Friday, August 29, 2014

തകർന്നു പോയ മലയാളി സ്വപ്‌നങ്ങൾ


കരിമ്പനയുടെ മുകളിലെ 1 BHK ഫ്ലാറ്റിൽ ലോക്കൽ കസ്റ്റമെർസിന്റെ ചോര ഊറ്റികുടിക്കുന്ന ഒരു ലോക്കൽ യക്ഷിയുടെയും കൂട്ടുകാരുടെയും കഥ പണ്ടെപ്പോളോ പറഞ്ഞത് ഓർക്കുന്നു...
മഴ പെയ്തു തോർന്ന ഒരു ഇടവപ്പാതിക്കാലത്ത് നിനച്ചിരിക്കാതെ വന്ന ഒരു വെള്ളിടി തകർത്തത് നമ്മുടെ യക്ഷിയുടെ കുന്നോളം പോന്ന സ്വപ്‌നങ്ങൾ ആയിരുന്നു... മണ്ടയിൽ ഇടി വെട്ടി, ലൈൻ വലിക്കാത്ത ഇലക്ട്രിക്‌ പോസ്റ്റ്‌ പോലെ കരിഞ്ഞു നിന്ന കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് ചങ്കത്തടിച്ചു നിലവിളിച്ചു യക്ഷി...
അതേ സമയം അഞ്ചു ഫർലൊങ്ങ് അപ്പുറം അഞ്ചുനില പൊക്കമുള്ള ഒരു പാലമരത്തിന്റെ മുകളിലെ അഞ്ചുനില ഫ്ലാറ്റിൽ ഒരു വടയക്ഷിയും പാർട്നെറും ആഘോഷങ്ങൾക്ക് തിരി കൊളുത്തി..
പൊന്നിൻതിരുവോണനാളിൽ ബിയർ കുപ്പികൾ കൊണ്ട് പൂക്കളം ഇട്ടു മഹാബലി തമ്പുരാനെ വരവേൽക്കാൻ കാത്തിരുന്നിരുന്ന മലയാളികൾക്ക് കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് കരഞ്ഞ യക്ഷിയുടെ മുഖമായിരുന്നു...
കാണം മാത്രമല്ല തുള വീഴാതെ ബാക്കി ഉള്ള കിഡ്നിയും കരളും ഒക്കെ വിറ്റാലും പാലമരത്തിന്റെ കാർ പാർകിങ്ങിൽ പോലും കയറാൻ പറ്റില്ല എന്ന തിരിച്ചറിഞ്ഞ മലയാളികൾക്ക് അല്ലിക്ക് ആഭരണം വാങ്ങാൻ നകുലൻ തന്നെ വിടില്ല എന്ന് മനസിലാക്കിയ ഗംഗക്കു ഉണ്ടായ അതെ വികാരം അനുഭവപ്പെട്ടു...
എന്തായാലും ചാലക്കുടിയും കരുനാഗപ്പള്ളിയും തോട്ടക്കാട്ടുകരയും ഒക്കെ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെയും ഫോട്ടോ ഫിനിഷിന്റെയും ലൈവ് അപ്ടേറ്റ്സും ന്യൂസ്‌ അവർ ചർച്ചകളും ഇല്ലാത്ത, മത്സരങ്ങളില്ലാത്ത സമത്വ സുന്ദരമായ ഒരു ഓണക്കാലം ഇത്തവണ മലയാളിക്ക് ഒരുക്കിത്തന്ന എല്ലാവരോടുമുള്ള നന്ദി അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു...
ഇതല്ലേ മഹാബലി സ്വപ്നം കണ്ട കിനാശ്ശേരി?? സോഷ്യലിസം??
NB: ബിയർ കുപ്പി ആയിരുന്നെങ്കിൽ ഇഷ്ടം പോലെ ഒപ്പിക്കാമായിരുന്നു.. ഇനി പൂക്കളം ഇടാൻ പൂവ് എവിടുന്നു കിട്ടുവോ എന്തോ... അതിനും തമിഴ്നാട് തന്നെ ശരണം...