കിടന്നു...ലൈറ്റ് ഓഫ് ആക്കി ഞാന്‍ തിരിച്ചു കട്ടിലില്‍ കയറി..അടുത്ത മുറിയില്‍ നിന്നും മുത്തച്ഛന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി ഒഴിച്ചാല്‍ ബാക്കിയെല്ലാം നിശബ്ദം..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുംബോളാണ് വളരെ കാലത്തിനു ശേഷം ആ പേര് എന്റെ മനസിലേക്ക് കയറിവന്നത്...
പ്രണയം എന്താണെന്നോ എങ്ങിനെയാനെന്നോ ഇന്നുള്ള അത്രയും വിവരങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വെറും 3-ഒ 4-ഒ മാസത്തെ ഓര്‍മ്മകള്‍ മാത്രം നല്‍കിക്കൊണ്ട്, 2003-ലെ SSLC പരീക്ഷ കഴിഞ്ഞ ഒരു മാര്‍ച്ച് മാസത്തില്‍ അവസാനിച്ചു പോയ എന്റെ പ്രണയം..പിന്നീട് ഇന്നുവരെയുള്ള 7 വര്‍ഷങ്ങളില്‍ അവളെ കണ്ടതുതന്നെ വിരലിലെണ്ണാവുന്ന തവണ മാത്രം..പിന്നെന്താണാവോ ഇപ്പോള്‍ ഈ നേരത്ത്????
വെറുതെ പുറത്തേക്ക് ശ്രദ്ധിച്ചുനോക്കി..മഴ പെയ്യുന്നുണ്ടോ??ഇന്നലെ വീണ്ടും കണ്ട തൂവാനതുമ്പികളുടെ ഹാങ്ങ് ഓവര്‍ ഇതുവരെ മാറിയിട്ടില്ല..ആകെക്കൂടി പുറത്തു നിന്നുള്ള ശബ്ദം അടുത്ത വീട്ടിലെ കണ്ടന് പൂച്ച അതിനെകൊണ്ട് ആവുന്ന ഏറ്റവും വൃത്തികെട്ട ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് കറങ്ങി നടക്കുന്നുണ്ട്...മഴ പോയിട്ട് മഴക്കാറുപോലും ഇല്ല...
10-അം ക്ലാസ്സിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന കാലം..ട്യുഷന് ക്ലാസ് കട്ട് ചെയ്യലും, വീട്ടില്‍ പറയാതെ സിനിമക്ക് പോവലും, അല്പസ്വല്പം കളികളും, കുറെ പരീക്ഷകളും ഒക്കെയായി തരക്കേടില്ലാതെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന സമയത്താണ് അത്ര പരിചയമില്ലാത്ത പുതിയൊരു സംഗതി ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്...പരിച്ചയമില്ലാത്തത് എന്നതുകൊണ്ട് ഉദേശിച്ചത് ഞങ്ങളുടെ ആ ഗ്രൂപ്പില്‍ പുതിയത് എന്നുമാത്രമാണേ...
ഒരു ദിവസം ഉച്ചക്ക് ഏതോ സിനിമാക്കഥ ( മീശമാധവന് ആണെന്നാണ് ഓര്‍മ്മ) പറഞ്ഞുകൊണ്ടിരുന്നപ്പോളാണ് ഹോട്ട് ന്യൂസ് എത്തിയത്..
" ഡാ, അറിഞ്ഞോ, അവരുതമ്മില് ലൈനാ.."
