Sunday, September 25, 2016

ലെസ് മക്കെൻസി

ഞാൻ ഇന്നൊരാളെ കണ്ടു.. ഒരു സാധാരണ മനുഷ്യൻ.. അസാധാരണ കാര്യങ്ങൾ ചെയ്ത ഒരു സാധാരണ മനുഷ്യൻ.. ലെസ് മക്കെൻസി..
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ടെക്നിഷ്യൻ ആയിരുന്നു ലെസ്.. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ദിവസം രാവിലെ തന്റെ പതിവുള്ള മൈന്റനെൻസ് ജോലികൾക്കായി ലെസ് പ്ലാന്റിലെത്തി.. അധികം ആളുകൾ എത്താത്ത ഒരു കോണിലുള്ള കൺവെയർ ബെൽറ്റിൽ എന്തോ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ലെസ്.. ആരോ അവിടെ ഉണ്ട് എന്ന് അറിയാതെ കൺവെയർ ഓഫ് ആയികിടക്കുന്നതുകണ്ട മറ്റൊരു ടെക്‌നിഷ്യൻ ബെൽറ്റ് ഓൺ ആക്കി.. ഏതെങ്കിലും മെഷിനിൽ ജോലി ചെയ്യുമ്പോൾ അതിനെ ലോക് ചെയ്യാനും മറ്റുള്ളവരെ ഞാൻ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്ന് അറിയിക്കാനും വേണ്ടിയുള്ള ലോക് ഔട്ട് കാർഡ് നിർഭാഗ്യവശാൽ അതിൽ തൂക്കുവാൻ ലെസ്‍മറന്നുപോയിരുന്നു.. ലെസിന്റെ ഇടതു കൈ കൺവെയർ ബെൽറ്റിന്റെ ചക്രങ്ങളുടെ ഇടയിൽ കുടുങ്ങി.. അത് അയാളെ പതിയെ അകത്തേക്ക് വലിച്ചുകൊണ്ടിരുന്നു.. കൈ മുട്ടുവരെയുള്ള ഭാഗം അകത്തായപ്പോഴേക്കും എന്തെങ്കിലും ചെയ്തില്ലെങ്കിൽ താൻ മുഴുവനായും അകത്തേക്ക് പോവും എന്ന് ലെസ് തിരിച്ചറിഞ്ഞു.. അപ്പോളാണ് വെൽഡ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മാസ്ക് അടുത്ത് കിടക്കുന്നത് ലെസ് കണ്ടത്.. അത് എടുത്തു അയാൾ ചക്രങ്ങളുടെ ഇടയിലേക്ക് കുത്തിയിറക്കി.. വലിയൊരു ശബ്ദത്തോടെ ബെൽറ്റിന്റെ കറക്കം നിലച്ചു..
ഈ സമയം പുറത്തുനിന്നിരുന്ന ടെക്നിഷ്യൻ എന്താണ് ബെൽറ്റിന്റെ കറക്കം നിലച്ചത് എന്ന് നോക്കാനായി അകത്തേക്ക് കയറി വന്നപ്പോൾ കാണുന്നത് ചക്രങ്ങളുടെ ഇടയിൽ നിന്നും കൈ ഊരിയെടുക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ലെസിനെയാണ്.. ചുറ്റും ചോര ഒഴുകുന്നു.. ഏകദേശം രണ്ടാഴ്ചയോളം ലെസ് ആശുപത്രിയിൽ കിടന്നു.. എണ്ണാനാവാത്തിടത്തോളം കഷ്ണങ്ങളായി ഒടിഞ്ഞു ഞുറുങ്ങിയ കൈ ഇനി ഒരികലും ശെരിയാക്കാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.. കൈമുട്ടിനു താഴേക്ക് പ്രവർത്തനരഹിതമായ തന്റെ ഇടതുകൈ നോക്കി ലെസ് പതിയെ പുഞ്ചിരിച്ചു...

