Monday, February 14, 2011

ഓര്‍ക്കുട്ടിന്റെ ഓര്‍മയ്ക്കായി...

അന്ന്...

അന്നെന്നു പറഞ്ഞാല്‍ എന്നാ???ഏകദേശം ഒരു അഞ്ചു അഞ്ചര വര്‍ഷം മുന്‍പുള്ള സമയം...വൈകുന്നേരങ്ങളിലെ പതിവ് നേരമ്പോക്കുകള്‍ക്കിടയില്‍ ഒരു ചങ്ങാതി പറഞ്ഞു.. "അറിഞ്ഞോ, പുതിയൊരു വെബ്സൈറ്റ് ഉണ്ട്..പേര് ഓര്‍ക്കുട്ട്..അതില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ നമുക്ക് കുറെ കൂട്ടുകാരെ കിട്ടും..."

അങ്ങിനെ പിറ്റേ ദിവസം വൈകിട്ട് ഈ പുതിയ സംഭവത്തിനെ ഒന്ന് പരിചയപ്പെട്ടു കളയാം എന്ന് വിചാരിച്ചു നേരെ കഫെയിലേക്ക്..ഇന്ന് പതിവില്ലാതെ എന്നെ തനിയെ കണ്ടതിലുള്ള അത്ഭുതവും, എന്നുമുള്ള അര്‍ഥം വച്ച ചിരിയും കൂടിക്കലര്‍ന്ന ഒരു ഊടായിപ്പു സ്വാഗതം ആശംസിച്ചിട്ടു കഫേയിലെ ചേട്ടന്‍ എന്റെ ക്യാബിന്‍ കാണിച്ചു തന്നു...

വിന്‍ഡോസ്‌ XP യുടെ നീല സ്ക്രീനില്‍ എനിക്കായി വീണ്ടുമൊരു സ്വാഗതം.. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എടുത്തു www.orkut.com അടിച്ചു..വന്നതും ഒരു നീല നിറത്തിലുള്ള പേജ്..അപ്പോളാണ് ഒരു പ്രശ്നം ശ്രദ്ധിച്ചത്..ഓര്‍ക്കുട്ടില്‍ അക്കൌന്റ് തുടങ്ങണമെങ്കില്‍ ജിമെയില്‍ id വേണം..എനിക്ക് ആകെ ഉള്ളത് ഒരിക്കല്‍ മാത്രം തുറന്നു നോക്കിയ ഒരു റെഡിഫ് മെയിലും..ഇനി എന്ത് ചെയ്യാന്‍...തിരിച്ചു പോരുന്നതിനു മുന്‍പായി ഹിസ്റ്ററി പരിശോധിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ ഡിക്ഷനറിയില്‍ ആഡ് ചെയ്തു ഞാന്‍ വാതില്‍ തുറന്നു...

ഇത് എന്റെ ആദ്യത്തെ ഓര്‍ക്കുട്ട് അനുഭവം..

ഇന്റെര്‍നെറ്റിന്റെ ലോകം പരിചയപ്പെട്ടു തുടങ്ങിയ ആ കാലത്ത്, അടച്ചിട്ട ക്യാബിനുകളില്‍ ഈ ഡയല്‍അപ്പ്‌ മോഡത്തിനു അല്പം കൂടി വേഗത കൊടുക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, പകുതി മാത്രം ലോഡ് ആയ പേജിലേക്ക് അന്തം വിട്ടു നോക്കിയിരുന്ന, ഒന്നില്‍ കൂടുതല്‍ ഈമെയില്‍ ഐഡി എന്ന് പറഞ്ഞാല്‍ ആര്ഭാടമായിരുന്ന,ഒരു ജിമെയില്‍ ഇന്‍വിട്ടെഷന്‍ കിട്ടാന്‍ വേണ്ടി കൂട്ടുകാരുടെ പുറകെ നടന്നിരുന്ന, മണിക്കൂറിനു 30ഉം,40ഉം,50ഉം രൂപവരെ ചാര്‍ജ് വാങ്ങിയിരുന്ന ഇന്റര്‍നെറ്റ്‌ കഫേകള്‍ ഉണ്ടായിരുന്ന ആ കാലത്ത് സൌഹൃദതിന്റെതായ പുതിയൊരു ലോകം തുറന്നു തന്നവനായിരുന്നു ഓര്‍ക്കുട്ട്...

