Friday, October 9, 2015

ശബരിമല (എന്റെ മാത്രം അഭിപ്രായം )


പണ്ടാണ്... പണ്ടെന്നു പറഞ്ഞാൽ അത്രക്കു പണ്ടൊന്നുമല്ല.. എന്നാലും ഇത്തിരി പണ്ട്... താഴ്ന്ന ജാതിക്കാരുടെ (അതിപ്പോ ആരാ താഴ്ന്നതും ഉയർന്നതും ഒന്നും കണ്ടു പിടിച്ചെ എന്ന് ചോദിക്കരുത്... ചില കാര്യങ്ങളൊക്കെ അങ്ങനെയാണ്... ചോദ്യം ചെയ്യാതെ അനുസരിച്ചേക്കണം) അത്യാഗ്രഹം കേട്ട വാമനൻ നമ്പൂതിരി, മേമന ഇല്ലം ഞെട്ടി തരിച്ചു... " എന്ത് ഇവറ്റകൾക്ക് അമ്പലത്തിൽ കയറണംന്നോ.. താഴ്ന്ന ജാതിക്കാർ അമ്പലത്തിൽ കയറുകേ... ഒരു തീണ്ടാപ്പാട് അകലെ മാറ്റി നിർത്തേണ്ട ജന്മങ്ങൾ, പകൽ വെളിച്ചത്തിൽ ഇറങ്ങി നടക്കുന്നതും പോരാ... ഇനി അമ്പലത്തിൽ കയറി നമ്മുടെ ദൈവങ്ങളെ തൊഴണം പോലും... ഉവ്വ... നടന്നത് തന്നെ..." വാമനൻ നമ്പൂതിരി ചങ്ങാതിമാരേം കൂട്ടി പ്രതിഷേധിച്ചു...
എന്നിട്ടു എന്തായി.. വാമനൻ നമ്പൂതിരി ഇളിഭ്യനായി .. അമ്പലോം ദൈവങ്ങളും നാട്ടു വഴികളുമൊക്കെ എല്ലാവർക്കും ഉള്ളതായി...
ഇനി പണ്ട് പണ്ട് നടന്നൊരു കഥ പറയാം... അന്ന് വാമനൻ നമ്പൂതിരിയുടെ പിതാക്കന്മാർ രോഷംകൊണ്ട് വിറച്ചു…"അടിയാത്തി പെണ്ണുങ്ങൾ മാറ് മറക്കാനായി സമരം ചെയ്യുന്നോ... കേട്ട് കേൾവി പോലുമില്ലാത്ത കാര്യം... അനുവദിക്കരുത്... ഇതൊക്കെയല്ലേ നമുക് ഒരു ഹരം..."
എന്നിട്ടോ... വാമനൻ നമ്പൂതിരിയുടെ പിതാവും ഇളിഭ്യനായി...