"ഓഹോ"
ദൂരെ നടന്നു പോകുന്ന 2 പേരെ ചൂണ്ടിയാണ് ചങ്ങാതി അതീവ രഹസ്യമായി കാര്യം അറിയിച്ചത്..പിന്നീടങ്ങോട്ട് പ്രണയത്തിന്റെ വസന്ത കാലമായിരുന്നു ക്ലാസ്സില്‍...രാവിലെയും ഉച്ചക്കും വൈകിട്ടുമൊക്കെ കൂടെ നടന്നിരുന്നവര്‍ പെട്ടെന്ന് ബിസി ആയി..തിരക്കൊഴിഞ്ഞ ക്ലാസ് മുറികളിലോ മരത്തനലിലോ, ഗ്രൌണ്ടിലെ ഗ്യലറിയിലോ ഒക്കെയായി പലരുടെയും ജീവിതം മാറിയപ്പോള്‍ അവശേഷിച്ചത് ഞങ്ങള്‍ കുറച്ചു പേര് മാത്രം...
പലരുടെയും പ്രണയം പല രീതിയിലായിരുന്നു...എന്നും വൈകിട്ട് കളിക്കാന്‍ ഞങ്ങളുടെയൊപ്പം നിന്നിരുന്ന ഒരു ചങ്ങാതി, ഒരു ദിവസം നോക്കുമ്പോള്‍ ക്ലാസ് വിട്ടപാടെ സൈക്കിളും എടുത്ത് വെടിയുണ്ടപോലെ പായുന്നത് കണ്ടു..പിറ്റേന്നാണ് ഞങ്ങള്‍ സംഭവം അറിഞ്ഞത്.. അവന് നോക്കുന്ന പെണ്‍കുട്ടി പോകുന്നത് സ്കൂള്‍ ബസില്‍ ആണ്..രണ്ടുപേരും ഒരേ റൂട്ടില്‍..അളിയന് സൈക്കിളില്‍ സ്കൂള്‍ബസിനെ ഓവര്‍ടെയ്ക്ക് ചെയ്യാന്‍ പോയതാണ് ഞങ്ങള്‍ കണ്ടത്...അന്ന് അവന് കഷ്ടപ്പെട്ട് സ്കൂള്‍ ബസിനെ ഓവര്‍ ടെയ്ക്ക് ചെയ്തു മുന്പിലെത്തിയപ്പോള് സൈകിളിന്റെ ചെയിന്‍ പൊട്ടിയതും ഡ്രൈവറിന്റെ ചീത്ത വിളികേട്ടു ബുസിലുള്ളവര്‍ മുഴുവന്‍, അവന്റെ കുട്ടി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചതും , പാവം അവസാനം സൈക്കിളും തള്ളി വീട്ടില്‍ പോയതും ചരിത്രം...
മറ്റുള്ളവരുടെ കുടുംബ ജീവിതം സുസ്ഥിരമാക്കാന്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു കൊടുത്തിരുന്നു...ഒരു ദിവസം അങ്ങിനെയൊരു സഹായം ചെയ്തുകൊടുക്കാന്‍ പോയ ഞാന്‍ ചെന്ന് ചാടിയത് എന്റെ അച്ഛന്റെ മുന്നില്‍..അന്ന് പുള്ളി എന്നെ കൊന്നില്ലാന്നെ ഉള്ളു...സ്കൂള്‍ ബസ് ഇല്ലാതിരുന്നതുകൊണ്ട് 5-അം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയെയും കൂട്ടിയെ വൈകിട്ട് ചെല്ലാവൂ എന്ന് പറഞ്ഞുവിട്ടതാണ്...പക്ഷെ, ഒരു കുടുംബം രക്ഷപെടുത്താനുള്ള ശ്രമത്തിനിടയ്ക്ക് അനിയത്തി പകുതിവഴിയിലാനെന്നുള്ള കാര്യം മറന്നുപോയി..എന്റെ കഷ്ടകാലത്തിന് പെട്ടത് അച്ഛന്റെ മുന്‍പിലും..ബാക്കി കാര്യം പറയേണ്ടതില്ലല്ലോ...ഞാന്‍ രക്തസാക്ഷി ആയിട്ടാണെങ്കിലും വേണ്ടില്ല അവരുടെ പ്രണയം സഫലമായതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ടായി...
