Saturday, October 24, 2015

ഇടയ ലേഖനം


കൂലിപ്പണിക്കാരനായ നാണപ്പന്റെ പട്ടിണി കിടന്നു കാറ്റുപോയ ഗോമാതാവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് കയറ്റി വിട്ടു ഗേറ്റ് അടച്ചതിനു ശേഷം ഇടതു വശത്ത്‌ പടർന്നു പന്തലിച്ചു നിൽക്കുന്ന അത്തി മരത്തിന്റെ ചുവട്ടിൽ കുത്തിയിരുന്ന് പത്രോസ് ശ്ലീഹ ബുക്കും പേനയും കൈയിലെടുത്തു... അടുത്ത ഞായറാഴ്ച അഖിലേന്ത്യ തലത്തിലുള്ള എല്ലാ പള്ളികളിലും കൂട്ടായ്മകളിലും ആവശ്യം വായിക്കേണ്ടുന്ന സുപ്രധാന രേഖകൾ അടങ്ങിയ തനി പുത്തൻ ഇടയ ലേഖനം ഒരെണ്ണം ഒറ്റയിരുപ്പിൽ എഴുതിതീർത്തു അദ്ദേഹം...
മിശിഹായിൽ എത്രയും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ...

അടുത്ത കാലത്തായി നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്ന ചില പ്രവണതകൾ നിങ്ങൾ ഏവരും നിരീക്ഷിചിട്ടുണ്ടായിരിക്കുമല്ലോ... നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന ഭാരതത്തിൽ ജാതിമതഭേദമെന്യേ മനുഷ്യന്റെ വില താഴത്തോട്ടും ചില മൃഗങ്ങളുടെ വില മേപ്പോട്ടും പോകുന്നു എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണല്ലോ... ഇതൊരു ദൃഷ്ടാന്തമാണ് സഹോദരരെ... നമ്മളും ഉണർന്നു പ്രവർത്തിക്കേണ്ട സമയം ഇതാ ആഗതമായിരിക്കുന്നു...