ആദ്യത്തെ ഒരു അപരിചിതതത്തിനു ശേഷം പെട്ടെന്ന് കൂട്ടുകാരനായി മാറിയ അവനാണ് ഇന്റെര്‍നെറ്റിന് ഇങ്ങനെയും ഉപകാരമുണ്ടെന്നു നമ്മുടെ നാടിനെ പഠിപ്പിച്ചത്..കൊഴിഞ്ഞ പോയ നാള്‍ വഴികളിലെങ്ങോ കണ്ടുമുട്ടി, കുറച്ചുദൂരം കൂടെ നടന്നു, ഒടുവില്‍ ഓര്‍മകളുടെ ചാരത്തില്‍ മൂടപ്പെട്ടു തുടങ്ങിയ ഒരുപിടി കൂട്ടുകാരെ തിരിച്ചു കിട്ടിയത്, ഒരിക്കല്‍ക്കൂടി ആ സൌഹൃദത്തിന്റെ കനലുകള്‍ ഊതി തെളിച്ചത്, അതിന്നും കെടാതെ തുടര്‍ന്ന്കൊണ്ട് പോകുന്നത് ഒക്കെയും അവനിലൂടെ ആയിരുന്നു...എന്തിനും ഏതിനും കമ്യൂണിറ്റികള്‍ തുടങ്ങി അവിടെ തല്ലുകൂടിയും, വെടിപറഞ്ഞും , മരമണ്ടന്‍ ഫോറങ്ങളും പോളുകളും ആരംഭിച്ചു സമയം കളഞ്ഞതിനും അവനായിരുന്നു സാക്ഷി...

ആദ്യമായി ആയിരം സ്ക്രാപ്പ് തികഞ്ഞ ദിവസം കൂട്ടുകാര്‍ക്ക് ചെലവ് ചെയ്തതും(സ്ക്രാപ്പ് എന്നാ വാക്ക് മലയാളിയെ പഠിപ്പിച്ചതും ഓര്‍ക്കുട്ടാണ്), ആദ്യം 25 ഫോട്ടോയെ അപ്ലോഡ് ചെയ്യാന്‍ പറ്റൂ എന്ന ലിമിറ്റ് 100 ആക്കിയ ദിവസം ഫോട്ടോയ്ക്കായി ഓടിനടന്നതും, ഫ്രണ്ട് ലിസ്റ്റില്‍ മൂന്നക്കം കണ്ട ദിവസം സന്തോഷത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആഡ് ചെയ്തതും, അത് പിന്നീട് പണി ആയതും, ആദ്യമായി ചാറ്റ് വിന്‍ഡോ കണ്ടു ഇതെന്തു സാധനം എന്ന് അന്തംവിട്ടതും, പ്രൊഫൈല്‍ പേജ് ഫില്‍ ചെയ്യാന്‍ അറിയാവുന്ന മലയാളത്തിനു സ്റ്റാന്‍ഡേര്‍ഡ് പോരാഞ്ഞ് ഇംഗ്ലീഷ് ബുക്കുകളുടെയും, സിനിമകളുടെയും, ടി വി പരിപാടികളുടെയും പേര് ഗൂഗിളില്‍ തപ്പിയതും , ഒരാള്‍ ആദ്യമായി (അവസാനമായും ) നിന്റെ പ്രൊഫൈല്‍ വായിക്കാന്‍ നല്ല രസമുണ്ടല്ലോട എന്ന് പറഞ്ഞതിന്റെ രോമാഞ്ചത്തില്‍ രണ്ടു മണിക്കൂര്‍ കൂടി കഫെയില്‍ ഇരുന്നതുമെല്ലാം അവന്‍ കാരണമാണ്..

