Wednesday, June 10, 2015

മണങ്ങൾ

കുറെ നാളുകൂടി ഇത്തിരി ചൂടും വെളിച്ചവും ഉണ്ടായിരുന്ന ഒരു വൈകുന്നേരം വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു... തെക്കോട്ടും വടക്കോട്ടും നോക്കി അങ്ങനെ നടക്കുന്ന വഴിയിൽ എവിടുന്നോ ഒരു മണം എന്നെ പിടിച്ചു നിർത്തി...എവിടുന്നാനെന്നോ എന്താണെന്നോ മനസിലാകുന്നില്ല.. പക്ഷെ കഴിഞ്ഞു പോയ കാലങ്ങളിൽ എവിടെയോ എനിക്ക് അത്രയും പരിചിതമായിരുന്നു ആ മണം...

പണ്ടൊരു കൂട്ടുകാരൻ പറഞ്ഞത് ഓർമ വന്നു... എപ്പോഴെങ്കിലും നാടൻ ബീഡിയുടെ മണം കേൾക്കുമ്പോൾ അച്ഛനെ ഓർമ്മ വരും എന്ന്... ഓൾഡ്‌ സ്പൈസ് ആഫ്റ്റർ ഷേവിംഗ് ലോഷന്റെ മണം ആയിരുന്നു തന്റെ അച്ഛന് എന്ന് എവിടെയോ വായിച്ചിട്ടും ഉണ്ട് ...
കുറച്ച് മനസമാധാനം എന്നതിൽ കവിഞ്ഞു പ്രത്യേകിച്ചു ലക്ഷ്യസ്ഥാനം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അൽപസമയം ആ മണത്തിന്റെ പിന്നാലെ ചുറ്റി പറ്റി നടക്കാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ ഞാൻ നടന്നു നടന്നു വർഷങ്ങൾ പുറകിലെത്തി... കഴിഞ്ഞു പോന്ന വഴികളിൽ എവിടെയൊക്കെയോ വച്ച് ഓർമക്കുറിപ്പുപോലെ എന്നിൽ ഒട്ടിച്ചേർന്ന പല ഗന്ധങ്ങൾ , ശബ്ദങ്ങൾ, കാഴ്ചകൾ....


തൊടിയിലെ കിണറ്റിൽ നിന്നും തണുത്ത വെള്ളം കോരിയെടുത്തു അപ്പൻ എന്നെ കുളിപ്പിക്കുമ്പോൾ എപ്പോളും കുഞ്ഞു കുഞ്ഞു മാക്രികൾ കലപില കൂട്ടാറുണ്ടായിരുന്നു ... അതിനു ശേഷം എപ്പോൾ ലൈഫ് ബോയ്‌ സോപ്പിന്റെ മണം വന്നാലും തലയിൽ തോർത്തും കെട്ടി , സോപ്പ് പെട്ടിയും ചകിരിയും കപ്പും ആയി നടന്നു വരുന്ന അച്ഛനെയും ദേഹത്ത് വെള്ളമൊഴിക്കുമ്പോൾ വീശുന്ന ചെറിയ കാറ്റിൽ തണുത്തു വിറച് നിന്നിരുന്ന ആ അഞ്ചു വയസുകാരനേയും ചാടി നടക്കുന്ന മാക്രി കുഞ്ഞുങ്ങളെയും പഴയ വീടും ഒക്കെ ഓർമവരും... കുളി കഴിഞ്ഞു വരുമ്പോളേക്കും അടുക്കളയിൽ നിന്നും നല്ല നെയ്യിൽ അമ്മ മുട്ട പൊരിക്കുന്നതിന്റെ മണം വരുന്നുണ്ടാവും.... 

