Sunday, September 25, 2016

ലെസ് മക്കെൻസി

ഞാൻ ഇന്നൊരാളെ കണ്ടു.. ഒരു സാധാരണ മനുഷ്യൻ.. അസാധാരണ കാര്യങ്ങൾ ചെയ്ത ഒരു സാധാരണ മനുഷ്യൻ.. ലെസ് മക്കെൻസി..
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ടെക്നിഷ്യൻ ആയിരുന്നു ലെസ്.. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ദിവസം രാവിലെ തന്റെ പതിവുള്ള മൈന്റനെൻസ് ജോലികൾക്കായി ലെസ് പ്ലാന്റിലെത്തി.. അധികം ആളുകൾ എത്താത്ത ഒരു കോണിലുള്ള കൺവെയർ ബെൽറ്റിൽ എന്തോ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ലെസ്.. ആരോ അവിടെ ഉണ്ട് എന്ന് അറിയാതെ കൺവെയർ ഓഫ് ആയികിടക്കുന്നതുകണ്ട മറ്റൊരു ടെക്‌നിഷ്യൻ ബെൽറ്റ് ഓൺ ആക്കി.. ഏതെങ്കിലും മെഷിനിൽ ജോലി ചെയ്യുമ്പോൾ അതിനെ ലോക് ചെയ്യാനും മറ്റുള്ളവരെ ഞാൻ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്ന് അറിയിക്കാനും വേണ്ടിയുള്ള ലോക് ഔട്ട് കാർഡ് നിർഭാഗ്യവശാൽ അതിൽ തൂക്കുവാൻ ലെസ്‍മറന്നുപോയിരുന്നു.. ലെസിന്റെ ഇടതു കൈ കൺവെയർ ബെൽറ്റിന്റെ ചക്രങ്ങളുടെ ഇടയിൽ കുടുങ്ങി.. അത് അയാളെ പതിയെ അകത്തേക്ക് വലിച്ചുകൊണ്ടിരുന്നു.. കൈ മുട്ടുവരെയുള്ള ഭാഗം അകത്തായപ്പോഴേക്കും എന്തെങ്കിലും ചെയ്തില്ലെങ്കിൽ താൻ മുഴുവനായും അകത്തേക്ക് പോവും എന്ന് ലെസ് തിരിച്ചറിഞ്ഞു.. അപ്പോളാണ് വെൽഡ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മാസ്ക് അടുത്ത് കിടക്കുന്നത് ലെസ് കണ്ടത്.. അത് എടുത്തു അയാൾ ചക്രങ്ങളുടെ ഇടയിലേക്ക് കുത്തിയിറക്കി.. വലിയൊരു ശബ്ദത്തോടെ ബെൽറ്റിന്റെ കറക്കം നിലച്ചു..
ഈ സമയം പുറത്തുനിന്നിരുന്ന ടെക്നിഷ്യൻ എന്താണ് ബെൽറ്റിന്റെ കറക്കം നിലച്ചത് എന്ന് നോക്കാനായി അകത്തേക്ക് കയറി വന്നപ്പോൾ കാണുന്നത് ചക്രങ്ങളുടെ ഇടയിൽ നിന്നും കൈ ഊരിയെടുക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ലെസിനെയാണ്.. ചുറ്റും ചോര ഒഴുകുന്നു.. ഏകദേശം രണ്ടാഴ്ചയോളം ലെസ് ആശുപത്രിയിൽ കിടന്നു.. എണ്ണാനാവാത്തിടത്തോളം കഷ്ണങ്ങളായി ഒടിഞ്ഞു ഞുറുങ്ങിയ കൈ ഇനി ഒരികലും ശെരിയാക്കാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.. കൈമുട്ടിനു താഴേക്ക് പ്രവർത്തനരഹിതമായ തന്റെ ഇടതുകൈ നോക്കി ലെസ് പതിയെ പുഞ്ചിരിച്ചു...