Monday, August 24, 2015

ആ കുട്ടികൾ ഓണം ആഘോഷിക്കട്ടെ...


കുട്ടികൾ ഓണം ആഘോഷിക്കട്ടെ...
കുറച്ചു ദിവസമായി ഇത് മാത്രവെ കേൾക്കാനൊള്ളൂ.. കേരളത്തിൽ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്ന് മാത്രം... "പ്രേമം".. ഒരു സിനിമ കാരണം ഒറ്റ രാത്രി കൊണ്ട് വഴിതെറ്റിപ്പോയ യുവത്വത്തിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്ന അഭിനവ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നീണ്ട നിരയുമായാണ് ഓരോ ദിവസവും ദൃശ്യ ശ്രാവ്യ പത്ര മാധ്യമങ്ങൾ നാട്ടിലെ പ്രബുദ്ധരായ വോട്ടർ മാരെ ഒന്നുകൂടി പ്രബുദ്ധരാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്...
എന്റെ ഓർമ ശരിയാണെങ്കിൽ കേരള സമൂഹം ആദ്യമായി ഇതുപോലെ വഴി തെറ്റിപോകുന്നത് ചെമ്മീന് ശേഷമാണ്.. ഇട്ടിട്ടുപോയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകളുമായി മലയാളികൾ മുഴുവൻ കടാപ്പുറങ്ങളിൽ പാടി പാടി നടന്നു... എന്നും പോയി പാടാൻ കടൽ അടുത്തില്ലാത്ത പാവം മലയോര വാസികൾ വീട്ടിലെ കിണറിനു ചുറ്റും തെക്ക് വടക്ക് നടന്നു പാടി... രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും താരാദാസും ഒക്കെ കണ്ട ഒരുതലമുറ മുഴുവൻ അധോലോക നായകന്മാരാകാൻ ബൊംബൈക്കു വണ്ടി കയറി... അതും കള്ളവണ്ടി... ടിക്കെറ്റ് എടുത്തു പോയാൽ ഇനി അധോലോകത്ത് എത്തിയില്ലെങ്കിലോ... അന്ന് പോയി അധോലോകത്തിൽ പേരെടുത്ത കൊപ്ര പ്രഭാകരൻ, അനന്തൻ നമ്പ്യാർ, പെരേര, പവനായി തുടങ്ങിയ കൊടും ഭീകരെ പിടിക്കാൻ ഭരത് ചന്ദ്രൻ IPS ആകാൻ പോലീസുകാർ തമ്മിൽ മത്സരിച്ച ഒരു കാലവും ഉണ്ടായിരുന്നു... കാലം പലതു കഴിഞ്ഞെങ്കിലും ഇന്നും ഭരത്ചന്ദ്രൻ പോലീസുകാർക്ക് ഒരു റോൾ മോഡൽ ആണ്... സന്ദേശം കണ്ട് ഇനി രാഷ്ട്രീയക്കാരെ തങ്ങളുടെ പറമ്പിന്റെ ഏഴയലത്ത് കയറ്റില്ല എന്ന് കേരളം ദൃഡ പ്രതിഞ്ജ ചെയ്തു... ഒറ്റ രാത്രി കൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു അരാഷ്ട്രീയ സമൂഹമായി കേരള സമൂഹം മാറി... വളരുംതോറും പിളരുന്ന പാർട്ടികൾ അന്യം നിന്നു.. അവർ ഗാന്ധിയും , യേശുവും, ഹനുമാനും, കൃഷ്ണനും ഒക്കെയായി...
നരസിംഹത്തിലെതുപോലെ കൂട്ടുകാരൻ ഡയലോഗ് പറഞ്ഞു തീർക്കാൻ താമസിച്ചതുകാരണം വെള്ളത്തിൽ നിന്നും പൊങ്ങി വരാൻ സാധിക്കാതെ ശ്വാസം മുട്ടി മരിച്ച എത്ര എത്ര ആത്മാക്കളുണ്ട് നമ്മുടെ നാട്ടിൽ... മലയാളിയുടെ കണ്ണിൽ കള്ള് കച്ചവടം എന്നത് തികച്ചും പരിപാവനവും പവിത്രവുമായ ഒരു തൊഴിലാണ്... ഇങ്ങനെ പലപ്പോഴായി മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്നു നമ്മുടെ സമൂഹം... ഏറ്റവും ഒടുവിലത്തെതിനു മുൻപിലായി - അതായത് ഇന്നലെ - 1983 കണ്ട കേരളത്തിലെ മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാരും ഒരു തീരുമാനം എടുത്തു... ഇനി തൊട്ടു നമ്മുടെ മക്കൾ ക്രിക്കറ്റ് കളിച്ചു വളരും... ഫലമോ.... സ്കൂളുകൾ പൂട്ടി... ശ്രേഷ്ഠ പരിശുദ്ധ സ്വാശ്രയ മാനേജുമെന്റുകൾ കാശുണ്ടാക്കാൻ അടുത്ത വഴി ആലോചിച്ചു തുടങ്ങി... ഇങ്ങനെ ഒന്ന് സ്വാധീനിക്കപ്പെടുവാൻ നോക്കി ഇരിക്കുന്ന കേരള സമൂഹത്തിനു മുന്പിലേക്കാന് പുത്രൻ പ്രേമവുമായി വരുന്നത്... എന്ത് ചെയ്യാനാ.. സ്വാധീനിക്കപ്പെട്ടുപോയി... ആരെങ്കിലും ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ, ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഉണർന്നേനെ അവർ.. പോരാത്തതിന് റബ്ബിന്റെ ഭാഷയിൽ പറഞ്ഞാൽ പാഠ പുസ്തകം വരുന്നതിനു മുൻപേ ഓണവും വന്നു.. വളരെ നേരത്തെ...
