Friday, August 29, 2014

തകർന്നു പോയ മലയാളി സ്വപ്‌നങ്ങൾ


കരിമ്പനയുടെ മുകളിലെ 1 BHK ഫ്ലാറ്റിൽ ലോക്കൽ കസ്റ്റമെർസിന്റെ ചോര ഊറ്റികുടിക്കുന്ന ഒരു ലോക്കൽ യക്ഷിയുടെയും കൂട്ടുകാരുടെയും കഥ പണ്ടെപ്പോളോ പറഞ്ഞത് ഓർക്കുന്നു...
മഴ പെയ്തു തോർന്ന ഒരു ഇടവപ്പാതിക്കാലത്ത് നിനച്ചിരിക്കാതെ വന്ന ഒരു വെള്ളിടി തകർത്തത് നമ്മുടെ യക്ഷിയുടെ കുന്നോളം പോന്ന സ്വപ്‌നങ്ങൾ ആയിരുന്നു... മണ്ടയിൽ ഇടി വെട്ടി, ലൈൻ വലിക്കാത്ത ഇലക്ട്രിക്‌ പോസ്റ്റ്‌ പോലെ കരിഞ്ഞു നിന്ന കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് ചങ്കത്തടിച്ചു നിലവിളിച്ചു യക്ഷി...
അതേ സമയം അഞ്ചു ഫർലൊങ്ങ് അപ്പുറം അഞ്ചുനില പൊക്കമുള്ള ഒരു പാലമരത്തിന്റെ മുകളിലെ അഞ്ചുനില ഫ്ലാറ്റിൽ ഒരു വടയക്ഷിയും പാർട്നെറും ആഘോഷങ്ങൾക്ക് തിരി കൊളുത്തി..
പൊന്നിൻതിരുവോണനാളിൽ ബിയർ കുപ്പികൾ കൊണ്ട് പൂക്കളം ഇട്ടു മഹാബലി തമ്പുരാനെ വരവേൽക്കാൻ കാത്തിരുന്നിരുന്ന മലയാളികൾക്ക് കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് കരഞ്ഞ യക്ഷിയുടെ മുഖമായിരുന്നു...
കാണം മാത്രമല്ല തുള വീഴാതെ ബാക്കി ഉള്ള കിഡ്നിയും കരളും ഒക്കെ വിറ്റാലും പാലമരത്തിന്റെ കാർ പാർകിങ്ങിൽ പോലും കയറാൻ പറ്റില്ല എന്ന തിരിച്ചറിഞ്ഞ മലയാളികൾക്ക് അല്ലിക്ക് ആഭരണം വാങ്ങാൻ നകുലൻ തന്നെ വിടില്ല എന്ന് മനസിലാക്കിയ ഗംഗക്കു ഉണ്ടായ അതെ വികാരം അനുഭവപ്പെട്ടു...
എന്തായാലും ചാലക്കുടിയും കരുനാഗപ്പള്ളിയും തോട്ടക്കാട്ടുകരയും ഒക്കെ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെയും ഫോട്ടോ ഫിനിഷിന്റെയും ലൈവ് അപ്ടേറ്റ്സും ന്യൂസ്‌ അവർ ചർച്ചകളും ഇല്ലാത്ത, മത്സരങ്ങളില്ലാത്ത സമത്വ സുന്ദരമായ ഒരു ഓണക്കാലം ഇത്തവണ മലയാളിക്ക് ഒരുക്കിത്തന്ന എല്ലാവരോടുമുള്ള നന്ദി അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു...
ഇതല്ലേ മഹാബലി സ്വപ്നം കണ്ട കിനാശ്ശേരി?? സോഷ്യലിസം??
NB: ബിയർ കുപ്പി ആയിരുന്നെങ്കിൽ ഇഷ്ടം പോലെ ഒപ്പിക്കാമായിരുന്നു.. ഇനി പൂക്കളം ഇടാൻ പൂവ് എവിടുന്നു കിട്ടുവോ എന്തോ... അതിനും തമിഴ്നാട് തന്നെ ശരണം...


