Friday, April 3, 2015

നാട്ടുപച്ച

അവിടെ ആ കണ്ടശാം കടവിൽ  ഒരു വിളക്കുമരം ഉണ്ടായിരുന്നു... നാടിനെ നാടാക്കി മാറ്റിയ നവോഥാന നായകന്മാർ കൊളുത്തി വച്ച ഒരു കെടാവിളക്ക്... ആ വിളക്കിനു കാവൽ നിന്ന ഒരുതലമുറ അവിടെ വസിച്ചിരുന്നു... ആധുനികതയുടെ ആർഭാടങ്ങൾ കുറവായിരുന്നെങ്കിലും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും  രക്തം  സിരകളിൽ സ്പന്ധിച്ചിരുന്ന ഒരു കൊച്ചുനാട്...

പക്ഷെ ഇന്ന് ഒരുനാടിനുമുഴുവൻ പ്രകാശം ചൊരിഞ്ഞിരുന്ന ആ വിളക്കുമരം അണഞ്ഞു പോയിരിക്കുന്നു... വിളക്കുകാലുകൾ നിലംപോത്തിക്കഴിഞ്ഞു... വിളക്കിനു കാവലിരുന്ന ആണ്ടിയേട്ടൻ പുഴക്കടവിൽ മരിച്ചു
 കിടന്നു...കട്ടപിടിച്ച ഇരുട്ടിന്റെ മറപറ്റി ഓളപ്പരപ്പിലൂടെ ആ മരണത്തിന്റെ കാരണഭൂതർ  അവിടേക്ക് ഒഴുകിവന്നു... കണ്ടശാം കടവുകാർക്ക് പരിചിതമല്ലായിരുന്ന പുതിയ ആശയങ്ങൾ അവർ അവർക്കു മുൻപിൽ തുറന്നു.... മറ്റേതൊരു നാടിനേയും പോലെ പ്രലോഭനങ്ങളിൽ വീഴാൻ തയ്യാറായി നിന്നിരുന്ന  നിരവധി ആളുകൾ അവർക്ക് സ്വാഗതം ഏകി.

വെറുമൊരു ഭൂമി കച്ചവടക്കാരനായി എത്തിയ കുഞ്ഞുമോന്റെ ആദ്യ ഇര സ്വപ്നങ്ങളും കണക്കുകളുമായി ജീവിക്കുന്ന കുമാരൻ ആയിരുന്നു.. തൊട്ടുപുറകെ സർവൈശ്വര്യവും പ്രദാനം ചെയ്യുന്ന വലംപിരി ശങ്കുമായി കടന്നുവന്ന സിദ്ധൻ... ഇഷ്ടകാര്യ മോതിരം , സർവൈശ്വര്യ മാല തുടങ്ങി കാമ മോഹിത അരഞാണംവരെ ദൈവത്തിന്റെ പേരിൽ ചൂടപ്പംപോലെ കണ്ടശാം കടവിൽ വിറ്റുപോയി.. തങ്ങളുടെ വ്യവസായത്തിന് വളക്കൂറുള്ള ഒരു മണ്ണ് കിട്ടിയത്തിൽ സന്തോഷിച്ചു വീണ്ടും വന്നു പലരും..  അതിന്റെയൊക്കെ ഫലമോ..ദുർമന്ത്രവാദത്തിന്റെ പേരിൽ ബലി കൊടുത്ത രണ്ടു ജീവനുകൾ, പ്രലോഭനങ്ങളിൽ വീണുപോയ   മീൻകാരൻ ബഷീറിന്റെ മകൾ റാബിയ .. ക്രമേണ കണ്ടശാം കടവിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു ജാതിയും മതവും അന്ധവിസ്വാസങ്ങളും അനാചാരങ്ങളും എല്ലാംചേർന്ന്..


ഒടുവിൽ തങ്ങൾ ചതിക്കപ്പെടുന്ന വിവരംകണ്ടാശ്ശാം കടവുകാർ തിരിച്ചറിഞ്ഞപ്പോളെക്കും അതിനു വിലയായി പലതും അവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.... പുഴക്കരയിൽ മണ്ണിൽ പുതഞ്ഞു കിടന്ന ആണ്ടിയേട്ടന്റെ വിളക്കിൽ കണ്ടശ്ശാം കടവ്വുകാർ തിരി തെളിക്കുന്നതോടെ പുതിയൊരു ഉണർവ് ലഭിച്ച അവർ  തങ്ങളിലേക്ക് കടന്നു വന്ന പുതിയ ആശയങ്ങളെ പുറതാക്കുന്നതോടെ പര്യവസാനമാകുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാട്ടുപച്ച എന്ന കൊച്ചു നാടകം ...