പണ്ട് പണ്ട് തൊട്ടേ കഥകൾക്ക് ക്ഷാമമില്ലാത്ത നമ്മുടെ നാട്...ഒരു സാഗരം പോലെ പരന്നു കിടക്കുന്ന കഥകൾ ഉള്ളിലൊതുക്കിയാണ് നമ്മുടെ മലയാള നാട് ഇങ്ങനെ ഒഴുകി ഒഴുകി പോകുന്നത്... ഓരോ കഥക്കുമുണ്ട് ഒരായിരം സമര ചരിത്രങ്ങൾ.. ഒട്ടനവധി ആളുകൾ പട്ടിണികിടന്നും തല്ലുകൊണ്ടും ചോര ഒഴുക്കിയും സമരം ചെയ്തും ഒക്കെയാണ് 21 ആം നൂറ്റാണ്ടിൽ നമ്മളൊക്കെ അഭിമാനത്തോടെ നട്ടെല്ലുയർത്തി നിൽക്കാൻ പ്രാപ്തരാക്കിയത്... അല്ലെങ്കിൽ ചിലപ്പോൾ നമ്മളൊക്കെ പകൽ വെളിച്ചത്തിൽ പുറത്തിറങ്ങി തലയുയർത്തി നടക്കാനാവാത്ത , തീണ്ടാപ്പാട് അകലെ മാറി നിൽക്കേണ്ടി വരുമായിരുന്നു എന്ന് ഇടക്കു ഒരു ചെറിയ ഓർമ്മപെടുത്തലൊക്കെയാവാം.. വിരലിലെണ്ണാവുന്ന കുറച്ചു വർഷങ്ങൾക്കും അപ്പുറം വിദ്യ അഭ്യസിക്കാനാവാതെ , നേരെ ചൊവ്വേ ഭക്ഷണം കഴിക്കാനില്ലാതെ , പൊള്ളുന്ന വെയിലിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന , മുതലാളിയുടെ തല്ലുകൊള്ളുന്ന നമ്മളെ നമുക്കു കാണാം
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മാറ്റപ്പെടുകതന്നെവേണംഓരോ സമൂഹവും പുരോഗതിയിലേക്കു നടന്നുകയറിയത് ഇത്തരം ദുഷ്പ്രവണതകളെ പിറകിൽ ഉപേക്ഷിച്ചു തന്നെയാണ്... തലമുറകളായി കൈമറിഞ്ഞു കിട്ടിയ എന്ത് ജീർണ്ണതയും തൊണ്ട തൊടാതെ വിഴുങ്ങാൻ നിൽക്കാതെ ഇതുകൊണ്ടൊക്കെ എന്തെങ്കിലും വല്ല കാര്യോം ഒണ്ടോ എന്ന് മനസ് തുറന്നു ചിന്തിച്ച് ഉപേക്ഷിക്കേണ്ടവയെ ഉപേക്ഷിച്ചു മുന്നേറുന്നവരാവുകയാണ് വേണ്ടത്..
Ready to wait ഉം not ready to wait ഉമൊക്കെ തൽക്കാലത്തേക്ക് കത്തി നിൽക്കുന്ന ഓൺലൈൻ മേഖലയിലുള്ള എല്ലാ വിശ്വാസികളോടും അവിശ്വാസികളോടും അന്ധവിശ്വാസികളോടും ദുഷ്ടന്മാരോടും നല്ലവരോടും ഒരു വാക്ക്... കാത്തു നിൽക്കാൻ താല്പര്യമുള്ളവർ കാത്തു നിൽക്കട്ടെ... ഇപ്പൊ പോവണ്ടവർ ഇപ്പൊ പോവട്ടെ .. 55 ആം വയസുവരെ അയ്യപ്പനെ കാണണമെന്ന് വിചാരിച്ചിരുന്നു 55 ആം ജന്മദിനത്തിന് തലേന്ന് വണ്ടിയിടിച്ചു മരിച്ചു പോയി ഗതികിട്ടാതെ പ്രേതാത്മാവായി അലഞ്ഞു തിരിഞ്ഞു നടക്കാൻ ആർക്കും അവസരം ഉണ്ടാവരുതേ എന്നൊരു ആഗ്രഹം..
