Wednesday, June 30, 2010

മെസേജ്...

എന്താണെന്നറിയില്ല...ഇന്ന് നേരത്തെ എണീറ്റു..കുറെ സമയം കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നതാണ്..പക്ഷെ ഉറക്കം വരുന്നില്ല...പതിയെ എണീറ്റു...എല്ലാവരും നല്ല ഉറക്കത്തില്‍...ശബ്ധമുണ്ടാക്കാതെ വാതില്‍ തുറന്നു മുകളിലേക്ക് നടന്നു...

വെയില്‍ എത്താന്‍ ഇനിയും സമയം പിടിക്കും..മഞ്ഞിന്റെ നേര്‍ത്ത കണങ്ങള്‍ അന്തരീക്ഷത്തില്‍ പാറി നടക്കുന്നു ...നാട്ടിലാണെങ്കില്‍ ഈ സമയത്ത് ഒരു കോഴിയുടെ കൂവലോ, ഏതെങ്കിലും പേരറിയാത്ത പക്ഷിയുടെ പാട്ടോ...മറ്റെന്തെങ്കിലുമോ കെട്ടേനെ ..ഒന്നുകൂടി ചെവി വട്ടം പിടിച്ചു നോക്കി..ദൂരെ ഏതോ മരക്കൊമ്പിലിരുന്നു ഒരു കാക്ക കരയുന്നു...ഭക്ഷണം കണ്ടുപിടിച്ചതിന്റെ സന്തോഷം കൂട്ടുകാരെ വിളിച്ചറിയിക്കുകയായിരിക്കും ..പങ്കുവെക്കലിന്റെ ഈ പാഠങ്ങള്‍ അവയെ ആരു പഠിപ്പിച്ചു???

ഞാന്‍ ചുറ്റും നോക്കി..രാത്രിയില്‍ ആരോ ഫോണ്‍ ചെയ്യുവാന്‍ കൊണ്ടുവന്നിട്ട ഒരു കസേര മൂലയ്ക്ക് കിടക്കുന്നുണ്ട്..മഞ്ഞുത്തുള്ളികള്‍ അതില്‍ നേര്‍ത്ത നീര്‍ച്ചാലുകള്‍ തീര്‍ത്തിരിക്കുന്നു..ഒരു പ്രണയ കഥ അത് വിളിച്ചു പറയുന്നുണ്ടാവണം..പതിയെ പോയി അതില്‍ ഇരുന്നു...മുന്‍പില്‍ mc റോഡ്‌..ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍..അജ്ഞാതരായ ആളുകള്‍, ആരൊക്കെയോ എങ്ങോട്ടോ പോകുന്നു...

കുട്ടിക്കാലത്ത് കണ്ടിരുന്ന ഒരു സ്വപ്നത്തിലേക്ക് പതിയെ മനസ് ഊളിയിടുകയായിരുന്നു ..അതിനെ സ്വപ്നമെന്ന് വിളിക്കാമോ എന്ന് എനിക്ക് അറിയില്ല ഇന്നും..സ്വപ്‌നങ്ങള്‍ വളരെ കുറച്ചേ ഞാന്‍ കാണാറുള്ളൂ..കഴിഞ്ഞ വര്‍ഷത്തെ കോളേജ് മാഗസിനില്‍ മിനു എഴുതിയ പോലെ സ്വപ്‌നങ്ങള്‍ എന്നും എന്നില്‍ നിന്നും അകന്നു നിന്നിട്ടെ ഉള്ളു..ചിലപ്പോള്‍ എന്റെ ഈ സ്വപ്നം ഒരു പ്രതീക്ഷയാകാം..ആഗ്രഹമാകാം ..അറിയില്ല...

ഈ ലോകത്തിലെ ഏറ്റവും നിഗൂഡമായ ഒന്നാണ് മനുഷ്യ മനസ്..ഇത് ഞാന്‍ പറഞ്ഞതല്ല, മറ്റാരോ പറഞ്ഞതാണ്..എന്നും ഈ മനസ് എനിക്കൊരു കടംകഥ ആയിരുന്നു..കണ്മുന്നിലൂടെ നീങ്ങുന്ന ആളുകളെ കാണുമ്പോള്‍, അവരുടെ മനസ് ഒന്ന് വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഒരു നിമിഷത്തേക്ക് മറ്റൊരാള്‍ ആകുവാന്‍ സാധിച്ചിരുന്നെങ്കില്‍...എന്റെ മനസ് വെമ്പല്‍ കൊല്ലും..പരകായ പ്രവേശമെന്നൊക്കെ കഥകളില്‍ പറഞ്ഞു കേട്ടിട്ടുള്ളത് എന്നെങ്കിലും ഒരിക്കല്‍ സാധ്യമായിരുന്നെങ്കില്‍...ഒരു കാലത്ത് ഞാന്‍ സച്ചിനും ഷാരുഖുമൊക്കെ ആയിട്ടുണ്ട്..ആഗ്രഹിച്ചിട്ടുണ്ട്..ഒരു നിമിഷാര്‍ധത്തെക്കെങ്കിലും...

അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു ഭൂതകാലത്തില്‍ ഹാപ്പിയായി ഇരുന്ന ഞാന്‍ വര്‍ത്തമാനകാലതിലെതിയത് ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ്..'മെസേജ് '..നോക്കിയപ്പോള്‍ പഴയ ഒരു ചെങ്ങാതിയാണ്..മെസേജ് വായിച്ച ഞാന്‍ നേരെ ചെന്നെത്തിയത് ഭാവി കാലത്തില്‍..ഒരു 5,6 വര്‍ഷം കഴിഞ്ഞുള്ള സമയം..ഭൂതത്തിനും ഭാവിക്കുമിടയില്‍ വര്‍ത്തമാനത്തിനു ഒരു മെസേജിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു...ആ മെസേജ് കോളേജിനെ കുറിച്ച് ആയിരുന്നു..ആ ജീവിതത്തിന്റെ അന്ത്യത്തെ കുറിച്ച് ആയിരുന്നു...അതിന്റെ ഭാവിയെ കുറിച്ച് ആയിരുന്നു...

"ഒരു പ്രഭാതത്തില്‍ - വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പ്രഭാതത്തില്‍ - നമ്മള്‍ തിരക്കിലായിരിക്കും ..നമ്മുടെ ജീവിതവുമായി.. അനന്തമായി നീളുന്ന ജോലി സമയങ്ങള്‍, പ്രാരബ്ധങ്ങള്‍ , കഷ്ടപ്പാടുകള്‍ ..
അന്ന് ബോറടിപ്പിക്കുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കില്ല, കൂട്ടുകാരില്ല , ഫ്രീ മെസേജിന്റെ കാലഘട്ടം അവസാനിച്ചിരിക്കും..ആരുടെയൊക്കെയോ വിവാഹം കഴിഞ്ഞിരിക്കും..ഒന്നിനും നമുക്ക് സമയം ഉണ്ടായിരിക്കയില്ല...

അങ്ങിനെ, ഒരു പ്രഭാതത്തില്‍ , നിങ്ങള്‍ തുറന്നിട്ട ജാലകങ്ങളിലൂടെ വിദൂരതയിലേക്ക് നോക്കുമ്പോള്‍ പഴയ ഒരു പിടി ഓര്‍മ്മകള്‍ നിങ്ങളെ തേടി എത്തും..കട്ട് ചെയ്തു കറങ്ങി നടന്ന ക്ലാസുകള്‍, ഇടി കൂടി ടികെറ്റ് എടുത്തു കണ്ട സിനിമകള്‍, അന്ന് വലിയ കാര്യമായും പിന്നീട് ആലോചിക്കുമ്പോള്‍ തികച്ചും ബാലിശവുമായി തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒരു കൂട്ടം അടിപിടികള്‍, കൂട്ടുകാരുമൊത്തുള്ള ആഘോഷങ്ങളുടെ രാവുകള്‍, യാത്രകള്‍, ഒരുപാട് പ്രണയങ്ങള്‍ വിടരുകയും പൊട്ടി തകരുകയും ചെയ്ത വാകമരച്ചുവടുകള്‍...എല്ലാം എല്ലാം നിങ്ങളുടെ കണ്മുന്നിലൂടെ പാഞ്ഞു പോകും..അപ്പോള്‍ ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ രണ്ടു തുള്ളി കണ്ണുനീര്‍ നിങ്ങളറിയാതെ അടര്‍ന്നു വീഴും..നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും ഒരു നിമിഷത്തേക്കെങ്കിലും ആ കാലത്തിലേക്ക് തിരിച്ചു പോവാന്‍ പറ്റിയിരുന്നെങ്കില്‍..എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്.......ഈ സമയം നിങ്ങളെ ആരെങ്കിലും ഭാര്യ /അമ്മ വാതിലില്‍ മുട്ടി വിളിക്കും.." ഓഫിസില്‍ പോവാന്‍ സമയമായി...."