വീണ്ടും ഒരാഴ്ചകൂടി.. ഒരു തിങ്കളാഴ്ച ദിവസം രാവിലെ പതിവുപോലെ ലെസ് ഓഫീസിലെത്തി തന്റെ കസേരയിൽ ഇരുന്നു.. രക്തയോട്ടം നിലച്ചു നീരുവച്ച വീർത്തിരുന്ന ഇടതുകൈ എടുത്തു മേശമേൽ വച്ചു, കംപ്യുട്ടർ ഓൺ ആക്കി മെയിലുകൾ നോക്കിത്തുടങ്ങി.. ആളുകൾ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.. കയറി വന്ന ഓരോരുത്തരെയും ലെസ് ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു... ഒരു ചെറിയ അമ്പരപ്പോടെ അവർ തിരിച്ചും..
ഈ നാടിന്റെ ഒരു പ്രത്യേകത എന്താണെന്നറിയുമോ? ആരും ആരുടേയും പ്രത്യേക പരിഗണനക്കും സഹതാപത്തിനും കാത്തുനിൽക്കാറില്ല.. പുഞ്ചിരിച്ചുകൊണ്ട് മുൻപിൽ നിൽക്കുന്ന ആളിനെ ആരും സഹതാപത്തിന്റെ മുഖത്തോടെ നോക്കാറുമില്ല.. തീർച്ചയായും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കും.. അത് അയാൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം.. ലെസും ആരുടേയും സഹതാപം ആവശ്യപ്പെട്ടില്ല.. ഉപയോഗശൂന്യമായ കൈയും തൂക്കി അയാൾ അവിടെ ഇരുന്നു, നടന്നു, പൊട്ടിച്ചിരിച്ചു, ജോലികൾ ചെയ്തു, അന്ന് മെഷീൻ ഓൺ ആക്കിയ ടെക്‌നീഷ്യന് ഒരു കേസ് ബിയർ വാങ്ങി കൊടുത്തു..
ഒരു മാസത്തിനു ശേഷം ഡോക്ടർ മാർ പറഞ്ഞു.. നമുക് ആ കൈ മുറിച്ചു മാറ്റാം.. സന്തോഷത്തോടെ ലെസ് സമ്മതിച്ചു.. കമ്പനി അയാൾക് പുതിയൊരു യന്ത്രകൈ വച്ചുകൊടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു.. ഏതാനും ആഴ്ചകൾക്കു ശേഷം പുതിയൊരു കയ്യുമായി ലെസ് തിരിച്ചെത്തി..അന്ന് വൈകിട്ട് കമ്പനിയിൽ വലിയൊരു ബാർ ബി ക്യൂ പാർട്ടി നടന്നു.. ലെസിന്റെ വക..
വർഷങ്ങൾ കഴിഞ്ഞു.. അയാൾ ഇന്നും അവിടെ ജോലി ചെയ്യുന്നു.. ചിരിക്കുന്നു.. ബഹളം വെക്കുന്നു.. കാർ ഓടിക്കുന്നു.. പബ്ബിൽ പോകുന്നു.. പാർട്ടികൾക്ക് പോകുന്നു.. കൂടാതെ കമ്പനികളിലെ ഹെൽത് ആൻഡ് സേഫ്റ്റി യുടെ ആവശ്യകതയെപ്പറ്റി സ്വയം ഉദാഹരണമാക്കി ക്ലാസ്സുകൾ എടുക്കുന്നു.. ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു..
കയ്യിലോ കാലിലോ ഒരു ചെറിയ മുറിവുണ്ടായാൽ, ഒരു ജലദോഷം വന്നാൽ സിക്ക് വിളിച്ചു വീട്ടിലിരിക്കുന്ന നമ്മൾക്ക് ലെസ് ഒരു അത്ഭുതമാണ്.. ഒരു ചെറിയ പനി വന്നാൽ ലോകാവസാനമാവാറായി എന്നും പറഞ്ഞു മൂടിപ്പുതച്ചു കട്ടിലിൽ ജീവിക്കുന്ന എനിക്ക് തീർച്ചയായും അയാൾ ഒരു അത്ഭുതജീവിയാണ്.. ഒരു മാതൃകയാണ്.. എന്താണ് പോസിറ്റീവ് ആറ്റിട്യൂട് എന്നും എങ്ങനെയാണ് ജീവിതത്തെ നോക്കി കാണേണ്ടത് എന്നും പഠിക്കാനുള്ള മാതൃക.. നഷ്ടങ്ങളിൽ തകർന്നുപോവാതെ എങ്ങനെ മുന്നോട്ടു നടക്കാം എന്നുള്ള പ്രചോദനം.. കൂടാതെ ഒരു ഓർമ്മപ്പെടുത്താലും.. സഹതാപം യാതൊരു പ്രയോചനവുമില്ലാത്ത, കൊടുക്കാനോ വാങ്ങാനോ കൊള്ളാത്ത ഒരു വികാരമാണ് എന്ന്.. ആളുകളെ സഹായിക്കാം..അവർക്കു ആവശ്യമുണ്ടെങ്കിൽ...അവർ ആവശ്യപ്പെടുകയാണെങ്കിൽ.. അല്ലാതെ നിങ്ങളുടെ സഹതാപം ആർക്കും ആവശ്യമില്ല...