നമ്മുടെ നാട്ടിലെ ഏറ്റവും അടിയന്തിരമായി പരിഹരിക്കേണ്ട പ്രശനം ശബരിമലയിലെ സ്ത്രീ പ്രവേശനം ആണോ എന്നുള്ളത് ഒന്നാമത്തെ പ്രശ്‍നം... അതോ മറ്റുപല പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ ചിലർ പൊതുജനമെന്ന പട്ടിക്കൂട്ടത്തിനു മുന്നിലേക്ക് (കഴുത ഒക്കെ മാറി... ഇപ്പൊ പട്ടിയാ ട്രെൻഡ് ) ഇട്ടുകൊടുത്ത എല്ലിൻ കഷ്ണമാണോ ഇത് എന്ന് ചിന്തിക്കാവുന്നതേ ഒള്ളു... ജാതിയുടെയും ഉപജാതിയുടെയും മതത്തിന്റെയും പേരിലാണ് മനുഷ്യനെ തമ്മിലടിപ്പിക്കാൻ ഏറ്റവും എളുപ്പം എന്ന് മനസിലാക്കാൻ ഐഎഎസ് ബുദ്ധിയൊന്നും ആവശ്യമില്ല... കണ്ണടച്ച് പത്രം വായിക്കാതെ കണ്ണ് തുറന്നു ചുറ്റും നോക്കിയാൽ മതി.… നാട്ടിൽ ഇതിലും വല്യ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. രാത്രിയായാൽ ധൈര്യത്തോടെ പുറത്തിറങ്ങാൻ പറ്റാതെ , അത്യാവശ്യത്തിനു ഉപയോഗിക്കാൻ വൃത്തിയുള്ള ഒരു ടോയ്ലറ്റ് ഇല്ലാതെ , കുഞ്ഞിന് സൗകര്യമായി ഒന്ന് മുലകൊടുക്കാൻ പറ്റാതെ , ഇഷ്ടമുള്ള വസ്ത്രമിട്ടു പുറത്തിറങ്ങാൻ പറ്റാതെ , ഉറക്കെ ചിരിക്കാൻ പറ്റാതെ , ചിന്തിക്കാൻ പറ്റാതെ ഒരുപാട് ഒരുപാട് സ്ത്രീകൾ നമ്മുടെ ചുറ്റിലുമുണ്ട്.. ഒരമ്പലത്തിലോട്ടു കെട്ടുംകെട്ടി പോണതിനെക്കാൾ അത്യാവശ്യം ഇതൊക്കെയാണ് സർ .
അതുകൊണ്ട് ശബരിമലയെപ്പറ്റി മിണ്ടരുത് എന്നൊന്നുമല്ല .. മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചിട്ടുമതി ശബരിമല എന്ന് പറയുന്നത് എന്ന് ശുദ്ധ മണ്ടത്തരം.. ശബരിമല എന്ന് പറയുന്നത് ഭൂമി ഉണ്ടായപ്പോ അതിന്റെ കൂടെ മുളച്ചു വന്ന സാധനവൊന്നും അല്ലല്ലോ... മനുഷ്യൻ നിർമ്മിച്ച് മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ തന്നെയല്ലേ അവിടെയൊള്ളു...പണ്ട് അവർണ്ണർക്ക് അമ്പലത്തിലും പള്ളിയിലും ഒക്കെ പ്രവേശനം നിഷേധിച്ചത് പോലെ .. അതും ആരോ ഉണ്ടാക്കിയ നിയമം പിന്നെ ആചാരമായതാണല്ലോ... അന്ന് അവ ഉണ്ടാക്കിയ മഹാന് തോന്നിക്കാണും കാട്ടിലോട്ടു 41 ദിവസം വ്രതവും എടുത്തു പെണ്ണുങ്ങൾ വരേണ്ട .. അവർ വീട്ടിലിരുന്നു കഞ്ഞീം കറീം വെക്കട്ടേന്ന് .. കുറ്റം പറയാൻ ഒക്കുകേല .. ആനയും പുലിയും കടുവയുമൊക്കെയുള്ള കൊടും വനം .. പുലിയാണെങ്കിൽ ആണുങ്ങളെ വെറുതെ വിട്ടു പെണ്ണുങ്ങളെ മാത്രം പിടിക്കുകേം ചെയ്യും ..