ഒരു മരവിപ്പായിരുന്നു ഇത് വായിച്ചു കഴിഞ്ഞപ്പോള്‍..അനിവാര്യമായ ഒരു ഭാവികാല ദുരന്തം മുന്‍പില്‍ കണ്ട അവസ്ഥ..ക്രമേണ ആ മരവിപ്പിലേക്ക് ഞാന്‍ സ്വയം താദാത്മ്യം പ്രാപിക്കുകയായിരുന്നു...എന്റെ കോളേജ്......

ജോലി കിട്ടുമെന്ന കാര്യത്തില്‍ വലിയ ഉറപ്പോന്നുമില്ലെങ്കിലും പണിയൊന്നുമില്ലാതെ ഉണര്‍ന്നെനീല്‍ക്കുന്ന ഒരു പ്രഭാതവും തുറന്നിട്ട ജാലകവും എന്റെ പ്രഗ്ഞ്ഞയില്‍ തെളിഞ്ഞു വന്നു..കോളേജിലെ പകലുകളും ഹോസ്ടലിലെ രാവുകളും അവയ്ക്ക് കൂട്ടായി എത്തി...പിന്നാലെ കുറെ അടിപിടികളുടെ ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍...എല്ലാം വരി വരിയായി കടന്നു വരികയാണ്..ആ മേസേജിലെ പോലെ പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്ന വാകമരചുവടുകളും വിശാലായ ക്യാന്റീനുമൊന്നും എന്റെ കോളെജിനു അവകാശപ്പെടാനില്ലെങ്കിലും അതിന്റെ 4 കോണ്ക്രീറ്റ് ചുവരുകള്‍ക്കും പറയാനുണ്ടാകും ഒരുപിടി കഥകള്‍....ഒരിക്കലും മറക്കാത്ത കുറെ ഓര്‍മ്മകള്‍...

ചിന്തകള്‍ അങ്ങിനെ അങ്ങിനെ പോവുകയാണ്...നഷ്ടങ്ങളുടെ കണക്കു പുസ്തകങ്ങളും തേടി...

മുഖം പൊളളാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് ബോധം വന്നത്..വീണ്ടും വര്‍ത്തമാനകാലത്തില്‍..ചുറ്റും നോക്കി..ടെറസില്‍ മുഴുവന്‍ വെയില്‍ പരന്നിരിക്കുന്നു...പ്രണയകാവ്യം രചിച്ച മഞ്ഞുതുള്ളികള്‍ ചരമഗീതമെഴുതി എങ്ങോ പൊയ് മറഞ്ഞിരിക്കുന്നു...ഞാന്‍ എണീറ്റു...

താഴേക്കു പടികളിറങ്ങുമ്പോള്‍ മനസ് തേങ്ങുകയായിരുന്നു..ഇനി 3-ഓ, 4-ഓ മാസങ്ങള്‍..എല്ലാം അവസാനിക്കുകയാണ്..പ്രോജക്ടും സ്റ്റടിലീവും വീണ്ടും മാസങ്ങള്‍ അപഹരിക്കും..ഒരു പാട് പേടിച്ച സെമിനാറും കഴിഞ്ഞിരിക്കുന്നു...സമയം മുന്‍പത്തേക്കാളും കൂടുതല്‍ വേഗം ആര്‍ജിച്ചിരിക്കുന്നുവോ????

താഴെ എത്തി..ഇപ്പോളും ആരും എണീറ്റിട്ടില്ല..ആര്‍ക്കും കോളേജില്‍ പോവാന്‍ പ്ലാന്‍ ഇല്ലാന്നു തോന്നുന്നു...കട്ടിലില്‍ കയറി കിടന്നു...മനസ്സില്‍ എവിടെയൊക്കെയോ ഒരു വിങ്ങല്‍..ഒരു വേദന...പതിയെ മുഖത്ത് കൈ ഓടിച്ചു..ചെറിയ നനവ്‌..എന്റെ കണ്ണും നിറഞ്ഞിരുന്നുവോ....

3 comments:

Anonymous said...

Kidilam mashe...Hats off

jomin said...

nathe...jada

arunjp said...

da super!

Post a Comment