Monday, August 24, 2015

ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...


കുട്ടികൾ ഓണം ആഘോഷിക്കട്ടെ...
കുറച്ചു ദിവസമായി ഇത് മാത്രവെ കേൾക്കാനൊള്ളൂ.. കേരളത്തിൽ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്ന് മാത്രം... "പ്രേമം".. ഒരു സിനിമ കാരണം ഒറ്റ രാത്രി കൊണ്ട് വഴിതെറ്റിപ്പോയ യുവത്വത്തിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്ന അഭിനവ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നീണ്ട നിരയുമായാണ് ഓരോ ദിവസവും ദൃശ്യ ശ്രാവ്യ പത്ര മാധ്യമങ്ങൾ നാട്ടിലെ പ്രബുദ്ധരായ വോട്ടർ മാരെ ഒന്നുകൂടി പ്രബുദ്ധരാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്...
എന്റെ ഓർമ ശരിയാണെങ്കിൽ കേരള സമൂഹം ആദ്യമായി ഇതുപോലെ വഴി തെറ്റിപോകുന്നത് ചെമ്മീന് ശേഷമാണ്.. ഇട്ടിട്ടുപോയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകളുമായി മലയാളികൾ മുഴുവൻ കടാപ്പുറങ്ങളിൽ പാടി പാടി നടന്നു... എന്നും പോയി പാടാൻ കടൽ അടുത്തില്ലാത്ത പാവം മലയോര വാസികൾ വീട്ടിലെ കിണറിനു ചുറ്റും തെക്ക് വടക്ക് നടന്നു പാടി... രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും താരാദാസും ഒക്കെ കണ്ട ഒരുതലമുറ മുഴുവൻ അധോലോക നായകന്മാരാകാൻ ബൊംബൈക്കു വണ്ടി കയറി... അതും കള്ളവണ്ടി... ടിക്കെറ്റ് എടുത്തു പോയാൽ ഇനി അധോലോകത്ത് എത്തിയില്ലെങ്കിലോ... അന്ന് പോയി അധോലോകത്തിൽ പേരെടുത്ത കൊപ്ര പ്രഭാകരൻ, അനന്തൻ നമ്പ്യാർ, പെരേര, പവനായി തുടങ്ങിയ കൊടും ഭീകരെ പിടിക്കാൻ ഭരത് ചന്ദ്രൻ IPS ആകാൻ പോലീസുകാർ തമ്മിൽ മത്സരിച്ച ഒരു കാലവും ഉണ്ടായിരുന്നു... കാലം പലതു കഴിഞ്ഞെങ്കിലും ഇന്നും ഭരത്ചന്ദ്രൻ പോലീസുകാർക്ക് ഒരു റോൾ മോഡൽ ആണ്... സന്ദേശം കണ്ട് ഇനി രാഷ്ട്രീയക്കാരെ തങ്ങളുടെ പറമ്പിന്റെ ഏഴയലത്ത് കയറ്റില്ല എന്ന് കേരളം ദൃഡ പ്രതിഞ്ജ ചെയ്തു... ഒറ്റ രാത്രി കൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു അരാഷ്ട്രീയ സമൂഹമായി കേരള സമൂഹം മാറി... വളരുംതോറും പിളരുന്ന പാർട്ടികൾ അന്യം നിന്നു.. അവർ ഗാന്ധിയും , യേശുവും, ഹനുമാനും, കൃഷ്ണനും ഒക്കെയായി...