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകുന്നതിനിടക്കാണ് എനിക്ക് തോന്നിയത്.."എനിക്കും വേണ്ടേ ആരെങ്കിലുമൊക്കെ??"അന്വേഷണം തുടങ്ങി..അധികം കഷ്ടപ്പെടേണ്ടി വന്നില്ല ഞാന്‍ കണ്ടുപിടിച്ചു..കാണാന്‍ കുഴപ്പമില്ല, അത്യാവശ്യം പഠിക്കും, പിന്നെ എന്റെ ഡിമാന്‍ട്സ് ആയ മുടി, ചിരി..മൊത്തത്തില്‍ നല്ല കുട്ടി..ആകെ പ്രശ്നം ഞാന്‍ ക്രിസ്ത്യന്‍ അവള് ഹിന്ദു..പക്ഷെ, അതിപുരോഗമനചിന്താഗതിക്കാരനായ എന്നെ സമ്പന്ധിച്ചിടത്തോളം ജാതിയും മതവും ഒരു പ്രശ്നമേ അല്ലായിരുന്നു..ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപറഞ്ഞ ശ്രീ നാരായണ ഗുരുവിനെ ഞാന്‍ എന്റെയും ഗുരുവായി സ്വീകരിച്ചു...
കാര്യം ഒരാഴ്ചകൊണ്ട് തപ്പിയെടുത്തതാണെങ്കിലും ഞാന്‍ വളരെ കാലം മുന്‍പുതന്നെ അവളെ ശ്രദ്ധിച്ചിരുന്നു..7-അം ക്ലാസില്‍ വച്ച് ഏതോ ഒരു മലയാളം പദ്യം പഠിക്കാത്തതിന് ക്ലാസ് ടീച്ചര്‍ ആയിരുന്ന സിസ്റ്റര്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞത്, 9-അം ക്ലാസില്‍ കമ്പ്യുട്ടെരിന്റെ സെമിനാര്‍ എടുക്കാന്‍ ഒരു നീല ചുരിദാറില്‍ വന്നതും സര് ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതുകൊണ്ട് റിപീറ്റ് കിട്ടിയതും, 10-ആം ക്ലാസിന്റെ തുടക്കത്തില്‍ ക്ലാസ് തിരിച്ചപ്പോള്‍ കൂട്ടുകാര്‍ വേറെ ക്ലാസ്സില്‍ ആയി പോയതിനു കണ്ണ് നിറച്ചതും...അങ്ങിനെ പലപ്പോളും...
അവസാനം എനിക്കും ലൈന്‍ ആയി...ഇനി പ്രശ്നം ഇത് അവളോട് എങ്ങിനെ പറയും എന്നുള്ളതാണ്...മറ്റുള്ളവരെ സഹായിക്കാന്‍ ഉണ്ടായിരുന്ന ധൈര്യം സ്വന്തം കാര്യം വന്നപ്പോള്‍ എവിടെപോയി എന്നറിഞ്ഞുകൂടാ..അവളുടെ അടുത്തുക്കൂടെ പോവാന്‍ തന്നെ ഒരു പേടി..അവസാനം ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് കാര്യം പറഞ്ഞു..അവന് അവന്റെ ആത്മാര്‍ഥത ആത്മാര്തമായിത്തന്നെ കാണിച്ചു...അവന് അവന്റെ ഒരു കൂട്ടുകാരിയോട് സംഭവം പറഞ്ഞു...ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല..അന്ന് വൈകിട്ടുതന്നെ BBC-യില്‍ ഫ്ലാഷ് ന്യൂസ് വന്നു...ഇതൊന്നുമറിയാതെ പിറ്റേന്ന് ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടുകാരന് ഹാപ്പിയായി പറഞ്ഞു..."അളിയാ, ഞാന്‍ എല്ലാം റെഡി ആക്കിയിട്ടുണ്ട്..." ഞാനും ഹാപ്പിയായി..ഉച്ചക്ക് മുന്‍പുള്ള 4 പീരിടുകള്‍ക്ക് 4000 വര്‍ഷങ്ങളുടെ താമസം...അവസാനം ബെല്‍ അടിച്ചു..ചോരുന്നാനോന്നും നില്‍ക്കാതെ ഓടി അടുത്ത ക്ലാസ്സിലേക്ക്...( ഞാന്‍ A ഡിവിഷനില്‍ , അവള് B യില്‍). ദൂരെനിന്നെ കണ്ടു അവളുടെ മുഖത്ത് എന്തോ ഒരു പന്തികേട്..അപ്പോളേക്കും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വന്നു പറഞു.."നീ ഇപ്പൊ അവളോട് ഒന്നും ചോദിക്കേണ്ട..ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം.."