സ്കൂളിലേക്ക് നടക്കുന്ന വഴി അടുത്തുള്ള ചായക്കടയിൽ നിന്നും മണ്ണെണ്ണ സ്റ്റൗവിന്റെ മുകളിൽ പാലും ചായയും പൊടിയും ഒക്കെ വീണു കരിഞ്ഞ ഒരുതരം മണം വരും... മണ്‍തറയിൽ ആടുന്ന ബെഞ്ചുകളിൽ ഇരുന്ന്, മെടഞ്ഞ തെങ്ങോല ചേർത്ത് കെട്ടിയ ഭിത്തിയിൽ ചാരി, ഒരു കൈയിൽ ചായ ഗ്ലാസും മറു കൈയിൽ പത്രവും വിരലുകൾക്കിടയിൽ എരിഞ്ഞു തീരാറായ ബീഡിയും പിടിച്ച് നാട്ടുവർത്തമാനം പറയുന്ന ചേട്ടന്മാർക്കൊപ്പം ആ മണം ഞാനും നീട്ടി വലിച്ചെടുക്കും.. വൈകുന്നേരങ്ങളിൽ ആ കൂട്ടത്തിൽ ബോണ്ടയോ സുഖിയനോ അങ്ങനെ എന്തെങ്കിലും ഒക്കെ എണ്ണയിൽ പൊരിയുന്ന മണം കൂടിയാവുമ്പോൾ നാവിൽ കപ്പൽ ഓടിക്കാൻ പാകത്തിന് വെള്ളം നിറയും... ആ ചായക്കടയിലെ കുഞ്ഞു ബെഞ്ചിലിരുന്നു ഞാൻ കഴിച്ച പലഹാരങ്ങൾക്ക് മറ്റെന്തിനെക്കാളും സ്വാദായിരുന്നു..... അന്നും ഇന്നും....

സ്കൂളിലും ഉണ്ടായിരുന്നു ഒരുപാട് മണങ്ങൾ... ആലീസ് ടീച്ചറിന്റെ സെന്റിന് എന്ത് മണം ആയിരുന്നു എന്ന് എനിക്ക് ഇന്നും തിരിച്ചറിയാൻ സാധിച്ചിട്ടില്ല... അടുത്തിരുന്നിരുന്ന പേര് മറന്നുപോയ പല പല മുഖങ്ങൾക്കും പല പല പൌടെരിന്റെ മണം ആയിരുന്നു... ചൂട് ചോറിൽ നിന്നും ആവി വെള്ളം വീണു നനഞ്ഞു, അത് പിന്നെ വെയിലുകൊണ്ട് ഉണങ്ങിയ അവരുടെ ബാഗുകൾക്കും ഒരു പ്രത്യേകമണം ഉണ്ടായിരുന്നു.. എന്റെതിനും.. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ നാറ്റം... ഇന്നും എവിടെനിന്നൊക്കെയോ ആ മണം എനിക്ക് കിട്ടാറുണ്ട്... ഞാൻ വീണ്ടും ആ കുട്ടിയാകാരുമുണ്ട് ...

തടി ഫ്രെയിം ഉള്ള സ്ലേറ്റിൽ കല്ലുപെൻസിൽ പിടിച്ചു എഴുതിയ പൊട്ടത്തരങ്ങൾ മായിക്കാൻ പറിച്ചുകൊണ്ടു വരുന്ന ''പച്ച''ക്കും ഉണ്ടായിരുന്നു ഒരു മണം.... ചെറിയ ഹോമിയോ മരുന്ന് കുപ്പിയിൽ വെള്ളം നിറച്ചു അതിൽ വർണ്ണ കടലാസ് ഇട്ടു കുലുക്കി അതിന്റെ മുകളിൽ സൂചി വച്ച് കുത്തി ചെറിയ തുള ഇട്ട്, പച്ചയും കൊണ്ട് ക്ലാസ്സിൽ വരുന്ന കുട്ടികളുടെ മുൻപിൽ ആളാകാൻ സ്ലെട്ടിലേക്ക് തുള്ളി തുള്ളിയായി ഇറ്റിക്കുമ്പോൾ അടപ്പ് തുറന്നുപോകുന്നതും സ്ലേറ്റും ഉടുപ്പും എല്ലാം നനയുന്നതും, അപ്പോഴേക്കും ഉച്ചക്കുള്ള മണി അടിചിട്ടുണ്ടാവും.. ചോറ്റു പാത്രത്തിനു ചമ്മന്തിയുടെയും കണ്ണിമാങ്ങ അച്ചാറിന്റെയും മുട്ടയുടെയും ഒക്കെ മണം... ഊണ് കഴിഞ്ഞാലും കൈയിൽ ആ മണങ്ങൾ അങ്ങനെ നിൽക്കും...

