Wednesday, July 21, 2010

പ്രിയ കൂട്ടുകാരാ...

ഓര്‍മകളുടെ നീര്‍ച്ചാലുകള്‍ മാത്രം ബാക്കി വച്ചുകൊണ്ട് മഴ പെയ്തു തോര്‍ന്ന ഒരു നനുത്തപുലര്‍കാലത്തില്‍ അവന്‍ യാത്രയായി...മഴതുള്ളികള്‍ക്കൊപ്പം...ഉറക്കത്തിന്റെ നൂലിഴകള്‍ലോകത്തിന്റെ കണ്പീലികളെ തുന്നിച്ചേര്‍ത്ത ഏതോ ഒരു നിമിഷത്തില്‍ അവന്‍ ആശുപത്രികിടക്കയുടെ ബന്ധനങ്ങളില്‍ നിന്നും യാത്ര ആരംഭിച്ചു...നമ്മുടെ ഹൃദയങ്ങളിലേക്ക് ...


നിധീഷ്
...


10-ആം ക്ലാസില്‍ ദീപ്തി ട്യുഷന്‍ സെന്ററിലെ ഉറക്കം തൂങ്ങുന്ന പ്രഭാതങ്ങളിലാണ് ഞാന്‍ അവനെ ആദ്യം പരിചയപ്പെടുന്നത്...അവസാനത്തെ ഏതാനും മാസങ്ങള്‍ക്ക് വേണ്ടി മാത്രം എത്തിയ എനിക്ക്പരിചയത്തെക്കാള്‍ അപരിചിതത്വം കൂടുതലുണ്ടായിരുന്ന അവിടുത്തെ ക്ലാസ്മുറികളില്‍
സൗഹൃദത്തിന്റെ കരസ്പര്‍ശം എനിക്കുനേരെ നീട്ടിയ ഏതാനും ചിലരില്‍ ഒരാളായിരുന്നു അവന്‍...എന്നും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും, "എന്നതാടാ??" എന്ന സ്ഥിരം ചോദ്യവും, ആവശ്യത്തിനു കുടവയറും, നാക്കു കടിച്ചുള്ള ചിരിയും, കുഞ്ഞു മീശയും.....ഞാന്‍ അവനെ ശ്രദ്ധിച്ചത് അതുകൊണ്ടൊക്കെ ആയിരുന്നിരിക്കണം...എന്തായാലും ദീപ്തിയില്‍ നിന്നും ഇറങ്ങിയതോടെ സൗഹൃദവും അപ്രത്യക്ഷമായി...

പിന്നീട് ഞാന്‍ അവനെ കാണുന്നത് ഡിപോളില്‍ വച്ചാണ്...+2...തികച്ചും അപ്രതീക്ഷിതമായി ഡീപോളില്‍ വന്നു ചാടുമ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ അറിയുന്ന മുഖങ്ങളില്‍ ഒന്ന് അവന്റെ ആയിരുന്നു...തുടര്‍ന്ന് 2 വര്‍ഷങ്ങള്‍...ഓര്‍മിക്കാനും പറയാനും ഉണ്ട് ഒരുപാട്...തെക്കേമുറി അച്ഛന്റെ റൂമില്‍ നിന്നും പറന്ന ഇംഗ്ലീഷ് ടെക്സ്റ്റ്‌ പിടിക്കാന്‍ ഓടിയത് മുതല്‍ റാണി ടീച്ചര്‍ മാത്സ് പഠിപ്പിച്ചതും കെമിസ്ട്രി ക്ലാസും 'ആനുവല്‍ ഡേ'യിലെ പ്രോഗ്രാമും ബ്രില്ല്യന്റ് കഥകളും... ഓര്‍മ്മകള്‍ ദീപ്തമാണ്...


+2 കഴിഞ്ഞു എന്ട്രന്‍സ് റിപിറ്റ് ചെയ്തു ജീവിതം വെറുത്തുകളയാം എന്ന് തോന്നി ബ്രില്ല്യന്റില്‍എത്തിയപ്പോളും അവനുമുണ്ടായിരുന്നു കൂടെ...ആദ്യത്തെ ഏതാനും മാസങ്ങളില്‍ ഓരോ പരീക്ഷകളുടെ റിസള്‍ട്ട്‌ വരുമ്പോളും ഞങ്ങള്‍ അന്തം വിട്ടു...ആദ്യത്തെ 20-ഇല്‍ ഒന്ന് അവന്റെ പേര്തന്നെയായിരിക്കും..."നിധീഷ് കെ കരുണ്‍...പക്ഷെ ഞെട്ടല്‍ കുറച്ചുകൂടെ ഭയങ്കരമാവാന്‍ അതിന്റെ പകുതി സമയമേ എടുത്തുള്ളൂ...ആദ്യ 20-ഇല്‍ നിന്ന അവന്റെ റാങ്ക് അവസാന 20-കളില്‍..എന്താ സംഭവിച്ചത് ആര്‍ക്കും അറിയില്ല...ചോദിച്ചാല്‍ അവന്‍ സ്ഥിരം ശൈലിയില്‍ പറയും..'ചുമ്മാ'...പിന്നീട് അവനെ കാണാന്‍ കിട്ടുന്നതെ ചുരുക്കം...കണ്ടാല്‍ തന്നെ എന്തെങ്കിലും കാരണം പറഞ്ഞു അവന്‍രക്ഷപെടും...അത് ഒരു തുടക്കമായിരുന്നു...അകല്‍ച്ചയുടെ...