അല്ലെങ്കിൽ ഭക്തി മൂത്ത ഏതേലും സ്വാമി എന്നേലും ആരെ എങ്കിലും കയറി പിടിച്ചു കാണും.. പിന്നെ നീണ്ട ക്യൂ നിൽക്കണം .. തിരക്ക്.. (സിനിമ തിയേറ്ററിലും ഗുരുവായൂർ അമ്പലത്തിലും റേഷൻ കടയിലുമൊക്കെ ക്യൂ ഇല്ലാത്തോണ്ട് കുഴപ്പവില്ല..) ഇതൊന്നും പോരാത്തതിന് ശബരിമലയിലെ അയ്യപ്പൻ മാത്രം ബ്രഹ്മചാരി .. (ശാസ്താവും അയ്യപ്പനും രണ്ടും രണ്ടാണെന്ന് ഇപ്പൊ കേട്ട് തുടങ്ങിയിട്ടുണ്ട്.. എന്തായാലും അയ്യപ്പൻ ബ്രഹ്മചാരി ആണെന്നും ബ്രഹ്മചാരിയുടെ മുൻപിൽ പെണ്ണുങ്ങൾ പോകരുതെന്നുമാണ് നിയമം... എന്തായാലും അയ്യപ്പൻറെ മറ്റു ബ്രാഞ്ചുകളിലൊന്നും സ്ത്രീകൾക്ക് യാതൊരു വിലക്കുമില്ല എന്നുള്ളത് വേറെ കഥ...) എന്തായാലും പക്ഷെ കാലം മാറിയപ്പോ മനുഷ്യനെ പിടിച്ചോണ്ടിരുന്ന പുലിയെ മനുഷ്യൻ പിടിക്കാൻ തുടങ്ങി... ഒടുവിൽ കാട്ടിൽ സ്ഥലമില്ലാതെ പുലിയും ആനയുമൊക്കെ നാട്ടിലിറങ്ങി... അപ്പോളും അവർ സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ചു അക്രമിച്ചുകൊണ്ടിരുന്നു.
അടുത്താണ് അതിഭീകരമായ വിശ്വാസ ചോദ്യം.. 41 ദിവസം അതി കഠിനമായ വ്രതമൊക്കെ എടുത്ത് സ്ത്രീകൾക്ക് പോവാൻ പറ്റുവൊന്ന്.. അതിൽ ഏറ്റവും വല്യ കോമഡി എന്താച്ചാൽ ചോദ്യം ചോദിക്കുന്ന പലരും ഇന്ന് മാലയിട്ടു നാളെ മലക്കു പോകുന്നവരും , മാല ഊരിവച്ചു കള്ളുകുടിച്ചിട്ടു പിറ്റേന്ന് രാവിലെ വീണ്ടും മാല ഇടുന്നവരാണെന്നുള്ളതാണ്... ആരും ഇല്ല എന്നല്ല, പക്ഷെ 41 ദിവസം കഠിന വ്രതം നോക്കി ഇന്ന് എത്രപേർ മലക്കു പോണുണ്ട് എന്ന് ഒന്ന് ആത്മപരിശോധന നല്ലതാണ്... പിന്നെ പൂർണ വ്രതശുദ്ധിയോടെ മല കയറുന്ന സ്വാമി അയ്യപ്പനെ കാണാൻ നിൽക്കുവോ അതോ കൂടെ വരുന്നവരുടെ കണക്കെടുക്കാൻ പോകുമോ? എന്തായാലും ഒരു സർവ്വേ നടത്തിയാൽ സ്ത്രീകളെക്കാളും കൂടുതൽ കള്ളന്മാരെയും പീഡന വീരന്മാരെയും അവിടെനിന്നു കിട്ടും... അതോണ്ട് അതിനു പോണ്ട...അതുകൊണ്ട് ആണായാലും പെണ്ണായാലും പോവാൻ ആഗ്രഹവുള്ളവർ അങ്ങ് പോട്ടെന്നേ... അല്ലാത്തവർ വെയിറ്റ് ചെയ്തിട്ട് പോയാൽ മതി...
