Sunday, September 14, 2014

ഞാനും നീയും നമ്മളാവുന്ന ആ കാലം


ഒരു അരിമണിയിൽ ഒരായിരം എഴുതാം എന്നാണു ആദ്യം കേട്ടത്..
ആയിരം അരിമണികൾ വാരിവിതറിയപോലുള്ള മുറ്റത്തെ പൊടിമണ്ണിൽ കൈ വിരലുകൾ ആദ്യമായി ചരിച്ചു തുടങ്ങിയപ്പോൾ എഴുതിയ കൂട്ടക്ഷരങ്ങളുടെ അർഥം 'ഞാൻ', 'നീ', 'ഞങ്ങൾ', 'നിങ്ങൾ', 'അവൻ', 'അവൾ', 'അവർ' എന്നെല്ലാമായിരുന്നു...
എനിക്കും നിനക്കും മുകളിൽ നാമും നമ്മളും ഉണ്ടായിരുന്നു എന്ന് പറഞ്ഞു തരുവാൻ ആരും ഉണ്ടായിരുന്നില്ല ബാല്യകാലങ്ങളിൽ..
നീ നേരെ ചൊവ്വേ പഠിച്ചില്ലെങ്കിൽ നീ തോൽക്കും എന്നല്ല അവൻ നിന്നെ തോൽപ്പിക്കും എന്നാണു കാതുകളിൽ മുഴങ്ങിയത്..
കാലാന്തരേ ഞാനും അവനും നീയും ഓരോ അതിർ വരമ്പുകളായി .. കറുപ്പും വെളുപ്പും ചുവപ്പും പച്ചയും മറ്റു പലതും അതിർത്തികൾ അരക്കിട്ടുറപ്പിച്ചു.. അതിർവരമ്പുകൾ ഒരിക്കലും ഭേധിക്കപെടാതിരിക്കാൻ എനിക്കും മുൻപേ പൂഴിമണ്ണിൽ പതിഞ്ഞ കൈകൾ കാവലിരുന്നു..
അന്ധത മൂടിയ ലോകത്ത് അതിർത്തികൾക്കു കാവലിരിക്കുന്ന കാലഹരണപ്പെട്ട വിഴുപ്പുകെട്ടുകളെ പൊളിച്ചെറിയുന്ന മാറ്റത്തിന്റെ കൊടുംകാറ്റിനായി നമുക്ക് കാത്തിരിക്കാം...
ഞാനും നീയും നമ്മളാവുന്ന കാലത്തിനായി..