വൈകിട്ട് അവന്റെ ഫോണ്‍ വന്നു..."പോട്ടെ ഡാ, സാരമില്ല, അവള്‍ക്കു നിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞു.."തീയേറ്ററില്‍ 2 മണിക്കൂര്‍ ക്യു നിന്ന് അവസാനം ടിക്കെട്ടിനായി കൈ നീട്ടിയപ്പോള്‍ ഹൌസ് ഫുള്‍ ആയ അവസ്ഥ..ഉറങ്ങിയിട്ടില്ല അന്ന് ഞാന്‍...എന്തൊക്കെ പ്രതീക്ഷകളായിരുന്നു....പിറ്റേന്ന് ഞാന്‍ തീരുമാനം എടുത്തു...ആരുടേയും സഹായം വേണ്ട..ഞാന്‍ തനിയെ സംസാരിച്ചോളാം ...പക്ഷെ സ്കൂളില്‍ ചെന്ന് അവളുടെ മുന്നിലെത്തിയപ്പോള്‍ വീണ്ടും മുട്ടിടിച്ചു..അവളാണെങ്കില്‍ കാണാത്ത ഭാവത്തില്‍ നടന്നുപോയി...
ഇതിനിടയില്‍ മറ്റൊരു ഇരുട്ടടി കൂടി എനിക്ക് കിട്ടി...രാവിലെ നേരത്തെ എനില്ക്കാന് വയ്യ എന്ന ഒറ്റ കാരണംകൊണ്ട് ഞാന്‍ ട്യുഷന് നിര്‍ത്തിയതിനു തൊട്ടടുത്ത ദിവസം അവള് അവിടെ ചേര്‍ന്നു...എനിക്ക് എന്നോട്തന്നെ സഹതാപം തോന്നിപ്പോയി...ആദ്യമായി ആ ട്യുഷന് ക്ലാസിന്റെ ചുമരുകളെ ഞാന്‍ കൊതിയോടെ ഓര്‍ത്തു..
ഇനി എന്തുവേണം എന്നു ആലോചിചിരുന്നപ്പോളാണ് ഒരു കൂട്ടുകാരി വഴി അവളുടെ നമ്പര്‍ കിട്ടിയത്...പലതവണ ആലോചിച്ചു ഒടുവില്‍ വിളിക്കാന്‍തന്നെ തീരുമാനിച്ചു...പലരും പറഞ്ഞു കേട്ടിട്ടുണ്ട് സെന്ടിമെന്‍സ് ആണ് പ്രണയത്തിന്റെ ബേസിക് ഫാക്ടര്‍ എന്നു...അതുകൊണ്ട് അവളോട് പറയാന്‍ കുറെ കിടിലന്‍ സെന്റി ഡയലോഗുകളും ഞാന്‍ കാണാതെ പഠിച്ചു...വീട്ടില്‍ ആരും ഇല്ലാതിരുന്ന ഒരു ശനിയാഴ്ച എങ്ങിനെയൊക്കെയോ ധൈര്യം സംഭരിച്ചു ഞാന്‍ അവളെ വിളിച്ചു...(ങ്ങാ, അത് പറയാന്‍ മറന്നു..ഈ മെയിന്‍ കോളിനു മുന്‍പ് ഞാന്‍ ഒന്ന് രണ്ടു തവണ ട്രയല്‍ നടത്തി നോക്കിയിരുന്നു..അവളുടെ വീട്ടിലേക്കു വിളിച്ചു ഹെലോ കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കുക, കട്ട് ചെയ്യുക തുടങ്ങിയ പഴഞ്ചന്‍ പരിപാടികള്‍) ...അവസാനം ഞാന്‍ വിളിച്ചു...