ഒറ്റനോട്ടത്തിൽ തീർത്തും നിർദോഷം എന്ന് പറയാവുന്ന ഒട്ടനവധി വഴികളിലൂടെ നമ്മുടെ ഇടയിലേക്ക് നമ്മൾ അറിയാതെ തന്നെ കടന്നുവരുന്ന , കടത്തിക്കൊണ്ടുവരുവാൻ ചില ശക്തികൾ   മനപൂർവം ശ്രമിക്കുന്ന , ഒടുവിൽ തിരിച്ചരിയുംപോളെക്കും ഒരിക്കലും രക്ഷപെടാൻ കഴിയാതെ പോവുന്ന ഒട്ടനവധി കരാള ഹസ്തങ്ങളുടെ ഇടയിലായിപോയി നമ്മുടെയൊക്കെ  ജീവിതം..  അനാചാരങ്ങൾ അന്ധവിശ്വാസങ്ങൾ .. ഹോമവും യാഗവും ബാധയും ജിന്നും പ്രേതവും രോഗശാന്തിയും ഒക്കെയായി സമൂഹത്തിലെ നല്ലൊരു വിഭാഗമാളുകളെയും തങ്ങളുടെ അടിമകളാക്കാൻ സാധിച്ച ആ ക്ഷുദ്രശക്തികൾക്കെതിരെ   ഉള്ള ഒരു കൊച്ചു പോരാട്ടമാണ് നാട്ടുപച്ച.. 

സ്വന്തം കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻപോലും ജ്യോൽസ്യന്റെയും മന്ത്രവാദിയുടെയും ജാതകത്തിന്റെയും പല വർണത്തിലുള്ള നൂലുകളുടെയുമൊക്കെ പുറകെ തേടിപ്പോകേണ്ടി വരുന്ന അഭ്യസ്തവിദ്യരായ ഇന്നത്തെ തലമുറ.. തഴച്ചു വളരുന്ന ഭക്തി വ്യവസായങ്ങൾ.. അവയുടെ പുറകിലുള്ള മത രാഷ്ട്രീയ മാധ്യമ  അവിശുദ്ധ കൂട്ടുകെട്ടുകൾ... ഏതെങ്കിലും ഒരു മൂന്നാംകിട കച്ചവട സിനിമയിലെ ഒരു കൊച്ചു ഡയലോഗിനു പോലും സമൂഹത്തിൽ വൻ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഇന്നത്തെ കാലത്ത് സഹിഷ്ണുതയോടെ സമഭാവനയോടെ  നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...

 ഒട്ടനവധി സാമൂഹ്യ പരിഷ്കർതാക്കളുടെ  പ്രവർത്തന ഫലമായി ഒരുപരിധി വരെ പടിക്കുപുറത്താക്കപ്പെട്ടിരുന്ന എല്ലാ  അനാചാരങ്ങളും ജീർണതകളും  വർദ്ധിത വീര്യത്തോടെ തിരിച്ചു വരുന്ന ഈ കാലഘട്ടത്തിൽ  കണ്ണും കാതും  തുറന്നു വച്ചു ജീവിക്കേണ്ടുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നു ഈ കലാജാഥ.. വ്രണപ്പെടുന്ന വികാരങ്ങളുടെ കാലം അവസാനിക്കട്ടെ... പണത്തിനായി ആർത്തി കാണിക്കാത്ത, ശക്തി പ്രകടനങ്ങൾ ആവശ്യമില്ലാത്ത ദൈവങ്ങളുടെ കാലം വരട്ടെ.. നല്ലൊരു നാളെയ്ക്കായി കാത്തിരിക്കാം എന്ന സ്ഥിരം പല്ലവി അല്ല... നല്ലൊരു നാളെയ്ക്കായി ഇന്ന് ചെയ്യേണ്ടത് നമുക്ക് ചെയ്യാം...

നാട്ടുപച്ച കലാജാഥ ഇവിടെ കാണാം..

0 comments:

Post a Comment