അങ്ങനെ ആദ്യമായി കുട്ടികൾ ഓണത്തിനു മുണ്ടുടുത്തു... കറുത്ത ഷർട്ട്‌ ഇട്ടു.. കണ്ണാടി വച്ചു... പെണ്‍കുട്ടികൾ സാരി ഉടുത്തപ്പോൾ മുടി അഴിച്ചു മുൻപിലേക്ക് ഇട്ടു... മുഖക്കുരു ഉള്ള മുഖം തെളിഞ്ഞു കണ്ടു... അവർ പൂക്കളം ഇട്ടു... ചെണ്ട മേളത്തോടൊപ്പം ഘോഷയാത്ര നടത്തി... രണ്ടു മുദ്രാവാക്യം വിളിച്ചു.. കോളേജിനും ബാച്ചിനും ജയ് വിളിച്ചു.. പുതിയ സിനിമ പാട്ടുകൾക്കൊപ്പം - അല്ല പ്രേമത്തിലെ പാട്ടുകൾക്കൊപ്പം- ചുവടു വച്ചു... അതും മലയാളം പോരാഞ്ഞു ഹിന്ദി പ്രേമം, തമിഴ് പ്രേമം, തെലുങ്ക് പ്രേമം.. എല്ലാം സാക്ഷര കേരള ചരിത്രത്തിൽ ആദ്യമായി...അക്ഷന്ദവ്യമായ തെറ്റുകൾ...
സമൂഹം ഉണർന്നു.. മനുഷ്യ മനസാക്ഷി ഉണർന്നു.. മാധ്യമങ്ങൾ ഉണർന്നു... മഞ്ഞ നിറത്തിന് ക്ഷാമം ഇല്ലാത്ത നാട്ടിൽ മാധ്യമങ്ങൾ അവരുടെ പണി ചെയ്തു... ഉള്ള കഥകൾക്ക് മഞ്ഞ നിറം പോരാതതുകൊണ്ട് കുറച്ചു കൈയിൽനിന്നും ഇട്ടു.. അതിരു കടക്കുന്ന ആഘോഷങ്ങളെക്കുറിച്ചു ഘോര ഘോരം ചർച്ചകൾ നടന്നു.. എല്ലാം ചെന്നെത്തിയത് ഒരൊറ്റ ലക്ഷ്യ സ്ഥാനത്തിൽ... കോളേജുകളിലെ ആഘോഷങ്ങൾക്ക് കടിഞ്ഞാണിടുക... കോളേജുകളിലെ ഇപ്പോളേ മൃത പ്രായമായ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കുക... ഗവണ്മെന്റ് കോളേജുകൾ മുഴുവനും കുത്തഴിഞ്ഞു കിടക്കുകയാണെന്നും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുന്നവർ എല്ലാം സാമൂഹ്യ വിരുധരാനെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുക...
CET യിൽ നടന്ന സംഭവം തീർച്ചയായും അപലപിക്കപ്പെടെണ്ടത് തന്നെ.. മനപൂർവം അല്ലെങ്കിൽ പോലും ഒരു പാവം പെണ്‍കുട്ടിയുടെ ജീവൻ വീണുടഞ്ഞു... ഒരുപിടി സ്വപ്‌നങ്ങൾ പൊലിഞ്ഞുപോയി... അതിനു ഉത്തരവാദികളായവരെ ശിക്ഷിക്കുയും വേണം.. പക്ഷെ മഞ്ഞ മാധ്യമങ്ങൾ പറയുന്നതുപോലെ മനപൂർവം ഒരു കുട്ടിയെ വണ്ടി ഇടിച്ചു കൊലപ്പെടുത്തി എന്ന രീതിയിൽ മെനഞ്ഞെടുത്ത കഥകളും മദ്യവും മയക്കുമരുന്നുമെല്ലാം അടക്കി വാഴുന്ന ക്യംപസുകളും ഒക്കെ വിശ്വസിച്ചു കാഴ്ചക്കാരായി ഇരിക്കുന്ന സമൂഹം ഒരു നാട്ടിലെ മുഴുവൻ വിദ്യാർഥികളുടെയും ആഘോഷങ്ങൾക്കും ചിന്തകൾക്കും തടയിടാൻ ശ്രമിക്കുന്നത് ഒരിക്കലും ഭൂഷണമല്ല...