ജീവിതം അങ്ങിനെ ഓര്‍ക്കുട്ടിനൊപ്പം പൊയ്ക്കൊണ്ടിരുന്നു...പല്ല് തേച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കോളേജില്‍ പോയില്ലെങ്കിലും വൈകുന്നേരത്തെ ഓര്‍ക്കുട്ടിംഗ് ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു..

ദോഷം പറയരുതല്ലോ, ജീവിതത്തില്‍ ഇനി ഒരിക്കലും കാണില്ല എന്ന് ഉറപ്പിച്ച ഒരുപാട് പേരെ ഓര്‍ക്കുട്ട് എനിക്ക് തിരിച്ചു തന്നിട്ടുണ്ട്..ആ തിരിച്ചുകിട്ടലിന്റെ സൌരഭ്യം നമ്മളെല്ലാവരും ഒരു തവണയെങ്കിലും ആസ്വദിചിട്ടുണ്ടെങ്കില്‍ അതിനു ഓര്‍ക്കുട്ടിന് ഒരായിരം നന്ദി..

അപ്പോള്‍ നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ ജീവിതവും ഓര്‍ക്കുട്ടും സമാന്തരമായി യാത്ര ചെയ്തുകൊണ്ടിരുന്നു..അമ്മാവന്റെ അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികള്‍ വരെ ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ തുടങ്ങി ക്ലാസിലെ കൂട്ടുകാര്‍ക്ക് സ്ക്രാപ്പ് അയച്ചു.."dude, wazzup??"

ഇതൊക്കെ പഴയ കാലം..

കാലം മാറി...അടുത്തുള്ള അമ്പല പറമ്പിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരത്തെ മരിച്ചിട്ട കൊടുംകാറ്റ് , സക്കര്‍ബര്‍ഗ് എന്ന കാലന്റെ രൂപത്തില്‍ പോത്തിന്റെ പുറത്തു കയറി ഓര്‍ക്കുട്ടിന്റെ തീരത്തുകൂടി വീശിയടിച്ചു..ഓര്‍ക്കുട്ട് ഠിം..5 വര്‍ഷമായിട്ടു ഇന്ത്യാക്കാര്‍, പോട്ടെ നമ്മള്‍ മലയാളികള്‍ ഊട്ടി വളര്‍ത്തി വലുതാക്കിയ നമ്മുടെ വിശ്വാസം, ഒന്നോ രണ്ടോ മാസം കൊണ്ട് തകര്‍ന്നു തരിപ്പണമായിപോയി...അല്‍പനാളുകള്‍ക്കുമുന്പ് മൈക്രോ ബ്ലോഗിങ്ങ് എന്ന പേരില്‍ ട്വീട്ടും, റീ ട്വീട്ടും,ഫോളോയിങ്ങും, വിമാനവും, കന്നുകാലിയും,പശുവും, ക്ലാസുമൊക്കെയായി ട്വിറ്റെര്‍ എന്ന കുരുവിക്കുഞ്ഞ് ഒന്ന് കൊത്തിപറിച്ചിട്ടു പോയതേ ഉണ്ടായിരുന്നൊള്ളൂ..താരതമ്യേന നിസാരമായിരുന്ന ആ ആക്രമണത്തിന് ശേഷം ദേ വരുന്നു യഥാര്‍ത്ഥ കാലന്‍ 'സക്കര്‍ബര്‍ഗ്'...

