Monday, May 16, 2016

പ്രതിസന്ധികൾ പ്രതികരണങ്ങൾ


അതിഭീകരമായ പ്രതിസന്ധി... സൈക്കൊസിസിൽ തുടങ്ങി സൈക്യാട്രിയുടെ പല ഉൾനാടൻ മേഘലകളിലൂടെയും ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്ന 2 ആഴ്ച.. കരച്ചിലും ചിരിയും സന്തോഷവും സങ്കടവും ദേഷ്യവും വെറുപ്പും മടുപ്പും ക്ഷീണവും നിർവികാരതയും എല്ലാം ഒത്തൊരുമിച്ചു അനുഭവിച്ച നിമിഷങ്ങൾ... അടച്ചിട്ട മുറിയിലെ ഭിത്തിയിൽ ഓങ്ങിയിടിച്ചു മുഴച്ചു വന്ന കൈ.. 2 ആഴ്ചകൾ മുന്പുണ്ടായിരുന്ന എന്നെ ഇന്നത്തെ ഞാൻ കൊതിയോടെ നോക്കി അത്ഭുതപ്പെട്ടു.. നെറ്റില്ലായ്മ.. ഇന്റർനെറ്റ്ഇല്ലാതിരുന്ന 2 ആഴ്ചകൾ.. ഞാൻ ജീവച്ഛവമായിമാറിയ ദിവസങ്ങൾ..
പഴയ വീട്ടിലെ ഇൻസുലേഷൻ മോശമായിരുന്നതുകാരണമാണ് തണുപ്പ് തുടങ്ങുന്നതിനു മുന്പെ പുതിയ വീട്ടിലേക്കു താമസം മാറിയത്.. ഇന്നത്തെ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ കറന്റ്, ഇന്റർനെറ്റ്‌, കേബിൾ, ക്രോമ്കാസ്റ്റ്‌ തുടങ്ങിയ സാധങ്ങൾ എല്ലാം താമസം മാറുന്നതിനും ഒരു ആഴ്ച മുന്പെതന്നെ തീരുമാനം ആക്കിയിരുന്നതായിരുന്നു എങ്കിലും അവസാന നിമിഷം നെറ്റ് പണി തരും എന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല...
ദിവസവും പത്തു ലിറ്റർ കള്ളുതരുന്ന നല്ല എമണ്ടൻ പനയുടെ മുകളിൽ മാസം നാട്ടിൽ വെട്ടിയ ഒരേഒരു ഇടി വേറെ എങ്ങും പോവാതെ നേരെ ലാൻഡ്‌ ചെയ്ത അവസ്ഥയായിരുന്നു ഇന്റർനെറ്റ്‌ കമ്പനിയെ വിളിച്ചപ്പോൾ.. അങ്ങേത്തലക്കൽ ഫോൺ എടുത്ത സായിപ്പ് യാതൊരു കണ്ണിൽ ചൊരയുമില്ലാതെ പറഞ്ഞു : " it'll take two weeks". ശുഭം...

കരിഞ്ഞ പന പോലെ മൂലക്കിരുന്ന മോഡവും നോക്കി ഞാൻ ഇരുന്നു...

എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.. ഞാൻ മാറ്റി മാറ്റി പ്രതിഷേധിക്കെണ്ടിയിരുന്ന ആയിരമായിരം പ്രൊഫൈൽ പിക്ച്ചരുകൾ.. എന്റെ ഒരു ലൈക്കിനായി കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ടൈംലൈനിന്റെ ആഴങ്ങളിൽ എവിടെക്കോ മാഞ്ഞു പോയ നൂറുകണക്കിന് പോസ്റ്റുകൾ.. എന്റെ ശത്രുക്കൾക്കെതിരെ ഞാൻ തൊടുത്തുവിടെണ്ടിയിരുന്ന എണ്ണിയാലൊടുങ്ങാത്ത ഫോട്ടോഷോപ്പ് അസ്ത്രങ്ങൾ... പ്രതികരണങ്ങൾ .. പ്രതിഷേധങ്ങൾ.. എല്ലാം കാലമാടൻ സായിപ്പ് പൂട്ടികെട്ടി കൈയില്തന്നു...
അതിലും ഭീകരമായ കാര്യങ്ങളായിരുന്നു എന്റെ ചുറ്റും നടന്നത്... എന്റെ ലാപ്പും ഫോണും ബെഡ് റൂമിൽ എവിടെയോ പൊടിപിടിച്ചു കിടന്നു... വൈകുന്നേരങ്ങളിൽ എല്ലാവരും വെറുതെയിരുന്നു വർത്തമാനം പറഞ്ഞു സമയം കളഞ്ഞു.. ബഹളം വച്ചു.. തല്ലുകൂടി..പാട്ടുകേട്ടു... ഒരുമിച്ചു വീട് വൃത്തിയാക്കി ... ഭക്ഷണം ഉണ്ടാക്കി... മുറ്റത്തെ പുല്ലും ചെടിയും നനച്ചു.. ഇലകളുടെയും പൂക്കളുടെയും വൈവിധ്യം കണ്ടു അന്തംവിട്ടു... ഒരു മൂലയ്ക്ക് നിന്നിരുന്ന കൊച്ചു നാരകത്തിൽ 3, 4 നാരങ്ങകുഞ്ഞുങ്ങൾ കായ്ച്ചു നിന്നിരുന്നത് കണ്ടുപിടിച്ചു... വെളുത്ത റോസാപ്പൂവിന് അടുത്ത് നിന്നിരുന്ന ചുവപ്പിനെക്കാൾ മണം ഉണ്ടെന്നു തിരിച്ചറിഞ്ഞു ... വണ്ടി കഴുകി.. ആദ്യമായി അയല്പക്കത്തുള്ള മനുഷ്യജീവികളെ കണ്ടു അത്ഭുതപ്പെട്ടു.. സൂര്യോദയം കണ്ടു.. അസ്തമയം കണ്ടു.. അങ്ങനെ മൊത്തത്തിൽ എല്ലാം കൂടെ ജീവിതം താറുമാറായി...
അപ്പോളാണ് ഐഡിയ വന്നത്.. പഠിച്ചിരുന്ന കോളേജിൽ പോയാൽ ഫ്രീ വൈഫൈ കിട്ടും.. വലകെട്ടിയ ചിലന്തിയെ നിഷ്കരുണം എടുത്തെറിഞ്ഞു ലാപ്പും തപ്പിയെടുത്തു പ്രതികരിക്കേണ്ട വിഷയങ്ങളുടെ ലിസ്റ്റും എടുത്തു കോളെജിലേക്ക് വച്ചുപിടിച്ചു... ആദ്യം നോക്കിയത് ജിഷയുടെ പോസ്റ്റ്‌ ആയിരുന്നു.. ഒന്നും ഒരിടത്തും കാണുന്നില്ല.. പകരം മറ്റുപലതും.. ജിഷക്ക് നീതി ലഭിക്കാൻ മരണംവരെയും പോരാടും എന്നും പറഞ്ഞു ഫോട്ടോയും മാറ്റി അതിശക്തമായി ' കഴിഞ്ഞ ആഴ്ച' പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്തിനെ ഒൻലൈനിൽ കിട്ടി... കാര്യം അന്വേഷിച്ചപ്പോളാണ് അവൻ പറഞ്ഞത്.. ജിഷ ടൈം ലൈനിൽ എവിടെയോ പോയി മറഞ്ഞു.. പിന്നീട് അട്ടപ്പാടിയും സൊമാലിയയും പോമോനെമോഡിയും സരിതയും നികേഷും ചെമ്മന്നൂരും CNN-IBN ഫോട്ടോഷോപ്പും അങ്ങനെ പലതും വന്നു... ചിലതിനു ആയുസ്സ് ഒരു ദിവസം... ചിലത് ഒരു ആഴ്ച..