ബ്രില്ല്യന്റ് കഴിഞ്ഞ ശേഷം ഇടയ്ക്കു ഒരുതവണ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു...മുന്നാര്‍എന്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്തു എന്ന്... പിന്നീട് വീട്ടില്‍ ചെന്നാലും അവനെ കാണാതായി...മൂന്നാര്‍ എന്ജിനീയറിംഗ് എങ്ങും എത്തിയില്ല..ഇടക്ക് കേട്ടു അവന്‍ വീണ്ടും റിപിറ്റ്ചെയ്യുന്നു എന്ന്...അതും അറിയില്ല...പിന്നീട് അവനെ കാണുന്നത് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ്...അന്ന്അവനെ എല്ലാവരുംകൂടി വീട്ടില്‍ചെന്നു പിടിച്ചുകൊണ്ടു പോരുകയായിരുന്നു...അന്നാണ് ഞാന്‍ അവനെഅവസാനമായി കാണുന്നത്...
അകല്‍ച്ചയുടെ ദൂരം കൂടുകയായിരുന്നു...
.............
ഓര്‍മകളിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്ന പേര് പെട്ടെന്ന് തെളിഞ്ഞു വന്നത് ശനിയാഴ്ചരാവിലെ വന്ന ഫോണ്‍ കോളിലൂടെ...ഇനി ഓര്‍മ്മകള്‍ മാത്രമേ കൂട്ടായുള്ളൂ എന്ന തിരിച്ചറിവോടെഅവന്റെ വീടിന്റെ പടി കയറുമ്പോള്‍ പലതവണ കയറി ഇറങ്ങിയ പടികള്‍ മഴത്തുള്ളികള്‍ വീണു നനഞ്ഞിരുന്നു...പുറത്ത് ആരൊക്കെയോ പന്തല്‍ കെട്ടുന്നു... ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍...ഇടക്ക്വന്നു പോകുന്ന ആളുകള്‍...ഇടുങ്ങിയ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍...2,3 കുട്ടികള്‍ അവന്റെ ഫോട്ടോ പലയിടത്തായി ഒട്ടിക്കുന്നു...റസിടെന്റ്റ് അസോസിയേഷന്റെ അനുശോചനം... ബഹളങ്ങള്‍ക്കിടയില്‍ അകത്തെ കട്ടിലില്‍ അവന്‍ കിടക്കുന്നു..ഒരിക്കലും മായാത്ത പുഞ്ചിരി ഇന്നുംഅവന്റെ കൂടെയുണ്ട്...ഒന്നോ രണ്ടോ മഴത്തുള്ളികള്‍ തുറന്നു കിടന്നിരുന്ന ജനലഴികളില്‍ കൂടി അവന്റെ നെറ്റിയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു...
.......
നമ്മുടെ നിധീഷ് ഇന്ന് നമുടെ കൂടെയില്ല....ഓര്‍മകളുടെ നൂറു വര്‍ണങ്ങള്‍ മാത്രം ബാക്കിയാക്കി മറ്റേതോ ലോകത്തിലേക്ക്‌ അവന്‍ യാത്രയാകുമ്പോള്‍ മരണത്തിലും പുഞ്ചിരിക്കുന്ന അവന്റെ ചുണ്ടുകള്‍എന്താവും നമ്മളോട് പറയാന്‍ കൊതിച്ചിട്ടുണ്ടാവുക???
പാതി വഴിയില്‍ ഇടറി വീഴുന്ന പ്രിയപ്പെട്ടവര്‍ക്കുനേരെ കണ്ണടച്ച്, തിരിച്ചറിയാന്‍ സാധിക്കാത്ത എന്തൊക്കെയോ വെട്ടിപ്പിടിക്കുന്നതിനുവേണ്ടി ലോകം നടത്തുന്ന റാറ്റ് റേസില്‍ ആര്‍ക്കും വന്നുചേരാവുന്ന അനിവാര്യമായ ഒരു ദുരന്തത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലോ അതോ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളും എകനായിപോകുന്ന വ്യക്തികളും അനുദിനം വര്‍ധിക്കുന്ന നമ്മുടെ ലോകത്തില്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാനെന്നുള്ള പരമമായ സത്യം എന്നെങ്കിലും മനസിലാക്കപ്പെടും എന്നുള്ള പ്രതീക്ഷയോ???അറിയില്ല...

എന്തായാലും പ്രിയ കൂട്ടുകാരാ...ജിവിതത്തിന്റെ പാതകളില്‍ നമ്മള്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല..പക്ഷെ ഓര്‍മകളെ തടഞ്ഞു നിര്‍ത്താന്‍ കാലത്തിന്റെ ശക്തികള്‍ക്കു ആവില്ലല്ലോ...നാളെയോ ഇന്നോ നിമിഷതിലോ സംഭവിച്ചേക്കാവുന്ന മരണമെന്ന അനിവാര്യതക്ക് ശേഷം മത സംഹിതകള്‍ക്ക് തെറ്റ്പറ്റില്ല എങ്കില്‍ നമ്മള്‍ ഇനിയും കണ്ടുമുട്ടും..സ്വര്‍ഗത്തിന്റെ വാതില്‍പ്പുറങ്ങളില്‍ വച്ച്...അതുവരെ നിന്റെ സ്ഥാനം ഞങ്ങളുടെ ഹൃദയങ്ങളിലായിരിക്കും...

"Do not stand at my grave and weep,
I am not there, I do not sleep.
I am in a thousand winds that blow,
I am the softly falling snow.
I am the gentle showers of rain,
I am the fields of ripening grain.
I am in the morning hush,
I am in the graceful rush
Of beautiful birds in circling flight,
I am the star shine of the night.
I am in the flowers that bloom,
I am in a quiet room.
I am in the birds that sing,
I am in each lovely thing.
Do not stand at my grave and cry,
I am not there. I do not die."
( ലൈന്‍സ് ജെന്‍സന്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതാണ്..thanks to him)