Sunday, September 1, 2013

1002 രാവുകൾ

                    1001 രാവുകൾ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് 1002 ആം ദിനം.. കഴിഞ്ഞുപോയ 1001 രാവുകൾക്കും ഇല്ലാതിരുന്ന  യാതൊരു  പ്രത്യേകതയും ഇനിയുള്ള രാവിനും ഇല്ലാതിരുന്നതുകൊണ്ട്ചെരിഞ്ഞു വീണ സൂര്യശോഭയിൽ പതിവിലും കൂടുതൽ നീണ്ടുപോയ നിഴലുകൾക്കുള്ളിൽ, മങ്ങിത്തുടങ്ങിയെന്നു സ്വയം വിശ്വസിപ്പിച്ചു പോരുന്ന ഓർമകളെ ഒളിക്കുവാൻ വിട്ട്, വിജനമായ കടൽത്തീരത്തുകൂടെ ലക്ഷ്യമില്ലാത്ത ഒരു നടത്തം ആരംഭിച്ചു... കക്കയും പോളയും പരന്നു കിടക്കുന്ന പൂഴി മണ്ണിൽ ആഴ്ന്നു പതിച്ച പാദമുദ്രകൾ മാത്രം ഏകാന്തപഥികനെ വിടാതെ പിന്തുടർന്നു... ആരെയും ഒന്നിനെയും കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നതൊന്നും അതുവരെയും ലഭ്യമല്ലാതിരുന്നതുകൊണ്ട് യാത്രക്ക് ഒരു അന്ത്യം കുറിക്കപ്പെട്ടിരുന്നില്ല നിമിഷം വരെ..

ഒരു ജോലി ഉണ്ടായിരുന്നു... അതൊരു ജോലി ആയിരുന്നോ എന്ന് ഉറപ്പിച്ചു ചോദിച്ചാൽ എനിക്കും ഉത്തരം ഇല്ല...പക്ഷെ അത്, അതെന്തായാലും എനിക്ക് അന്നന്നത്തെ അപ്പത്തിനുള്ള വക തന്നിരുന്നു...

കുട്ടിക്കാലം തൊട്ടേ ഏകാന്തതയുടെ മനോഹാരിത അറിഞ്ഞിരുന്നതുകൊണ്ടാവണം, കൊതിയായിരുന്നു സംസാരിക്കാൻ....

ഓർമ വച്ച നാൾ മുതൽ, നട്ടുച്ചക്കും ഇരുൾ വീണു കിടന്നിരുന്ന ഒരു വലിയ മുറിയിലെ കൊച്ചു തടി കട്ടിലിൽ ചുരുണ്ടുകൂടി ഇരുന്നു, അവിടെ ഉള്ള ഏക അലങ്കാര വസ്തുവായിരുന്ന ഒരു കണ്ണാടിയിലേക്ക് നിർന്നിമേഷനായി നോക്കി നിന്നിരുന്ന ബാല്യം കാലം മുതൽ, ഇന്നുവരെ ഉള്ള ജീവിതത്തിന്റെ നാൾ വഴികളിൽ ഓരോന്നിലും ഏകാന്തത ഒരു തീരാ ശാപമായി എന്നെ പിന്തുടർന്നു പോന്നത് 1001 രാവുകൾക്കു മുൻപ് ഞാൻ എടുത്ത തീരുമാനത്തിലേക്ക് എന്നെ എത്തിക്കുന്നതിനായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.. ആഗ്രഹിച്ച വഴിയെ ഒന്നും നടക്കാതെ വരുമ്പോൾ, സംഭവിക്കുന്നതെല്ലാം കാലങ്ങൾക്കു മുൻപേ എവിടെയൊക്കെയോ തനിക്കായി എഴുതപ്പെട്ടിരിക്കുന്നു എന്ന നിരാശന്റെ ജൽപനം, ഒരു നിമിഷാർധത്തിലെക്കെങ്കിലും ആരോ എനിക്ക് കാട്ടിതന്ന സ്വർഗീയ വെളിപാടായി മനസ്സിൽ പതിച്ചപ്പോൾ എനിക്ക് തോന്നി ഇതാണ് എന്റെ വഴി..എന്റെ വിധി എന്ന്...


അങ്ങനെ എന്റെ ഏകാന്തത, അത് ലോകത്തുള്ള മറ്റാരേക്കാളും കൂടുതൽ ഞാൻ അനുഭവിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നവരിലേക്ക്, ഞാൻ പകർന്നു നൽകാൻ തീരുമാനിച്ചു... അങ്ങനെ എനിക്ക് ലോകത്തിനു മുന്നിൽ ഒരു ജോലി ആയി എന്ന് ഞാൻ വിശ്വസിച്ചു...

