Wednesday, October 7, 2015

പ്രതികരണം...



ചൂടില്ലാത്ത കട്ടൻചായക്കൊപ്പം ഇന്ന് പ്രതികരണം രേഖപ്പെടുത്തേണ്ട ചൂടൻ വിഷയങ്ങളുടെ പട്ടിക നിവർത്തി മുന്നിൽ വച്ചു... പട്ടി, പശു, പന്നി, അടി, ഇടി, വെടി, കൊല, പീഡനം, കൈക്കൂലി, കള്ളപ്പണം... ഉണ്ട് ഒരുപാടുണ്ട്... ഇന്ന് ഞാൻ ഫേസ് ബുക്കിന്റെ സമസ്ത മേഘലകളെയും പിടിച്ചു കുലുക്കി കമിഴ്ത്തി വെക്കും.. എൻറെ പ്രതികരണം കേട്ട് സാക്ഷരകേരള സമൂഹം ഞെട്ടിതരിക്കും... അഭിനവ സാംസ്കാരിക വിപ്ലവത്തിന്റെ വിത്തുകൾ എൻറെ വിരൽതുമ്പിൽ പിറവി കൊള്ളും... ആളുകൾ ആവേശഭരിതരാവും ... അവർ സമൂഹത്തിലെ അനീതിക്കെതിരെ ഒരു പ്രചണ്‍ണ്ട മാരുതനായി വീശിയടിക്കും... സന്ഘി, സുടാപ്പി, കമ്മി, കൊങ്ങി തുടങ്ങി ഡിന്ഗോയിസ്റ്റുകൾ വരെയുള്ള എല്ലാ വിഷ വിത്തുകളെയും മുച്ചൂടും പിഴുതെറിയുന്ന കൊടുംകാറ്റു പുറത്ത് ആഞ്ഞു വീശുമ്പോൾ ഞാൻ എൻറെ മുറിയിൽ പുതപ്പിനുള്ളിൽ സുഖമായി ഉറങ്ങുകയായിരിക്കും... അണികളെ ആവേശംകൊള്ളിക്കുക, അവരിൽ പോരാട്ട വീര്യം കുത്തി നിറയ്ക്കുക, യുദ്ധ സജ്ജരാക്കുക.. അത്രയേ ഒള്ളു എൻറെ പണി.. എന്നിട്ട് ഞാൻ എൻറെ മുറിയുടെ ജനാലയിൽക്കൂടി പരസ്പരം പോരാടുന്ന അണികളെ കണ്ടു പുഞ്ചിരിക്കും.. ഞങ്ങൾ ബുദ്ധിജീവികൾ അല്ലെങ്കിലും യുദ്ധ മുഖത്തേക്ക് പോവാറില്ല...
ഇതാണ് നമ്മൾ... ഞാനും നീയും അവനും അവളും അവരും ഇവരും അടങ്ങുന്ന പുതിയ സമൂഹം.. സ്വന്തം മുറിയുടെ സ്വച്ഛതയിൽ എന്നെ മാറ്റി നിർത്തി ബാക്കിയുള്ള സമൂഹം അനീതിക്കെതിരെ സംഘടിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി ഘോര ഘോരം പ്രസന്ഗിക്കുന്ന സതീശൻ കോട്ടപ്പള്ളികൾ.. മദ്യം വിഷമാണ്, രാഹുവും കേതുവും ശെനിയും ചൊവ്വയും ജാതകവും തിരുത്തപ്പെടേണ്ട അന്ധവിശ്വാസങ്ങൾ, ജാതിയും മതവും മനുഷ്യനെ മയക്കുന്ന കറുപ്പുകൾ... പറഞ്ഞതെല്ലാം ബാധകമാണ് എൻറെ അയൽപക്കം വരെ .. എൻറെ കല്യാണത്തിന് ജാതി നോക്കും, മതം നോക്കും, ജാതകം നോക്കും, മദ്യക്കുപ്പികൾ നിരത്തി വെക്കും .. അതൊക്കെ നാട്ടുനടപ്പ്... ഞാൻ ആയിട്ടെന്തിനാ മാറ്റാൻ നിൽക്കുന്നേ... മറ്റുള്ളവർ കൈക്കൂലി കൊടുക്കരുത്.. മറ്റുള്ളവർ അവർക്ക് വോട്ട് ചെയ്യരുത്.. മറ്റുള്ളവർ ബംഗാളികളെ പണിക്കു വിളിക്കരുത്... മറ്റുള്ളവർ... മറ്റുള്ളവർ.. എന്നെ വിട്ടേക്കൂ.. ഞാൻ മാറരുത്.. മറ്റുള്ളവർ മാറട്ടെ... എന്നിട്ട് ഞാൻ ആലോചിക്കാം... ഇതാണ് നമ്മുടെ ആവേശം.. നമ്മുടെ ആക്ടിവിസം..