ഫെമിനിസവും സ്ത്രീ ശാക്തീകരണവും...ആണുങ്ങൾ ഉള്ള എല്ലായിടത്തും പോയി തലയിട്ടു കൊളവാക്കുക എന്നുള്ളതാണ് ഫെമിനിസത്തിന്റെ അർത്ഥമെന്നു ധരിച്ചു വശായിരിക്കുന്ന കൊറേ ഫെമിനിസ്റ്റുകൾ നാട്ടിലുണ്ടെങ്കിലും സ്ത്രീ പുരുഷ സമത്വം അത്ര മോശമല്ലാത്ത ഒരു കാര്യമാണ്... അതിപ്പോ ഒരു അമ്പലത്തിൽനിന്നു തുടങ്ങുവാണെങ്കിൽ അങ്ങ് തുടങ്ങട്ടെന്നെ... അമ്പലത്തിലും ആവാല്ലോ സമത്വം...ഒരിക്കൽ ഇതേ അമ്പലത്തിലേക്ക് പോകുന്ന വിശ്വാസികളാണ് അവർ പോയ ബസിൽ നിന്ന് ഒരു സ്ത്രീയെ ഇറക്കി വിട്ടത്.. വെയിറ്റ് ചെയ്യാൻ തയ്യാറുള്ള സ്ത്രീകളുടെ അഭിപ്രായം കാര്യത്തിൽ അറിയുന്നത് നല്ലതാണ്.. നാളെ ഇനി ബസ് പോണ റൂട്ടിൽ സ്ത്രീകളൊന്നും വീടിനു പുറത്തു ഇറങ്ങരുത് എന്നുവല്ലവനും എവിടെയെങ്കിലും ഇരുന്നു പറഞ്ഞാൽ " അങ്ങനെ ആയിക്കോട്ടെ തംബ്രാ" എന്നായിരിക്കുമോ പ്രതികരണം..
പിന്നെ നാട്ടിലൊള്ള ബാക്കി അമ്പലമൊക്കെ തീർത്തോണ്ടാണോ ഇനി ശബരിമല എന്ന ചോദ്യം .. അതിപ്പോ ചേട്ടന്മാരോടും ഇതൊക്കെ ചോദിച്ചൂടെ... നാട്ടിലുള്ള അമ്പലത്തിലൊക്കെ അങ്ങ് പോയാൽ പോരെ ..എന്നതിനെന്നെ ശബരിമലക്ക് തന്നെ പോണമെന്നു ഒരു വാശി . . അവിടെയാണ് കച്ചവടം കച്ചവടം എന്ന വാക്കിന്റെ പ്രസക്തി .. നാട്ടിലുള്ള ബാക്കി ദേവകൾക്കു ഇല്ലാത്ത എന്തോ പ്രത്യേകത ഒരു പ്രത്യേക സ്ഥലത്തെ അമ്പലത്തിൽ മാത്രമുണ്ടെന്നു പറയുമ്പോൾ അതിൽ വിശ്വാസിയുടെ കണ്ണങ്ങു മാറ്റിവച്ചു നോക്കിയാൽ തീർച്ചയായും കച്ചവടം മാത്രേ കാണാനൊള്ളു .. ഒരു മതസൗഹാർദം ഇരിക്കട്ടെ .. നാട്ടിലൊന്നും മാതാവിന്റെ പേരിൽ പള്ളികൾ ഇല്ലാത്തോണ്ടാണോ എല്ലാവരും വേളാങ്കണ്ണിക്ക്‌ പോണെ ? വേറെ വിശുദ്ധന്മാരൊന്നുമില്ലാത്തതോണ്ടാണോ എല്ലാരും ഇപ്പൊ ലേറ്റസ്റ്റ് വിശുദ്ധയായ അൽഫോൻസാമ്മേടെ ഭരണങ്ങാനത്തിനു പോണെ.. മറ്റേ മതത്തിലുമുണ്ടല്ലോ മുടീം പല്ലും നഖോം ഒക്കെ .. അവിടെയാണ് കച്ചവടം .. ശബരിമല പോലെ ഒരു അമ്പലത്തിൽ വീഴുന്ന കോടികളുടെ കണക്ക്.. അത് മുതലാക്കാൻ ഏതറ്റം വരെയും പോവും അതിന്റെ പിന്നിലുള്ളവർ.. തൊടുപുഴ അടുത്തുള്ള മുതലക്കോടം പള്ളിയുടെ ഭണ്ഡാരത്തിൽ നിന്നും ചാക്കിൽ കാശ് വാരിക്കൊണ്ടു പോണതിനു ഞാൻ ദൃക്‌സാക്ഷിയാണ് .. അടുത്തുള്ള പള്ളീം പട്ടക്കാരുമൊക്കെ പട്ടിണിയാണ് താനും .. മാക്സിമം പരസ്യം കൊടുക്കുക ..മാക്സിമം ക്യാഷ് അടിച്ചു മാറ്റുക .. അത്രേ ഒള്ളു .. എന്തായാലും വിശ്വാസികളുടെ വിശ്വാസങ്ങൾ അന്ധമാണല്ലോ .. അവർ ചോദ്യം ചോദിക്കാതെ വിശ്വസിക്കുന്നതുകൊണ്ടാണല്ലോ ഇവരൊക്കെ ജീവിച്ചു പോകുന്നേ..