ഒരുമാതിരി പഴയ സര്‍ക്കാര്‍ സ്കൂള്‍ പോലെ നീലയും വെള്ളയും യുണിഫോം...എവിടെ നോക്കിയാലും ലൈക്‌, ഷെയര്‍ ഓപ്ഷനുകള്‍..പിന്നെ കുറെ കൃഷി സ്ഥലം,പശു,ആട്,അക്വേറിയം,യുദ്ധം,പ്രേതം,കുട്ടി ചെകുത്താന്‍..ഓര്‍ക്കുട്ടിന്റെ മനോഹാരിതയില്ല, തീം ഇല്ല, ആ ലാളിത്യമില്ല, പ്രൈവസി ഇല്ല..എന്തിന്, ചാറ്റില്‍ ഒന്ന് ഇന്‍വിസിബിള്‍ ആകാന്‍ പോലും പറ്റില്ല..പക്ഷെ ചെക്കന്‍ കയറി അങ്ങ് ഫേമസ് ആയി..തൂണിലും, തുരുമ്പിലും, ഫോണിലും വരെ FB..ഇന്നലെവരെ ഓര്‍ക്കുട്ടെ ശരണം എന്ന് പറഞ്ഞു നടന്നിരുന്നവരെല്ലാം ഒരു സുപ്രഭാതത്തില്‍ ഫേസ്ബുക്കില്‍ എത്തി സ്ഥലം വാങ്ങി കൃഷി തുടങ്ങി..പിന്നെ ഓര്‍ക്കുട്ട് എന്ന് കേട്ടാല്‍ പരമ പുച്ഛം..""അയ്യേ നീ ഇപ്പോളും ഓര്‍കുട്ടാണോ യുസേ ചെയ്യുന്നേ???"" ..

ഒന്നിന് പുറകെ ഒന്നായി എല്ലാവരും തള്ളിപറഞ്ഞ്‌ കൂടൊഴിഞ്ഞപ്പോള്‍ പഴയകാല പ്രതാപത്തിന്റെ ശേഷിപ്പുപോലെ എക്സ്പ്രസ് ഹൈവേയില്‍ നിരങ്ങി നീങ്ങുന്ന കോണ്ടെസ്സയുടെ അവസ്ഥയില്‍ പാവം ഓര്‍ക്കുട്ട്..

"എണീറ്റ്‌ വാടാ..കുറെ സമയമായല്ലോ.."

ഞാന്‍ തല ഉയര്‍ത്തി നോക്കി.. malayalam converter-ന്റെ അടുത്ത വിന്‍ഡോ ഫേസ് ബുക്ക്‌ ആണ്..അവിടുന്നാണ് വിളി...

"നീ ഓര്‍മക്കുറിപ്പല്ലേ എഴുതുന്നെ???ജീവചരിത്രമൊന്നുമല്ലല്ലോ??നിര്‍ത്തിയിട്ടു വാ..നിന്റെ ഓര്‍മ്മകള്‍ എന്തിനാ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നെ??""

""ദേ വരുന്നു...ഒന്ന് തീര്‍ത്തോട്ടെ..."

മാഫിയവാറില്‍ എന്റെ എനര്‍ജി തീര്‍ന്നു കിടക്കുകയായിരുന്നു..ഓര്‍മ്മകള്‍ കഴിഞ്ഞപ്പോളെക്കും റീഫില്‍ ആയിട്ടുണ്ട്..ഇനി അടുത്ത ലെവലില്‍ കയറാം..ഞാന്‍ പോകട്ടെ...
....................

അങ്ങിനെ ഒരുകാലത്ത് നമ്മുടെയെല്ലാം സ്വപ്നങ്ങളിലെ നിറച്ചാര്തായിരുന്ന , കൂട്ടുകാരനായിരുന്ന, അപ്രതീക്ഷിതമായി അകാലമൃത്യു വരിച്ച ഓര്‍ക്കുട്ടിന്റെ പാവനസ്മരണക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഈ പോസ്റ്റിനു ഞാന്‍ ലൈക്‌ അടിച്ചു...



8 comments:

INTIMATE STRANGER said...

oh my god..same as mine..
2 difference ullu..cafe yil allarunu orkutting ennulath..pinne ende energy theernathu mafiya warsil alla..citeville yilum...sherikkum marannu thudangi orkutine..anyway nice job..
pazhaya ormakalilek njanum onnu poyi kurachu albhudhathode ende athe anubhavangal aanollo ennu manassil karuthi kond..

abith francis said...

മിക്കവാറും എല്ലാവരുടെയും ഓര്‍ക്കുട്ട് അനുഭവം ഇങ്ങിനെയൊക്കെത്തന്നെ ആയിരിക്കില്ലേ??? ഇനി കുറച്ചുനാള്‍ കഴിയുമ്പോള്‍ ഫെസ്ബൂക്കിനെ കുറിച്ചും ഇങ്ങിനെയൊക്കെ പറയാം..അന്ന് മാഫിയ വാര്‍...സിറ്റി വില്ല..എന്നൊകെ...കലികാലം...