അടൂർ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികൾ റോഡിൽ ഘോഷയാത്ര നടത്തിയത് നൂറ്റാണ്ടിലെ ഏറ്റവും വല്യ അപരാധമായി വ്യാഖ്യാനിക്കുന്നവരോട് ഒന്ന് ചോദിച്ചോട്ടെ... നാട്ടിലെ സർവമാന അമ്പലങ്ങളും പള്ളികളും രാഷ്ട്രീയ പാർട്ടികളും മാസത്തിൽ അഞ്ചും ആറും തവണ ഒരുനാടിനെ മുഴുവൻ സ്തംഭിപ്പിച്ചുകൊണ്ട് വിശ്വാസത്തിന്റെ പേരിൽ നടുറോഡിൽ ശക്തി പ്രകടനം നടത്തുമ്പോൾ എവിടെപോയി പറഞ്ഞ സാമൂഹ്യ പ്രതിബദ്ധത.. നേരം വെളുക്കുമ്പോൾ മുതൽ നട്ടപാതിര വരെ നാലു ദിക്കിൽ നിന്നും കോളാമ്പികളിൽക്കൂടി പടച്ചു വിടുന്ന ഭക്തി ഗാനങ്ങളും മതപ്രഭാഷണങ്ങളും ഉണ്ടാക്കുന്നത്ര ശബ്ദ മലിനീകരണം കുട്ടികളുടെ ഏതാനും മണിക്കൂർ നേരത്തെ ആഘോഷങ്ങൾക്ക് ഉണ്ടായിരുന്നോ.. ഏതെങ്കിലും ഒരു സിനിമാ താരം ഒരു ഉൽഘാടനത്തിനൊ മറ്റോ എവിടെ എങ്കിലും എത്തിയാൽ ആംബുലൻസ്പോലും മണിക്കൂറുകൾ വഴിയിൽ കിടക്കേണ്ടി വരുന്നതും മറ്റെവിടെയുമല്ല... ഇത്രയും സാമൂഹ്യ സ്നേഹികളുള്ള നമ്മുടെ നാട്ടിൽ തന്നെയാണ്... ഇനി കുട്ടികൾക്ക് കോളേജിൽ ഇരുന്നാൽ പോരെ എന്തിനാ റോഡിലേക്ക് ഇറങ്ങുന്നത് എന്ന് ചോദിക്കുന്നവരോട്... കണ്ട ദൈവങ്ങൾക്കൊക്കെ അമ്പലത്തിന്റെയോ പള്ളിയുടെയോ ഒക്കെ ച്ചുട്ടുവട്ടതിനുള്ളിൽ ഇരുന്നാൽ പോരെ എന്തിനാ പ്രതിക്ഷിണം എന്നും ഘോഷയാത്രയെന്നും ഒക്കെ പറഞ്ഞു റോഡിലേക്ക് ഇറങ്ങുന്നത്... അടിച്ചു പാമ്പായി ടപ്പാൻകൂത്ത് കളിക്കുന്ന, ചുറ്റുമുള്ള സ്ത്രീകളെപോലും പര തെറി വിളിക്കുന്ന ഒട്ടനവധി ഭക്ത ജനങ്ങളെ ഇവിടെ എല്ലാം കാണുകയും ചെയ്യാം... അതിലൊന്നും ആരും ഒരു മൂല്യ ച്യുതിയും സാമൂഹ്യ വിരുദ്ധതയും ഒന്നും കാണാത്തത് അത്ഭുതം തന്നെയാണ്... ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞും തിക്കിലും തിരക്കിലുംപെട്ടും എത്ര ആളുകളാണ് ഓരോ വർഷവും നമ്മുടെ നാട്ടിൽ മരണമടയുന്നത്... അതിന്റെ പേരിൽ ആരെങ്കിലും ഉത്സവങ്ങൾ നിരോധിക്കാരുണ്ടോ...
അടൂരിലെ തന്നെ മൂന്നാം വർഷ വിദ്യാർഥികൾ അവരുടെ ഓണം ആഘോഷിച്ചത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അന്തേവാസികളോടൊപ്പം ആണെന്നുള്ള വാർത്ത എന്തെ ഒരു മാധ്യമത്തിലും കണ്ടില്ല...