"ഹലോ", ഭാഗ്യത്തിന് അവളാണ് ഫോണ്‍ എടുത്തത്..
"ഞാനാണ്"
:മനസിലായി.."
പേടികാരണം ഞാന്‍ പഠിച്ച ഡയലോഗെല്ലാം മറന്നുപോയി...ഫോണിന്റെ റിസീവര്‍ എന്റെ കൈയിലിരുന്നു കൊല്ലാന്‍ പിടിച്ച കോഴിയെപ്പോലെ ആടാന്‍ തുടങ്ങി...അവസാനം വായില്‍ വന്നത് ഇങ്ങനെ..
"ഞാന്‍ എന്തിനാ വിളിച്ചത് എന്നു അറിയില്ലേ???"
"ഇല്ല"
"അത് വെറുതെ...എന്തായാലും പറയാം..എനിക്ക് നിന്നെ ഇഷ്ടമാണ്..."
ഫോണ്‍ കട്ട് ചെയ്തു...ഞാനല്ല..അവള്...വിയര്‍ത്തു കുളിച്ചു, 100 മീറ്റര്‍ റെയ്സ് നടത്തുന്ന ഹൃദയവുമായി ഞാന്‍ ബെഡ്ഡിലേക്ക് വീണു...നോര്മലാവാന് 5 മിനിറ്റ് എടുത്തു എന്നാണു ഓര്മ...
2 ദിവസത്തേക്ക് ഞാന്‍ അവളെ കണ്ടില്ല...അങ്ങോട്ട് പോയില്ല എന്നതാണ് സത്യം...പിന്നീട് അറിഞ്ഞു ഞാന്‍ വിളിക്കുമ്പോള്‍ അവളുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു എന്നും, അവര്‍ എന്താണ് സംഭവമെന്ന് ചോദിച്ചെന്നും, ഒരു വിധത്തില്‍ രക്ഷപെട്ടെന്നും...
എന്തായാലും ഒരു കാര്യം ഉറപ്പായി..അവള്‍ക്കു എന്നെ യാതൊരു മൈന്ടും ഇല്ല...
അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത്..ഞാന്‍ വീട്ടില്‍ നിന്നും വരുന്ന ബസില്‍ തന്നെയാണ് മിക്കവാറും ദിവസങ്ങളില്‍ ട്യുഷന് കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ അവള് കയറുന്നതും..ചില ചെറിയ ഐഡിയാസ് മൊട്ടിട്ടു...ഒരു ദിവസം അവള് ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നത് ഞാന്‍ കണ്ടതാണ്..പക്ഷെ ഒപ്പം ചെല്ലാന്‍ ധൈര്യം വന്നില്ല..എന്തായാലും അടുത്ത ദിവസം ഒന്നുമറിയാത്തത്പോലെ ഞാന്‍ നേരെ അവളുടെ മുന്പില് എത്തി...'അപ്രതീക്ഷിതമായി' അവളെ കണ്ടപ്പോള്‍ എനിക്ക് വന്‍ അത്ഭുതം...എന്തൊക്കെയോ നാട്ടു വര്‍ത്തമാനങ്ങളും പറഞു ഞങ്ങള്‍ നടന്നു..സ്കൂള്‍ വരെ...അന്ന് പെട്ടെന്ന് സ്കൂള്‍ എത്തിയത് പോലെ...ക്ലാസിലേക്ക് കയറുന്നതിനു മുന്‍പ് അവള് പറഞ്ഞു...
