Friday, May 8, 2020

ലോക്ക്ഡൌൺ


മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നു. സ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയി. പലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലും, അവൾ വെട്ടുക മുടിയാണോ അതോ തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട് ഓഫർ സ്നേഹത്തോടെ നിരസിച്ചു. ലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തം. പിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്. അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായി. കാര്യങ്ങൾ അവിടെയും നിന്നില്ല. സ്നേഹം നിസ്സംഗതയായി, മരവിപ്പായി, മടുപ്പായി... പുറം ലോകം കാണാൻ, ട്രാഫിക് ജാമിൽ കിടക്കാൻ, കുറച്ചു കരിയും പുകയും ശ്വസിക്കാൻ, കെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻ, കണ്ടക്ടറിന്റെ ചീത്ത കേൾക്കാൻ, പാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻ, അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോ, ഇന്ന് വെള്ളിയാഴ്ചയായി" എന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ.അന്ന് രാത്രി സമാധാനമായി രണ്ടു ബിയർ അടിച്ചു പിറ്റേന്ന് നട്ടുച്ചവരെ കിടന്നുറങ്ങാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.