മുപ്പത്തി മുക്കോടി ദൈവങ്ങളും അവർക്കെല്ലാം സ്വന്തം ട്രാൻസ്പൊർട്ടെഷൻ ഫെസിലിറ്റിയും ആവർക്കൊക്കെ ഫാൻസ്‌ അസോസിയേഷനുകളും ഉള്ള നമ്മുടെ നാട്ടിൽ ഒരു ജീവിയും സുരക്ഷിതരല്ല... പശുവും പോത്തും പന്നിയും ഒക്കെ ഓൾറെഡി ബുക്ക്ഡ് ആയി... എന്തിനും ഏതിനും എവിടെയും മത്സരം മാത്രമുള്ള ഇന്നത്തെ ലോകത്ത് ഇടിച്ചിടിച്ചു നിന്നില്ലെങ്കിൽ നമ്മൾ സത്യ ക്രിസ്ത്യാനികൾ ഫുൾ സീനിൽ നിന്ന് തന്നെ ഔട്ട്‌ ആയിപോകും എന്ന കാര്യം പ്രിയപ്പെട്ട വിശ്വാസികളെ അറിയിക്കാൻ ഞാൻ അവസരം ഉപയോഗപ്പെടുത്തുകയാണ്... അപ്പോൾ ഇടയലേഖനത്തിന് പിന്നിലുള്ള സംഗതി എന്താണെന്നു വച്ചാൽ വിശുദ്ധ പദവി കൊടുത്തു ആദരിക്കാൻ നമുക്ക് ഒരു മൃഗം വേണം.. പതിനായിരക്കണക്കിനു വിശുദ്ധന്മാർ മനുഷ്യരുടെ ഇടയില്നിന്നു തന്നെ സഭക്കുള്ളപ്പോൾ ഇനി എന്തിനാ അച്ചോ ഒരു വൈൽഡ്‌ കാർഡ്‌ എൻട്രി എന്ന് നിങ്ങൾക്കു സംശയം തോന്നാൻ ഇടയുണ്ട്.. എന്നാൽ വളരെ വേദനയോടെ ഞാൻ അറിയിച്ചു കൊള്ളട്ടെ സഹോദരങ്ങളെ... കൊമ്പെട്ടീഷൻ.. റ്റൈറ്റ് കൊമ്പെട്ടീഷൻ ..
എനിക്കും നിങ്ങൾക്കും അറിയുന്നതുപോലെ യേശു നമുക്ക് നല്ലയിടയനാണ് ... വിശ്വാസ സമൂഹം ദൈവപുത്രന്റെ ആട്ടിൻപറ്റം.... നിങ്ങൾ ശ്രവിക്കുന്നത് ഇടയ ലേഖനവും...സഭ നിങ്ങളെ അഭിസംഭോധന ചെയ്യുന്നത് കുഞ്ഞാടുകളെ എന്നാണ്.. ദൈവത്തിന്റെ അജ ഗണങ്ങൾ ആണ് നിങ്ങൾ.. മറ്റൊരു മതത്തിനും അവകാശപ്പെടാൻ സാധിക്കാത്ത അത്രയും അഭേദ്യവും സുദൃടവുമായ സൂക്ഷ്മവും സുതാര്യവുമായ ബന്ധമാണ് നമ്മളും ആടുകളും തമ്മിലുള്ളത്.. അതിനാൽ ദൈവതിന്റെ പ്രിയ അജഗണമെ.. നമ്മൾ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു... ആട് നമ്മുടെ ദേശീയ സ്വത്താണ്... നമ്മുടെ മതത്തിന്റെ സ്വന്തമാണ്... ഭാരത ക്രൈസ്തവരുടെ അവകാശമാണ്.. കോലാട്, വരയാട്, ചെമ്മരിയാട്, മുട്ടനാട്, മലയാട് തുടങ്ങി ജമന പ്യാരി വരെയുള്ള നാനാജാതി ആടുകൾ ഇനി മുതൽ നമ്മുടെ മാത്രം അവകാശമാണ്..
മട്ടൻ കറി , മട്ടൻ ബിരിയാണി, മട്ടൻ ചാപ്സ് തുടങ്ങി മട്ടൻ അടങ്ങിയ ഏതു ഭക്ഷണവും വില്ക്കുകയോ വാങ്ങുകയോ കഴിക്കുകയോ ചെയ്യുന്നവരെ നമ്മൾ മാതൃകാപരമായി ശിക്ഷിക്കണം.. കൂടാതെ മട്ട ത്രികോണം, മട്ട അരി, മട്ടന്നൂൂർ ശങ്കരൻകുട്ടി, മട്ടാഞ്ചേരി മുതലായ പേരിന്റെ ഒപ്പം മട്ടൻ വരുന്ന എല്ലാം ഉടനടി അവയുടെ പേരുകൾ മാറ്റാതപക്ഷം അവയെല്ലാം നമ്മുടെ സ്വകാര്യ സ്വത്തായി പരിഗണിക്കാമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു... ആട് ജീവിതം, ആടലോടകം മുതലായവയുടെ അവസ്ഥയും മറ്റൊന്നായിരിക്കില്ല...
അവസാനമായി കുഞ്ഞാടുകളെ... നിങ്ങാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. മുകളിൽ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകൾ എല്ലാം ഭാരതത്തിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതാണ്.. വേറെ ഏതേലും നാട്ടിൽ പോയി ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ അവർ നിങ്ങളെ ചുവരിൽ ചേർത്ത് ഒട്ടിക്കുവാൻ സാധ്യതയുള്ളതിനാൽ കർത്താവിന്റെ ആട്ടിൻപറ്റമെ നിങ്ങൾ സദാ ജാഗരൂഗരായിരിക്കുവിൻ.. കാരണം അവിടെയൊക്കെ ഇപ്പോളും മനുഷ്യന് നല്ല വിലയുണ്ട്..
അൽമായ സമൂഹം ആടുകളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കല്ക്കൂടി ആഹ്വാനം ചെയ്തുകൊണ്ടും എല്ലാ കുഞ്ഞാടുകൾക്കും നല്ലൊരു പുതു ആഴ്ച ആശംസിച്ച്ചുകൊണ്ടും ലേഖനം അവസാനിപ്പിക്കുന്നു.... ദൈവം നിങ്ങളോട് കൂടെ..


0 comments:

Post a Comment