"നിന്നെ ഞാന്‍ സമ്മതിച്ചു..നിനക്ക് എങ്ങിനെയാ ഇത്രയും ധൈര്യം കിട്ടിയേ...എന്റെ വീട്ടിലേക്കു വിളിക്കാന്‍???"
"ഓ.. അതിനിപ്പോ ഇത്ര ധൈര്യം എന്തിനാ..എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വിളിച്ചു പറഞു..അത്രയേ ഉള്ളു.."
അവള് ക്ലാസിലേക്ക് കയറി..ഞാന്‍ എന്റെ ക്ലാസിലേക്കും...അന്നത്തെ ഫോണ്‍ കോളിന്റെ വിറയല്‍ അപ്പോളും മാറിയിരുന്നില്ല..എന്തായാലും അന്നത്തോടെ ഒരു ഉപകാരം ഉണ്ടായി...അതില്‍ പിന്നെ അവള് ആ ബസില്‍ കയറിയിട്ടില്ല...
10-ആം ക്ലാസിന്ട്വ അവസാനത്തോടടുക്കുന്നു...എന്റെ പ്രണയം എന്റെ ഉള്ളില്‍ തന്നെ എരിഞ്ഞുകൊണ്ടിരുന്നു..ആനിവേഴ്സറിയുടെയും , ഒറ്റൊഗ്രാഫിന്റെയും സമയം ആഗതമായി...പുറം ലോകം അറിയാതിരുന്ന പല പ്രണയങ്ങളും ഓട്ടോഗ്രാഫിന്റെ നിറമുള്ള താളുകളില്‍കൂടി പുറത്തു വന്നു..അതിന്റെ ചില്ലറ കോലാഹലങ്ങള്‍ വേറെയും..എന്തെങ്കിലും ഒരു സംഭവം കിട്ടിയാല്‍ അത് പിന്നെ നാട് മുഴുവന്‍ അറിയിച്ചില്ലെങ്കില്‍ ആര്‍ക്കും (ഞാന്‍ ഉള്‍പ്പെടെ) സമധാനമാകില്ലാത്തതുകൊണ്ട് എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ കൂട്ടുകാര്‍ എഴുതുന്ന ഓരോ വരിയിലും അവളുടെ പേര് ഉണ്ടായിരുന്നു...
അന്നത്തെ ആനിവേഴ്സറി ദിവസം രാത്രി എന്റെ ഓട്ടോഗ്രാഫ് കറങ്ങിത്തിരിഞ്ഞ് അവളുടെ കൈകളിലൂടെ എന്റെ അടുക്കല്‍ മടങ്ങിയെത്തി..അവള് എഴുതിയ താളിനായി ഞാന്‍ പരതി...2 lines..
" love fails...but friendship never fails.."
ആ ബുക്ക് വലിച്ചെറിയാന്‍ തോന്നിയെങ്കിലും അടുത്തിരുന്നവര്‍ക്ക് ആ വരികളും ആഘോഷിക്കാനുല്ലതായിരുന്നു ...ഞാന്‍ എണിറ്റു മാറി ഇരുന്നു അധികം തിരക്കില്ലാത്ത ഒരു വശത്തേക്ക്...എന്തോ..ചെറിയൊരു സങ്കടം...
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു...pre model, model, study leave, അവസാനം SSLC exam...എനിക്ക് ഉറപ്പായിരുന്നു എല്ലാം ഇവിടംകൊണ്ട് അവസാനിക്കും എന്ന്... അങ്ങിനെയിരുന്നപ്പോള്‍ തോന്നി അവളോട് ഒരു സോറി പറഞ്ഞേക്കാം...കാരണവും ഉണ്ട്..ആ ഇടക് എനിക്ക് കുറെ ചെറിയ കാര്‍ഡുകള്‍ കിട്ടി...അവയില്‍ ഒന്ന് രണ്ടു അതിലും ചെറിയ വരികളും...ആ വരികളില്‍ ഒന്നില്‍ i'm sorry എന്നുണ്ട്...ആ ഇത്തിരി സ്ഥലത്ത് ഞാന്‍ എഴുതി...