ലെസ് ഒരു ഉദാഹരണംമാത്രമാണ്... പണ്ടൊരിക്കൽ ഒരു ഇന്റർവ്യൂ നു പോയപ്പോൾ അവിടുത്തെ മാനേജർ ഗുഡ് മോർണിംഗ് പറഞ്ഞു കൈ നീട്ടി.. അയാളുടെ കൈയിലേക്ക് നോക്കിയ ഞാൻ ഞെട്ടി.. ആകെയുള്ളത് രണ്ടു വിരലുകൾ.. കയ്യിൽ പിടിക്കണോ തിരിച്ചെടുക്കണോ എന്നൊക്കെ ചിന്തിച്ചു തരിച്ചു നിന്ന എന്റെ കയ്യിൽ പിടിച്ചു കുലുക്കി ഇരിക്കാൻ പറഞ്ഞിട്ട് അയാൾ കഥ പറഞ്ഞു.. വർഷങ്ങൾക്കു മുൻപ് ആ കമ്പനിയിലെ ഒരു സാധാരണ തൊഴിലാളിയായി ജോലി തുടങ്ങിയതായിരുന്നു.. ഒരിക്കൽ മെഷിനിന്റെ ഇടയിൽ പെട്ട് കൈവിരലുകൾ നഷ്ടമായി.. വർഷങ്ങൾക്കു ശേഷം ഇന്ന് സ്വയ പ്രയത്‌നം കൊണ്ട് അയാൾ ആ കമ്പനിയുടെ മാനേജർ ആയി ഇരിക്കുന്നു..
ഇനിയുമുണ്ട് ഒരുപാട് അനുഭവങ്ങൾ... രണ്ടു വർഷം മുൻപ് വേൾഡ് കപ്പ് ക്രിക്കറ്റ് വോളന്റീർ ചെയ്യാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്നു ആളുകൾ.. ജോനാഥൻ എന്ന വീൽ ചെയറുകാരൻ.. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഡെർബി.. ചുറുചുറുക്കോടെ ഓടിനടന്ന ഒട്ടനവധി അപ്പൂപ്പന്മാരും അമ്മൂമ്മമാരും.. ബസ് ഓടിക്കുന്ന, ഓഫീസുകളിൽ ജോലിചെയ്യുന്ന ഭിന്നലിംഗക്കാർ...വീൽ ചെയറും ഓടിച്ചു അഭിമാനത്തോടെ കാര്യങ്ങൾ ചെയ്യുന്ന എത്രയോ എത്രയോ ആളുകൾ... തങ്ങളുടെ വ്യത്യസ്തതകൾ മറികടന്നു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായവർ..
ഞാൻ നമ്മുടെ നാടിനെ ഓർത്തു.. പുറംലോകം കാണാനാവാതെ ഒരു മുറിയുടെ ബന്ധനത്തിൽ ജീവിതം തീർന്നു പോകുന്നവർ.. എവിടെ ചെന്നാലും പുറകിലേക്ക് തള്ളപ്പെടുന്നവർ.. അവഗണിക്കപ്പെടുന്നവർ.. നരകതുല്യമായ ജീവിതവും നയിക്കുന്നവർ.. ഭിക്ഷാടകർ... വൈകല്യങ്ങളെ വരുമാനമാർഗം ആക്കുന്നവർ.. പലവിധ ചൂഷണങ്ങളും നേരിടേണ്ടി വരുന്നവർ... അങ്ങനെ അനവധി അനവധി ആളുകൾ..
നമ്മൾ പഠിച്ചത്, നമ്മളെ പഠിപ്പിച്ചത്, നമ്മൾ പഠിപ്പിക്കുന്നത് നഷ്ടങ്ങളിൽ
കരയാനാണ്...ചിരിക്കാനല്ല..
തോൽക്കാനാണ്... പൊരുതി നോക്കാനല്ല..
മാറ്റി നിർത്താനാണ്... മുന്നിലേക്ക് കൊണ്ടുവരാനല്ല..
പരാതിപ്പെടാനാണ്.. പരിഹാരം നിർദേശിക്കാനല്ല...
മറ്റുള്ളവരെ മാറ്റാനാണ്... സ്വയം മാറാനല്ല...
ഒളിഞ്ഞു നോക്കാനാണ്... നേരെ നിന്ന് കാര്യം പറയാനല്ല..
കൈക്കൂലി കൊടുക്കാനാണ്... പ്രതികരിക്കാനല്ല...
ഉറങ്ങാനാണ്... എണീൽക്കാനല്ല...
കണ്ണടക്കാനാണ്... കണ്ണ് തുറക്കാനല്ല...
അപ്രിയ സത്യങ്ങളെ സൗകര്യപൂർവം മറന്നു ആരൊക്കെയോ പണിതു തന്ന മിഥ്യാസ്വർഗത്തിൽ നമുക് ജീവിക്കാം ഏതെങ്കിലും വാൾമുനകൾ നമ്മുടെ നേരെ നീളുന്നതുവരെ...

0 comments:

Post a Comment