തിരിച്ചു വീട്ടിലേക്കു പോകുന്ന വഴി പുഴക്കരയിലൂടെ നടക്കുമ്പോൾ ചീർക്കാനായി വെള്ളത്തിൽ ഇട്ട തെങ്ങോലകളുടെ മണം വരും... ചുറ്റുമുള്ള നിശബ്ദതയിൽ വെള്ളം ഒഴുകി പോകുന്ന ശബ്ദം... കല്ലിൽ അടിച്ചു തുണി അലക്കുന്ന ചേച്ചിമാർ... അവരുടെ പരദൂഷണങ്ങൾക്ക് പല പല സോപ്പുകളുടെ മണമായിരുന്നു.... അങ്ങനെ അങ്ങനെ ഒട്ടനവധി അനുഭവങ്ങൾ...
സ്കൂളിൽ പോകാത്ത ദിവസങ്ങളിൽ ഉച്ചക്ക് ഭക്ഷണവും കഴിച്ചു 2 മണിക്ക് ആകാശവാണിയിൽ സിനിമാപ്പാട്ടും കേട്ട് ജോലി കഴിഞ്ഞു വരുന്ന അച്ഛനെയും അമ്മയെയും വഴി നോക്കിയിരിക്കുമ്പോൾ കണ്മുന്നിൽ കൽപ്പകത്തുണ്ടുകൾ ഇങ്ങനെ താഴേക്കു വീഴുന്നുണ്ടാവും... കൽപ്പകത്തുണ്ടുകൾക്ക് എന്നും തുമ്പിപ്പെണ്ണിന്റെയോ അമ്പലപ്പുഴയിലെ ഉണ്ണികണ്ണന്റെയോ ഒക്കെ അകമ്പടിയുണ്ടായിരുന്നു.... 

ഹോസ്റ്റൽ മുറികൾക്ക് ബിയറിന്റെയും സിഗരറ്റിന്റെയും ഡിയോഡരന്റിന്റെയും മണം... അലമാരയിലെ ഉടുപ്പുകൾക്കു പഴമയുടെ മണം...പറഞ്ഞു പറഞ്ഞു പഴകിയതാനെങ്കിലും മഴ പെയ്യുമ്പോൾ ഉയരുന്ന പുതു മണ്ണിന്റെ മണം... ബിരിയാണിയുടെ മണം, കുടയുടെ മണം, പുതിയ പുസ്തകത്തിന്റെ മണം, പുത്തൻ ഉടുപ്പിന്റെ മണം, സോപ്പ് കവറിന്റെ മണം, പെട്രോളിന്റെ മണം, ബസിന്റെ മണം, ട്രെയിനിന്റെ മണം, തീയേറ്ററിന്റെ മണം, ചൂട് ചോറിന്റെ മണം, മുത്തശ്ശിയുടെ കൈയുടെ മണം, പാത്രങ്ങളുടെ മണം, പത്രത്തിന്റെ മണം, മഷിയുടെ മണം, കണ്ണിമാങ്ങാ അച്ചാറിന്റെ മണം, ചക്കയുടെ മണം, ചാണകത്തിന്റെ മണം, പട്ടികുഞ്ഞിന്റെ മണം, ബെഞ്ചിന്റെ മണം, സ്കൂളിന്റെ മണം... അങ്ങനെ ഒട്ടനവധി മണങ്ങൾ... പല ഓർമകളും മണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു... കാലങ്ങൾ കഴിഞ്ഞു ഇതുപോലെ ഏതെങ്കിലും നടു റോഡിൽ വച്ചു നമ്മളെ പിടിച്ചു നിർത്തി കാലങ്ങൾ പുറകിലേക്ക് പിടിച്ചുകൊണ്ട് പോകുവാൻ നമ്മെ കടന്നുപോകുന്ന ഒരു കുഞ്ഞു കാറ്റിനു സാധിക്കുമല്ലോ എന്നോർത്ത്, എന്നാലും എന്താവും ആ മണം എന്ന് ആലോചിച്ചു ഞാൻ നടന്നു.....

1 comments:

വനിത വിനോദ് said...

ഒരുപാട് നാളുകളായി എഴുതിയിട്ട്. ഒരുപാട് നല്ല ബ്ലോഗ് സൗഹൃദങ്ങള് കിട്ടിയത് ഞാനായിട്ട് കളഞ്ഞു. എല്ലാവരെയും വീണ്ടും കാണാന് ആഗ്രഹമുണ്ട്. എന്‌റെ പുതിയ ബ്ലോഗ് പാല്മിറയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
http://palmyravv.blogspot.ae/

Post a Comment