" i'm sorry for everything..i know love fails..but friendship?????
i'm sorry once again..."
പരീക്ഷ കഴിഞ്ഞ ഒരു വൈകുന്നേരം കൂട്ടുകാരന്റെ സൈക്കിളും എടുത്ത് ഞാന്‍ ഇറങ്ങി..ആ കാര്‍ടെങ്കിലും അവള്‍ക്കു കൊടുക്കണമെന്ന് എനിക്ക് അത്രക്ക് ആഗ്രഹം ഉണ്ടായിരുന്നു...വീട്ടിലേക്കു നടക്കുന്ന അവളുടെ ഒപ്പമെത്തി ഞാന്‍ കാര്‍ നീട്ടി..
"എന്താ ഇത്??"
"ഒരു കാര്‍ഡ്...just ഒരു sorry"
"എനിക്ക് വേണ്ട"
"പ്ലീസ്..ഇത് വാങ്ങിക്..."
"എനിക്ക് പേടിയാ.." അവള് നടന്നു...കുറെ സമയം ഞാന്‍ അവിടെത്തന്നെ നിന്നു...അവസാനം ആ കാര്‍ഡ് പല തുണ്ടുകളായി വഴിയരികിലെ ഓടയിലേക്കു വീണു...അവസാനത്തെ തുണ്ടും ഒഴുകി മറയുന്നത് നോക്കിനിന്ന ശേഷം ഞാന്‍ സൈക്കിള്‍ തിരിച്ചു...ദേഷ്യം, സങ്കടം, ചമ്മല്...എല്ലാം ഒരുമിച്ചായിരുന്നു അപ്പോള്‍...
പ്രതീക്ഷിച്ചതുപോലെ അതോടുകൂടി എല്ലാം അവസാനിച്ചു...പരീക്ഷ കഴിഞ്ഞു ...റിസള്‍ട്ട് വന്നു...+1,+2, പിന്നീട് 2,3 വര്‍ഷത്തേക്ക് ഞാന്‍ അവളെ കണ്ടിട്ടേ ഇല്ല...ഇടക്ക് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും പറഞ്ഞു കേട്ടങ്കിലായി ..അതും വല്ലപ്പോഴും...3 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിന്നീട് അവളെ കണ്ടത്..ഒരു വൈകിട്ട് ഹോസ്റ്റലിലേക്ക് പോവാന്‍ ഇറങ്ങിയ ഞാന്‍ ടൌണിലെ തിരക്കില്‍ അവള് നടന്നു പോകുന്നു...അന്ന് ഹോസ്റ്റെലില്‍ എത്തിയ ശേഷം ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അവളെ തപ്പി എടുക്കുക ആയിരുന്നു...അധികം കഷ്ടപ്പെടാതെ ആ പ്രൊഫൈല്‍ കിട്ടി...വെറുതെ കയറി നോക്കി..2 ദിവസം കഴിഞ്ഞു അവളുടെ friend request വന്നു...കൂടെ ഒരു സ്ക്രാപ്പും..."ഓര്‍മ്മയുണ്ടോ???എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍???ഇപ്പോള്‍ എവിടെയാ??"
ഓര്‍മ്മയുണ്ടോന്നു...എന്നോട്...!!!!!!!!! അത് അങ്ങനെ അവസാനിച്ചു...