ആളുകൾക്ക് ബോറടിച്ചു തുടങ്ങുമ്പോൾ അല്ലെങ്കിൽ അവരുടെ പ്രതിഷേധം തങ്ങൾക്കു ഭീഷണിയായിതുടങ്ങും എന്ന് അധികാര സ്ഥാനങ്ങൾക്ക് മനസിലായി തുടങ്ങുമ്പോൾ അല്ലെങ്കിൽ അവരുടെ ശ്രദ്ധ തങ്ങളിൽനിന്നും മാറ്റി മറ്റെന്തിലെക്കും തിരിക്കേണ്ടി വരുമ്പോൾ ഇവിടെ പുതിയൊരു trending hot topic പിറവിയെടുക്കും... പലരും വന്നു തീയിൽ എണ്ണ ഒഴിച്ചു ആളിക്കത്തിക്കും.. അവരുടെ ആവശ്യം കഴിയുമ്പോൾ അവര്തന്നെ അതി സമർഥമായി തീ അണക്കുകയും ചെയ്യും... പൊതുജനം എന്ന 18 വയസ്സ് കഴിഞ്ഞ കഴുതക്കുഞ്ഞുങ്ങൾ തീയുടെ ചുറ്റും കോപ്രായങ്ങൾ കാട്ടി ആരുടെയൊക്കെയോ താളത്തിനൊപ്പിച്ച് നൃത്തം ചവിട്ടും... ചിലർ തീയിൽ വീണു മരിക്കും.. ചിലർ പോള്ളലുകളോടെ രക്ഷപെടും.. ശീതീകരിച്ച മുറിയുടെ സുഖശീതളിമയിൽ ചിലരിരുന്നു കുഴലൂതും...
ഫെയ്സ്ബുക്കിനു അപ്പുറം പ്രതികരിക്കാൻ അറിയാത്ത തലമുറയിലാണ് നീയും ഞാനും എല്ലാം.. ഇടക് എവിടെയോ മിന്നിമറഞ്ഞ ഒരു പോസ്റ്റിൽ കണ്ടതുപോലെ പണ്ടൊരു തലമുറ ഉണ്ടായിരുന്നു... അനീതിക്കെതിരെ പോരാടുന്ന യുവാക്കളുടെ തലമുറ.. രാജനും വർഗീസും അജിതയും ചുള്ളിക്കാടും ഒക്കെ ചോര ആളിക്കത്തിച്ച ഒരു തലമുറ... സമരം ചെയ്യാൻ അറിയുന്ന വിദ്യാർഥികളും കരി നീയമങ്ങളെ കാറ്റിൽ പരത്താൻ ചങ്കുറപ്പ് ഉണ്ടായിരുന്ന ഒരു ജനതയും... അവർ പോയി.. ഇന്ന് സിനിമ നടൻ ചുള്ളിക്കാടും ഫെമിനിസ്റ്റ് അജിതയും പുനർജനിച്ചപ്പോൾ വിദ്യാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഇന്റെർണൽ മാർക്കുകളെ പേടിച്ചു നടുവുവളച്ചു നിലക്കുന്ന നീയും ഞാനും ഉണ്ടായി... നമ്മുടെ മുന്നിലൂടെ സൌമ്യയും, നിർഭയയും, റോജിയും, ഷാനവാസും, ജിഷയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലരും കടന്നുപോയി... ആർക്കും എന്തും സംഭവിക്കാവുന്ന നമ്മുടെ ലോകത്തിൽ നാളെ ഇവരിൽ ഒരാളായി ചിലപ്പോ നമ്മളും കടന്നുപോവും... ഏതാനും ദിവസത്തെ ഫയ്സ്ബുക് ആഘോഷങ്ങൾക്ക് ശേഷം നമ്മളും പോയി ഒളിക്കും ആരുടെയെങ്കിലും ടൈം ലൈനിന്റെ ആഴങ്ങളിലെ ഇരുളിൽ.. അതുവരെ നമുക്കും പ്രതികരിക്കാം... നമ്മുടെ സേഫ് സോണിന്റെ ഉള്ളിൽ നിന്നുകൊണ്ട്..
വോട്ട് ചെയ്യാൻ പൊകാതിരിക്കലല്ല പ്രതിഷേധം.. ജാതിമതരാഷ്ട്രീയ കോമരങ്ങളുടെ വാക്കുകളെ നിഷ്കരുണം തള്ളിക്കളഞ്ഞ് നട്ടെല്ലുള്ള നേതാവിനെ തിരഞ്ഞെടുക്കലാണ് പ്രതിഷേധം... ഒരു പൊട്ടനെ ജയിപ്പിക്കാൻ ഒരൊറ്റ വോട്ട് മതി.. തോൽപ്പിക്കാനും.. എന്നും പറയുന്നതുപോലെ ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന നേതാവിനെയേ കിട്ടൂ..


0 comments:

Post a Comment