ചിന്താഗതി മാറാതെ നമ്മുടെ നാട് നന്നാവുന്നതിനെ ക്കുറിച്ച് ചിന്തിക്കുകയേ വേണ്ട... ഇന്ന് നമ്മുടെ അടുക്കളയിൽ വരെ കൈകടത്തിയ വിഷ ജന്തുക്കളെ പിടിച്ചു കെട്ടി കത്തിക്കാൻ ആരോ എവിടെയോ ആഹ്വാനം ചെയ്തു .. നമ്മൾ അത് ലൈക്‌ അടിച്ചു ഷെയർ ചെയ്തു.. പോസ്റ്റിന്റെ അടിയിൽ ചേരി തിരിഞ്ഞു പട വെട്ടി... സ്വന്തം വാളിൽ ഫാസിസത്തിനെതിരെ എമണ്ടൻ പോസ്റ്റ്‌ ഇട്ടു... കിട്ടി ഒരു 50 ലൈക്‌. സന്തോഷം...
പിറ്റേന്ന് നേരം പുലർന്നു.. അടുത്ത വിഷയം.. വീണ്ടും ചർച്ചകൾ.. ലൈക്‌ .. ഷെയർ.. കമന്റ്‌.. അസ്തമയം.. അടുത്ത ദിവസം.. അടുത്ത വിഷയം... ഇന്നലകളെ നമ്മൾ മറന്നു കഴിഞ്ഞു... ഇതുകണ്ട് യഥാർഥ ഫാസിസ്റ്റുകൾ പൊട്ടിച്ചിരിച്ചു.. അവർ അന്ന് നമ്മുടെ ഇടയിൽ ജാതിയുടെയും മതത്തിന്റെയും വേലി കെട്ടി, ഇന്ന് അടുക്കളയില കൈയിട്ടു.. നാളെ കുളിമുറിയിലും കിടപ്പുമുറിയിലും കയറി വരും.. അതിനുള്ള സമയവും വിദൂരമല്ല... ദൂരവും... അന്നും നമ്മൾ ഫേസ്ബുക്കിൽ അതിശക്തമായി പ്രതികരിക്കും.. എന്നിട്ട് ഉള്ളതുംകൂടെ പോയതറിഞ്ഞു മാറിയിരുന്നു കരയും..
ഇന്ത്യ ഒരു സ്വന്തന്ത്ര പരമാധികാര മതേതര ജനാധിപത്യ രാജ്യം എന്നാണുവെപ്പ്... ഞാൻ എന്ത് കഴിക്കണം എങ്ങനെ ജീവിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനമാണെന്നും അതിനെക്കുറിച്ചു അഭിപ്രായം പറയാൻ ഒരുത്തനും വഴിക്ക് വരേണ്ട എന്നും പറയാനുള്ള ചങ്കൂറ്റം നമ്മൾ ഇന്നലെ കാണിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ സംജാതമാകുമായിരുന്നില്ല.. ഒരു കോളേജിലെ നാനാജാതി മതസ്ഥർ എന്ത് കഴിക്കണം എന്ന് പറയാനുള്ള ധൈര്യം പ്രിൻസിപ്പലിന് ഉണ്ടാകുമായിരുന്നില്ല.. കുറെ വിദ്ധ്യാര്ധികൾ ഇന്ന് പടിക്ക് പുറത്തു നിൽക്കേണ്ടി വരുമായിരുന്നില്ല... ഒരുപാടു ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ല... നാടുമുഴുവൻ ഓടിനടന്നു വിഷം മാത്രം വിളമ്പുന്ന സ്ത്രീയെയും അവരുടെ അനുയായികളെയും ഒരിക്കലെങ്കിലും ഏതെങ്കിലും വെദിയിൽനിന്നും ആരെങ്കിലും ഇറക്കി വിട്ടിരുന്നെകിൽ നാളെ വിഷം വിളംബാൻ അവരുടെ നാവു ഒന്ന് മടിചെനെ.. സാമാധാനമായി ജീവിക്കുന്ന ആളുകളുടെ മനസ്സിൽ ജാതിയുടെയും മതത്തിന്റെയും വിഷം അവരറിയാതെ തന്നെ കുത്തി നിറക്കാൻ അവർക്ക് കഴിഞ്ഞെങ്കിൽ അത് അവരുടെ വിജയമല്ല.. നമ്മുടെ പരാജയമാണ്...
കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാൻ ഇറങ്ങിയത് മുസ്ലിം യുവാവ്... മരിക്കാൻ പോയ മുസ്ലിമിന്റെ ഫോണിൽ നിന്നും അവസാനത്തെ കാൾ പോയത് ഹിന്ദുവിന്... ഇത്രയും നാറിയ വാർത്തകൾ എഴുതാൻ വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു പത്രത്തിന് ധൈര്യം വന്നെങ്കിൽ ഉറപ്പിച്ചോളൂ ഇത് പ്രതികരണ ശേഷിയില്ലാത്ത നമ്മുടെ ഷണ്ടത്വമാണ്... പ്രതികരിക്കാൻ അറിയാത്ത നമ്മുടെ വിധിയാണ്... ഇത് പ്രശ്നങ്ങൾക്കൊന്നും പോവാതെ സമാധാനമായി ജീവിക്കാനുള്ള നമ്മുടെ ആഗ്രഹമല്ല സുഹൃത്തുക്കളെ... നമ്മുടെ നിസംഗതയെ അവർ മുതലെടുക്കുകയാണ് അവരുടെ സ്വാർധതക്കായി...
മാറേണ്ടിയിരിക്കുന്നു... മാറ്റേണ്ടിയിരിക്കുന്നു പലതും.. അബ്ദുൽ കലാം പറഞ്ഞതുപോലെ സമൂഹം മൊത്തം മാറാൻ നോക്കിയിരിക്കാതെ സ്വയം മാറിക്കൂടെ നമുക്ക്... ഞാൻ ആണല്ലോ നമ്മൾ ... നമ്മൾ ആണല്ലോ സമൂഹം... മാറ്റത്തിന്റെ തുടക്കം എൻറെ കുടുംബത്തില നിന്നും ആയിക്കൂടെ... ഒട്ടനവധി നവോഥാന നായകർ സ്വന്തം സുഖങ്ങൾ പരിത്യജിച്ചു ഒരു സമൂഹത്തിനു വേണ്ടി മുന്നിട്ടിറങ്ങിയതിന്റെ നീക്കിയിരിപ്പാണ്‌ നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം... അവരുടെ ഭിക്ഷ... യാതൊരു നാണവുമില്ലാതെ സുഖം അനുഭവിക്കുമ്പോൾ നാളതെക്കും എന്തെങ്കിലും ബാക്കി വച്ചില്ലെങ്കിൽ, എന്തിനെയും മതവൽക്കരിക്കുന്ന പ്രവണതക്കെതിരെ ശബ്ദം ഉയർന്നില്ലെങ്കിൽ , അതിനായി ഒരു ചെറു വിരൽ എങ്കിലും ഉയര്ത്തിയില്ലെങ്കിൽ ഏതെങ്കിലും ഒരു വേട്ടനായുടെ കാൽക്കീഴിൽ അവസാനിക്കും നമ്മുടെ ജീവിതം....
വാൽ... സഞ്ചാര സ്വാതന്ത്ര്യം എന്ന് വെണ്ടയ്ക്ക മുഴുപ്പിൽ എഴുതി വച്ചിരിക്കുന്ന ഭരണഘടനയുള്ള നമുടെ നാട്ടിൽ മുടക്കുമുതലിന്റെ നാലും അഞ്ചും മടങ്ങ്‌ കാശ് തിരിച്ചു കിട്ടിയിട്ടും ഇന്നും നിർബാധം നമ്മളെ തടഞ്ഞു നിർത്തി പിഴിഞ്ഞുകൊണ്ടിരിക്കുന്ന, യാതൊരു മടിയും കൂടാതെ നമ്മൾ കാശ് എടുത്തു നീട്ടുന്ന നാടൊട്ടുക്കുമുള്ള ടോൽ ബൂത്തുകൾ ഉണ്ടല്ലോ, അവരും ചെയ്യുന്നത് മറ്റൊന്നുമല്ല... പ്രതികരണ ശേഷിയില്ലാത്ത സമൂഹം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടെയിരിക്കും.. അടിച്ചമർത്തപ്പെട്ടുകൊണ്ടേയിരിക്കും .... അത് അവരുടെ വിധി... സ്വയം വാങ്ങി വച്ച വിധി...
വീണ്ടും വാൽ... നമ്മുടെ ലൈകും കമന്റും എല്ലാം കാശ് ആക്കിമാറ്റി പൊട്ടിചിരിച്ചുകൊണ്ടിരിക്കുന്ന സക്കർബർഗ് അടുത്ത വർഷം സ്വന്തമായിട്ട് ഉപഗ്രഹം അയക്കാൻ പോകുന്നു... ഫെസ്ബുക്കിനു സ്വന്തമായിട്ടൊരു സാറ്റലൈറ്റ് ... നമ്മുടെ പ്രതികരണങ്ങൾകൊണ്ട് ആരെങ്കിലും ഒക്കെ രക്ഷപെടുന്നുണ്ടല്ലോ...


0 comments:

Post a Comment