ഗവണ്മെന്റ് കോളേജുകളിലെ കുട്ടികളെക്കുറിച്ചു പരിതപിക്കുന്നവർ എന്തുകൊണ്ട് സ്വാശ്രയ കോളേജുകളെ ക്കുറിച്ച് പരാമർശിക്കുന്നില്ല.. ഇതിലും ഭീകരമായ ഒട്ടനവധി കാര്യങ്ങൾ നടമാടിക്കൊണ്ടിരിക്കുന്ന സ്വാശ്രയ കോളേജുകളുടെ കാര്യം എല്ലാവരും സൌകര്യപൂർവ്വം വിട്ടുകളഞ്ഞു... കാരണം അതിന്റെ പിന്നിലും ഉണ്ടല്ലോ ഒരു രാഷ്ട്രീയം... സ്വാശ്രയവും രാഷ്ട്രീയവും മാധ്യമങ്ങളും ഒക്കെ തമ്മിലുള്ള ഒരു ബന്ധം ഉണ്ടല്ലോ.. പരുന്തും പണവും തമ്മിലുള്ള പഴയ ബന്ധം.. അത് തന്നെ കാരണം... രായ്ക്കു രാമാനം കത്തി നിൽക്കുന്ന പല വാർത്തകളും അപ്രത്യക്ഷമാക്കി കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെ മാധ്യമ പുംഗവന്മാർ ദിവസങ്ങള് കഴിഞ്ഞിട്ടും ഇതിൽ തന്നെ കടിച്ചു തൂങ്ങി കിടക്കുന്നതിനും കാരണം മറ്റൊന്നല്ല... കേരളത്തിലെ ഏറ്റവുംനല്ല എഞ്ചിനീയറിംഗ് കോളേജുകളാണ് CET യും അടൂരും എല്ലാം..നല്ലരീതിയിൽ നടന്നുപോകുന്ന കോളേജുകൾ ഒക്കെ പൂട്ടിയാൽ മാത്രവെ സ്വാശ്രയ വിഷങ്ങൾക്കു പിടിച്ചു നിൽക്കാനാകൂ.. അടൂരിൽ മാത്രം പൂട്ടാറായ അഞ്ചു എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ടെന്നുള്ള വസ്തുത കൂടി പരിഗണിക്കുമ്പോളേ സംഘടിതമായ ഒരു ആക്രമണത്തിന്റെ പൂർണ രൂപം ബോധ്യമാകൂ..
ഇന്ന് CET യിലെ കുട്ടികളെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്ന ഇതേ മാധ്യമങ്ങൾ അന്ന് പരിപാടി ഭംഗിയായി അവസാനിചിരുന്നെങ്കിൽ നൽകുമായിരുന്ന പബ്ലിസിറ്റിയും അഭിനന്ദനങ്ങളും എല്ലാവർക്കും ഊഹിക്കാവുന്നതെ ഒള്ളു.. ഇന്ന് യുവത്വത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് ചാനലുകൾ തോറും ഓടിനടന്നു ക്ലാസ്സ്‌ എടുകുന്നവർ അന്ന് ക്യാമ്പസിലെ സർഗാൽമകതകളെക്കുറിച്ചും യൗവനത്തിന്റെ വർണങ്ങളെക്കുറിച്ചും കോളേജുകളിൽ ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ ആവശ്യകതകളെക്കുറിച്ചും ഒക്കെ വാചാലരായെനെ...
കുട്ടികൾ ആഘോഷിക്കട്ടെ... ഓണവും ക്രിസ്തുമസും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ .. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒന്നും നാറിയ മുഷിഞ്ഞു ഭാണ്ഡങ്ങൾ പേറാതെ ഒന്നിച്ചു കൈകോർത്തു നീങ്ങുവാൻ അവർക്ക് ലഭിക്കുന്ന അവസാനത്തെ അവസരമാണ് കോളേജിലെ മൂന്നോ നാലോ വർഷങ്ങൾ... പുറം ലോകം ജാതിയും മതവും മറ്റെല്ലാ ദുഷിപ്പുകളും ചേർത്ത് ചേർത്ത് അവരെ നശിപ്പിച്ചുകൊള്ളും... നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവന്നുകൊള്ളും.. സഹായിക്കുന്നു എന്ന വ്യാജേന നിങ്ങളുടെ അജണ്ടാകൾക്കായി അവരെ വാര്ത്തെടുത്തുകൊള്ളൂ.. പ്രതികരിക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾക്ക് കൊന്നു തള്ളാം.. അതാണല്ലോ ശീലവും... അതുവരെ അവരെ ജീവിക്കാൻ വിടുക... നിങ്ങളുടെ സ്വാർത്ഥതകൾക്കായി ദയവായി പടി കടന്നു ചെല്ലാതിരിക്കുക... അവർ മനുഷ്യരായി ജീവിക്കട്ടെ....


0 comments:

Post a Comment