ഇരുളടഞ്ഞ അനേകം മുറികളിൽ, ആശുപത്രികളിൽ, അഭയ കേന്ദ്രങ്ങളിൽ, വീടുകളിൽ, മറ്റനേകം ഇടങ്ങളിൽ ഒക്കെ എന്റെ ഏകാന്തനിമിഷങ്ങളിലെ ചിന്തകൾ ചിറകടിച്ചു പറന്നു... 

എന്തായിരുന്നു എന്റെ ജോലി എന്നല്ലേ... സംസാരം..സംഭാഷണം.. കണ്ണാടിയിൽ തെളിയുന്ന സ്വന്തം രൂപത്തിനോടല്ലാതെ ലോകത്ത് മറ്റൊന്നിനോടും സംസാരിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ അനേകം മനുഷ്യഹൃദയങ്ങൾക്കായി ഞാൻ എന്റെ ശബ്ദം ദാനം ചെയ്തു...എന്റെ വാക്കുകളെ ഞാൻ അവർക്കായി, അവരുടെ ആവശ്യങ്ങൾക്കനുസൃതമായി പരുവപ്പെടുത്തി...കഴിഞ്ഞ 1001 ദിന രാത്രങ്ങളിൽ , സന്ദർഭങ്ങളും സാഹചര്യങ്ങളും നടത്തിയ ഗൂഡാലോചനകളിൽ തോൽവി സമ്മതിച്ചു ഏകാന്ത തടവുകാരായി ഒതുങ്ങിക്കൂടിയ, ഒതുക്കപ്പെട്ട കാതുകൾക്ക് എന്റെ ശബ്ദം കൂട്ടിരുന്നു... ചുരുക്കി പറഞ്ഞാൽ വ്യത്യസ്തമായ ഒരു ജോലി.. ആരും സംസാരിക്കാൻ ഇല്ലാത്തവരോടു സമയവും ടൈം ടേബിളും വച്ച് സംസാരിച്ച്‌  സംസാരത്തിനു കാശ് വാങ്ങുക...


എന്റെ വാക്കുകൾക്കു വില നിശ്ചയിച്ചു കച്ചവടമാക്കുന്നതിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും, ഏകാന്തതയുടെ വില എനിക്ക്നല്ല പോലെ അറിയാമായിരുന്നു എങ്കിലും, വിശപ്പാണ് പരമമായ സത്യം എന്ന തിരിച്ചറിവ് എന്നെ എന്തിനും പ്രാപ്തനാക്കുകയായിരുന്നു... മനുഷ്യൻ പഠിക്കുന്നതും കഷ്ടപ്പെടുന്നതും ജോലി ചെയ്യുന്നതും ഒക്കെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ് എന്ന തിരിച്ചറിവ് മറ്റെല്ലാവരെയും പോലെ എന്നെയും പ്രൊഫെഷണൽ ആക്കി... അങ്ങനെ എന്റെ വാക്കുകൾക്കു ഞാൻ വിലയിട്ടു..

അങ്ങനെ എന്റെ 999മത്തെ ദിനത്തിലാണ് ഞാൻ കൊച്ചു വീട്ടിൽ എത്തിയത്...അമേരിക്കയിൽ നിന്നും എന്നെ തേടിയെത്തിയ ഫോണ്കോൾ എന്റെ വാക്കുകൾക്ക് ഇട്ട വില വളരെ കൂടുതലായതുകൊണ്ട് എന്റെ ഒരാഴ്ചത്തെ താമസം വീട്ടിലേക്കു മാറ്റാൻ ഞാൻ തീരുമാനിച്ചപ്പോൾ, തീരുമാനം എന്നെ ഇന്ന് മണൽപ്പരപ്പിൽ ഒരിക്കൽക്കൂടി ഏകനാക്കി മാറ്റും എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.. ഓടിനിടയിൽക്കൂടി സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കൊച്ചു വീടിന്റെ ഇറയത്തു ഞങ്ങൾ പരസ്പരം നോക്കി ഇരുന്നു... ജീവിതത്തിന്റെ സായാഹ്നങ്ങളിൽ എങ്ങോ അലഞ്ഞു നടക്കുന്ന വൃദ്ധൻ ആകസ്മികമായ മരണമെന്ന ശാശ്വത സത്യത്തെ കാത്തിരിക്കുന്നതുപോലെ തോന്നി...ഞങ്ങൾ ഒരു ചെറു പുഞ്ചിരിക്കപ്പുറാം പരസ്പരം ഒന്നും സംസാരിച്ചില്ല...എന്റെ ജോലി ചെയ്യാൻ ഞാൻ വാ തുറന്നപ്പോൾ ഒക്കെ എന്നോട് നിശബ്ധനാവാൻ കണ്ണുകൾ ആവശ്യപ്പെട്ടു... അകത്തെ മേശമേൽ ചിതറിക്കിടന്നിരുന്ന അനേകം കടലാസ് കഷങ്ങങ്ങളിൽ ഒന്നിൽ അനന്തമായി നീളുന്ന പൂജ്യങ്ങൾ ഉള്ള ഒരു NRI അക്കൗണ്ട്ബുക്ക് കിടക്കുന്നത് ഞാൻ കണ്ടു... 