Monday, October 14, 2013

മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗിന്


ഓര്ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്പ്പിച്ച ഏകാന്തത...
ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം....
ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...
നഷ്ടമാകുന്ന ഓര്‍മ്മകള്‍..
.......................................................
ഒരിക്കൽക്കൂടി തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ, ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഒരു കൊച്ചു ജലാശയം മാത്രം...
എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഒരുപിടി ഓർമ്മകൾ കൂട്ടിനുണ്ടായിരിക്കണേ ദൈവമേ എന്ന പ്രാർത്ഥനയോടെ....
കടപ്പാട്: മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗ്

Thursday, October 10, 2013

യക്ഷി


പാലമരം ആയാലും പാരാനോർമൽ ആക്റ്റിവിറ്റി ആയാലും പ്രേതം, യക്ഷി ന്നൊക്കെ പറയുന്ന കഥാപാത്രങ്ങൾ എപ്പോളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്...
ജീവിതത്തിൽ ആദ്യമായി കണ്ട യക്ഷി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ പൊട്ടിച്ചിരിച്ചുകൊണ്ട് കരിമ്പനയുടെ ചുവട്ടിലൂടെ കള്ളിയങ്കാട്ടെക്കു നടന്നുപോയി...
" അവനു കാണാൻ കിട്ടിയ ഒരു സാധനം.. എണിറ്റു പോടാ" എന്നും പറഞ്ഞു അച്ഛൻ ടി വി ഓഫ്‌ ചെയ്തപ്പോൾ, അച്ഛനെയും യക്ഷി പിടിച്ചോണ്ട് പോണേ ദൈവമേ എന്ന് പ്രാർതിച്ച മൂന്നാം ക്ലാസ് കാരൻ...
പിന്നീടങ്ങോട്ട് കളറിലും ഡിജിറ്റലിലും 1080P HD യിലും ഒക്കെയായി ഒട്ടനവധി പ്രേതങ്ങൾ കണ്മുന്നിൽ ഒരുപാടുപേരുടെ ചോര കുടിച്ചെങ്കിലും , മനസിലുള്ള യക്ഷികൾക്ക് ഇന്നും പാലപ്പൂവിന്റെ നിറവും മണവും വെളുത്ത ട്രാൻസ്പെരന്റ് സാരിയും ഒക്കെയാണ്... നല്ല മലയാളിത്തമുള്ള യക്ഷികൾ...
ആകാശഗംഗയും ഇന്ദ്രിയവും ഗന്ധർവയാമവും ഒക്കെ കഴിഞ്ഞ് അങ്ങ് ദൂരെ കോണ്‍ജ്യുറിങ്ങിലെ ഉണക്കമരക്കൊമ്പിൽ തൂങ്ങികിടക്കുന്ന കയറുകൊണ്ടുള്ള കുരുക്കിലേക്ക് നോക്കി ബോറടിച്ചിരിക്കുമ്പോൾ മനസിലേക്ക് പഴയൊരു ആഗ്രഹം ചാടികയറി വന്നു...
"പടച്ചോനെ, എനിക്കും വെള്ളിനക്ഷത്രത്തിലെ ഒക്കെ പോലെ സ്വന്തവായിട്ടു ഒരു യക്ഷിയെ തരണേ.."

Wednesday, October 2, 2013

daylight saving


അന്ന്....
ജനൽപ്പടിയിൽ നിരത്തിവച്ച ചില്ലുകുപ്പികൾക്കുള്ളിലെ എണ്ണമറ്റ മണൽതരികൾ കൊണ്ട് മനുഷ്യൻ തനിക്കായി സമയത്തെ നിർവചിച്ചു...

ഇന്ന്...
ചില്ലുകുപ്പികളിലെ മണൽതരികൾ അലങ്കാര വസ്തുവായി അലമാരകൾക്കുള്ളിൽ മറഞ്ഞപ്പോൾ, പകരം ചുമരിൽ തൂങ്ങിയാടുന്ന 3 സൂചികൾ മനുഷ്യനെ നിർവചിച്ചു...

3 ദിവസം മുൻപുള്ള ഇന്ന്...
ആരെയോ ബോധിപ്പിക്കാനായി കൈയിൽ കറങ്ങുന്ന സൂചികളെ ഒരു മണിക്കൂർ മുന്നിലെക്കാക്കി വച്ചു.... daylight saving ആണ് പോലും... ഇത്ര ഭംഗിയായി, അറിഞ്ഞുകൊണ്ട് സ്വയം പറ്റിക്കാൻ മനുഷ്യനെക്കൊണ്ടേ പറ്റൂ..