INTIMATE STRANGER said...

athey.. oro kaalathum oro taste..puthiya technology verumbo facebookinem marakkum..marakkendi verum..

abith francis said...

lokathil ellam maarikkondeyirikkukayalle....orikkalum onnum ella kaalathum orupole nilkkaan kaalam anuvadhikkilllallo...

Kaalanugathamaya maattam...nammalum maarum...marunnu...

shadeed | ഷെദീദ് said...

കുട്ടികള്‍ വരെ ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ തുടങ്ങി ക്ലാസിലെ കൂട്ടുകാര്‍ക്ക് സ്ക്രാപ്പ് അയച്ചു.."dude, wazzup??"

സത്യം..

ഒരു നൊസ്റ്റാള്‍ജിയയുടെ മണം.... മ്​ഫ്.. മ്​ഫ്..

Salini Vineeth said...

മനോഹരമായ പോസ്റ്റ്‌.. ഓര്‍ക്കുട്ട് എന്റെയും കോളേജ് കാലഘട്ടത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാരുന്നു..
നമ്മള്‍ നോട്ടമിട്ടിരിക്കുന്ന ചെക്കന്മാര്‍ക്ക് ആരെങ്കിലും സ്ക്രാപ്പ് അടിക്കുന്നുണ്ടോ? അവര് വല്ല പെണ്പില്ലേര്‍ക്കും തിരിച്ചടിക്കുന്നുണ്ടോ? തുടങ്ങിയ അന്വേഷണങ്ങള്‍..
പണ്ട് സ്കൂള്‍ ഇല്‍ ഒന്നിച്ചു പഠിച്ച, പൊട്ടിയ ബട്ടന്‍സ് ഉള്ള ഷര്‍ട്ട്‌ ഇട്ടു നടന്ന പാര്‍ടികള്‍ ഒക്കെ വല്യ ആള്‍ക്കരായി ഒരു ദിവസം മുന്നില്‍ അവതരിക്കുന്നതിന്റെ ഒരു സര്‍പ്രൈസ്...
പിന്നെ 100 സ്ക്രാപ്പ് തികക്കാനുള്ള ഓട്ടം അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര കാര്യങ്ങള്‍ ഓര്‍മയിലെക്കോടി വന്നു. (നീയെനിക്കൊരെണ്ണം അടി ഞാന്‍ നിനക്കടിക്കാം :))
പിന്നെ ഫാന്‍സ്‌ നെ സൃഷ്ട്ടിക്കാനുള്ള നെട്ടോട്ടം.. അതും മേല്‍ പറഞ്ഞ പോലെ.. നീയെന്റെ ഫാനായാല്‍ ഞാന്‍ നിന്റെ ഫാന്‍.. :)

ഈ പോസ്റ്റ്‌ നു നന്ദി അഭീത്

ഒരു സംശയം.. fb -ഇല്‍ inivisible ആക്കാനുള്ള option ഉണ്ടല്ലോ? ഇല്ലേ?

abith francis said...

@shadeed | ഷെദീദ്
ഒരുപാട് മണം പിടിക്കെണ്ടാട്ടോ...പഴയ ചില സത്യങ്ങള്‍ പുറത്തു വരും....

abith francis said...

@ശാലിനി
ഞാന്‍ ഫാനിന്റെ കാര്യം മറന്നു പോയിരുന്നു..ഓര്‍മിപ്പിച്ചതിനു നന്ദി...
fb -ഇല്‍ inivisible ആക്കാനുള്ള option ഇല്ലാട്ടോ...വേണമെങ്കില്‍ ഓഫ്‌ ലൈന്‍ ആകാം..പക്ഷെ അപ്പോള്‍ ചാറ്റ് വര്‍ക്ക്‌ ചെയ്യത്തില്ല...അതിനു ഓര്‍ക്കുട്ട് തന്നാ കിടു...

Post a Comment