3 ദിവസങ്ങൾക്കപ്പുറം ഇന്ന് കണ്ണുകൾ ലോകത്തിലെ അവസാന പ്രഭാതവും കണ്ടു വീണ്ടുമൊരു നിദ്രയിൽ ആണ്ടപ്പോൾ പഴയ ഒരു ഇരുൾ വീണ മുറിയും തടി കട്ടിലും കണ്ണാടിയും എന്റെ മുന്നിൽ തെളിഞ്ഞു... പരസ്പരം ഒന്നും സംസാരിക്കാതെ, എന്നാൽ എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു കടന്നുപോയ മനുഷ്യന്റെ ആത്മാവിനു മുന്നിൽ ഞാൻ തല കുനിച്ചു...

ആൾക്കൂട്ടത്തിനു നടുവിൽ തനിച്ചിരിക്കേണ്ടി വരുന്ന ഒട്ടനവധി ആത്മാക്കൾക്ക് മുന്നിൽ ജീവിക്കാൻ വേണ്ടി ഞാൻ നടത്തിയ പകർന്നാട്ടങ്ങൾക്ക് ഒരു മനുഷ്യൻ 2 ദിവസത്തെ നിശബ്ധത കൊണ്ട് വിലയിട്ടപ്പോൾ, നാളെ എനിക്കും സംഭവിക്കാവുന്ന അനിവാര്യതയെ ഞാൻ നേരിൽ കണ്ടപ്പോൾ, അനാഥന്റെയും സനാഥന്റെയും മുന്നിൽ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും ഒരു മുഖം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ, എന്നാൽ സനാഥന്റെ എകാന്തതക്ക്അനാഥന്റെതിനേക്കാൾ വേദന കൂടുതലാണ് എന്ന സത്യം തെളിഞ്ഞുവന്നപ്പോൾ, അക്കൗണ്ട്ബുക്കിൽ നിറയുന്ന പൂജ്യങ്ങൾക്ക് ചില സമയങ്ങളിൽ എങ്കിലും വെറും പൂജ്യത്തിന്റെ വിലയെ ഒള്ളു എന്ന് മനസിലായപ്പോൾ, ചിലപ്പോൾ ഒരു ചെറിയ പുഞ്ചിരിക്കു പോലും വില നിശ്ചയിക്കാൻ ആവാതെ വരുമ്പോൾ, അങ്ങനെ ഒരായുസ്സിലെക്കുള്ള പല പാഠങ്ങളും പ്രകൃതി കണ്മുന്നിൽ തുറന്നു തരുമ്പോൾ, അന്ത്യം കുറിക്കപ്പെടാത്ത എന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു...

മറ്റേതോ വൻകരകളിൽ നിന്നും കാതങ്ങൾ താണ്ടി എന്നെ തേടി എനിക്കായി എത്തിയ ഒരു കുഞ്ഞു തിര എന്റെ പാദങ്ങളെ നനച്ചു പിൻവാങ്ങിയപ്പോൾ പഴയൊരു നിരാശന്റെ ജല്പനങ്ങൾ എന്റെ കാതിൽ വീണ്ടും മുഴങ്ങി.. തിരയുടെ വിധിയിലും എഴുതിയിരിക്കുന്നുണ്ടാവണം എന്റെ കാൽച്ചുവട്ടിൽ വന്നു അപ്രത്യക്ഷമാവാൻ... ഇനിയും എനിക്കായി ആരൊക്കെയോ കാതങ്ങൾ താണ്ടി വരും എന്ന് എന്റെ മനസ് മന്ത്രിച്ചു..... ഒരു നിമിഷത്തെ തോന്നലിൽ എന്റെ യാത്രക്ക് അന്ത്യം കുറിക്കപ്പെടുകയായിരുന്നു... ഞാൻ കാത്തിരിക്കാൻ തീരുമാനിച്ചു... 1002 ആം രാവ്...

                                                                                          

4 comments:

KS Binu said...

ഇറ്റ്സ് റ്റച്ചിംഗ്! വ്യത്യസ്തമായ പ്ലോട്ട്! ഇതുവരെ സങ്കല്‍പ്പിക്കുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഒന്ന്. ഇഷ്ടപ്പെട്ടു.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

നല്ല എഴുത്ത്, ഒരു പുതമയുണ്ട്

binu said...

ഇഷ്ടമായി ...ഒരു നൊമ്പരം...

Unknown said...

Like

Post a Comment