ഇപ്പോള്‍ 7 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ആകെ കൂടി അവളെ കണ്ടത് മൂന്നോ നാലോ തവണ മാത്രം...അതും ബസില്‍ വച്ചു...അവള് എന്നെ കണ്ടിട്ടേ ഇല്ല...ഓണത്തിനോ ക്രിസ്തുമസിനോ, പിറന്നാളിനോ മറ്റോ വരുന്ന ഒരു സ്ക്രാപ്പ്, ഒരു ആശംസ...അതിനൊരു റിപ്ലേ.."thanks...,same to u.." ഇത്രമാത്രം....പക്ഷെ ഒന്നുണ്ട്...അവസാനം വിളിച്ച ഫോണ്‍ നമ്പര്‍ പോലും മറന്നു പോകുന്ന ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട് 7 വര്‍ഷം മുന്‍പ് വിളിച്ച ആ നമ്പര്‍... ഇന്നും ഞാന്‍ പ്രതീക്ഷികാരുണ്ട്..എന്നെങ്കിലും ഒരിക്കല്‍ ,എവിടെയെങ്കിലും വച്ചു, അവളെ വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന്...അന്ന് ഏതെങ്കിലും ഒരു കോഫീ ഷോപ്പിന്റെ ടേബിളിന്റെ മുന്പിലിരുന്നു ഒരിക്കല്‍ കൂടി അവളോട് പറയാന്‍...ആ പഴയ ഇഷ്ടം ഇപ്പോളും മനസിന്റെ കോണുകളില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന്...
Monday, October 18, 2010
Subscribe to:
Post Comments (Atom)
9 comments:
ഞാന്‍ റിതുവിലാണ് ആദ്യം ഈ പോസ്റ്റ് കാണുന്നത്...മനോഹരമായിട്ടുണ്ട്....റിതുവിലെ ലിങ്ക് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു...എന്റെ വകയായി ഇത് കിടക്കട്ടെ...എന്റെയും ഒരു കൌമാര പ്രണയത്തിന്റെ ഓര്‍മയ്ക്കായി...
all of u have a luk at this link and read the comments...
http://rithuonline.blogspot.com/2010/10/blog-post_17.html
nathe ni vijrumbha chithanayirunno???arinjilla ninne njan...enthayalum kalaki aliya....
@kuttoosan
@jomin.....thaaank uuuuuuuuu.............
da cafelayathondu motham vayichila vayichathrem kidilam...:-*
ഈ കഥ ( സോറി..ഇതിനെ കഥയെന്നു വിളിക്കാമോ എന്നറിയില്ല...) 'ഋതു' വില്‍ പോസ്റ്റ് ചെയ്തതാണ്...അവിടുന്നാണ് ഞാന്‍ ഈ പ്രൊഫൈലില്‍ എത്തിയത്...ഇവിടുള്ള കമെന്റ്റ്സിന്റെ കൂടെ 'ഋതു' വിലെ അഭിപ്രായങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുന്നു...
ഇതാണ് ലിങ്ക് ..
https://www.blogger.com/comment.g?blogID=8279919560677264267&postID=5365076428186431706
ഇവിടെ ഉള്ള എല്ലാവര്ക്കും 'ഋതു' വിലേക്ക് ഹാര്‍ദവമായ സ്വാഗതം...
വളരെ നന്നായി എഴുതി...
ആ പത്താം ക്ലാസ്സുകാരന്റെ മനസ്സിനൊപ്പം സഞ്ചരിച്ചു..
ബാക്കി കൂടി ഒന്ന് വായിക്കട്ടെ..
തോടുപുഴക്കരനാനല്ലേ.. പറ്റിയാല്‍ നാട്ടില്‍ വരുമ്പോള്‍ കാണാം..
(എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി .. )
ചുള്ളാ.. ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു, 'ആത്മകഥാംശമുള്ള' ഈ കഥ...!! നന്നായിരിക്കുന്നു.
@അന്വേഷകന്...തീര്‍ച്ചയായിട്ടും കാണണം...
@shadeed | ഷെദീദ്
നിങ്ങള്‍ ചിരിച്ചോ കള്ള താടിക്കാരാ...
thank u so much
Too lovely feelings..beyond words to comment..
Post a Comment