Tuesday, September 2, 2014

അവസാനമില്ലാത്ത യുദ്ധങ്ങൾ


പ്ലസ്ടുവിൽവച്ച് ഒരു കഥ പഠിച്ചിട്ടുണ്ട്.. "The Face on the Wall "... തന്റെ വീടിന്റെ ഭിത്തിയിൽ പെയിന്റിംഗ് ഇളകിപ്പോയ ഭാഗംകണ്ട് അത് അവ്യക്തനായ ആരുടെയോ രൂപം ആണെന്ന് വിചാരിച്ച ഒരാളുടെ കഥ.. ക്രമേണ ഭിത്തിയിലെ മനുഷ്യരൂപം നമ്മുടെ കഥാകാരന്റെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നതായാണ് കഥ..
എന്തായാലും കഥ പഠിച്ചതിൽപ്പിന്നെ കൂടെകൂടിയ അസുഖമാണ് ചുമരിലും നിഴലിലും എന്നുവേണ്ട കണ്മുന്നിൽ കാണുന്ന അവ്യക്തമായ എന്തിൽ നിന്നും അത്ര തന്നെ അവ്യക്തമായ എന്തെങ്കിലും ഒക്കെ മനസില്ചിത്രീകരിക്കുക എന്നത്.. നേരത്തും കാലത്തും ചികിൽസിക്കാതിരുന്നതുകൊണ്ട് ഇപ്പോൾ അസുഖം അതിന്റെ മൂര്ധന്ന്യാവസ്ഥയിൽ എത്തിയെന്ന് ഇന്നലെ ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി..
ഉച്ചക്കുള്ള അര മണിക്കൂർ ബ്രേക്കിൽ ഇത്തിരി ശുദ്ധവായു ശ്വസിക്കാം എന്നോർത്താണ് പുറത്തേക്കു ഇറങ്ങിയത്‌.. ഇളം നീല നിറത്തിൽ തെളിഞ്ഞ ആകാശം... മുഖത്തേക്ക് വീശി കടന്നു പോവുന്ന തണുത്ത ഇളം കാറ്റ്... പെട്ടെന്നാണ് ഗോളാകൃതിയിൽ ഒരു മേഘപാളി എന്റെ മുകളിൽക്കൂടി പറന്നു പോയത് .. ഏതോ പീരങ്കിയിൽ നിന്നും പാഞ്ഞ വെടിയുണ്ടപോലെ.. ഒട്ടും വൈകിയില്ല കുതിരക്കുളമ്പടികൾ അടുത്തടുത്ത്‌ വന്നു... വെള്ള നിറമുള്ള പൂഴിമണൽ നാലുപാടും പറത്തിക്കൊണ്ട് ഒരുപറ്റം കുതിരപ്പടയാളികൾ എന്നെ കടന്നു പോയി... പീരങ്കികൾ അവരെ ലക്ഷ്യമാക്കി വീണ്ടും വീണ്ടും ഗർജിച്ചു... ഒരു കൈയിൽ നീട്ടിയ കുന്തമുനകളും മറുകൈയിൽ പരിചകളുമായി നടന്നു നീങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കാലാൾപ്പട ഉറക്കെ അലറി വിളിച്ചു.. യുദ്ധ കാഹളത്തിന്റെ അലയൊലികൾ ഒരു കാറ്റായി എന്നെ കടന്നുപോയി...
കാറ്റിനു തണുപ്പും ശക്തിയും കൂടി കൂടി വന്നു.. പീരങ്കികളും കുതിരകളും എന്നെ കടന്നു പൊയ്ക്കോണ്ടെയിരുന്നു... ചക്രവാളത്തിൽ എവിടെയോ അവർ ഏറ്റുമുട്ടി.. അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറുന്ന ചാരന്മാരും സന്ദേശവാഹകരും അവരുടെ ജോലി ഭംഗിയാക്കി,,..
കഴുകന്മാർ സൈന്യവ്യൂഹത്തിനു മുകളിൽ വട്ടമിട്ടു പറന്നു... അപ്രതീക്ഷിതമായി തുള്ളിചാടി വന്ന ഒരു മാൻകുട്ടി കൂട്ടിമുട്ടിയ വാളുകൾക്കിടയിൽപ്പെട്ടു ചത്തു വീണു... തെറിച്ചു പോയ അതിന്റെ തലയിൽനിന്നും താഴേക്ക്‌ വീണുകൊണ്ടിരുന്ന വെളുത്ത ചോരത്തുള്ളികൾ ആഞ്ഞടിച്ച കാറ്റിൽ അലിഞ്ഞില്ലാതായി... ചക്രവ്യൂഹങ്ങളും യുദ്ധ തന്ത്രങ്ങളും നിർമ്മിക്കുകയും തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു...
കാറ്റ് വീണ്ടും ആഞ്ഞടിച്ചു...
ജനപഥങ്ങളുടെ ചോര ഉറഞ്ഞു കട്ടിയായതുകൊണ്ടാവണം നീല ആയിരുന്ന ആകാശം ഇപ്പോൾ നന്നെ കറുത്തിരിക്കുന്നു...
ഏറ്റവും ഒടുവിൽ നിരന്നു നിന്ന പോരാളികൾക്ക് പുറകിൽ ഒരു നീണ്ട കാഹളത്തിന്റെ അകമ്പടിയോടെ രാജാവും പരിവാരങ്ങളും യുദ്ധ ഭൂമിയിലേക്ക്‌ കടന്നു വന്നപ്പോൾ കാഹളശബ്ദം ഒരു ചെറിയ ഇടിമുഴക്കമായി എന്റെ കാതുകളിൽ പതിച്ചു.. ലോഹങ്ങൾ കൂട്ടിമുട്ടിയ തീപ്പൊരികൾ മിന്നലുകലായി..
മുകളിലേക്ക് നോക്കിയിരുന്നിരുന്ന എന്റെ മുഖത്ത് ഏതാനും മഴത്തുള്ളികൾ വീണു ചിതറി... യുദ്ധത്തിൽ അനാഥരായ ആയിരങ്ങളുടെ കണ്ണ് നീർത്തുള്ളികൾ മഴയായി എന്നെ നനച്ചു കൊണ്ടിരുന്നു... പെയ്തുതോരാത്ത കണ്ണുനീർ ചാലുകൾക്കിടയിലൂടെ അകത്തേക്ക് നടക്കുമ്പോളും ചക്രവാളത്തിൽനിന്നും തേടിയെത്തിക്കൊണ്ടിരുന്ന മിന്നൽപ്പിണരുകൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു നമുക്കു ചുറ്റുമുള്ള ഒരിക്കലും അവസാനിക്കാത്ത ഒരായിരം യുദ്ധങ്ങളെപ്പറ്റി...