നൂൽ ബന്ധം പോലുമില്ലാതെ പിറന്നപടി ഒരു സന്യാസിക്ക് ഒരു സംസ്ഥാനത്തിന്റെ നിയമസഭയിൽ പോയി ഘോരഘോരം പ്രസംഗിക്കാം... അതിലും വല്യ അശ്ലീലമൊന്നുമല്ല സ്ത്രീകൾക്ക് ഇഷ്ടമുള്ളപ്പോൾ ശബരിമലയിൽ പോണം എന്ന് പറയുന്നത്...തുണിയുടുക്കാതെ കഞ്ചാവും വലിച്ചു ശവവും തിന്നു നടക്കുന്നവന്മാരൊക്കെ മാന്യന്മാർ.. പള്ളിമേടയിൽ വച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നവനൊക്കെ നല്ല ഇടയന്മാർ .. ഒരു വേദപുസ്തകം അവനു തോന്നുന്ന രീതിയിൽ വ്യാഖ്യാനിച്ചു ബോംബും ഉണ്ടാക്കി അടുത്ത് കാണുന്നവനെ കൊല്ലാൻ നടക്കുന്നവനൊക്കെ വീരപുരുഷൻ... മറ്റേ കളറൊന്നും കൊള്ളൂല്ല വെള്ളേൽ വരണം എന്ന് പകൽ വെളിച്ചത്തിൽ വിളിച്ചുകൂവിയവനൊക്കെ വിശുദ്ധൻ. .. വെള്ളേൽ വന്നവരുടെ കാശുകൊണ്ട് വയനാട്ടിലും കാഞ്ഞിരപ്പള്ളിയിലും റബ്ബർ തോട്ടങ്ങളും തേയില തോട്ടങ്ങളും കോളേജുകളും ആശുപ്രതികളുമൊക്കെ കെട്ടി പൊക്കുന്നവനും ആളുകളുടെ കണ്ണിൽ പൊടിയിടാൻ ആതുരസേവനം എന്ന പേരിൽ 4 അപ്പക്കഷ്ണങ്ങൾ ഇട്ടുകൊടുത്തു അപ്പ ഫാക്ടറി അപ്പാടെ അടിച്ചു മാറ്റുന്ന ആൾദൈവങ്ങളുമൊക്കെ മഹാനുഭാവർ..
വിശ്വാസം നല്ലതാണ് ..എന്നും പറഞ്ഞു സ്വന്തം തലച്ചോർ കൊണ്ടുപോയി വേറൊരുത്തന്റെ കാൽകീഴിൽ വച്ച് കൊടുക്കരുത് .. ശബരിമലയിലെ സ്ത്രീ പ്രവേശനം ഇന്റർനാഷണൽ അടിയന്തിര പ്രശ്‍നം ഒന്നുമല്ല... പക്ഷെ മാറ്റപ്പെണ്ടേണ്ട ഒരു ദുരാചാരം തന്നെയാണ് അത്... ശബരിമലയിൽ പെണ്ണ് കയറുന്നതോണ്ട് നാട്ടിലെ എല്ലാ സ്ത്രീകൾക്കും സ്വാതന്ത്ര്യം ലഭിക്കാനൊന്നും പോണില്ല .. പക്ഷെ ഇതുമൊരു ചവുട്ടുപടിയാണ്‌ ..മറ്റു പലതും പോലെ...


0 comments:

Post a Comment