Friday, August 29, 2014

തകർന്നു പോയ മലയാളി സ്വപ്‌നങ്ങൾ


കരിമ്പനയുടെ മുകളിലെ 1 BHK ഫ്ലാറ്റിൽ ലോക്കൽ കസ്റ്റമെർസിന്റെ ചോര ഊറ്റികുടിക്കുന്ന ഒരു ലോക്കൽ യക്ഷിയുടെയും കൂട്ടുകാരുടെയും കഥ പണ്ടെപ്പോളോ പറഞ്ഞത് ഓർക്കുന്നു...
മഴ പെയ്തു തോർന്ന ഒരു ഇടവപ്പാതിക്കാലത്ത് നിനച്ചിരിക്കാതെ വന്ന ഒരു വെള്ളിടി തകർത്തത് നമ്മുടെ യക്ഷിയുടെ കുന്നോളം പോന്ന സ്വപ്‌നങ്ങൾ ആയിരുന്നു... മണ്ടയിൽ ഇടി വെട്ടി, ലൈൻ വലിക്കാത്ത ഇലക്ട്രിക്‌ പോസ്റ്റ്‌ പോലെ കരിഞ്ഞു നിന്ന കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് ചങ്കത്തടിച്ചു നിലവിളിച്ചു യക്ഷി...
അതേ സമയം അഞ്ചു ഫർലൊങ്ങ് അപ്പുറം അഞ്ചുനില പൊക്കമുള്ള ഒരു പാലമരത്തിന്റെ മുകളിലെ അഞ്ചുനില ഫ്ലാറ്റിൽ ഒരു വടയക്ഷിയും പാർട്നെറും ആഘോഷങ്ങൾക്ക് തിരി കൊളുത്തി..
പൊന്നിൻതിരുവോണനാളിൽ ബിയർ കുപ്പികൾ കൊണ്ട് പൂക്കളം ഇട്ടു മഹാബലി തമ്പുരാനെ വരവേൽക്കാൻ കാത്തിരുന്നിരുന്ന മലയാളികൾക്ക് കരിമ്പനയുടെ ചുവട്ടിൽ കുത്തിയിരുന്ന് കരഞ്ഞ യക്ഷിയുടെ മുഖമായിരുന്നു...
കാണം മാത്രമല്ല തുള വീഴാതെ ബാക്കി ഉള്ള കിഡ്നിയും കരളും ഒക്കെ വിറ്റാലും പാലമരത്തിന്റെ കാർ പാർകിങ്ങിൽ പോലും കയറാൻ പറ്റില്ല എന്ന തിരിച്ചറിഞ്ഞ മലയാളികൾക്ക് അല്ലിക്ക് ആഭരണം വാങ്ങാൻ നകുലൻ തന്നെ വിടില്ല എന്ന് മനസിലാക്കിയ ഗംഗക്കു ഉണ്ടായ അതെ വികാരം അനുഭവപ്പെട്ടു...
എന്തായാലും ചാലക്കുടിയും കരുനാഗപ്പള്ളിയും തോട്ടക്കാട്ടുകരയും ഒക്കെ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെയും ഫോട്ടോ ഫിനിഷിന്റെയും ലൈവ് അപ്ടേറ്റ്സും ന്യൂസ്‌ അവർ ചർച്ചകളും ഇല്ലാത്ത, മത്സരങ്ങളില്ലാത്ത സമത്വ സുന്ദരമായ ഒരു ഓണക്കാലം ഇത്തവണ മലയാളിക്ക് ഒരുക്കിത്തന്ന എല്ലാവരോടുമുള്ള നന്ദി അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു...
ഇതല്ലേ മഹാബലി സ്വപ്നം കണ്ട കിനാശ്ശേരി?? സോഷ്യലിസം??
NB: ബിയർ കുപ്പി ആയിരുന്നെങ്കിൽ ഇഷ്ടം പോലെ ഒപ്പിക്കാമായിരുന്നു.. ഇനി പൂക്കളം ഇടാൻ പൂവ് എവിടുന്നു കിട്ടുവോ എന്തോ... അതിനും തമിഴ്നാട് തന്നെ ശരണം...